കേരളത്തിലെ സയ്യിദ് കുടുംബം

പരിശുദ്ധ പ്രവാചകന്റെ കുടുംബത്തോട് രക്തബന്ധമുള്ളവര്‍ എന്നും നമ്മുടെ നാട്ടിന്റെ ഉള്‍പുളകമായിരുന്നു. അവരുടെ ആത്മീയ നേതൃത്വവും ഉപദേശവും സ്വീകരിക്കാന്‍ ആരേക്കാളും താല്‍പര്യം കാണിച്ചിട്ടുണ്ട് ഈ പ്രദേശത്തുകാര്‍.

കരുവന്‍തിരുത്തിയില്‍നിന്നും മലപ്പുറത്തേക്ക് ഹി:1148ല്‍ താമസം മാറ്റിയ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങളുടെ പുത്രന്‍ ബാവ ഫക്‌റുദ്ദീന്‍ ബുഖാരിയാണ് മലപ്പുറത്തെ പ്രഥമ പ്രവാചക കുടുംബത്തിന്റെ പിതാവ്. ബുഖാറയില്‍നിന്നും വളപട്ടണത്തേക്കു വന്ന സയ്യിദ് അബ്ദുല്‍ ബുഖാരിയുടെ അഞ്ചാമത്തെ പുത്രനാണിദ്ദേഹം. ഹി:1155ല്‍ മരണമടഞ്ഞ ബാവ ഫക്‌റുദ്ദീന്‍ ബുഖാരിയുടെ മഖ്ബറ വലിയ അങ്ങാടി ജുമുഅത്ത് പള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു.  ഏറനാട്ടിലെ മാപ്പിള ലഹളക്ക് നേതൃത്വം നല്‍കിയ ധീര നായകന്‍ കുഞ്ഞിതങ്ങള്‍ മലപ്പുറം ഈ കുടുംബത്തിലെ പ്രധാന വ്യക്തിയാണ്. വറ്റലൂര്‍, മങ്ങാട്ടുപുലം തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത കുഞ്ഞി തങ്ങള്‍ കണ്ണൂരില്‍ വെച്ചാണ് മരണമടയുന്നത്.

ഹളര്‍മൗത്തിലെ തരീമില്‍നിന്നും പൊന്നാനിയിലെത്തിയ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളുടെ സന്താന പരമ്പരയില്‍ പെട്ടവരാണ് മലപ്പുറത്തെ ഹൈദ്രൂസി ഖബീല. മഖ്ദൂം കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച ഇദ്ദേഹം ഹി:1164ല്‍ മരണമടഞ്ഞു. അലിയ്യുല്‍ ഹൈദ്രൂസ്, മുഹമ്മദുല്‍ ഹൈദ്രൂസ്, അബൂബക്കര്‍ ഹൈദ്രൂസ്, മുസ്ത്വഫ ഹൈദ്രൂസ് എന്നീ  നാലു മക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇതില്‍ അലിയ്യുല്‍ ഹൈദ്രൂസും മുഹമ്മദുല്‍ ഹൈദ്രൂസും പൊന്നാനിയിലും അബൂബക്കര്‍ ഹൈദ്രൂസ് കൊച്ചിയിലും മുസ്ത്വഫല്‍ ഹൈദ്രൂസ് ആലുവക്കടുത്ത തോട്ടുമുഖത്തും സ്ഥിരതാമസമാക്കി. എടക്കഴിയൂര്‍, കൊച്ചി, അങ്ങാടിപ്പുറം, കുമരംപുത്തൂര്‍, ആലുവായ് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ കുടുംബം വ്യാപിച്ചു കിടക്കുന്നു.

സാമൂതിരി ഭരണകാലത്ത് ഹി.1159ല്‍ കോഴിക്കോട് വന്ന് സയ്യിദ് ശൈഖ് ജിഫ്‌രി(റ)യുടെ സഹോദരന്‍ ഹസന്‍ ജിഫ്‌രി പൊന്നാനിയിലെത്തുന്നതോടെയാണ് ജിഫ്‌രി കുടുംബത്തിന് ജില്ലയില്‍ വേരുണ്ടാകുന്നത്. മത പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹസന്‍ ജിഫ്‌രി കുറേകാലം അവിടെ താമസിച്ചു.

ഹസന്‍ ജിഫ്‌രിയെക്കുറിച്ച് കേട്ടറിഞ്ഞ തിരൂരങ്ങാടിയിലെ അന്നത്തെ ഖാളി അല്ലാമാ ജമാലുദ്ദീന്‍ മഖ്ദൂം പൊന്നാനിയിലെത്തി അദ്ദേഹത്തെ അങ്ങോട്ടു കൊണ്ടു പോയി. ജമാലുദ്ദീന്‍ മഖ്ദൂമിയോടൊപ്പം കുറെ ദിവസം തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ താമസിച്ചു. പിന്നീട് പള്ളികാരണവരും നേതാവുമായ വലിയാക്കത്തൊടി കമ്മുമൊല്ലയുടെ തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഒരു വീടും പറമ്പും അദ്ദേഹത്തിന് താമസിക്കാനായി വിട്ടുകൊടുത്തു. തന്റെ പുത്രിയെ ഹസന്‍ ജിഫ്‌രിക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. മമ്പുറത്തെ പഴയമാളിയേക്കല്‍ വീട്ടിലിരുന്ന് അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ മതപ്രബേധനത്തിനായി ശിഷ്യഗണങ്ങളെ അയച്ചു. ഹി.1180ല്‍ സംഭവ ബഹുലമായ ആ ജീവിതം അവസാനിച്ചു.  മമ്പുറം മ ഖാമിലുള്ള പടിഞ്ഞാറു വശത്തെ ഖ ബറിടം ഹസന്‍ ജിഫ്‌രിയുടെതാണ്. ഹസന്‍ ജിഫ്‌രി, ശൈഖ് ജിഫ്‌രി എന്നിവര്‍ക്ക് ഫാത്വിമ എന്ന ഒരു സഹോദരിയുണ്ടായിരുന്നു. സമുന്നത പണ്ഡിതനും ആദരണീയരുമായ ഹസ്രത്ത് സയ്യിദ് മുഹമ്മദുബ്‌നു സ്വാലിഹ് (റ) ഫാത്വിമയെ വിവാഹം ചെയ്തു. ഇവരിലാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ പിറക്കുന്നത്. മൗലദ്ദഹ്‌ലയാണ് അലവി തങ്ങളുടെ ഖബീല.

രണ്ടു നൂറ്റാണ്ടു മുമ്പ് വളപട്ടണത്ത് എത്തിയ സയ്യിദ് അലി ശിഹാബുദ്ദീന്‍ ആണ് മലപ്പുറത്തിന്റെ അനുഗ്രഹീത സയ്യിദ് കുടുംബം പാണക്കാട് തങ്ങന്‍മാരുടെ പൂര്‍വ്വികര്‍. ഇദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഒന്നാമന്‍ കണ്ണൂര്‍ അറക്കല്‍ കുടുംബത്തില്‍ നിന്നാണ് വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ ഏക സന്താനമായിരുന്ന സയ്യിദ് ളുഹുര്‍ തങ്ങള്‍ ഹി.1239ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ഫലകങ്ങള്‍ പല പുരാതന തറവാടുകളിലും ഗ്രന്ഥാലയങ്ങളിലും സൂക്ഷിച്ചു കാണാം. മറ്റത്തൂര്‍ ഖാളിയായിരുന്ന സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ഓടക്കല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകള്‍ ആയിശയെയാണ് വിവാഹം കഴിച്ചിരുന്നത്.  സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ക്കു ശേഷം കടുത്ത ബ്രിട്ടീഷ് വിരോധവുമായി രംഗത്തു വന്ന ആത്മീയ നേതാവു കൂടിയായിരുന്നു ആ വിപ്ലവകാരി. ഹി.1302ല്‍ വെല്ലൂര്‍ ജയിലില്‍ വെച്ചു മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ മകനായ സയ്യിദ് അഹ്മദ് കോയ കുഞ്ഞിതങ്ങളുടെ പുത്രനായാണ് 1917ല്‍ പാണക്കാട് പൂക്കോയ തങ്ങള്‍ ജനിക്കുന്നത്. മാതാവ് മറ്റത്തൂരിലെ മേക്കത്തിയില്‍ പുത്തന്‍ മാളിയേക്കല്‍ താഹാ പൂക്കോയ തങ്ങളുടെ മകള്‍ ഉമ്മുഹാനി ബീവി. കുഞ്ഞിക്കോയ തങ്ങളുടെ അനിയന്‍ മക്കളില്ലാത്ത സയ്യിദ് അലി പൂക്കോയ തങ്ങളാണ് പി.എം.എസ്.എ. പൂക്കോയ തങ്ങളെ വളര്‍ത്തിയത്. അലി പൂക്കോയ തങ്ങള്‍ക്കു കണ്ണിനു വളരെ കാഴ്ചക്കുറവുണ്ടായിരുന്നു. 1921ല്‍ പൂക്കോയ തങ്ങള്‍ക്ക് നാലു വയസ്സ് പ്രായമുള്ള സമയത്ത് മാപ്പിളമാരെ കയ്യും കാലും കെട്ടി ചങ്ങലക്കിട്ട് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്കു കൊണ്ടു പോയിരുന്നത് പാണക്കാട് വഴിയായിരുന്നു. ഈ ദുരന്ത കാഴ്ച കാണാനാവില്ലെന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചതിന് ശേഷമാണത്രെ കാഴ്ചക്കുറവ് സംഭവിച്ചത്.

ശഫീഖ് വഴിപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter