മലപ്പുറം: ഒരു സംസ്കാരത്തിന്റെ തനിമ

മുന്നൂറിലേറെ പഴക്കം കാണും മലപ്പുറമെന്ന അനശ്വര നാമത്തിന്. സാമൂതിരി രാജഭരണത്തിലായിരുന്ന ഏറനാട്ടിലെ നാടുവാഴികളില്‍ ഒരാളായ പാറനമ്പിയായിരുന്നു മലപ്പുറത്തിന്റെ അധിപന്‍. സാമൂതിരിക്ക് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വലിയ ബഹുമാനമായിരുന്നു. അവരുടെ ഭരണത്തിനുകീഴില്‍ മുസ്‌ലിംകള്‍ പൂര്‍ണ സ്വാതന്ത്ര്യരായിരുന്നു. കാലാനിവര്‍ത്തിയായ ഒരു വിപ്ലവ സന്ദേശത്തിന്റെ  തലോടലേല്‍ക്കാന്‍ വെമ്പല്‍കൊണ്ട ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മര്‍ദ്ദിത ജനവിഭാഗം ഇസ്‌ലാം അശ്ലേഷിച്ചു. സവര്‍ണ ഹിന്ദുക്കളുടെ പീഡനങ്ങള്‍ക്കിരയായിക്കൊണ്ടിരുന്ന അവരുടെ മുന്നില്‍ മറ്റൊരു പോംവഴി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മലപ്പുറമെന്ന ഒരു പ്രദേശത്തെന്നല്ല ഒരു ജില്ലാ ഭൂപടത്തില്‍തന്നെ മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുന്നത്.

അന്ന് മലപ്പുറത്തെ മുസ്‌ലിംകള്‍ തിരൂരങ്ങാടി മഹല്ലിന്റെ ഭാഗമായിരുന്നു. ജുമുഅക്ക് പോയിരുന്നതും ആത്മീയ ശിക്ഷണം നേടിയിരുന്നതും അവിടെ നിന്നു തന്നെയായിരുന്നു. തിരൂരങ്ങാടിയില്‍നിന്നും നോക്കിയാല്‍ കാണുന്ന ഊരകം മലയുടെ അപ്പുറത്ത് താമസിക്കുന്നവരാണ് പിന്നീട് മലപ്പുറത്തുകാരായതത്രെ. പിന്നീട് ജില്ലാ രൂപീകരണം വന്നപ്പോള്‍ 'മലപ്പുറം' എന്ന നാലക്ഷരം തന്നെ ഒരു ജില്ലയെ മുഴുവന്‍ പ്രതിനിധീകരിച്ചത് നിയോഗമായി കരുതാം.

മതമൈത്രിയുടെ അനുരാഗത്തെയാണ് മലപ്പുറത്തിന്റെ ഓരോ പിടിമണ്ണും പാടിപ്പറയുന്നത്. പ്രദേശത്തെ ആദ്യ പള്ളിയായ പഴയങ്ങാടി തന്നെ അതിന് ഉദാഹരണമാണ്. ഹി.1004ല്‍ സൈനുദ്ദീന്‍ എന്നയാള്‍ സ്ഥാപിച്ച ഈ പള്ളിയുടെ നിര്‍മ്മാണത്തിനു പിന്നില്‍ അമുസ്‌ലിമായ അന്നത്തെ നാടുവാഴി പാറനമ്പിയുടെ കയ്യൊപ്പ് ഉണ്ട്. പ്രസ്തുത പള്ളിയുടെ ചരിത്രം മലബാറിലെ ഐതിഹാസിക പോരാട്ടങ്ങളിലൊന്നായ 'മലപ്പുറം പട'യുടെ ചരിത്രം കൂടിയാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം. കേരളം, പൊതുവെ മലബാര്‍ മേഖല പോരാട്ടങ്ങളുടെ ദിനരാത്രങ്ങളിലൂെടയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന പോപ്പിന്റെ വക്താക്കള്‍ക്ക് മാപ്പിളയുടെ രക്തം അമൃതായിരുന്നു. കുടിയാന്‍മാരിലധികവും മുസ്‌ലിംകളും ജന്‍മികള്‍ സവര്‍ണരുമായിരുന്നു. ഇവര്‍ക്കിടയിലും വിദ്വേഷത്തിന്റെ വിത്തുകള്‍ പൊങ്ങി വന്നു. നാടുവാഴി പാറനമ്പിയായിരുന്നു മലപ്പുറത്തിന്റെ അധിപന്‍. അച്ഛന്‍, ഇളയത്ത്, പണിക്കര്‍ എന്നീ നാടുവാഴികളായിരുന്നു ഏറനാടിന്റെ മറ്റു ഭാഗങ്ങളില്‍ ആധിപത്യമുറപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ പാറനമ്പി ബന്ധം മൂലം മലപ്പുറത്ത് ഇസ്‌ലാമിന് കളമൊരുങ്ങി. ഏതാനും മുസ്‌ലിംകള്‍ കൂടി മലപ്പുറത്ത് താമസമുറപ്പാക്കി. കോട്ടക്കല്‍ പ്രദേശം ഭരിക്കുന്ന പന്ത്രക്കോന്‍ തമ്പ്രാന്റെ പത്ത് കളങ്ങള്‍ പിടിച്ചെടുക്കാനുള്ള സാമൂതിരിയുടെ കല്‍പനയനുസരിച്ച് പാറനമ്പിക്ക് അയാളുമായി യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നു. പാറനമ്പിയുടെ സൈന്യത്തെ പന്ത്രക്കോന്റെ സൈന്യം പരാചയപ്പെടുത്തി. പന്ത്രക്കോന്‍ സൈന്യം നമ്പിയെ തടവിലാക്കുന്നതിനിടെ മുസ്‌ലിംകള്‍ അദ്ദേഹത്തെ എടുത്ത് മലപ്പുറത്തേക്കോടി. ഇതില്‍ സന്തുഷ്ടനായി നമ്പി മുസ്‌ലിം പോരാളികളെ മുന്‍നിരയില്‍ നിറുത്തി ഒരു പോരാട്ടം കൂടി നടത്താന്‍ തീരുമാനിച്ചു. അതില്‍ മുസ്‌ലിംകള്‍ ധീരയോദ്ധാക്കളായി. പന്ത്രക്കോന്‍ സൈന്യം പിന്തിരിഞ്ഞോടി.

ഇതോടെ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടന്നിരുന്ന മുസ്‌ലിംകളെ ഒന്നിച്ചൊരിടത്ത് താമസിപ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച ചെയ്തു. കര്‍ഷകരായിരുന്ന മുസ്‌ലിംകള്‍ പല ഭാഗങ്ങളും പരിശോധിച്ച് ഒടുവില്‍ അനുയോജ്യമായി കണ്ടെത്തിയത് മലപ്പുറം കോട്ടപ്പടിയുടെ പടിഞ്ഞാറ് ഹാജിയാര്‍പള്ളി വരെയുള്ള പാടവും ചെരിവുമായിരുന്നു. ഒരു ചെറിയ പള്ളി പണിയുകയും ആത്മീയ നേതൃത്വം നല്‍കാന്‍ പൊന്നാനിയില്‍നിന്നും മഖ്ദൂം കുടുംബത്തില്‍പെട്ട ഖാളി ഹസന്‍കുട്ടി മുസ്‌ലിയാരെ കൊണ്ടുവരികയും ചെയ്തു.

മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് മുസ്‌ലിംകള്‍ക്കൊരു പള്ളിയും അതിനെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന മാപ്പിള കോളനിയും! പഴയ വിദ്വേഷത്തിന്റെ പ്രേതങ്ങള്‍ തുള്ളാന്‍ തുടങ്ങി. പാറനമ്പി വംശത്തില്‍ പില്‍കാലത്ത് ശങ്കരന്‍ നമ്പീശന്‍ അത്ര ദീര്‍ഘദൃഷ്ടിയും പക്വതയും ഉള്ള ആളായിരുന്നില്ല. മുസ്‌ലിം വിരോധികള്‍ നമ്പീശനെ സ്വാധീനിച്ചു. വെളിപ്പാടുകള്‍ ഉറഞ്ഞു ചാടി. മുസ്‌ലിംകളെ നാടുകടത്തണമെന്ന് പ്രചരിപ്പിച്ചതോടെ ശാന്തിയുടെ തീരം ആളിക്കത്താന്‍ തുടങ്ങി.

ഇതിനിടെ വള്ളുവനാട്ടില്‍നിന്നും അലി മരക്കാര്‍ എന്ന ധീരനായ ഒരാള്‍ മലപ്പുറത്ത് വന്നു. രാജാവിനെക്കുറിച്ച് അദ്ദേഹം നമ്പിയെ കാണാന്‍ ആഗ്രഹിച്ചു. നമ്പി തന്റെ രാജ്യത്തെ കരം പിരിവുകാരനായി അലി മരക്കാരെ നിയമിക്കുകയും ചെയ്തു. കരം തരാത്തവരുടെ കൈ മുറിക്കാനായിരുന്നു കല്‍പന. നിയമം സവര്‍ണ ഹിന്ദുക്കള്‍ക്ക് ബാധകമല്ലായിരുന്നു.

മനുഷ്യനെ ജാതിതിരിക്കാനറിയാത്ത അലിമരക്കാര്‍ പൊന്‍മളയിലെ ഒരു സവര്‍ണന്‍ തികുതി തരാത്ത വിവരം രാജാവിനെ അറിയിച്ചു. രാജാവിന്റെ കല്‍പന നിയമം നടപ്പാക്കി നികുതി ഈടാക്കാനായിരുന്നു. അലി മരക്കാര്‍ സവര്‍ണന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്തു, കൈ മുറിച്ചു. ഈ സംഭവമറിഞ്ഞ സവര്‍ണ തമ്പ്രാക്കന്‍മാര്‍ ക്ഷുഭിതരായി. അവര്‍ അലി മരക്കാര്‍ക്കെതിരെ ഗൂഢാലോചന നടത്തി. പാറനമ്പിയുടെ ഭരണത്തിനെതിരെ പ്രക്ഷോഭം അഴിച്ചുവിട്ടു. കൊട്ടാരത്തിലേക്ക് മാര്‍ച്ച് ചെയ്തു. സവര്‍ണരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നമ്പി അലി മരക്കാരെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. അവസാനം അലിമരക്കാരും രാജാവും തമ്മില്‍ ഇടഞ്ഞു. തന്നെ വഞ്ചിച്ചു കൊല്ലാന്‍ ്യുശ്രമിക്കുന്നുവെന്നറിഞ്ഞ അലിമരക്കാര്‍ രാജാവിനോട് ഏറ്റുമുട്ടി. ഘോരമായ പോരാട്ടത്തിനൊടുവില്‍ അലിമരക്കാര്‍ നിലംപതിച്ചു.

ഈ സംഭവത്തോടെ നമ്പി മുസ്‌ലിം വിരുദ്ധനായി മാറി. അയല്‍ പ്രദേശത്തെ നാടുവാഴികളുമായി യോജിച്ച് മുസ്‌ലിംകളെയും പള്ളിയും നശിപ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിംകളെ  ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. പള്ളി ഉപരോധിച്ച നമ്പിപ്പട പള്ളിയിലെ ഹൗളിലേക്ക് വെള്ളം വരുന്ന കല്‍പാത്തിയില്‍ മലം കലര്‍ത്തി. വെള്ളവും ഭക്ഷണവും കിട്ടാതെ പൊറുതി മുട്ടിയ മുസ്‌ലിംകള്‍ തങ്ങളുടെ എല്ലാമെല്ലാമായ വിശുദ്ധ ഗേഹത്തില്‍ ഒതുങ്ങിക്കൂടി. പള്ളിയുടെ സംരക്ഷണം മാത്രമായിരുന്നു അവരുടെ മുന്നിലെ ലക്ഷ്യം. ഇതോടെ സൈന്യം പള്ളി വളഞ്ഞു.

സയ്യിദ് ശുഹദാ യൂസുഫ് മുസ്‌ലിയാരുടെ നായകത്വത്തില്‍ മുസ്‌ലിംകള്‍ യുദ്ധത്തിനൊരുങ്ങി. അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി, നബിയെ തവസ്സുലാക്കി യൂസുഫ് മുസ്‌ലിയാര്‍ മുസ്‌ലിംകള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. ഹി.1144 ശഅ്ബാന്‍ 9ന് രാത്രി പോരാട്ടത്തിന് തുടക്കം കുറിച്ചു. മുസ്‌ലിംകളില്‍നിന്നും പതിനൊന്ന് പേര്‍ ആദ്യം രംഗത്തിറങ്ങി. നേരം പുലരുമ്പോഴേക്കും യുദ്ധം അവസാനിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ആയുധസജ്ജരായ നമ്പിപ്പട വിരണ്ടോടി. മുസ്‌ലിംകളിലെ പതിനൊന്ന് പേര്‍ ശഹീദായി. പള്ളി പൊളിക്കുകയെന്ന അവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ല. അഹ്മദ് ബിന്‍ യൂസുഫ്, പാറക്കല്‍ കുട്ടി, പാറക്കല്‍ അബൂബക്കര്‍, ഹസന്‍, ചേക്കുമ്പില്‍ ഇബ്‌റാഹീം, മാഹിബ്‌നു മൂസാ അഹ്മദ്, മുഹ്‌യുദ്ദീനുബ്‌നു അഹ്മദ് എന്നീ എട്ടു പേരുടെ നാമം മാത്രമേ തനിക്കു കിട്ടിയുള്ളൂവെന്നാണ് 'മലപ്പുറം പടപ്പാട്ടില്‍' മോയിന്‍കുട്ടി വൈദ്യര്‍ എഴുതിക്കാണുന്നത്. ആദ്യ ദൗത്യത്തില്‍ പരാജയപ്പെട്ട നമ്പിപ്പട പള്ളിയുടെ ഒരു ഓലെയങ്കിലും കത്തിച്ച് കല്‍പന നിറവേറ്റട്ടേയെന്ന് അപേക്ഷിച്ചു. പള്ളിയുടെ ഒരു ഓലക്കഷ്ണം പോലും തൊടാന്‍ അനുവദിക്കില്ലെന്ന പിടിവാശിയിലായിരുന്നു മുസ്‌ലിംകള്‍.

ശഫീഖ് വഴിപ്പാറ

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter