യമന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് യു.എസ്

 

 യമനില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് ഇരുവിഭാഗവും 30 ദിവസത്തിനകം സമാധാന ചര്‍ച്ചകള്‍ തുടങ്ങണമെന്നു യുഎസ് സൈനിക മേധാവി ജയിംസ് മാറ്റിസ് നിര്‍ദേശിച്ചു. യമനിലെ സംഘര്‍ഷം അവസാനിപ്പിച്ച് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
സൗദി സഖ്യസേന യമനില്‍ പുതുതായി 10,000 സൈനികരെ കൂടി വിന്യസിച്ച സാഹചര്യത്തിലാണ് യുഎസ് സൈനിക മേധാവിയുടെ പരാമര്‍ശം. യുഎസ് പിന്തുണയോടെ യമനിലെ ഹൂഥികളുമായി ഏറ്റുമുട്ടുന്ന സൗദി അറേബ്യയും യുഎഇയും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും മാറ്റിസ് പറഞ്ഞു. സമാധാന ദൗത്യവുമായി മുന്നോട്ടുപോവുമെന്നും വാഷിങ്ടണിലെ യുഎസ് പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കവെ ജയിംസ് മാറ്റിസ് പറഞ്ഞു. സ്വീഡനില്‍ വച്ചു യുഎന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്തുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ യമന്‍ പ്രശ്നത്തില്‍ സാധ്യമാവുന്ന എല്ലാ പരിഹാരങ്ങളും ആരായുമെന്നും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലകളില്‍ സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
2015 മുതലാണ് സൗദി സഖ്യസേന യമനിലെ ഹൂഥികള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്. ഓരോ വര്‍ഷവും പതിനായിരത്തിലധികം പേരാണ് യമനില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തമാണ് യമനിലേതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു.അതേസമയം, യമനില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും 30 ദിവസത്തിനകം വെടിനിര്‍ത്തല്‍ കൊണ്ടുവരുമെന്നത് നീണ്ട കാലയളവാണെന്നും ഗ്രാസ് റൂട്ട് സമാധാന ഗ്രൂപ്പ് വക്താവ് കെവിന്‍ മാര്‍ട്ടിന്‍ പറഞ്ഞു. യമനിലെ യുദ്ധത്തില്‍ നിന്നു പിന്മാറാന്‍ സൗദിക്കു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter