ത്വല്‍ഹ ബിന്‍ ഉബൈദില്ല (റ)

എട്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവരികയും സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്ത സ്വഹാബിവര്യന്‍. ഉമര്‍ (റ) തനിക്കു ശേഷം ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറംഗ സംഗത്തില്‍ ഒരാളായിരുന്നു. കച്ചവടമായിരുന്നു ജീവിത മാര്‍ഗം.

ഒരിക്കല്‍ കച്ചവടത്തിനായി ശാമിലെത്തിയ അദ്ദേഹത്തെ അവിടത്തെ ഒരു പുരോഹിതന്‍ കണ്ടുമുട്ടി. മക്കയില്‍ ഒരു പ്രവാചകന്‍ വരുമെന്നും അയാള്‍ സത്യമതത്തിന്റെ ആളായിരിക്കുമെന്നും അറിയിച്ചു. ഉടനെ മക്കയിലേക്കു തിരിച്ച അദ്ദേഹം അങ്ങനെയൊരാളെക്കുറിച്ച് അന്വേഷിച്ചു. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് പ്രവാചകത്വവാദവുമായി പ്രത്യക്ഷപ്പെട്ട വിവരം കിട്ടി. അബൂബക്ര്‍ സിദ്ദീഖ് (റ) അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടുണ്ടെന്നും അറിഞ്ഞു. താമസിയാതെ അദ്ദേഹം അബൂബക്ര്‍ സിദ്ദീഖ് (റ) വിനെ സമീപിക്കുകയും അദ്ദേഹത്തിലൂടെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. സിദ്ദീഖ് (റ) വിന്റെ കരങ്ങളില്‍ ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാളായി. ഖുറൈശികളില്‍ പ്രധാനിയും വലിയ സമ്പന്നനുമായിരുന്നിട്ടും മുസ്‌ലിമായതിന്റെ പേരില്‍ വലിയ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നു. ഒടുവില്‍ പ്രവാചകരോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി.

പ്രവാചകന്‍ ഏല്‍പിച്ച ഒരു ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കൃത്യം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. ദു:ഖിതനായ അദ്ദേഹം പ്രവാചകര്‍ക്കുമുമ്പില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള വെഷമം പ്രകടിപ്പിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും യുദ്ധത്തില്‍ പങ്കെടുത്തവരുടെ പ്രതിഫലം താങ്കള്‍ക്കും ലഭിക്കുമെന്ന് വാക്ക് നല്‍കുകയും ചെയ്തു. യുദ്ധാര്‍ജ്ജിത സമ്പത്തില്‍നിന്നും അദ്ദേഹത്തിന് വിഹിതം നല്‍കി. ഉഹ്ദ് യുദ്ധത്തിലും തുടര്‍ന്നുണ്ടായ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഉഹ്ദ് യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്നും അതി തീക്ഷ്ണമായ അനുഭവങ്ങളുണ്ടായി. ‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെ കാണണമെങ്കില്‍ ത്വല്‍ഹയെ കാണുക’ എന്ന് പ്രവാചകന്‍ അതേക്കുറിച്ച് പറയുകയുണ്ടായി. ഉഹ്ദ് യുദ്ധം കൊടുമ്പിരികൊള്ളുകയും മുസ്‌ലിംകളില്‍ ചിലര്‍ പിന്തിരിയുകയും ചെയ്തപ്പോള്‍ പ്രവാചകന് സ്വശരീരംകൊണ്ട് രക്ഷാവലയം തീര്‍ത്തത് ത്വല്‍ഹ (റ) വായിരുന്നു. പ്രവാചകനുമുമ്പില്‍ ഒരു കവചമായി വര്‍ത്തിച്ച അദ്ദേഹം അവര്‍ക്കു നേരെ വന്ന അമ്പുകളും കുന്തങ്ങളും സ്വന്തം ശരീരംകൊണ്ട് തടുത്തുനിര്‍ത്തി. യുദ്ധം അവസാനിച്ചപ്പോള്‍ എഴുപതില്‍ പരം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പും ധൈര്യവും കണ്ട് സിദ്ദീഖ് (റ) വിനു മുമ്പില്‍ പ്രവാചകന്‍ അദ്ദേഹത്തെ പ്രശംസിച്ചു. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത നല്‍കുകയും ചെയ്തു.

വലിയ മാന്യനും ധര്‍മിഷ്ഠനുമായിരുന്നു ത്വല്‍ഹ (റ). ത്വല്‍ഹത്തുല്‍ ഖൈര്‍ എന്ന് അദ്ദേഹം അറിയപ്പെട്ടു. ദുല്‍ ഖര്‍ദ് യുദ്ധത്തില്‍ അദ്ദേഹം ഒരു കിണര്‍ വാങ്ങുകയും സ്വദഖ നല്‍കുകയും ചെയ്തു. ഇതറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തെ ധര്‍മിഷ്ഠന്‍ എന്ന അര്‍ത്ഥത്തില്‍ ത്വല്‍ഹത്തുല്‍ ഫയ്യാള് എന്ന് വിളിക്കുകയുണ്ടായി. ഒരിക്കല്‍ ഹളര്‍മൗത്തില്‍നിന്നും അദ്ദേഹത്തിന് വലിയൊരു സംഖ്യ വന്നു. അത് വീട്ടില്‍ സൂക്ഷിച്ച അദ്ദേഹത്തിന് അന്ന് ഉറക്കം വന്നില്ല. പണം വീട്ടില്‍ സൂക്ഷിച്ച് വെച്ച് കിടന്നുറങ്ങുന്നത് ശരിയല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം അടുത്ത പ്രഭാതത്തില്‍തന്നെ അത് മുഴുവനും മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ വിതരണം ചെയ്തു.

അബൂബക്ര്‍ (റ) വിന്റെയും ഉമര്‍ (റ) വിന്റെയും ഖിലാഫത്ത് കാലത്ത് അവരോടൊപ്പം എല്ലാ കാര്യങ്ങളിലും സജീവമായി നിലകൊണ്ടു. ഉസ്മാന്‍ (റ) വധത്തില്‍ ദു:ഖിതനായ ത്വല്‍ഹ (റ) അദ്ദേഹത്തിന്റെ കൊലയാളികളെ പിടികൂടണമെന്ന ആവശ്യവുമായി ജമല്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അലി (റ) ഭാഗത്താണ് സത്യമെന്നു മനസ്സിലാക്കിയ അദ്ദേഹം അവര്‍ക്കെതിരെ യുദ്ധത്തില്‍ പങ്കെടുത്തില്ല. നാല് ഭാര്യമാരുണ്ടായിരുന്നു. നാലുപേരും പ്രവാചക പത്‌നിമാരുടെ സഹോദരികളാണ്. പ്രവാചകരില്‍നിന്നും മുപ്പതോളം ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter