അമ്മാര്‍ ബിന്‍ യാസിര്‍ (റ)

യാസിറും ഭാര്യ സുമയ്യയും മകന്‍ അമ്മാറും ആദ്യകാല മുസ്‌ലിംകളില്‍ പ്രധാനികളാണ്. മുസ്‌ലിമായതിനുവേണ്ടി തുല്യതയില്ലാത്ത പീഢനങ്ങള്‍ സഹിച്ച ഈ കുടുംബം ഇസ്‌ലാമിക ചരിത്രത്തില്‍ വിസ്വാസത്തിന്റെ അണയാ ദീപങ്ങളായി എന്നും സ്മരിക്കപ്പെടുന്നു. യമനില്‍നിന്നും മക്കയില്‍ വന്ന് സ്ഥിരതാമസമാക്കുകയായിരുന്നു യാസിര്‍. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെ വിശ്വാസമറിഞ്ഞ ഖുറൈശികള്‍ അവരെ ശക്തമായി മര്‍ദ്ദിച്ചു. മുഹമ്മദിനെ അവിശ്വസിക്കാനും തള്ളിപ്പറയാനും നിര്‍ബന്ധിച്ചു. പക്ഷെ, അവരതിന് തയ്യാറായില്ല. തീര്‍ത്തും നിഷ്ഠുരമായ വഴികളാണ് ഖുറൈശികള്‍ പിന്നീട് സ്വീകരിച്ചത്. അബൂ ജഹല്‍ സുമയ്യയെ ശക്തമായി പീഢിപ്പിക്കുകയും വധിച്ചുകളയുകയും ചെയ്തു. അങ്ങനെ, അവര്‍ ഇസ്‌ലാമിലെ പ്രഥമ ശഹീദായി മാറി. ശേഷം, യാസിറും ഇതേ പാതതന്നെ പിന്തുടര്‍ന്നു. അമ്മാറാണ് ഈ കുടുംബത്തില്‍ പിന്നീടുണ്ടായിരുന്നത്. ശത്രുക്കള്‍ അദ്ദേഹത്തെ വിശ്വാസത്തില്‍നിന്നും  പിന്തിരിപ്പിക്കാന്‍ സ്വീകരിക്കാത്ത പീഢന മുറകളില്ല. ചാട്ടവാറുകൊണ്ടടിച്ചും അഗ്നികുണ്ഠത്തിലെറിഞ്ഞും വെള്ളത്തില്‍ മുക്കിയും പീഢിപ്പിച്ചു. ഇതുകണ്ട പ്രവാചകന്‍ ‘യാസിര്‍ കുടുംബമേ, ക്ഷമിക്കുക; നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ടെ’ ന്ന് ഉറപ്പുനല്‍കി. തീയിലെരിയുന്ന അമ്മാറിനെ കണ്ടപ്പോള്‍ പ്രവാചകന്‍ തീയോട് തണുപ്പാവാന്‍ പറയുകയും അത് ഇബ്‌റാഹീം നബിയുടെ മേലെന്നപോലെ തണുപ്പും രക്ഷയുമായി മാറുകയും ചെയ്തു.
അങ്ങനെ, കാലങ്ങളോളം ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ അദ്ദേഹം സഹിച്ചു. ശേഷം, സമാധാനം തേടി അബ്‌സീനിയയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്‌റ പോയി. അവിടങ്ങളില്‍ സമാധാനപൂര്‍ണമായ ജീവിതം നയിച്ചു. പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു.
ഇസ്‌ലാമില്‍ അമ്മാറിന്റെ സ്ഥാനം പ്രവാചകന്‍ എന്നും ഉയര്‍ത്തിക്കാട്ടിയിരുന്നു. ഒരിക്കല്‍ അമ്മാറും ഖാലിദ് ബ്‌നുല്‍ വലീദും തമ്മില്‍ ഒരു വിഷയത്തില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനെതുടര്‍ന്ന് ഖാലിദ്  അമ്മാറിനോട് പരുഷമായ സ്വഭാവത്തില്‍ പെരുമാറി. അമ്മാര്‍ പ്രവാചകരോട് ആവലാതിപറഞ്ഞു. പ്രവാചകന്‍ പറഞ്ഞു: ആരെങ്കിലും അമ്മാറിനോട് ശത്രുതവെച്ചാല്‍ അവന്‍ അല്ലാഹുവിനോട് ശത്രുതവെച്ചിരിക്കുന്നു. ആരെങ്കിലും അമ്മാറിനോട് ദേഷ്യം പിടിച്ചാല്‍ അവന്‍ അല്ലാഹുവിനോട് ദേഷ്യം പിടിച്ചിരിക്കുന്നു (നസാഈ). അമ്മാര്‍ ഈമാനിന്റെ മൂര്‍ത്തരൂപമാണെന്നും അവനെ നിങ്ങള്‍ പിന്തുടരണമെന്നും പ്രവാചകന്‍ മറ്റൊരിക്കല്‍ പറയുകയുണ്ടായി (നസാഈ, അഹ്മദ്).
അബൂബക്ര്‍ (റ) വിന്റെ കാലത്ത് മുര്‍തദ്ദീങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലും യമാമ യുദ്ധത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. യമാമ യുദ്ധത്തില്‍ അദ്ദേഹം കാഴ്ച വെച്ച ധീരപ്രകടനങ്ങളെ ഇബ്‌നു ഉമര്‍ (റ) അനുസ്മരിക്കുന്നുണ്ട്. യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ അദ്ദേഹം ഒരു പാറയില്‍ കയറി നില്‍ക്കുകയും ‘വിശ്വാസികളെ, നിങ്ങള്‍ സ്വര്‍ഗത്തില്‍നിന്നും ഓടിയകലുകയാണോ?’ എന്ന് അട്ടഹസിക്കുകയും ചെയ്തു. ഉമര്‍ (റ) ഖലീഫയായപ്പോള്‍ അദ്ദേഹം കൂഫയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. തീര്‍ത്തും സാത്വികമായൊരു ജീവിതമാണ് അദ്ദേഹമന്ന് കാഴ്ച വെച്ചിരുന്നത്. സ്വിഫീന്‍ യുദ്ധത്തില്‍ അലി (റ) വിന്റെ പക്ഷത്തായിരുന്നു അദ്ദേഹം. ഹിജ്‌റ 37 ല്‍ ശഹീദായി. അലി (റ) നിസ്‌കാരത്തിനും അനന്തര കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി. അന്നദ്ദേഹത്തിന് 93 വയസ്സുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter