ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് (റ)

പ്രവാചകരുടെ പിതൃസഹോദര പുത്രന്‍. അശരണരെയും നിരാലംബരെയും സഹായിച്ചിരുന്നതിനാല്‍ പ്രവാചകന്‍ അബൂല്‍ മസാകീന്‍ (ദരിദ്രരുടെ പിതാവ്) എന്നു വിളിച്ചു. ഭാര്യ അസ്മാഅ് ബിന്‍ത് ഉമൈസ്. ഇരുവരും ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍തന്നെ പ്രവാചകരില്‍ വിശ്വസിച്ചു. സത്യമാര്‍ഗത്തില്‍ അനവധി മര്‍ദ്ദനങ്ങള്‍ സഹിക്കേണ്ടിവന്നു. പാവങ്ങളെ പരിചരിക്കുന്നതില്‍ അമിതാവേശം കാണിച്ചിരുന്നു. ദരിദ്രരോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിച്ചവരായി അബൂഹുറൈറ (റ) അദ്ദേഹത്തെ അനുസ്മരിക്കുന്നുണ്ട്.
മക്കയില്‍ മുസ്‌ലിം ജീവിതം ദുസ്സഹമാവുകയും ശക്തമായി പീഢിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോവാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവദി നല്‍കി. കൂട്ടത്തില്‍ ജഅ്ഫര്‍ ബിന്‍ അബീ ഥാലിബും കുടുംബവുമുണ്ടായിരുന്നു. അബ്‌സീനിയയില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ഭയത്വവും സമാധാനവും ലഭിച്ചു. വിവരമറിഞ്ഞ ഖുറൈശികള്‍ ദൂതന്മാരെ വിടുകയും നജാശി രാജാവിനെ തെറ്റിദ്ധരിപ്പിച്ച് അവരെ മക്കയിലേക്കു തന്നെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമുണ്ടായി. പക്ഷെ, അത് ഫലം ചെയ്തില്ല. പരാധി ലഭിച്ച നജാശി മുസ്‌ലിംകളെ വിളിക്കുകയും കാര്യമന്വേഷിക്കുകയും ചെയ്തു. രാജാവിനടുത്തേക്ക് മുസ്‌ലിംകളുടെ പ്രതിനിധിയായി ചെന്നത് ജഅ്ഫര്‍ ബിന്‍ അബീ ഥാലിബായിരുന്നു. അദ്ദേഹം രാജാവിനെ സമീപിക്കുകയും മക്കയിലെ അവസ്ഥകളെല്ലാം വളരെ വിശാലമായി അവതരിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ അന്ധവിശ്വാസത്തിലും അരാജകത്വത്തിലുമായിരുന്ന കാലത്ത് പ്രവാചകന്‍ കടന്നുവരികയും ഞങ്ങളെ സത്യവെളിച്ചത്തിലേക്ക് വഴി നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയകളായിരുന്നപ്പോള്‍ അദ്ദേഹം ഞങ്ങളെ യഥാര്‍ത്ഥ മനുഷ്യത്വത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതെല്ലാം ശ്രദ്ധയോടെ ശ്രവിച്ച നജാശി പ്രവാചകനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചു. ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് അതിനും മറുപടി നല്‍കി. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ചില ഭാഗങ്ങള്‍ ഓതിക്കൊടുത്തപ്പോള്‍ രാജാവിന്റെ കണ്ണുകളില്‍നിന്നും കണ്ണുനീരൊലിക്കുകയായിരുന്നു. അവസാനം ഈസാനബിയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ വിശ്വാസവും ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് വ്യക്തമാക്കിക്കൊടുത്തു. ഇതെല്ലാം കേട്ടപ്പോള്‍  ഇവര്‍ പറയുന്നത് സത്യമാണെന്ന് രാജാവിന് ബോധ്യമായി. പാരിതോഷികങ്ങള്‍ തിരിച്ചുനല്‍കിയ അദ്ദേഹം മക്കയില്‍നിന്നും വന്ന ദൂതന്മാരെ പരിഹാസ്യരായി തിരിച്ചയച്ചു. മുസ്‌ലിംകള്‍ക്ക് തന്റെ രാജ്യത്ത് നിര്‍ഭയരായി ജീവിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. ജഅ്ഫര്‍ ബിന്‍ അബീ ഥാലിബും സംഘവും സന്തോഷത്തോടെ കാലങ്ങളോളം അവിടെ താമസിച്ചു.
പ്രവാചകനും അനുയായികളും മദീനയിലെത്തി ഖൈബര്‍ യുദ്ധം കഴിഞ്ഞ് മടങ്ങവെയാണ് ജഅ്ഫര്‍ ബിന്‍ അബീ ഥാലിബും സംഘവും അബ്‌സീനിയയില്‍നിന്നും തിരിച്ചെത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യ അസ്മാഉം മക്കളായ മുഹമ്മദ്, അബ്ദുല്ല, ഔഫ് എന്നിവരുമുണ്ടായിരുന്നു. ഇതു കണ്ട പ്രവാചകന് വലിയ സന്തോഷമായി. ഖൈബറിലെ വിജയവും ജഅ്ഫറിന്റെ വരവും ഇരട്ടി മധുരമാണ് അവര്‍ക്ക് നല്‍കിയത്. അത് പ്രവാചകന്‍ വ്യകമായി പറയുകയും ചെയ്തു.
മദീനയിലെത്തിയ ജഅ്ഫറിനെ പ്രവാചകന്‍ ഹാര്‍ദ്ദവമായി സ്വീകരിച്ചു. മുആദ് ബിന്‍ ജബലിനും അദ്ദേഹത്തിനുമിടയില്‍ ചെങ്ങാത്തം സ്ഥാപിച്ചു. അതോടെ ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് (റ) വും ഇസ്‌ലാമിന്റെ വിശുദ്ധ ഭൂമിയില്‍ സന്തോഷ ജീവിതം തുടങ്ങി.
ഹിജ്‌റ വര്‍ഷം എട്ട്. റോമിനെതിരെ മുഅ്തത് യുദ്ധത്തിന് കളമൊരുങ്ങിയപ്പോള്‍ പ്രവാചകന്‍ സൈന്യാധിപന്മാരായി മൂന്നാളുകളെ പ്രഖ്യാപിച്ചു. കൂട്ടത്തില്‍ ജഅ്ഫര്‍ ബിന്‍ അബീ ഥാലിബുമുണ്ടായിരുന്നു. സൈദ് ബ്‌നു ഹാരിസയും അബ്ദുല്ലാഹിബ്‌നു റവാഹയുമായിരുന്നു മറ്റു രണ്ടു പേര്‍. യുദ്ധത്തില്‍ ഒരാള്‍ ശഹീദായാല്‍ അടുത്ത ആള്‍ പതാക ഏറ്റെടുക്കണമെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. യുദ്ധം കൊടുമ്പിരികൊള്ളുകയും ആദ്യം സൈദ് (റ) ശഹീദാവുകയും ചെയ്തു. രണ്ടാമതായി പതാക വഹിച്ചത് ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് (റ) വാണ്. ശത്രു നിരയിലേക്ക് പാഞ്ഞടുത്ത അദ്ദേഹത്തിന്റെ വലതു കൈ നഷ്ടപ്പെട്ടു. പതാക ഇടകയ്യില്‍ പിടിച്ചായിരുന്നു പിന്നീട് പോരാട്ടം. താമസിയാതെ ഇടതു കയ്യും നഷ്ടപ്പെട്ടു. പിന്നീട് പതാക തോളിലിറുക്കി. ജഅ്ഫറിന്റെ സമരവീര്യം ശത്രുക്കളെ ചൊടിപ്പിച്ചു. അവസാനം അദ്ദേഹം മുഅ്തതിന്റെ രണാങ്കണത്തില്‍ ശഹീദായി വീണു.
ഇബ്‌നു ഉമര്‍ (റ) പറയുന്നു: യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ രണാങ്കണത്തില്‍ ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് (റ) വിന്റെ ശരീരം കണ്ടെത്തി. അതില്‍ തൊണ്ണൂറോളം മുറിവുകളുണ്ടായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ രണ്ടു കൈകളും ചിലവഴിച്ചതിനു പകരം നാളെ സ്വര്‍ഗ ലോകത്ത് പാറിപ്പറക്കാന്‍ അല്ലാഹു അദ്ദേഹത്തിന് ചിറകുകള്‍ നല്‍കുമെന്ന് പ്രവാചകന്‍ പറയുകയുണ്ടായി. ജഅ്ഫര്‍ ബിന്‍ അബീ ഥാലിബ് (റ) വിന്റെ വിയോഗത്തില്‍ വെഷമിച്ച പ്രവാചകന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ മക്കളെ സമാധാനിപ്പിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter