ഈ മുടന്തുമായി എനിക്ക് സ്വര്‍ഗത്തില്‍ ചവിട്ടണം

പടുവൃദ്ധനായ അംറുബ്‌നുല്‍ ജുമൂഹ്(റ) അസ്വസ്തനായി അതു നോക്കി നിന്നു. തന്റെ മൂന്നു മക്കളും സര്‍വായുധ വിഭൂഷിതരായി അടര്‍ക്കളത്തിലേക്കു പുറപ്പെടാനിരിക്കുകയാണ്. ശിര്‍ക്കിനെതിരേ പട വെട്ടാന്‍ ഉഹുദ് രണാങ്കണം അവരെ കാത്തുനില്‍ക്കുന്നു.
തനിക്കും വേണ്ടേ ഒരു സ്വര്‍ഗം. ഇവിടെത്തന്നെ ഇങ്ങനെ കഴിഞ്ഞുകൂടിയാല്‍ മതിയോ? പ്രേമഭാജനമായ അല്ലാഹുവിന്റെ സവിധത്തിലേക്ക് ഓടിച്ചെല്ലാന്‍ കൊതിയൂറാത്തവരുണ്ടോ വിശ്വാസികള്‍ക്കിടയില്‍.
അംറ് ആലോചനയില്‍ മുഴുകി.
ഇല്ല, എന്റെ പൊന്നുമക്കള്‍ വരെ ആ മഹാസൗഭാഗ്യത്തിനായി ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ ഞാന്‍ മാത്രം ഇവിടെ കഴിഞ്ഞുകൂടുന്നത് ശരിയല്ല. തനിക്കും വേണം രക്തസാക്ഷിത്വം. മുത്തുനബി(സ്വ)യുടെ കൊടിക്കീഴില്‍ ശത്രുജനതയോട് അടരാടി വീരരക്തസാക്ഷിത്വം വരിക്കുന്നതിനെക്കാള്‍ വലിയ സൗഭാഗ്യം വേറെന്തുണ്ട്?
അംറിന്റെ മനോവിലാസങ്ങള്‍ മക്കളെങ്ങനെയോ മണത്തറിഞ്ഞു. യുദ്ധത്തിനുള്ള പിതാവിന്റെ പുറപ്പാടില്‍ അവര്‍ക്കത്ര താല്‍പര്യം തോന്നിയില്ല. മരണത്തിന്റെ വിളി കാത്തുകഴിയുന്ന പിതാവ് എന്തിന് ഇത്ര കഷ്ടപ്പെട്ട് യുദ്ധത്തിനു പോരുന്നു. പുറമെ മുടന്തനുമാണ്. യുദ്ധത്തില്‍ നിന്നു മാറി നില്‍ക്കാന്‍ മതിയായ കാരണമുള്ള വ്യക്തി.
വേണ്ട, ഉപ്പയിങ്ങനെ ഈ വാര്‍ദ്ധക്യകാലത്തു യുദ്ധത്തിനു വന്ന് കഷ്ടപ്പെടേണ്ടതില്ല.
മക്കള്‍ പിതാവിനെ പിന്തിരിപ്പിക്കാന്‍ തുടങ്ങി.
അംറിന് ദേഷ്യമാണു വന്നത്. യുദ്ധം നടക്കുമ്പോള്‍ താനിവിടെ സുഖിക്കുകയോ. ഇല്ല, യുദ്ധത്തില്‍നിന്നു പിന്മാറുന്ന പ്രശ്‌നമില്ല.
അംറ്(റ) തീരുമാനമെടുത്തു. എന്നിട്ട് നേരെ തിരുനബി(സ്വ)യുടെ സവിധത്തിലേക്ക്.
”പുണ്യപ്രവാചകരേ, എന്റെ ഈ മക്കള്‍ ഇത്ര ഉത്തമമായ പുണ്യത്തില്‍ നിന്നും എന്നെ വിലക്കുന്നു. അവരതിന് ഉന്നയിക്കുന്ന ന്യായം ഞാന്‍ മുടന്തനാണെന്നാണ്. അല്ലാഹുവാണെ, എന്റെ ഈ മുടന്തുമായി സ്വര്‍ഗം ചവിട്ടാനാണ് എന്റെ കൊതി.”
”നിങ്ങളിദ്ദേഹത്തെ വിട്ടേക്കുക. ഒരുപക്ഷേ, അല്ലാഹു ഇദ്ദേഹത്തിനു രക്തസാക്ഷിത്വം കണക്കാക്കിയിട്ടുണ്ടാകാം.”
അവിടത്തെ കല്‍പന വന്നപ്പോള്‍ അവര്‍ക്കു പിന്നെ ഒന്നും മറുത്തുരക്കാന്‍ കഴിഞ്ഞില്ല. തിരുനബി(സ്വ)യുടെയും പിതാവിന്റെയും ആഗ്രഹങ്ങളൊന്നാണെങ്കില്‍ നാമായിട്ടെന്തിനു എതിരു നില്‍ക്കണം. അവര്‍ പിതാവിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിനു വിട്ടു.
പിന്നീട് യുദ്ധത്തിലേക്കുള്ള പുറപ്പാടിനു താമസമുണ്ടായിരുന്നില്ല. അംറ്(റ) വീട്ടില്‍ ചെന്ന് ഭാര്യയോട് യാത്ര പറഞ്ഞു, ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരാളുടെ വിടവാങ്ങല്‍ പോലെ.
ശേഷം ഖിബ്‌ലക്ക് അഭിമുഖമായി നിന്നു. ഇരു കൈകളും മേല്‍പ്പോട്ടുയര്‍ത്തി. പിന്നെ ഖല്‍ബുരുകിയൊരു പ്രാര്‍ത്ഥന: ”അല്ലാഹുവെ, എനിക്കു നീ രക്തസാക്ഷിത്വം കനിയണേ, ശൂന്യഹസ്തനായി വീണ്ടും എന്നെ ഈ വീട്ടിലേക്കു മടക്കിവിടരുതെ.”
പ്രാര്‍ത്ഥനയും നിര്‍വഹിച്ച് അംറ് വീട്ടില്‍ നിന്നിറങ്ങി. തന്റെ മക്കള്‍ക്കൊപ്പം യുദ്ധത്തില്‍ അണി ചേര്‍ന്നു.
പുറപ്പെടാറായി. സൈനികര്‍ നിരനിരയായി ഉഹ്ദിലേക്ക്.
വൈകാതെ തന്നെ യുദ്ധത്തിനുള്ള കാഹളം മുഴങ്ങി. വാളുകള്‍ കൂട്ടിമുട്ടി. അമ്പുകള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. ഇരു ഭാഗത്തുനിന്നും കബന്ധങ്ങള്‍ കുന്നൂ കൂടാന്‍ തുടങ്ങി.
മുസ്‌ലിങ്ങളുടെ മുന്നേറ്റത്തിനു മുന്നില്‍ ശത്രുക്കള്‍ക്ക് ആദ്യമാദ്യം പിടിച്ചുനില്‍ക്കാനായില്ല. പയ്യെപ്പയ്യെ അവര്‍ അങ്കക്കളത്തില്‍നിന്നും പിന്തിരിയാന്‍ തുടങ്ങി.
മുസ്‌ലിങ്ങള്‍ ഏകദേശം വിജയം ഉറപ്പിച്ചു. സമരാര്‍ജിത സ്വത്തുക്കള്‍ വാരിക്കൂട്ടാന്‍ തുടങ്ങി. അങ്ങ് ഉഹ്ദ് പര്‍വത ശൃംഖത്തില്‍ നിന്നു മുസ്‌ലിങ്ങളായ അമ്പെയ്തുകാരില്‍ ചിലര്‍ക്കതു കണ്ടപ്പോള്‍ ക്ഷമിച്ചിരിക്കാനായില്ല. അവര്‍ താഴേക്കോടി വന്നു. അതുകണ്ട്, പിന്തിരിഞ്ഞുപോവുകയായിരുന്ന ശത്രുപ്പട വീണ്ടും തിരിച്ചുവന്നു.
ഓര്‍ക്കാപ്പുറത്തതാ രണ്ടാമതും യുദ്ധം. ഇതു മുസ്‌ലിങ്ങളെ ശരിക്കും ക്ഷീണിപ്പിച്ചു. പലരും പിന്തിരിഞ്ഞോടാന്‍ നിര്‍ബന്ധിതരായി. അതോടെ തിരുനബി(സ്വ)ക്കൊപ്പം നിലയുറപ്പിച്ചവര്‍ കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, ഒരുങ്ങിത്തന്നെ വന്ന നമ്മുടെ കഥാപാത്രം ഒരടി പിന്നോട്ടടിച്ചില്ല. മുന്‍നിരയില്‍ തന്നെ നബി(സ്വ) തങ്ങള്‍ക്കൊപ്പം നിന്നു. ഒറ്റക്കാലില്‍ ചാടിച്ചാടി മുന്നോട്ടു നീങ്ങി. എനിക്കു സ്വര്‍ഗം പൂതിയാവുന്നു എന്നും പറഞ്ഞ് ധീരധീരം പോരാടി. പിന്നില്‍ തന്നെ തന്റെ മകന്‍ ഖല്ലാദുമുണ്ട്. തന്റെ വൈകല്യത്തെ പോലും തോല്‍പിച്ചു കൊണ്ടുള്ള പോരാട്ടം. കിതപ്പു വകവയ്ക്കാത്ത കുതിപ്പ്. അവസാനം ഒരു ശത്രുവിന്റെ കരപ്രയോഗത്തില്‍ ശക്തിയത്രയും ചോര്‍ന്നൊലിച്ചു. പിന്നെ പിടിച്ചുനില്‍ക്കാനായില്ല. മണ്‍തരികളിലേക്കു തളര്‍ന്നു വീണു. അല്ല, സ്വര്‍ഗത്തിലേക്കു പറന്നുപോയി. കൂടെത്തന്നെ തന്റെ പുന്നാര മകനും.
സമരത്തിനാണു വിശ്വാസിക്കു ജീവിതം. തൗഹീദിനെതിരിലുള്ള സര്‍വസ്വത്തോടുമുള്ള സന്ധിയില്ലാ സമരം, ചിലപ്പോള്‍ സ്വന്തത്തിനെതിരെ; വേണ്ടിവന്നാല്‍ സ്വന്തക്കാരോടും. പോര്‍ക്കളങ്ങളിലെ മാനസിക സന്നദ്ധതയാണു ഇതിലെ ജയപരാജയങ്ങളുടെ മാനദണ്ഡം. വെട്ടുന്നതിന്റെയും വെട്ടു കൊള്ളുന്നതിന്റെയും കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും വിലയും മൂല്യവും അളക്കപ്പെടുന്നത് ഈ പ്രതലത്തില്‍ നിന്നുകൊണ്ടായിരിക്കും.
സമരം രണ്ടു രീതിയിലുണ്ട്. സ്വന്തത്തോടുള്ളതും മറ്റുള്ളവരോടുള്ളതും. സ്വന്തത്തോടുള്ള സമരത്തില്‍ യോദ്ധാവും ശത്രുവും അവനാണ്. പോര്‍ക്കളവും ഉപകരങ്ങളും അവന്‍ തന്നെ. ജയിക്കുന്നവനും പരാജയപ്പെടുന്നവനും തഥൈവ. സ്വന്തത്തോടുള്ള ധര്‍മസമരത്തിനാണ് മാനസിക ധ്വാനം ഏറെ വേണ്ടത്. മറ്റുള്ളവരോടുള്ള പോരാട്ടത്തിനു പോലും ശക്തിസ്രോതസ്സ് സ്വന്തത്തിനെതിരേ പടവെട്ടിക്കിട്ടുന്ന വിജയമാണ്. ദേഹേഛയുടെ തടവറിയില്‍ നിലകൊള്ളുന്നവന് മറ്റുള്ളവരോട് യുദ്ധം ചെയ്യുന്നതു പോയിട്ട് അവര്‍ക്കെതിരേ നാവ് ചലിപ്പിക്കാന്‍ പോലുമാവില്ല.
തനിക്കു മുന്നിലുള്ള സകലമാന തടവറകളെയും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് വിസ്വാസിയുടെ പടയോട്ടം. സ്വേഷ്ടത്തിന്റെ തടവറയില്‍ നിന്നു പുറത്തുചാടി കുടുംബത്തിന്റെ തടവറയും കടന്നു സ്വന്തക്കാരെന്ന തടവറയിലൂടെ തൗഹീദിന്റെ പ്രവിശാല ഭൂമികയിലേക്ക്. ഈ ഒരേയൊരു ലക്ഷ്യം മുന്നില്‍ കാണുന്നവന് തന്റെ മുന്നിലുള്ള എല്ലാ കടമ്പകളും പരമ നിസ്സാരമായി തോന്നും. മറ്റുചിലപ്പോള്‍ അവന് സ്വല്‍പം പ്രയാസം തോന്നുമെങ്കിലും തരണം ചെയ്യാന്‍ അവന്‍ തയ്യാറെടുത്തിരിക്കും. സ്വന്തത്തെക്കാളും സ്വന്തക്കാരെക്കാളും അവന്‍ സ്‌നേഹിക്കുക അല്ലാഹുവിനെയും അവന്റെ റസൂലിനെയുമായിരിക്കും. ഈ മഹത്തായ അദ്ധ്യാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഊര്‍ജമാണ് തനിക്കു ചുറ്റും വലംവച്ചിരിക്കുന്ന തടവറകളുടെ ഉരുക്കുകവാടങ്ങളെ തകര്‍ത്തെറിയാന്‍ അവനു ശക്തിപകരുന്നത്.
തൗഹീദിന്റെ വ്യാപനത്തിനു മുന്നില്‍ കിടക്കുന്ന തടസ്സങ്ങളെ നീക്കം ചെയ്യുക എന്നെ ധര്‍മസമരത്തിനു ഇവിടെ വിവക്ഷയുള്ളൂ..ജനസഞ്ചാരമുള്ള വഴിയില്‍ കിടക്കുന്ന പ്രതിബന്ധള്‍ നീക്കം ചെയ്യുന്നതിലെ ധാര്‍മികത ആരും ചോദ്യം ചെയ്യാറില്ല. അതിന്റെ മറ്റൊരു വകഭേദമാണ് ധര്‍മസമരവും. ഈ മഹാപ്രപഞ്ചത്തിന്റെ പരമയാഥാര്‍ത്ഥ്യത്തെ ഇവിടെ പ്രചരിപ്പിക്കാനും ബോധ്യപ്പെടുത്തിക്കൊടുക്കാനും തീര്‍ച്ചയായും അര്‍ഹതയുണ്ട്. ഈ അര്‍ഹതയെ മെയ്ക്കരുത്തു കാട്ടി നിഷേധിക്കുന്നതിനായാണ് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മതം അനുശാസിക്കുന്നത്. ഇതില്‍ ഭീകരവാദ-തീവ്രവാദ മുദ്ര ചാര്‍ത്തുന്നത് അജ്ഞതയുടെ ഫലമെന്നേ പറയാന്‍ കഴിയൂ.
ഏതൊരു പടയാളിയുടെയും ധര്‍മസമരമാരംഭിക്കുന്നത് സ്വന്തത്തില്‍ നിന്നായിരിക്കണം. അതു നേരെയാക്കും മുമ്പ് മറ്റുള്ളവരിലേക്ക് വാളെടുത്തോടുന്നത് നേട്ടത്തിനല്ല കോട്ടത്തിനെ വഴിയൊരുക്കൂ. സ്വന്തത്തെ നേരെനിര്‍ത്താത്തവന്‍ എങ്ങനെ പിന്നെ മറ്റുള്ളവരെ നേരെയാക്കാനിറങ്ങും. നാട്ട ശരിയാക്കാതെ നിഴലിനെ നന്നാക്കാന്‍ ശ്രമിക്കുന്നത് വൃഥാവിലായിരിക്കും. അംറുബിനുല്‍ ജുമൂഹ്(റ) അസത്യത്തിന്റെ ഉരുക്കുബന്ധനങ്ങളില്‍നിന്ന് സ്വന്തത്തെ മോചിപ്പിച്ചെടുത്താണ് മറ്റുള്ളവരിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. സ്വന്തം വൈകല്യത്തെ ഒഴികഴിവുകള്‍ക്കുള്ള ന്യായീകരണമായി എടുത്തുദ്ധരിക്കാതെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള ഇന്ധനമാക്കിയെടുത്തു എന്നിടത്താണ് മഹാനവര്‍കള്‍ പ്രസക്തനാവുന്നത്. സ്വന്തം മക്കളുടെ പോലും നിരുല്‍സാഹപ്പെടുത്തളുകള്‍ക്കെതിരേ നിലയുറപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ ജേതാവിന്റെ വിജയരഹസ്യത്തെ നമുക്കു മുന്നില്‍ അദ്ദേഹം ചുരുളഴിച്ചുതരുന്നു.
ലക്ഷ്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധവും അതിലെത്താനുള്ള മാര്‍ഗങ്ങളെ പറ്റിയുള്ള കൃത്യമായ അവബോധവും ഇല്ലാതെ വിജയം സാധ്യമല്ല. ഈ രണ്ടു നിബന്ധനകളും സമം ചേര്‍ന്നാലാകട്ടെ, ലക്ഷ്യത്തില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കാനും ആര്‍ക്കുമാവില്ല. പ്രതിസന്ധികളും പ്രയാസങ്ങളും അസ്വസ്ഥനാക്കില്ല. അവയ്ക്ക് അയാളുടെ സഞ്ചാരത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞാലും കൂടുതല്‍ തടുത്തു നിര്‍ത്താനാവില്ല. താന്‍ ഇഛിച്ചത് കിട്ടിയാലല്ലാതെ വഴങ്ങില്ലെന്ന കുട്ടിയുടെ വാശി പോലെയായിരിക്കും അയാള്‍. തന്റെ ലക്ഷ്യപ്രാപ്തിയെ ബലികഴിച്ച് യാതൊന്നിനോടും സന്ധിക്ക് അദ്ദേഹം തയ്യാറാവില്ല. യുദ്ധത്തിനു പോകാതിരിക്കാന്‍ അനുവാദമുണ്ട്. പുറമെ മക്കളുടെ നിരന്തരമായ പ്രോല്‍സാഹനവുമുണ്ട്. എന്നിട്ടും സ്വര്‍ഗപ്രാപ്തിക്കപ്പുറം മറ്റൊന്നിനെയും അംറ്(റ) കണ്ടില്ല. യുദ്ധമുഖത്തുനിന്നു പലരും പിന്തിരിഞ്ഞോടിയപ്പോഴും വാര്‍ദ്ധക്യത്തെ വകവയ്ക്കാതെ വൈകല്യത്തെ ശ്രദ്ധിക്കാതെ മുന്നേറാന്‍ അദ്ദേഹത്തെ നയിച്ച വികാരവും മറ്റൊന്നല്ല. സ്വര്‍ഗം വേണം സ്വര്‍ഗം, അതു തന്നെ..
ഓരോ വിശ്വാസിക്കും ഈ തലത്തിലേക്ക് തന്റെ കര്‍മങ്ങളെ മാറ്റിപ്പണിയാന്‍ കഴിഞ്ഞാല്‍ നേട്ടങ്ങളുടെ വന്‍ ഗാഥ തന്നെ രചിക്കാനാവും അവന്. പിന്നീടവന് ഇവിടെ ജയപരാജയങ്ങള്‍ എന്നൊന്നുണ്ടാവില്ല. സമര്‍പ്പണങ്ങള്‍ മാത്രമെ ഉണ്ടാവൂ-കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യംവച്ചുള്ളതാണെങ്കില്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter