ഖിലാഫത്ത്: അര്‍ത്ഥവും വ്യാപ്തിയും

 

 

അല്ലാഹു ഇഷ്ടദാസന്മാര്‍ക്കു നല്‍കുന്ന സ്ഥാനങ്ങളും അധികാരങ്ങളുമാണ് നുബുവ്വത്ത്, രിസാലത്ത്, ഖിലാഫത്ത്. ഇവ വെവ്വേറെ വിലയിരുത്തുമ്പോള്‍ ഖിലാഫത്തിനു പ്രത്യേകതയുണ്ട്. നബിയോ റസൂലോ ഖലീഫയാകണമെന്നില്ല; മറിച്ചും. അതേ സമയം നുബുവ്വത്ത്, രിസാലത്ത് ഏതു സ്ഥാനത്തെക്കാളും വലുതാണ്. ഇതു രണ്ടും ഇഷ്ടദാസന്റെ ശ്രമമോ സേവനമോ കൊണ്ടു ലഭിക്കില്ല; ഖിലാഫത്ത് ലഭിക്കാം.

എന്താണ് ഖിലാഫത്ത്?
ഒരു നബി അല്ലാഹുവില്‍നിന്ന് വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ട നിയമ വ്യവസ്ഥ സ്വന്തമായി നടപ്പാക്കുന്നു. റസൂല്‍ ആ വ്യവസ്ഥ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. നബിയും റസൂലമായവര്‍ രണ്ടും നിര്‍വഹിക്കുന്നു. എന്നാല്‍ വ്യക്തമായി നിര്‍ദ്ദേശിക്കപ്പെടാത്ത കാര്യങ്ങള്‍ മുന്‍കൂട്ടിയുള്ള പൊതു അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തീര്‍പ്പാക്കുകയും ആ നിലയില്‍ അല്ലാഹുവിനു വേണ്ടി സ്വതന്ത്രമായി ഭൂമിയില്‍ ഭരണം നടത്തുകയും ചെയ്‌തേക്കാം. എങ്കില്‍ ഇതിനര്‍ത്ഥം ഇവര്‍ അല്ലാഹുവിന്റെ ഖലീഫമാരാണെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍, സ്വന്തമായി വിധിപറയാനും അല്ലാഹുവിനുവേണ്ടി സ്വതന്ത്രമായി ഭൂമിയില്‍ ഭരണം നടത്താനുമുള്ള അധികാരമാണ് ഖിലാഫത്ത്. ഇതിനു അപാരമായ ബുദ്ധിയും ചിന്തയും സര്‍വ്വോപരി ദൈവിക സന്ദേശങ്ങളിലും പ്രവാചക ചര്യയിലും മറ്റും അഗാധ പാണ്ഡിത്യവും വിശിഷ്യാ അഭൗതികവും ദൈവികവുമായ ആത്മീയ ശക്തിയും അനിവാര്യമാണ്.
ദാവൂദ് നബി (അ) യെ ഖലീഫയായി നിയോഗിച്ച് അല്ലാഹു ഇങ്ങനെ പറഞ്ഞു: 'ദാവൂദ്, താങ്കളെ നാം ഭൂമിയില്‍ പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ സത്യസന്ധമായി താങ്കള്‍ വിധിക്കുക. ദേഹേച്ഛയരുത്' (സ്വാദ്: 26). മൂസാ (അ) ആവശ്യപ്പെട്ടപ്രകാരം ഹാറൂന്‍ (അ) നെ അല്ലാഹു പ്രവാചകനാക്കി. താങ്കള്‍ എന്റെ ഖലീഫയാകണമെന്നു പിന്നീട് മൂസാ നബി (അ) അദ്ദേഹത്തോട് കല്‍പിക്കുകയും ചെയ്തു. മൂസാ നബി (അ) അല്ലാഹുവിന്റെ ഖലീഫയായതുകൊണ്ടാണിത്. ഹാറൂന്‍ (അ) തന്റെ ഖലീഫയായതും ഇതുകൊണ്ടുതന്നെ. നബിയായതുകൊണ്ട് ഖലീഫയാകണമെന്നില്ലെന്നു ഇവിടെ മനസ്സിലാക്കാം. ഇതെല്ലാം ഖുര്‍ആന്‍ (അഅ്‌റാഫ്: 141, ത്വാഹാ: 29-36) വ്യക്തമാക്കിയതാണ്.
അല്ലാഹു വ്യക്തമാക്കിയ പ്രത്യേക വിധി നടപ്പാക്കാന്‍ മാത്രമല്ല ദാവൂദിനെ നിയോഗിച്ചത്. വിധിക്കാന്‍തന്നെയാണ്. നിശ്ചിത വിഷയത്തിലെന്നുമല്ല; എല്ലാ വിഷയത്തിലുമാണ്. ഇതുകൊണ്ടാണ് നിയോഗസമയത്ത് വിഷയം നിര്‍ണയിക്കാതിരുന്നത്. പക്ഷെ, നബിയോ റസൂലോ ആയ ഖലീഫയുടെ വിധി, വാക്ക്, പ്രവൃത്തികള്‍ തെറ്റില്ല. നബിക്കും റസൂലിനും അപ്രമാദിത്വം ഉള്ളതാണ് കാരണം. ഈ സ്ഥാനങ്ങളില്ലാത്ത ഖലീഫക്കു തെറ്റു പറ്റാം.

നാലു രൂപങ്ങള്‍
ഖിലാഫത്ത് എന്ന ദൈവിക പ്രാതിനിധ്യം ലഭിക്കുന്നതിനു നാലു രൂപങ്ങളുണ്ട്. ഒന്ന്, അല്ലാഹുവിന്റെ നേരിട്ടുള്ള സന്ദേശം. രണ്ട്, നബി, റസൂല്‍ മുഖേന. ദാവൂദ് (അ) മിന്റെത് ഒന്നാമത്തേതിനും ഹാറൂന്‍ (അ), ഇമാം മഹ്ദി (റ) എന്നിവരുടെത് രണ്ടാമത്തേതിനും ഉദാഹരണമാണ്. നബി, റസൂല്‍ മുഖേന ലഭിക്കുന്നവര്‍ക്ക് ഖലീഫത്ത് നബിയ്യില്ലാഹി, ഖലീഫത്തു റസൂലില്ലാഹി എന്നൊക്കെ പറയാം. ഖലീഫത്തുല്ലാഹി എന്നു പറയുന്നതിനും തടസ്സമില്ല. മഹ്ദിയെ പറ്റി ഖലീഫത്തുല്ലാഹി ഫില്‍ അര്‍ദ് (ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി) എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. 'നിങ്ങളെ അവന്‍ ഭൂമിയില്‍ ഖലീഫമാരാക്കും' (നംല്: 62) എന്നു അല്ലാഹു പറഞ്ഞത് ഇതെല്ലാം ഉള്‍കൊള്ളുന്നുണ്ട്. 'താങ്കളോടു ഉടമ്പടി ചെയ്യുന്നവര്‍ അല്ലാഹുവോടു മാത്രമാണ് ഉടമ്പടി ചെയ്യുന്നത്' (ഫത്ഹ്:10) എന്നു പറഞ്ഞതും ഇതു തന്നെയാണ്. അനുയായികള്‍ക്കു പ്രവാചകന്മാര്‍ മുഖേനയാണ് ഖിലാഫത്ത് ലഭിക്കുക.
മൂന്ന്: നിലവിലുള്ള ഖലീഫ മുഖേന. സ്വിദ്ധീഖ് (റ) തന്റെ ശേഷത്തേക്കു ഉമര്‍ (റ) വിനെ ഖലീഫയാക്കിയതു പോലെ.
നാല്: ജനങ്ങളുടെ ബൈഅത്ത് (ഉടമ്പടി). സിദ്ധീഖ് (റ), അലി (റ), ഉസ്മാന്‍ (റ) എന്നിവരെ ജനങ്ങള്‍ ബൈഅത്തു ചെയ്തു ഖലീഫയാക്കിയതുപോലെ. മൂന്നാം രൂപത്തിലും ജനങ്ങളുടെ ബൈഅത്തുണ്ടാകാം. ഉമര്‍ (റ) ഉദാഹരണം.

യോഗ്യത
പ്രത്യേകം നിര്‍ദ്ദേശിക്കപ്പെടാത്ത കാര്യത്തില്‍ അല്ലാഹുവിനു വേണ്ടി സ്വതന്ത്രമായി തീരുമാനമെടുത്തു  ഭരണം നടത്തലാണ് ഖിലാഫത്തിന്റെ അന്ത:സ്സത്തയെന്നു വന്നല്ലോ. എങ്കില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന്റെ മാനദണ്ഡം മറ്റൊരു പ്രയോഗത്തില്‍ അല്‍ ഇജ്തിഹാദുല്‍ മുത്‌ലഖ് (സര്‍വസ്വതന്ത്ര ഗവേഷണം) എന്ന യോഗ്യതയാണ്. നബി(സ്വ) യുടെ സ്വഹാബിമാര്‍ക്കെല്ലാം ഇത് ഉണ്ടായിരുന്നു. പക്ഷെ, അത് പ്രാവര്‍ത്തികമാക്കാന്‍ അവരില്‍ പലരും മുന്നോട്ടു വന്നില്ല. ഇങ്ങനെ മുന്നോട്ടു വരാത്തവര്‍ വന്നവരെ അനുഗമിക്കുകയാണ് ചെയ്തത്. വന്നവര്‍തന്നെ അതതു കാലത്തെ ഖലീഫമാരെ അനുസരിച്ചിട്ടുണ്ട്. ഇമാം, ഖാസി, ഖലീഫമാര്‍ എന്നിവരുടെ നിയമങ്ങളും തീരുമാനങ്ങളും തങ്ങളുടെ ഭരണീയര്‍ക്കെല്ലാം ബാധകമായതുകൊണ്ടാണിത്. ഇതിനര്‍ത്ഥം ഖലീഫയും മറ്റു ഭരണീയരുടെ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നോ അവരുടെ മുശാവറ കേള്‍ക്കേണ്ടതില്ലെന്നോ അവരുമായി മുശാവറ ചെയ്യേണ്ടതില്ലെന്നോ അല്ല; അതെല്ലാം വേണം. നബി (സ്വ), സിദ്ദീഖ് (റ), ഉമര്‍ (റ) തുടങ്ങിയവരുമായി കൂട്ടായും ഒറ്റക്കും ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും അവരുടെ അഭിപ്രായങ്ങള്‍ നടപ്പില്‍ വരുത്താറുമുണ്ട്. ഇങ്ങനെ ചര്‍ച്ച ചെയ്യണമെന്ന് ഖുര്‍ആന്‍ (ആലുഇംറാന്‍:159) പ്രത്യേകം നിര്‍ദ്ദേശിച്ചതാണല്ലോ.

അംഗീകാരം
നാലു ഖലീഫമാര്‍ക്ക് പ്രത്യേഗിച്ചും മറ്റു സ്വഹാബിമാര്‍ക്ക് പൊതുവിലും ഗവേഷണാധികാരം നബി തങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. യുദ്ധത്തിനായി ബനൂ ഖുറൈളയിലേക്കുള്ള യാത്രയില്‍ നബിയുടെ നിര്‍ദ്ദേശം സ്വഹാബിമാര്‍ വിലയിരുത്തിയതും വ്യാഖ്യാനിച്ചതും നടപ്പിലാക്കിയതും വിവിധ രൂപത്തിലായിരുന്നു. ബനൂ ഖുറൈളയിലെത്തിയതല്ലാതെ നിങ്ങള്‍ അസ്‌റ് നിസ്‌കരിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഒരു വിഭാഗം അങ്ങോട്ടെത്തുംമുമ്പെ നിസ്‌കരിച്ചു. ഖളാ ആകുമോ എന്ന ഭയമായിരുന്നു കാരണം. ഖളാ ആക്കരുതെന്ന നിര്‍ദ്ദേശം പണ്ടേ ഉണ്ടുതാനും. അവിടെ എത്തുംവരെ നിസ്‌കരിക്കരുത് എന്നതിനര്‍ത്ഥം നിസ്‌കാരം ഖളാ ആക്കാമെന്നല്ല; മറിച്ച്, വേഗത്തില്‍ അവിടെ എത്തണമെന്നാണ് എന്ന് അവര്‍ വ്യാഖ്യാനിച്ചു. മറു വിഭാഗം അവിടെ എത്തിയ ശേഷമാണ് നിസ്‌കരിച്ചത്. ഖളാ ആക്കരുതെന്ന പഴയ നിര്‍ദ്ദേശത്തെ പുതിയതു റദ്ദാക്കുന്നെന്നു ഇവരും വ്യാഖ്യാനിച്ചു. പിന്നീട്, രണ്ടു വിഭാഗത്തെയും നബി അംഗീകരിച്ചു. സ്വഹാബിമാരുടെ മൊത്തം ഗവേഷണം സംബന്ധിച്ചാണിത്.

നാലു ഖലീഫമാര്‍
നാലു ഖലീഫമാരുടെ ഗവേഷണം പ്രത്യേകം നബി അംഗീകരിച്ചതിനു അനവധി ഉദാഹരണങ്ങളുണ്ട്. ഒരിക്കല്‍ നബി ഇങ്ങനെ നിര്‍ദ്ദേശിച്ചു: നിങ്ങള്‍ വിത്‌റ് നിസ്‌കാരം രാത്രി അവസാനമാക്കണം. ഇത് അബൂ ബക്ര്‍ (റ), ഉസ്മാന്‍ (റ) എന്നിവര്‍ വ്യാഖ്യാനിച്ചത് ഇശായും സുന്നത്തും ഭക്ഷണവും എല്ലാം കഴിഞ്ഞു അവസാനം ഉറങ്ങുന്നതിനു മുമ്പ് വിത്‌റ് നിസ്‌കരിക്കുകയെന്നാണ്. അപ്രകാരമാണ് അവര്‍ ചെയ്തതും. ഉറങ്ങിയാല്‍ പിന്നെ സുബഹിക്കു മുമ്പ് ഉണരുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. ഉണരാതിരുന്നാല്‍ വിത്‌റ് നഷ്ടപ്പെടുമല്ലോ. അവരുടെ സൂക്ഷ്മതയായിരുന്നു ഇത്. ഉമര്‍ (റ), അലി (റ) എന്നിര്‍ വ്യാഖ്യാനിച്ചത് അവര്‍ ഉറങ്ങട്ടെ ഉറങ്ങാതിരിക്കട്ടെ സുബഹിക്കു മുമ്പ് രാത്രിയുടെ അവസാനം തന്നെ നിസ്‌കരിക്കുകയെന്നാണ്. ഇവര്‍ ചെയ്തതും അങ്ങനെതന്നെ. ഉറങ്ങിയാല്‍ ഉണരാതിരിക്കുമോ എന്ന് ഭയക്കേണ്ടതില്ല. ഉറങ്ങുന്നതു തന്നെ ഉണരാനാണ്. ഇത് ഇവരുടെ മനക്കരുത്താണ്. ഇങ്ങനെ വ്യത്യസ്ത വ്യാഖ്യാനത്തിലൂടെ മുന്നോട്ടു നീങ്ങിയ ഇവരെ നബി വിചാരണ ചെയ്തു. രണ്ടു വിഭാഗത്തിന്റെയും വാദവും ന്യായവും കേട്ട ശേഷം രണ്ടും അവിടന്ന് അംഗീകരിച്ചു. ഇങ്ങനെ പറയുകയും ചെയ്തു: ഒന്നാം വിഭാഗത്തിന്റെ നയം സൂക്ഷ്മതയാണ്. രണ്ടാം വിഭാഗത്തിന്റെത് മനക്കരുത്തും. രണ്ടും ശരിയാണ്.
ഒരുത്തന്‍ ഭാര്യയോട് ഇങ്ങനെ സത്യം ചെയ്തു: കാലത്തോളം നിന്നെ ഞാന്‍ സംയോഗം ചെയ്യില്ല. പിന്നീട് അദ്ദേഹത്തിന് ക്ഷമിക്കാനായില്ല. കാലത്തോളം എന്നതിന്റെ വ്യാപ്തി എത്രയാണ്. കാലം എന്നുമുണ്ടല്ലോ. കാലം എന്നുമുണ്ടല്ലോ. ഇനി ഞാന്‍ എന്തു ചെയ്യും. അയാള്‍ പരിഭവിച്ചു. അദ്ദേഹം അബൂബക്ര്‍ (റ) വിനെ സമീപിച്ചു. കാലത്തോളത്തിന്റെ അര്‍ത്ഥമന്വേഷിച്ചു. അന്ത്യനാള്‍ വരെ സംയോഗം പാടില്ല. ഇവിടെ യാതൊരു രക്ഷയുമില്ലെന്ന് കണ്ട അയാള്‍ ഉമര്‍ (റ) നെ സമീപിച്ചു. നാല്‍പത് വര്‍ഷം പാടില്ല. ഇനിയും രക്ഷയില്ലെന്ന് കണ്ട അയാള്‍ ഉസ്മാന്‍ (റ) വിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞത് ഒരു കൊല്ലം പാടില്ല എന്നാണ്. അയാള്‍ക്ക് സമാധാനമായി. കാലം കുറഞ്ഞു വരികയാണല്ലോ. അയാള്‍ അലി (റ) വിനെ കണ്ടുമുട്ടി. ഒരു ദിവസം മാത്രം പാടില്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു അയാള്‍ നബിയെ സമീപിച്ചു. അവിടന്നു നാലുപേരെയും വിളിച്ചു വിശദീകരണം തേടി. ഓരോരുത്തരും തന്റെ അഭിപ്രായം ഖുര്‍ആന്‍ ഓതി സ്ഥിരീകരിച്ചു. ഇതെല്ലാം കേട്ട ശേഷം നബി ഇങ്ങനെ പറഞ്ഞു. എന്റെ സ്വഹാബിമാര്‍ നക്ഷത്രതുല്യരാണ്. അവരില്‍ ആരെ അനുഗമിച്ചാലും നിങ്ങള്‍ക്ക് മാര്‍ഗദര്‍ശമുണ്ട്. ചോദ്യകര്‍ത്താവിന് ഏറ്റവും നല്ലത് അലിയുടെ ഫത്‌വയാണ്. അയാള്‍ പിന്നെ എന്തു ചെയ്‌തെന്നത് ചോദിക്കേണ്ടതില്ലല്ലോ.
ഇവിടെ കാലത്തോളം എന്നതിനു ചോദ്യകര്‍ത്താവ് ഉപയോഗിച്ച പദം ഹീന്‍. ഇതിനെ ഖുര്‍ആന്‍ യൂനുസ് 98 ല്‍ അന്ത്യനാള്‍, ഹിജ്‌റ: 1 ല്‍ നാല്‍പത് വര്‍ഷം, ഇബ്‌റാഹീം 25 ല്‍ ഒരു വര്‍ഷം, റൂം 17 ല്‍ ഒരു ദിവസം എന്നിങ്ങനെ നാല് വിത്യസ്ത കാലപരിധിയുണ്ട്. ഇതാണ് നാലുപേരുടെ വിവിധ വീക്ഷണങ്ങളുടെ ആധരം. ഇതവര്‍ ഖുര്‍ആനോതി വിശദീകരിച്ചപ്പോഴാണ് നബി (സ്വ) മേല്‍പ്രകാം പറഞ്ഞത്.
ഈ സംഭവം മഹാനായ ശബര്‍ഖീതി തന്റെ ഫുതൂഹാത്തില്‍ വഹബിയ്യ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: മേതല്‍പ്രകാരം ഒരാള്‍ ഭാര്യയോട് സത്യം ചെയ്താല്‍ എന്റെ മദ്ഹബ്-മാലികി- ഉസ്മാനിന്റെ അഭിപ്രായമാണ്. ഈ സംഭവത്തില്‍ നബി അലി (റ) വിന്റെ അഭിപ്രായമാണ് ചോദ്യകര്‍ത്താവിന് നിര്‍ദ്ദേശിച്ചത്. ഇതിനു കാരണം അയാളുടെ ശാരീരികവും മാനസികവുമായ അവസ്ഥയാണ്. ഒന്നില്‍കൂടുതല്‍ ദിവസം ക്ഷമിക്കാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല (ഫുതൂഹാത്ത്: 255-56). ഫത്‌വകളും തീരുമാനങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാകണമെന്നതിനു ഇവിടെ നമുക്ക് അടിവരയിടാം.
നാല് ഖലീഫമാര്‍ക്കും ഇസ്‌ലാമിക ഭരണത്തിലും ഒരു ലോകോത്തര സമൂഹത്തിന്റെ നിര്‍മാണത്തിലും  മറ്റു ഭരണ കര്‍ത്താക്കളെ അപേക്ഷിച്ച് ഏറ്റവും വലിയ പങ്കാണ് ഉള്ളത്. നബിയുടെയോ മുന്‍ പ്രവാചകന്മാരുടെയോ അനുയായികളില്‍ ഈ വിഷയത്തില്‍ ഇവര്‍ക്ക് തുല്യതയില്ല. പ്രവാചകന്മാര്‍ക്കു ശേഷം ഏറ്റവും ശ്രഷ്ടര്‍ ഇവര്‍ തന്നെയാണ്. 30 വര്‍ഷമാണ് ഇവരുടെ ഖിലാഫത്ത്. എനിക്കു ശേഷം യഥാര്‍ത്ഥ ഖിലാഫത്ത് 30 വര്‍ഷമാണെന്നു നബി പ്രവചിച്ചത്. എങ്കില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ശരിയായ ഭരണകര്‍ത്താക്കള്‍ ഇവര്‍ തന്നെയാണ്.
(മുസ്ഥഫല്‍ ഫൈസി, അല്‍ മുനീര്‍ 2012)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter