ഇമാം റാസി(റ): ജ്ഞാനലോകത്തെ അത്ഭുത പ്രതിഭ

ഇസ്‌ലാലാമിക വിജ്ഞാനലോകത്തെ അത്ഭുതപ്രതിഭയാണ് ഇമാം ഫഖ്റുദ്ദീൻ റാസി(റ). ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് (പരിഷ്കർത്താവ്) എന്നറിയപ്പെട്ട അദ്ദേഹം കൈവെക്കാത്ത വിജ്ഞാന ശാഖകളില്ല. ശൈഖുൽ ഇസ്‌ലാം, ഫഖ്റുദ്ദീൻ, ഇമാമുൽ മുതകല്ലിമീൻ, ശൈഖുൽ മഅ്ഖൂലി വൽ മൻഖൂൽ തുടങ്ങിയ അദ്ദേഹത്തിന്റെ സ്ഥാനപ്പേരുകൾ ആ അതുല്യ പ്രാഗൽഭ്യത്തിന്റെ  സൂചകങ്ങളാണ്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ ഇസ്‌ലാമിക ലോകം ഏറെ വെല്ലുവിളികൾ നേരിട്ട ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തന്റെ വൈജ്ഞാനിക സേവനങ്ങൾ കൊണ്ട് അഹ്‌ലുസ്സുന്നയുടെ ആശയാദർശങ്ങൾക്ക് മുന്നിൽ കോട്ട കെട്ടിയെന്നതാണ് അദ്ദേഹം നിർവഹിച്ച ഏറ്റവും വലിയ നവോത്ഥാന ദൗത്യം.

ജനനവും വളർച്ചയും:

ഹിജ്റ 543 റമദാൻ 25 നാണ് ഇമാം റാസി(റ) ഭൂജാതനായത്. അൽ അല്ലാമ ഫഖ്റുദ്ദീൻ റാസി അബൂ അബ്ദില്ലാഹിബ്നു ഹുസൈനുൽ ഖുറശിയ്യ് എന്നാണ് പൂർണ നാമം. വിശ്രുത പണ്ഡിതപ്രതിഭയായിരുന്ന ഇമാം ളിയാഉദ്ദീൻ ഉമറാണ് പിതാവ്. ഇന്നത്തെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിനോടടുത്ത റയ്യ് പട്ടണമാണ് ജന്മദേശം. പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു. അദ്ദേഹത്തിന്റെ മരണം വരെ ആ ശിക്ഷണത്തിൽ തുടർന്നു.

 പിതാവിന്റെ വിയോഗാനന്തരം ഖവാരിസ്മ്, ഖുറാസാൻ എന്നിവിടങ്ങളിലേക്ക് അറിവന്വേഷിച്ചിറങ്ങി. ശേഷം, റയ്യിലേക്ക് തന്നെ മടങ്ങിയ അദ്ദേഹം അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലാണ് ജീവിതത്തിന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത്. ഇതിനിടയിൽ, ഒട്ടനവധി പണ്ഡിതന്മാരുമായി സന്ധിച്ച അദ്ദേഹം ലോകം ശ്രദ്ധിക്കുന്ന ജ്ഞാനകേസരിയായി മാറി.

വിജ്ഞാന സേവനങ്ങൾ:

ചെറുപ്പകാലത്ത് ഫിഖ്ഹിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്ന അദ്ദേഹം ക്രമേണ എല്ലാ വിജ്ഞാന ശാഖകളിലും അഗ്രേസരനായി മാറി. ഖുർആൻ, ഹദീസ്, തത്വജ്ഞാനം, തർക്ക ശാസ്ത്രം, വൈദ്യ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഭാഷ, കവിത, സാഹിത്യം, തസ്വവ്വുഫ്, ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം , പ്രകൃതി ശാസ്ത്രം തുടങ്ങി എല്ലാത്തിലും കൈവെച്ചു. തഫ്സീറുൽ കബീർ എന്ന പേരിൽ പ്രസിദ്ധമായ മഫാത്തീഹുൽ ഗൈബ് എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ നാമം അനശ്വരമാക്കിയത്.

ഒരുപാട് വാള്യങ്ങളുള്ള തഫ്സീറുൽ കബീർ ഒരു വിജ്ഞാനകോശം തന്നെയാണ്. അക്കാലത്ത് അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്ത് വളർന്നുവന്ന മുഅ്തസിലത്തടക്കമുള്ള അവാന്തര വിഭാഗങ്ങളുടെ  വ്യാജ പ്രചരണങ്ങൾക്ക് അക്കമിട്ട് മറുപടി പറയുന്നതിനോടൊപ്പം, വിശുദ്ധ ഖുർആനിന്റെ ആശയപ്പരപ്പ് കൂടി വ്യക്തമാക്കുന്ന വ്യാഖ്യാനമാണ്  തഫ്സീറുൽ കബീർ. ചില സൂക്തങ്ങളുടെ വിവരണത്തിനിടയിൽ ശാസ്ത്ര വിഷയങ്ങൾ ചർച്ചയാകുന്നതും കാണാം.

ആഴത്തിലുള്ള അറിവും കുശാഗ്രബുദ്ധിയും ഒരുപോലെ സമ്മേളിച്ച ഇമാം റാസി (റ) പ്രഭാഷണ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സദസ്സുകളിൽ അനേകം പേർ പങ്കെടുക്കുകയും അതീവ സ്വാധീന ശേഷിയുള്ള ആ വാക്കുകൾ കേട്ട് കരയുകയും ചെയ്തിരുന്നതായി ചരിത്രത്തിലുണ്ട്. എങ്ങോട്ടേക്കെങ്കിലും യാത്ര തിരിച്ചാൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ അദ്ദേഹത്തെ അനുഗമിക്കുമായിരുന്നുവത്രെ. ഒരുപറ്റം കിടയറ്റ പണ്ഡിത പ്രമുഖരെ ലോകത്തിന് സമർപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. അഹ്മദ് ബ്നു ഖലീൽ (റ) , താജുദ്ദീൻ അർമവി (റ) എന്നിവർ അവരിൽ പ്രമുഖരാണ്.

രചനാലോകം:

ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിന് പുറമെ വിവിധ വിജ്ഞാന ശാഖകളിൽ അനേകം ബൃഹത് രചനകൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. അറബി - പേർഷ്യൻ ഭാഷകളിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളോരോന്നും അദ്ദേഹത്തിന്റെ ജ്ഞാന വിസ്തൃതി സാക്ഷ്യപ്പെടുത്തുന്നതാണ്.

അൽ അർബഈൻ ഫി ഉസ്വൂലിദ്ദീൻ, അസാസുത്തഖ്ദീസ്, തഅ്ജീസുൽ ഫലാസിഫ, അൽ ബയാനു വൽ ബുർഹാൻ, അൽ മഹ്സൂലു ഫീ ഇൽമിൽ ഉസ്വൂൽ, അത്ത്വിബ്ബുൽ കബീർ, ഫദാഇലുൽ അസ്ഹാബ്, നിഹായത്തുൽ ഈജാസ് ഫീ ദിറായത്തിൽ ഇഅ്ജാസ്, രിസാല ഫി ഇൽമിൽ ഹയ്അ എന്നിവ അവയിൽ ചിലതു മാത്രം.

കർമ്മ ശാസ്ത്ര വഴിയിൽ ഇമാം ശാഫിഈ (റ) തങ്ങളെ അനുധാവനം ചെയ്ത ഇമാം റാസി (റ) തന്റെ രചനകൾ കൊണ്ട് അഹ്‌ലുസ്സുന്നയുടെ വിശ്വാസങ്ങളെ എല്ലാ ദുസ്വാധീനങ്ങളിൽ നിന്നും സംരക്ഷിച്ചുനിർത്തി. പല പേരുകളിൽ പൊന്തിവന്ന ബിദ്അത്തിന്റെ നാമ്പുകളെ നുള്ളിക്കളയുന്നതിൽ അവ ചെറുതല്ലാത്ത പങ്കുവഹിച്ചു. മാസ്റ്റർ പീസ് ഗ്രന്ഥമായ തഫ്സീറുൽ കബീർ ഇന്നും അഹ്‌ലുസ്സുന്നയുടെ പ്രധാന അവലംബങ്ങളിലൊന്നാണ്.

വിയോഗം:

വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രകാശം  ചൊരിഞ്ഞ ഇമാം റാസി (റ) ഹിജ്റ 606 ശവ്വാൽ 1 ന് അഫ്ഗാനിസ്താനിലെ ഹറാത്ത് പട്ടണത്തിൽ നിര്യാതനായി. സംഭവബഹുലമായ ആ ധന്യജീവിതത്തിൽ അവാന്തര വിഭാഗങ്ങളുടെ വിമർശനങ്ങളും അപവാദങ്ങളും ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ വിവേകപൂർവം സമീപിച്ച അദ്ദേഹം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

പ്രമുഖ ചരിത്ര പണ്ഡിതൻ ഇബ്നു അസീർ "ആ കാലഘട്ടത്തിലെ ലോക പണ്ഡിതനെ " ന്നാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.  ശംസുദ്ദീൻ ദാവൂദി എന്ന പണ്ഡിത പ്രമുഖൻ ഖുർആൻ വ്യാഖ്യാതാക്കളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ പറയുന്നു: വിശ്വാസ ശാസ്ത്രത്തിലും ഖുർആൻ വ്യാഖ്യാനത്തിലും അഗ്രേസരനായിരുന്നു ഇമാം റാസി (റ). എന്നല്ല, എല്ലാ വിജ്ഞാന ശാഖകളും അദ്ദേഹത്തിന് വശമുണ്ടായിരുന്നു. അതിലൊക്കെ ഗ്രന്ഥരചനയും നടത്തിയിട്ടുണ്ട്. സാധാരണക്കാരും അല്ലാത്തവരുമായി അനവധി പേർ പങ്കെടുക്കുന്ന വിജ്ഞാന സദസ്സുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. 

അദ്ദേഹത്തെ പ്രശംസിച്ചെഴുതിയവർ ഇനിയുമുണ്ട്. അഫ്ഗാനിസ്താനിലെ ഹെറാത്ത് പട്ടണത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter