പാലക്കാട് സംഭവം.. കണ്ട നിങ്ങളവിടെ നില്‍ക്കൂ.. പാതി കേട്ട ഞങ്ങള്‍ പറഞ്ഞോളാം..

ഞങ്ങളുടെ നാട്ടില്‍ ഒരു സൈനാത്തയുണ്ടായിരുന്നു. ആണും പെണ്ണുമായി മക്കളും പേരമക്കളുമെല്ലാമടങ്ങിയ കുടുംബമായിരുന്നു സൈനാത്തയുടേത്. പൊതുവെ കാണപ്പെടുന്നതിലുപരിയായി, സൈനാത്താക്ക് പെണ്‍മക്കളുടെ മക്കളോട് അതിര് കടന്ന സ്നേഹവും അതോടൊപ്പം ആണ്‍മക്കളുടെ മക്കളോട് എന്തോ ഒരു ദേഷ്യവുമുള്ളത് പോലെയായിരുന്നു പെരുമാറിയിരുന്നത്. ആണ്‍മക്കളോട് സ്നേഹമായിരുന്നെങ്കിലും മരുമക്കളോടുള്ള കലിയായിരുന്നു അവരുടെ മക്കളോട് പോലുമുള്ള കലിക്ക് കാരണമെന്നായിരുന്നു പൊതുവെ പറയപ്പെട്ടിരുന്നത്.

ഒരു ദിവസം രാവിലെ, ചായ കുടി കഴിഞ്ഞ് സൈനാത്ത മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ കുട്ടികളിലാരോ മുറ്റത്ത് കാര്യം കഴിച്ച് വെച്ചിരിക്കുന്നു. ഉടനെ സൈനാത്തയുടെ ശബ്ദം ഉയര്‍ന്നു, എബടെ ആ മൈമൂന... ഓളെ കുട്ടിയായിരിക്കും ഇത്. അത് ഇങ്ങനെത്തന്നെയാണ്.. എവിടെ എപ്പോ എന്നൊന്നും ഒരു വിാചരോല്ല... അല്ലെങ്കിലും കുട്ടികളെ പറഞ്ഞിട്ടെന്താ കാര്യം... തള്ളാരെ പറഞ്ഞാല്‍ മതിയല്ലോ.

അമ്മായുമ്മയുടെ ശബ്ദം കേട്ട് മരുമകള്‍ മൈമൂന ഓടി വന്നു. തന്റെ കുട്ടി എണീറ്റിട്ട് പോലുമില്ലെന്നും അത് നിങ്ങളുടെ മകള്‍ പെണ്ണുമ്മ താത്താന്റെ കുട്ടിയാണെന്നും പറഞ്ഞു. കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സൈനാത്താക്ക് മുറ്റത്തിന്റെ മറുപുറത്തിരുന്ന് കാര്യം തുടരുന്ന കുട്ടിയെ കാണിച്ച് കൊടുക്കുക കൂടി ചെയ്തതോടെ സൈനാത്ത തല്‍ക്കാലം സുല്ലിട്ടെങ്കിലും വൈകാതെ വന്നു സൈനാത്താന്റെ കമന്റ്, ആ കുട്ടിക്ക് ഇത്തരം ദുശ്ശീലമൊന്നുമുണ്ടായിരുന്നില്ല. ഇവിടെ വന്ന് അന്റെ കുട്ടിയെ കണ്ട് പഠിച്ചതാണ് ഇതൊക്കെ.

പാലക്കാട് ഒരു കുട്ടിയുടെ കഴുത്തറുത്ത് കൊന്ന മാതാവിന്റെ കഥക്ക് പിന്നാലെ, സാമൂഹ്യമാധ്യമങ്ങളില്‍ ചിലരുടെ പ്രതികരണം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് ഈ സൈനാത്തയെയാണ്. ആര്, എവിടെ, എന്ത് എങ്ങനെ ചെയ്താലും അതെല്ലാം ഇസ്‍ലാമിന്റെ തലയില്‍ കെട്ടിവെക്കാന്‍ ചിലര്‍ക്കൊക്കെ എന്തൊരു ഉല്‍സാഹമാണ്. മുസ്‍ലിം പേരുള്ളവരായാല്‍ തന്നെ മതി, ഇനി തലയില്‍ തട്ടമുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇനി അതൊന്നുമില്ലെങ്കിലും മുസ്‍ലിംകള്‍ ആരെങ്കിലും താമസിക്കുന്നതിനടുത്തോ മലപ്പുറം ജില്ലയില്‍ നിന്ന് അങ്ങോട്ടുള്ള കൃത്യമായ ദൂരം (അതെത്രയാണെങ്കിലും) അറിയുന്നിടത്തോ ആയാല്‍ മതി. പാലക്കാട് പടക്കമൊളിപ്പിച്ച പഴം തിന്ന് ആന ചെരിഞ്ഞതിലും പ്രതി തൊട്ടടുത്ത ജില്ലയായ മലപ്പുറം ആയിരുന്നുവല്ലോ.

സമാനമായ സംഭവങ്ങള്‍ ഇതര മതസ്ഥരിലെവിടെയെങ്കിലും സംഭവിച്ചാല്‍ അവിടെയൊന്നും അവരുടെ മതമോ ആദര്‍ശമോ ഒന്നും കടന്നുവരാറില്ലെന്ന് മാത്രമല്ല, ഇതര മതങ്ങളിലുള്ളവര്‍ മനപ്പൂര്‍വ്വം നടത്തുന്ന വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ നിഷേധിക്കാനാവാത്ത തെളിവുകളോടെ പിടിക്കപ്പെട്ടാല്‍ പോലും അവരെല്ലാം മാനസിക രോഗികളാവുന്നതും നാം കാണുന്നതാണ്.

എന്നാല്‍ ഇവിടെ ബന്ധുക്കളും അയല്‍വാസികളുമെല്ലാം മാനസിക രോഗമുണ്ടെന്നും അതിന് ചികില്‍സിക്കാനാണ് പ്രവാസിയായ ഭര്‍ത്താവ് നാട്ടില്‍ വന്നിട്ടുള്ളതെന്നുമെല്ലാം പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാത്ത പോലെ നടിച്ചാണ് പ്രാചരണങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നത്. മതമില്ലാത്തവരും നിരീശ്വരവാദികളും മതങ്ങളെ എതിര്‍ക്കാന്‍, വിശിഷ്യാ ഇസ്‍ലാമിനെ എതിര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ല. എന്നാല്‍ ക്രമസമാധാനം കാത്ത് സൂക്ഷിക്കേണ്ട, അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട പോലീസ് പോലും, ഈ കാരണങ്ങളൊന്നും മുഖവിലക്കെടുക്കാതെ, ആ സ്ത്രീയുടെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ ഒരുമ്പെടുന്നത് കാണുമ്പോള്‍, ഒരു പക്ഷേ, പോലീസ് നായ പോലും ചിരിക്കുന്നുണ്ടായേക്കാം. കാര്യങ്ങള്‍ ഇങ്ങനെ എല്ലാമാണെങ്കിലും നമുക്ക് സമാശ്വസിക്കാം, ഇത്തരം ഓരോരോ അപവാദങ്ങള്‍ വരുമ്പോഴെല്ലാം, ശുദ്ധ മനസ്കരായ, സത്യാന്വേഷികളായ ഒട്ടേറെ പേര്‍ ഈ വിശുദ്ധ മതത്തെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നുണ്ട്.

ഹലാല്‍ വിവാദം, ലവ് ജിഹാദ് തുടങ്ങി ഇസ്‍ലാമോഫോബിക് ഫാക്ടറികളില്‍ ഉദ്പാദിപ്പിക്കപ്പെടുന്നതെല്ലാം ഈ മതത്തിന് ആശയപരമായി ഗുണമേ ചെയ്തിട്ടുള്ളൂ. സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമുള്ള അമേരിക്ക തന്നെ അതാണ് കാണിക്കുന്നത്. അത് അങ്ങനയേ ആവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter