പീഡനങ്ങളും അവക്ക് പരിഹാരം കാണുന്നതിലെ നമ്മുടെ മനോഭാവവും
നാണിച്ചു തലതാഴ്ത്താം എന്ന് പലപ്പോഴും നാം ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ നാട്ടില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളില്‍ ശരിക്കും നാണിച്ചു തല താഴ്ത്തേണ്ടി വരുന്നു. അന്യരാജ്യക്കാര്‍ക്കൊപ്പം വിദേശത്ത് ജോലി ചെയ്യുന്ന പലര്‍ക്കും ഈ അനുഭവം ഉണ്ടാകും. പുറത്ത് ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ ‘ദല്‍ഹി പെണ്‍കുട്ടി’യുടെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏറെ വിയര്‍ക്കേണ്ടി വന്നിരുന്നു. ദല്‍ഹിയില്‍ നിന്ന് തന്നെ അഞ്ചു വയസ്സുകാരി പെണ്‍കുഞ്ഞിനു ഏല്‍ക്കേണ്ടി വന്ന ക്രൂരതയെ കുറിച്ചുള്ള പുതിയ വാര്‍ത്തയും നാം കേള്‍ക്കേണ്ടി വന്നിരിക്കുന്നു ഇപ്പോള്‍.
തിരൂപ്പൂര്‍ പീഡനം; 8വയസ്സുകാരി ഗുരുതരാവസ്ഥയില്‍, റേഡിയോ ജോക്കികള്‍ക്ക് പീഡനം: ആകാശവാണിയില്‍ കൂട്ട നടപടി, വിദ്യാര്‍ഥിനിക്കു പീഡനം; ജെ.എന്‍.യുവില്‍ മലയാളി അധ്യാപകനു സസ്‌പെന്‍ഷന്‍, തലസ്ഥാനത്ത് വീണ്ടും പീഡനം; പത്തു വയസുകാരിയെ ബസിനുള്ളില്‍ ബലാത്സംഗം ചെയ്തു, പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന്‍ പിടിയില്‍, സ്‌കൂള്‍ മുറിയില്‍വച്ച് പീഡനം നടത്തിയ പ്രതി അറസ്റ്റില്‍, കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ വിവിധ പത്രങ്ങളില്‍ വന്ന തലകെട്ടുകളാണിവ.
ഇവയിലെല്ലാം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് മിക്കപ്പോഴും ഇരകള്‍ എന്ന സത്യം നമ്മെ കൂടുതല്‍ ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, രാജ്യത്ത് ശിശു പീഡന നിരക്കില്‍ പത്തു വര്‍ഷത്തിനിടെ 336% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001 മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ബലാത്സംഗത്തിനിരയായ കുട്ടികളുടെ കണക്കെടുത്താണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യുറോ പുതിയ കണക്കു പുറത്തുവിട്ടിരിക്കുന്നത്. 2001-11 വര്‍ഷങ്ങളില്‍ 48,338 കുട്ടികളാണ് പീഡനത്തിന് ഇരയായെന്നാണ് റെക്കോര്‍ഡ്. 2001ല്‍ 2,113 കുട്ടികള്‍ പീഡനമേറ്റപ്പോള്‍ 2011ല്‍ മാത്രം ആ സംഖ്യ 7112 ആയി ഉയര്‍ന്നുവത്രെ.
തുടര്‍ച്ചയായി വരുന്ന ഇത്തരത്തിലുളള രണ്ടു വാര്‍ത്തകള് നമ്മില്‍ എന്തോ അമര്‍ശം ഉണ്ടാക്കുന്നു. പിന്നെ അത് അങ്ങനെ തന്നെ ഇല്ലാതായി പോകുകയും ചെയ്യുന്നു. ദല്‍ഹി പീഡനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ മുന്‍നിറുത്തി രാജ്യത്ത് പുതിയ ബില്ലും ശിക്ഷകളുമെല്ലാം പാസാക്കിയ ശേഷവും കുറ്റകൃത്യങ്ങള്‍ പഴയതുപോലെ തന്നെ തുടരുകയാണ്. പലപ്പോഴും നേരത്തേതിനേക്കാളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട് ഇപ്പോള്‍.
മിക്കവാറും ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്ക് പുറമേ വില്ലനായി മറ്റു ചിലരുകൂടിയുണ്ട്. നമ്മുടെ ക്രമസമാധാന പാലകര്‍ തന്നെ. ഏറ്റവും അവസാനമായി ദല്‍ഹിയില്‍ നടന്ന അഞ്ചു വയസ്സുകാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിലും കേസെടുക്കാന്‍ വിസമ്മതിക്കുകയും രണ്ടായിരം രൂപയില്‍ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ദല്‍ഹി പോലീസിന്‍റ ഔദ്യോഗിക വേഷത്തിന് ഉള്ളില്‍ ഭീകരമായ ഒരു ചിന്തയാണ് മറഞ്ഞുകിടക്കുന്നത്.
എന്നാല്‍ താത്കാലിമകമായി മാത്രം നടത്തുന്ന പ്രതിഷേധങ്ങളുടെ കാര്യത്തില്‍ പോലും കേരളത്തിന്‍റെ സ്ഥിതി തികച്ചും ദയനീയമാണെന്ന് പറയാം. കണ്ണൂരില്‍ ബംഗാളി യുവതി പുഴക്കരയിലും ഓടുന്ന ലോറിയിലും കൂട്ട ബലാത്സംഗത്തിനിരയായി അവസാനം നഗ്നയായി റോഡിലൂടെ ഓടേണ്ടി വന്നപ്പോഴും തമിഴ് ബാലികക്ക് പീഡനമേല്ക്കേണ്ടി വന്നപ്പോഴും കാര്യമായ പ്രതിഷേധം കേരളത്തില്‍ ഉണ്ടായില്ല. എന്നാലും പ്രബുദ്ധതയുടെ വലിയ മാറാപ്പ് ആരൊക്കെയോ ചേര്‍ന്ന് കെട്ടവെച്ചിട്ടുള്ളത് കേരളത്തിലെ പൊതുജനങ്ങള്‍ക്കാണ്. കേരളത്തിലെ ഈ നിസ്സംഗ സമീപനത്തെ കുറിച്ച് എഴുത്തുകാരന് കെ. വേണു കുറച്ചു മുമ്പ് നിരീക്ഷിക്കുകയും ചെയ്തിരുന്നുവല്ലോ.
മാസങ്ങള്‍ക്ക് മുമ്പ് 23 കാരിയുടെ കൂട്ടബലാത്സംഗം കത്തിനില്‍ക്കുന്ന സമയത്ത് വധശിക്ഷക്ക് വരെ മുറവിളി ഉയര്ന്നുകണ്ടു. പീഡിപ്പിക്കുന്നവനെ മരണം വരെ തൂക്കിലേറ്റണമെന്നായിരുന്നു പലരും വാദിച്ചത്. വധിക്കാനായി ഒരുമ്പെടുന്നതിന് മുമ്പ് അടിന്തിരമായി മാറേണ്ടത് നമ്മുടെ ചിന്താരീതകളാണ്. ചിന്തകളെ മാറ്റാതെ നിയമങ്ങള്‍ എത്ര തന്നെ ഭീകരമാക്കിയത് കൊണ്ടും കാര്യമില്ല.
പ്രസ്തുത പീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി അവസാനം തെഹല്‍ക ഡോട്ട് കോം ഒരു വോക്സ് പോപുലി (പൊതുജന അഭിമുഖം) പ്രസിദ്ധീകരിച്ചിരുന്നു. പീഡനത്തിന്‍റെ കാരണത്തെ കുറിച്ച് പൊതുജനം എന്തു ചിന്തിക്കുന്നുവെന്നാണ് നിരവധി പേരെ പങ്കെടുപ്പിച്ച് നടത്തിയ ആ തെരുവ് അഭിമുഖം അന്വേഷിക്കുന്നത്. ഡല്‍ഹിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങിയ സാധാരണക്കാരോടാണ് തെഹല്ക പീഡനങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ച് അഭിപ്രായം ചോദിച്ചിരിക്കുന്നത്. അതില്‍ പലരുടെയും ചിന്താഗതി നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ മാമ്പഴത്തോട് വരെ ഉപമിച്ചു കൊണ്ടാണ് അതില്‍ ചിലര്‍ സംസാരിക്കന്നത്. മാമ്പഴം ആരുമൊന്ന് കടിച്ച് നോക്കില്ലെ എന്നും അവര്‍ തുടര്‍ന്ന് ചോദിക്കുന്നു. ഇത് ഡല്ഹിയിലെ മാത്രം ചിന്താഗതിയല്ല. നമ്മില്‍ പലരും ഇതെ ചിന്താഗതിയുമായാണ് ഒരു പെണ്ണിനെ നോക്കുന്നത് പോലും. അപ്പോള്‍ പിന്നെ ബാക്കി എല്ലാ പ്രതിരോധമാര്‍ഗങ്ങളും പാഴ്വേലയായി പോകുന്നു.
ഡല്‍ഹിയിലെ പുതിയ പീഡനത്തിന് രണ്ടു പ്രതികളെയും പ്രേരിപ്പിച്ചത് അമിതമായ ആള്‍ക്കഹോള് ഉപയോഗമാണെന്ന് പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തിയിട്ടുണ്ട്. ഒരു പീഡനം നടക്കുന്നത് ഒരു കാരണത്തെ കുറിച്ച് മാത്രം ചര്‍ച്ച നടത്തുന്നത് കൊണ്ട് ഒന്നുമായില്ല. അതിന് പിന്നില് കാരണമായി വര്‍ത്തിച്ച നിരവധി കാരണങ്ങള്‍ കാണും. അടിസ്ഥാനപരമായി മാറേണ്ടത് നമ്മുടെ ചിന്താരീതി തന്നെയാണ്. അതിന് സാധിച്ചാല്‍ മാത്രമെ ഏത് സമൂഹത്തിലും പ്രസ്തുത പ്രശ്നം ഇല്ലാതാക്കാനാകൂ.
പീഡനം തുടര്‍കഥയാകുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റിലെ അശ്ലീല വെബ്സൈറ്റുകളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് കേന്ദ്രഗവണ്മെന്‍റ് ആലോചിച്ചു കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തയും അതിനിടെ കണ്ടു. ഒപ്പമിരുന്ന് അശ്ലീല ലിങ്കുകള്‍ കാണുന്ന സ്വഭാവക്കാരായിരുന്നു ഡല്‍ഹിയിലെ പുതിയ പീഡനകേസിലെ കുറ്റവാളികളെന്ന പോലീസ് ഭാഷ്യം നാം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ആദ്യമവര്‍ തേവിടിശ്ശികളെ അന്വേഷിച്ചുവെന്നും അത് ഒത്തുവരാത്തപ്പോഴാണ് തൊട്ടപ്പുറത്ത് കളിക്കുകയായിരുന്ന 5 വയസ്സുകാരിയെ ചോക്കളേറ്റ് കണിച്ച് മയക്കിയെടുത്ത് റൂമിലെത്തിച്ചതെന്നുമെല്ലാമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം.
ഇതുമായി ബന്ധപ്പെട്ട് പറയേണ്ട മറ്റൊരു വിഷയമുണ്ട്. അതായത് കേരളത്തില്‍ ഇതുസംബന്ധമായി നടക്കുന്ന ചര്‍ച്ചകള്‍ ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം വഴിമാറിപ്പോകുന്നതാണ്. ഡല്‍ഹി കൂട്ടമാനഭംഗത്തെ തുടര്ന്ന് നമ്മുടെ നാട്ടില്‍ കാര്യമായും ചര്‍ച്ച വന്നത് വേഷവിതാനങ്ങളെ കുറിച്ചാണ്. സ്തീകള്‍ ശരീരഭാഗങ്ങള്‍ കാണിച്ച് വസ്ത്രം ധരിക്കുന്നതും പീഡനത്തിന് വഴിവെച്ചേക്കാമെന്ന് ചിലര് അഭിപ്രായപ്പെട്ടതോടെ പിന്നെ കോലാഹലമായി. സുഊദിയിലും മറ്റും പര്ദയിട്ട സ്ത്രീകള്‍ കഴിഞ്ഞ നൂറുവര്ഷങ്ങളായി പീഡിപ്പിക്കപ്പെടുന്നതിന്‍റെ കണക്കുമായി അതോടെ പാഞ്ഞു വന്നു പലരും.
ചര്‍ച്ച പിന്നെ അടിസ്ഥാനത്തില് നിന്നടര്‍ത്തി ഇസ്‌ലാമിനും മുസ്‌ലിംകള്ക്കുമെതിരായി മാറി. വിദ്യാഭ്യാസ മേഖലയിലെ ‘മിക്സ്ഡ് സിസ്റ്റം; ഒഴിവാക്കുന്നതിനെ കുറിച്ചു ആലോചിക്കാവുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജസ്റ്റിസ് വര്മ കമ്മിറ്റിക്ക് മുമ്പാകെ അഭിപ്രായപ്പെട്ടത് വലിയൊരു കോലാഹലമാക്കി അവതരിപ്പിച്ചതിനെയും ഈയൊരു രീതിയിലേ കാണേണ്ടതുള്ളൂ. നിര്‍ദേശം മുസ്‌ലിം ഭാഗത്ത് നിന്നു വന്നുവെന്നത് കൊണ്ട് മാത്രമാണ് നിര്ദേശം വിവാദമായത്.
ഇപ്പറഞ്ഞ രണ്ടു അഭിപ്രായങ്ങളിലെയും തെറ്റുശരികളെ കുറിച്ചുള്ള ചര്‍ച്ച അവിടെ നില്‍ക്കട്ടെ. ഇതെല്ലാം ഒരു പ്രത്യേക മതവിഭാഗത്തിനെതിരിലുള്ള ആയുധമാക്കി ഉപയോഗിക്കാനാണ് അക്കാലത്തും പലരും ഒരുമ്പെട്ടത്. എം.എന്‍ കാരശ്ശേരിയും മറ്റുമെല്ലാം വസ്ത്രവും പീഡനവും എന്ന തലക്കെട്ടില്‍ തന്നെ നീണ്ട ലേഖനം എഴുതി പ്രസിദ്ധീകരിച്ച സാഹചര്യം അതായിരുന്നു. പ്രസ്തുത മനോഭാവം ചര്‍ച്ചയെ അപരിഹാര്യമായി നീട്ടിക്കൊണ്ടു പോകുന്നുണ്ടെന്ന് പറയുക മാത്രമാണ് ഇവിടെ.



Leave A Comment