സന്താനനിയന്ത്രണം: മാര്‍ഗങ്ങള്‍
കുടുംബാസൂത്രണത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന സന്താനനിയന്ത്രണത്തിന് ഇന്ന് പല മാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നുണ്ട്. എളുപ്പമുള്ളവയും പ്രയാസമേറിയതും ചെലവേറിയതും തുടങ്ങി പല വഴികളും ജനങ്ങള്‍ തേടുമ്പോള്‍ അവകള്‍ക്കൊരോന്നുമുള്ള കര്‍മ്മശാസ്ത്രവിധി അറിയല്‍ അനിവാര്യമാണ്. പൊതുവെ ഇന്ന് നിലനില്‍ക്കുന്ന മാര്‍ഗങ്ങളും തുടര്‍ന്ന് അവക്കോരോന്നിനുമുള്ള വിധികളും നമുക്ക് ചര്‍ച്ച ചെയ്യാം. താല്‍കാലിക മാര്‍ഗങ്ങള്‍ക്കും സ്ഥിരമാര്‍ഗങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണ് ഫിഖ്ഹ് പുലര്‍ത്തുന്നത് എന്നതു കൊണ്ട് താഴെ വിശദീകരിക്കുന്നവയെ ആ അടിസ്ഥാനത്തില്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വാഭാവിക രീതി സ്വാഭാവിക നിയന്ത്രണ മാര്‍ഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒരു രീതിയാണ് സുരക്ഷിത ദിവസം നോക്കിയുള്ള ശാരീരിക ബന്ധം. പൊതുവെ ഒരു മാസത്തില്‍ ആറ്, ഏഴ് ദിവസങ്ങള്‍ ആര്‍ത്തവവും ബാക്കിയുള്ള ദിനങ്ങള്‍ ശുദ്ധിയുമായിരിക്കും. ഈ രണ്ട് കാലങ്ങള്‍ കൂടിയ മൊത്തത്തിനാണ് ‘ആര്‍ത്തവചക്രം’ എന്നു പറയുന്നത്. ഫലോപ്പിയന്‍ ട്യൂബില്‍ വെച്ച് ബീജവും അണ്ഡവും സംയോജിച്ചാണല്ലോ കുഞ്ഞിന്റെ തുടക്കമാരംഭിക്കുന്നത്. ഈ സംയോജനാസാധ്യതാ ദിവസങ്ങളില്‍ ലൈംഗിക ബന്ധം ഒഴിവാക്കുക എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍ത്തവം തുടങ്ങിയതു മുതല്‍ 12-16 ദിവസങ്ങള്‍ക്കിടയിലാണ് പൊതുവെ അണ്ഡം പ്രസ്തുത ട്യൂബില്‍ എത്തുന്നത്. മൂന്ന് ദിവസം വരെ ബീജത്തിന് സങ്കലനത്തിനു വേണ്ടി കാത്തിരിക്കാന്‍ കഴിയുന്നു. അഥവാ ബീജം എത്തി മൂന്ന് ദിവസത്തിനുള്ളില്‍ അണ്ഡവുമായി കൂടിച്ചേര്‍ന്നാലും സിക്താണ്ഡം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ കണക്കും കൂടി പരിഗണിച്ച് ആര്‍ത്തവാരംഭം മുതല്‍ 9-10 മുതല്‍ 17-18 ദിവസം വരെ സംസര്‍ഗം ഒഴിവാക്കിയാല്‍ ഗര്‍ഭസാധ്യത ഇല്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ആര്‍ത്തവ സമയത്തുള്ള ലൈംഗിക ബന്ധം ഹറാമുള്ളതാണെന്നു സൂചിപ്പിച്ചുവല്ലോ. താല്‍കാലിക നിയന്ത്രണ മര്‍ഗമായാണിത് ഉപയോഗിക്കുന്നത്. പിന്‍വലിക്കല്‍ രീതി ‘അസ്‌ല്’ എന്ന അറബി നാമത്തില്‍ അറിയപ്പെടുന്ന ഈ രീതി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോള്‍ അവന്റെ ലിംഗം യോനിയില്‍ നിന്ന് മാറ്റുക. ഇതുമൂലം ബിജങ്ങള്‍ ഗര്‍ഭാശയത്തില്‍ എത്താതാവുന്നു. വളരെ മുമ്പ്കാലങ്ങളില്‍ തന്നെ നടപ്പുള്ള ഈ രീതിയും താല്‍ക്കാലിക മാര്‍ഗമായിട്ടാണ് ഉപയോഗിച്ചുവരുന്നത്. ഉറകള്‍ ഉപയോഗിക്കുക നിയന്ത്രണത്തിന്റെ ഭാഗമായി പുരുഷനോ സ്ത്രീയോ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലാറ്റെക്‌സ്, പോളിയൂറിത്തിന്‍, ആടിന്റെ കുടല്‍, സ്തരം തുടങ്ങിയവകൊണ്ട് നിര്‍മിക്കപ്പെട്ട ഉറകള്‍ ഉപയോഗിക്കുകവഴി ശുക്ലം ഗര്‍ഭാശയത്തിലെത്താതെ തടയപ്പെടുന്നു. സര്‍ക്കാര്‍ തലങ്ങളില്‍ ഏറെ പ്രചാരമുള്ള ഈ രീതിയും പൊതുവെ താല്‍ക്കാലിക മാര്‍ഗമായാണ് ഉപയോഗിക്കുന്നത്. പുരുഷ ഉറകള്‍ മുമ്പേ പ്രചാരത്തിലുണ്ടെങ്കിലും ഇന്ന് സ്ത്രീകള്‍ ധരിക്കുന്ന ഉറകളും വിപണി കയ്യടക്കികൊണ്ടിരിക്കുന്നുണ്ട്. ഗുളികകള്‍ ഗര്‍ഭധാരണം തടയുന്ന ഹോര്‍മോണ്‍ അടങ്ങിയ പലവിധ ഗുളികകളും ഉപയോഗിച്ചുവരുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മാത്രം ഉപയോഗിക്കുന്ന ഈ ഗുളികകളെ കൊണ്ട് സ്ത്രീ അണ്ഡം പുറത്തുവരുന്നത് തടയുന്നു. അതുപോലെ ഗര്‍ഭാശയത്തിലേക്കുള്ള ബീജത്തിന്റെ യാത്ര തടയാനും ഇതുമൂലം സാധിക്കും. താല്‍ക്കാലിക നിയന്ത്രണമായും സ്ഥിര നിയന്ത്രണമായും ഇവ ഉപയോഗിക്കുന്നു. കോപ്പര്‍-ടി സ്ഥിരനിയന്ത്രണ മാര്‍ഗമായും അടിയന്തര മാര്‍ഗമായും ഇത് ഉപയോഗിക്കുന്നു. പ്രസ്തുത രീതിയില്‍ നടക്കുന്നത് സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ ടി. അകൃതിയുള്ള ചെമ്പ് അടങ്ങിയതോ ലിവോനോര്‍ ജെസ്ഗ്രല്‍ എന്ന പ്രൊജസ്റ്റിന്‍ ഹോര്‍മോണ്‍ അടങ്ങിയതോ ആയ ഒരു ഉപകരണം ഘടിപ്പിക്കുകയും തന്‍മൂലം അതിന്റെ രണ്ട് തലഭാഗങ്ങള്‍ മണ്ട്ഫലോപ്പിയന്‍ ട്യൂബില്‍ പോയി അടഞ്ഞ് അണ്ഡ -ബീജ സങ്കലനം തടയുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ സ്ത്രീയില്‍ നിക്ഷേപിച്ചാലും ലക്ഷ്യം നേടാനാവും. 12 വര്‍ഷം വരെ കാലാവധിയുള്ള കോപ്പര്‍ടികള്‍ വ്യാപകമായുണ്ട്. കുത്തിവെപ്പ് മൂന്നു മാസത്തിലൊരിക്കല്‍ പ്രൊജസ്റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ സ്ത്രീയില്‍ കുത്തിവെപ്പ് നടത്തിയും ഗര്‍ഭധാരണം ഇല്ലാതാക്കുന്നു. അണ്ഡവിസര്‍ജ്ജനം തടയുകയാണ് ഇത് ചെയ്യുന്നത്. സ്ഥിരമായും താല്‍ക്കാലികമായും നടന്നുവരുന്ന രീതിയാണിത്. കുത്തിവെപ്പ് പൊതുവെ സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാര്‍ക്ക് നല്‍കുന്ന കുത്തിവെപ്പും നടപ്പിലുണ്ട്. ഡയഫ്രം ശുക്ലപ്രവേശനം തടയുന്നതിന് യോനിയില്‍ സ്ഥാപിക്കുന്ന മകുടത്തിന്റെ ആകൃതിയിലുള്ള ഉപകരണമാണ് ഡയഫ്രം. ബീജത്തെ ഗര്‍ഭാശയത്തിലേക്ക് തടഞ്ഞും ബീജത്തെ നശിപ്പിച്ചുമാണ് ഇത് മാര്‍ഗമാവുന്നത്. ഡോക്ടര്‍മാരിലൂടെ ഗര്‍ഭാശയമുഖത്ത് സ്ഥാപിക്കുന്ന ഈ രീതിയും പൊതുവെ താല്‍ക്കാലിക മാര്‍ഗമായാണ് ഉപയോഗിക്കുന്നത്. ഇവകള്‍ക്ക് പുറമെ നിരോധനവളയങ്ങളും ബീജനാശിനി വസ്തുക്കളും ഇംപ്ലാന്റ്, പാച്ചുകള്‍, സ്‌പോഞ്ച് തുടങ്ങി ശരീരത്തില്‍ ഫിറ്റ് ചെയ്തും സാധാരണ ഇതിനായി ഉപയോഗിച്ചുവരുന്ന കാര്യങ്ങളും നിലവിലുണ്ട്. വന്ധ്യംകരണം സ്ഥിരവും സുരക്ഷിതവുമായി ഗര്‍ഭനിരോധനത്തിനു ലോകവ്യാപകമായി ഏറ്റവും അധികം ആളുകള്‍ സ്വീകരിക്കുന്ന രീതിയാണ് വന്ധ്യംകരണം. പുരുഷനിലും സ്ത്രീകളിലും ഇത് നടന്നുവരുന്നുണ്ട്. പുരുഷനിലേത് വാസക്ടിമി എന്ന പേരിലും സ്ത്രീകളുടേത് ട്യൂബക്ടമി എന്ന പേരിലും അറിയപ്പെടുന്നു. വാസക്ടമി വൃഷ്ണത്തില്‍ നിന്ന് പുരുഷബീജത്തെ വൃഷ്ണസഞ്ചിയുടെ പുറത്തേക്ക് എത്തിക്കുന്നത് വാസ്‌ഡെഫറന്‍ എന്ന നാളികളാണല്ലോ. ഈ നാളികളെ മുറിച്ച് കെട്ടിവെക്കുകയാണ് മൈനര്‍ ശസ്ത്രക്രിയയായ വാസക്ടമിയില്‍ ചെയ്യുന്നത്. വൃഷ്ണസഞ്ചിയില്‍ ചെറുദ്വാരങ്ങളിട്ടാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മുറിച്ച നാളി കെട്ടിവെക്കുകയോ തുന്നി വെക്കുകയോ കരിച്ചുകളയുകയോ ആണ് ചെയ്യുന്നത്. ക്ലിപ്പുകള്‍ നാളികകളിട്ട് മുറിക്കല്‍ ഒഴിവാക്കിയും ചെയ്യാവുന്നതാണ്. സ്ഥിര മാര്‍ഗമാണെങ്കിലും വേണമെങ്കില്‍ പിന്നീട് ഓപ്പറേഷനിലൂടെ വാസ്ഡഫറന്‍സിനെ വീണ്ടും ബന്ധിപ്പിച്ച് ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നവിധമാക്കാനും ഇന്ന് വഴികളുണ്ട്. എന്നാലും ഈ റീ ഓപ്പറേഷന്‍ പരാജയപ്പെടലാണ് കൂടുതലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ട്യൂബക്ടമി സ്ത്രീകളില്‍ നടക്കുന്ന വന്ധീകരണമാണിത്. ഗര്‍ഭാശയത്തിലേക്ക് അണ്ഡത്തെ വഹിച്ചുകൊണ്ട് പോകുന്ന ഫലോപ്പിയന്‍ ട്യൂബിനെ ഓപ്പറേഷനിലൂടെ മുറിച്ചോ കെട്ടിവെച്ചോ ക്ലിപ്പ് ഇട്ടോ അണ്ഡത്തിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയാണിത് ചെയ്യുന്നത്. ലോകാടിസ്ഥാനത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാര്‍ഗമായാണ് ഇത് അറിയപ്പെടുന്നത്. വയറ് കീറിയും മറ്റും ഇത് സാധ്യമാവുന്നു. ഈ മാര്‍ഗത്തിലൂടെയും അണ്ഡവും ബീജവും സന്ധിക്കാന്‍ കഴിയാതെ സങ്കലനം ഒഴിവാകുന്നു. പിന്നീട് കുട്ടികളിലേക്കാവശ്യമായാല്‍ ഉത്പാദനക്ഷമത തിരിച്ചുകിട്ടാന്‍ പ്രയാസമുള്ള വഴിയാണിത്. സ്റ്റെന്‍ഡ് ഇരു ഫലോപ്പിയന്‍ ട്യൂബികളിലും ഓപ്പറേഷനിലൂടെ സ്പ്രിംഗ് പോലോത്ത ഒരു കെമിക്കല്‍ വസ്തു നിക്ഷേപിച്ച് ക്രമേണ അത് അവിടെ ലയിച്ച് ട്യൂബ് അടയുന്നു. ഇതിലൂടെ പിന്നീട് അണ്ഡത്തിനു വരാന്‍ കഴിയാത്തതുമൂലം ബീജസങ്കലനം നടക്കാതെ വരുന്നു. സ്ഥിരമായ മാര്‍ഗങ്ങളിലാണ് ഇത് നടപ്പിലുള്ളത്. ഇപ്രകാരം പല രീതികളും ഉപയോഗിക്കുമ്പോള്‍ അവയുടെ മതകീയ വശം വേണ്ടവിധം മനസിലാക്കല്‍ അനിവാര്യമാണ്. തേന്‍, വെളിച്ചെണ്ണ, വേപ്പെണ്ണ, ഇന്ദുപ്പ്, വേപ്പിന്‍പുക തുടങ്ങി നാടന്‍ മരുന്നുകളും ഈ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്ന ഇക്കാലത്ത് കര്‍മശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ അവകളെ നമുക്ക് പരിശോധിക്കാം. (തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter