സത്യ വിശ്വാസം- ഒരു ആമുഖം

പദോല്‍പ്പത്തി

വിശ്വാസം എന്ന വാക്കിന്റെ അറബി പദം അഖീദ എന്നാണ്. (മനസ്സുമായി) ബന്ധിപ്പിക്കുക എന്നര്‍ത്ഥം വരുന്ന അഖ്ദ് എന്ന ധാതുവില്‍നിന്നാണ് അഖീദ എന്ന പദപ്രയോഗം നിലവില്‍ വന്നത്.

വിശ്വാസവും മനസ്സും

വിശ്വാസം എന്നത്പ്രഥമവും പ്രധാനവുമായി നമ്മുടെ മനസ്സുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ശരീരത്തിന്‍റെ പദാര്‍ത്ഥ സ്വഭാവത്തിനതീതമായ കാര്യമായതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ എളുപ്പമുള്ള കാര്യമല്ലിത്. പ്രത്യുത ശരിയായ മനനത്തിലൂടെ ഒരാള്‍ അല്ലെങ്കില്‍ ഒരു സമൂഹം ഒരു സത്യം മനസ്സില്‍ രൂപപ്പെടുത്തുകയും അതിനുപോല്‍പലകമായി പഞ്ചേന്ദ്രിയങ്ങളിലൂടെയോ മറ്റോ ലഭിക്കുന്ന തെളിവുകളാല്‍ അതിനെ സുദൃഢമാക്കുകയും ചെയ്യുക വഴി മരണം വരേ വേര്‍പിരിയാതെ അത് മനസ്സില്‍ കുടികൊള്ളുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യം വരുമ്പോഴാണ് അതിനെ ഒരു യഥാര്‍ത്ഥ വിശ്വാസം എന്ന രീതിയില്‍പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്.

അങ്ങനെ ഒരു വിശ്വാസത്തിന്റെ ആവശ്യമുണ്ടോ !!

നമുക്ക് നോക്കാം.

ലോകത്ത് കാണാനും കേള്‍ക്കാനും രുചിക്കാനും വാസനയിലൂടെ അറിയാനും സ്പര്‍ശിച്ചറിയാനും കഴിയുന്ന എല്ലാ വസ്തുക്കളും സത്യമായിട്ടും ഉള്ളതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവ മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ഒരു മനനത്തിന്‍റെ ആവശ്യമുണ്ടാകണമെന്നില്ല. മറിച്ച് പഞ്ചേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിന് അവ ഗ്രഹിച്ചെടുക്കാനാകും.

എന്നാല്‍ ഈ അണ്ഡകടാഹവും അതിലെ സകല ചരാചരങ്ങളും ഇവ്വിധം നിലിനില്‍ക്കണമെങ്കില്‍ അവ മുഴുവനും സൃഷ്ടിക്കുകയും പരിപാലിക്കുകയും കുറ്റമറ്റ രീതിയില്‍ സംവിധാനിക്കുകയും ചെയ്യുന്ന ഏതോ ഒരു മഹാ ശക്തി തിരശ്ശീലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏത് ചെറിയ ബുദ്ധിയും ആലോചിക്കാതെ പോകില്ല. അങ്ങനെയെങ്കില്‍ ഈ ദൃഷ്യപ്രപഞ്ചത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ക്ക് അതീതമായ ആ ശക്തി തന്നെയാകും തന്റെ സൃഷ്ടി കല്പനയും നടത്തിയിട്ടുണ്ടാവുക. അപ്പോള്‍ താന്‍ ഏറ്റവും കടപ്പെട്ട, തന്നെ താനാക്കിയ തന്‍റെ സ്രഷ്ടാവ് ആരാണ്, എന്തിനാണ് ഈ മഹാ പ്രപഞ്ചത്തെയും അതില്‍ ഒരു അംശമായി തന്നെയും പടച്ച് പരിപാലിക്കപ്പെടുന്നത്. കണ്ണു് കൊണ്ടോ കാതു കൊണ്ടോ മൂക്കു കൊണ്ടോ നാവു കൊണ്ടോ സ്പര്‍ശനം കൊണ്ടോ നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയാത്ത വിധം മഹോന്നതനായ ആ പ്രപഞ്ച സംവിധായകന്‍റെ സ്വത്വ സ്വഭാവ വിശേഷങ്ങള്‍ എന്തൊക്കെയാവാം തുടങ്ങിയ മനുഷ്യന്റെ സഹജമായ അന്വേഷണ ചിന്തയാണ് വിശ്വാസം എന്ന ആശയത്തെ അര്‍ത്ഥവത്താക്കുന്നത്.

പഞ്ചേന്ദ്രിയങ്ങള്‍ പരാജയപ്പെടുമ്പോള്‍

ലോകത്ത് നിലവിലുള്ള വലുതും ചെറുതുമായ എല്ലാ പദാര്‍ത്ഥങ്ങളേയും പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ മനസ്സിലാക്കാവുന്നതാണ്. ചിലതൊക്കെ നമ്മില്‍ നിന്ന് വളരേ ദൂരെ സ്ഥിതി ചെയ്യുന്നതിനാല്‍അവ കാണുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനുംസാങ്കേതിക വിദ്യയുടെ മാറ്റനുസരിച്ച് നമുക്ക് സാധിക്കുന്നു. മറ്റു പലതും അതിസൂക്ഷമങ്ങളായ വസ്തുക്കളായതിനാല്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ അവ ഗ്രഹിക്കാന്‍ നമ്മെ സഹായിക്കുന്നു. ഇതിനു കാരണം അവയെല്ലാം പദാര്‍ത്ഥങ്ങളാണ്, നമുക്ക് ഏതെങ്കിലുമൊരു രീതിയില്‍ അനുഭവിച്ചറിയാന്‍ കഴിയും വിധമുള്ള അസ്ഥിത്വം അവയ്ക്കുണ്ട് എന്നതാണ്.

എന്നാല്‍ പ്രപഞ്ചത്തിലെ മുഴുവന്‍ പദാര്‍ത്ഥങ്ങളേയും ഇല്ലായ്മയില് നിന്ന് സൃഷ്ടിച്ച സര്‍വശക്തന് പദാര്‍ത്ഥ സ്വഭാവമല്ല ഉള്ളത്. അത് കൊണ്ട് തന്നെ നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അവന്റെ അസ്ഥിത്വത്തിലെ ഏതെങ്കിലും ഒരു ഘടകത്തെ അനുഭവിച്ചറിയുക സാധ്യമല്ല. ഇത് സ്വാഭാവികമാണ്. കാരണം ഭൗതിക സ്വഭാവമുള്ള ഏതൊരു വസ്തുവിന്റേയും എല്ലാ ഘടകങ്ങള്‍ക്കും വളരേയധികം പരിമിതികളുണ്ട്. ഒരു ചുമരിനപ്പുറം നേരിട്ട് കാണാന്‍ പോലും അശക്തമാണല്ലോ നമ്മുടെ കണ്ണുകള്‍. ഒന്നുകില്‍ അതിനപ്പുറത്തേക്ക് ചെന്ന് നോക്കണം, അല്ലെങ്കില്‍ ചുമര്‍ പൊളിക്കുകയോ ദ്വാരം നിര്‍മ്മിക്കുകയോ മറ്റോ വേണം. അപ്പോള്‍ പിന്നെ അഭൗതികവും അതിവിശുദ്ധവും അനിര്‍വ്വചനീയവുമായ അസ്ഥിത്വമുള്ള പ്രപഞ്ച നാഥനെ നേരില്‍ അനുഭവിച്ചറിയാന്‍പരിമിതികള്‍ നിറഞ്ഞ കേവലം അവയവങ്ങള്‍ മതിയാകില്ലെന്നത് സുനിശ്ചിതമല്ലേ.

അപ്പോള്‍ പിന്നെ എന്താണു വഴി ?

ഇവിടെയാണ് ആറാം ഇന്ദ്രിയത്തിന്റെ (ഇന്ദ്രിയം എന്നത് സാങ്കേതികമായ പ്രയോഗം മാത്രം) പ്രസക്തി.

പദാര്‍ത്ഥ സ്വഭാവത്തിനുമപ്പുറത്തുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തമായ ഒരു അവയവം. അഥവാ സാധാരണ മനുഷ്യ പ്രകൃതത്തില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിലര്‍ക്ക് മാത്രം നല്‍കപ്പെടുന്ന അതിവിശിഷ്ടമായ ഒരു അനുഗ്രഹം. അതിനു മാത്രമേ മഹോന്നതനായ ദൈവത്തിന്റെ അസ്ഥിത്വത്തിന്റെ ഏതെങ്കിലുമൊരു ഗുണമെങ്കിലും അനുഭവിച്ചറിയാനാകൂ. ഇങ്ങനെയൊന്ന് ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെന്ന് നമുക്കുറപ്പുണ്ടെങ്കില്‍ അയാള്‍ പറയുന്നത് വിശ്വസിക്കുകയേ അത്തരം ഒരു സാഹചര്യം സ്വന്തമായില്ലാത്ത നമുക്ക് നിവൃത്തിയുള്ളൂ.

ഇതൊരു പുതുമയുള്ള കാര്യമല്ല. നമ്മുടെ കൂട്ടത്തിലും ഏതെങ്കിലും അവയവമില്ലാത്തവന്‍ ആ അവയവവുമായി ബന്ധമുള്ള അറിവുകള്‍ കരസ്ഥമാക്കാന്‍ തനിക്കു വിശ്വാസമുള്ള ഒരാളെ വിശ്വസിക്കുകയാണല്ലോ പതിവ്. ഉദാ:- കണ്ണില്ലാത്ത ഒരാള്‍ തനിക്ക് പരിചിതമല്ലാത്ത ഏതു കാര്യവും കണ്ണുള്ളവരിലെ വിശ്വാസയോഗ്യന്‍ പറയുന്നത് വിശ്വസിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നത് സാധാരണമല്ലേ. അതിന് അവന്‍ തയ്യാറായില്ലെങ്കില്‍ കണ്ണെന്ന ഇന്ദ്രിയം കൊണ്ട് അനുഭവിച്ചറിഞ്ഞ് മനസ്സിലാക്കാന്‍ കഴിയുന്ന ധാരാളം അറിവുകളും അനുഭവങ്ങളും സൗഭാഗ്യങ്ങളും ഒരു അന്ധന് നഷ്ടമാകുമെന്നത് വാസ്തവവുമാണ്.

ദിവ്യബോധനം

സൃഷ്ടികളില്‍ വളരേയപൂര്‍വ്വം ആളുകളെ മഹാനായ സൃഷ്ടാവ് പ്രത്യേകമായി തെരഞ്ഞെടുക്കുകയും അവരുടെ ഹൃയങ്ങളെ സ്ഫുടം ചെയ്തെടുക്കുകയും ചെയ്തിട്ടുണ്ട്. ആ ഹൃദയങ്ങള്‍ക്ക് മാത്രമേ ദൈവ വചനങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. പടച്ചവന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ടെന്ന് നാം പറയുമ്പോഴും അവനെക്കുറിച്ചുള്ള അറിവ് നമ്മുടെ പരിധിക്കപ്പുറമായതിനാല്‍ അത് അവന്‍ തന്നെ നമുക്ക് അറിയച്ചു തരികയേ വഴിയുള്ളൂ. അവ ഓരോ കാലത്തേയും മനുഷ്യര്‍ക്ക് ആവശ്യമായ വിധം സര്‍വശക്തന്‍ ഈ പ്രത്യേക മനുഷ്യരിലൂടെ ബോധനം നല്‍കിയിട്ടുണ്ടെന്നതാണ് ചരിത്ര സാക്ഷ്യം. ഇവരാണ് ദൈവദൂതന്മാരായ പ്രവാചകസ്രേഷ്ഠന്മാര്‍.

മനുഷ്യോല്‍പത്തി മുതല്‍ ഇന്നോളം വരേ കഴിഞ്ഞു പോയ എല്ലാ കാലഘട്ടങ്ങളിലേക്കുമായി ഒരു ലക്ഷത്തില്‍ പരംസവിശേഷരായ മനുഷ്യര്‍ക്ക് സര്‍വ്വശക്തന്‍ തന്നെക്കുറിച്ചുള്ള ബോധനം നല്‍കിയിട്ടുണ്ട്.. സാധാണ ജനങ്ങള്‍ക്ക് ഈ സത്യ ബോധനം നേരിട്ട് സ്വായത്തമാക്കുക അസാധ്യമായതിനാല്‍ ആ കാലങ്ങളിലുണ്ടായിരുന്ന ബുദ്ധിമാന്‍മാര്‍ ഇവരെ വിശ്വസിക്കുകുയും അതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തിട്ടുണ്ട്. അല്ലാത്തവര്‍ ജീവിതത്തില്‍‍ ലക്ഷ്യം കാണാതെ അലയുകകയും അവസാനം സര്‍വ്വ നാശത്തിലെത്തിച്ചേരുകയുമാണുണ്ടായത്.

ജീവിതം ലക്ഷ്യം തെറ്റാതിരിക്കാന്‍ ഓരോരുത്തരും വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങള്‍

നേരിട്ടറിയാന്‍ കഴിയാത്ത എന്നാല് സത്യമായും നിലനില്‍ക്കുന്ന കാര്യങ്ങളാണ് വിശ്വസിക്കേണ്ടി വരുന്നത്. പഞ്ചേന്ദ്രിയങ്ങള് കൈമലര്‍ത്തുന്നിടത്താണ് മനസ്സ് ചലനാത്മകമാവേണ്ടത്. ദൃശ്യപ്രപഞ്ചത്തിനപ്പുറമുള്ള കാര്യങ്ങള്‍ ആ ലോകം പരിചയമുള്ളവനും അവിടെ ആധിപത്യമുള്ളവനും മാത്രമേ ശരിയായി വിവരിച്ച് തരാന്‍ കഴിയുകയുള്ളൂ. ഈ മഹാ പ്രപഞ്ചത്തിലെ അംശമല്ലാത്ത സൂപ്പര്‍ നാച്വറല്‍ ആയ ഒരു വിഭാഗമോ മറ്റോ (ഭാവനാ ലോകത്തല്ലാതെ) യഥാര്‍ത്ഥത്തില്‍ എവിടെയും ഉള്ളതായി ഒരറിവും മനുഷ്യനില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അവരില്‍ നിന്ന് പലതും നമുക്ക് പഠിക്കാമായിരുന്നു. അത് കൊണ്ട് തന്നെ നാമുമായി ബന്ധപ്പെട്ട എന്നാല്‍ നമുക്ക് സ്വന്തമായി ഒരറിവും ആര്‍ജ്ജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ഏക ആശ്രയം സര്‍വ്വ ശക്തനായ പ്രപഞ്ച സ്രഷ്ടാവാണ്.

സൃഷ്ടികളെ പൊതുവേയും അവയിലെ കേമന്മാരായ മനുഷ്യരെ വിശേഷിച്ചും എന്തിനാണ് പടച്ചു പോറ്റുന്നതെന്നും ഓരോരുത്തരുടേയും ജീവിത ധര്‍മ്മമെന്താണെന്നും ജീവിതാന്തം പിന്നെ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും ശാശ്വത സന്തോഷത്തിനും സമാധാനത്തിനുമായി എങ്ങനെ കഴിയണമെന്നും മറ്റുമൊക്കെയുള്ള അറിവ്സ്രഷ്ടാവായ തമ്പുരാനല്ലാതെ ആര്‍ക്കാണ് നല്‍‍കാന്‍ കഴിയുക. മനുഷ്യ സമൂഹത്തിന്റെ സന്മാര്‍ഗ പ്രാപ്തിക്കാവശ്യമായ കാര്യങ്ങളൊക്കെയും ഉല്‍കൃഷ്ടരായ ദൈവദൂതന്മാരിലെ അവസാന കണ്ണിയായ മുഹമ്മദ് നബി صلى الله عليه وسلم യിലൂടെ അവന്‍ നമുക്ക് അറിയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ ജീവിതം ലക്ഷ്യം തെറ്റാതെ നോക്കാന്‍ നമ്മെ സഹായിക്കുന്നവയാകയാല്‍ വിശ്വസിച്ചിരിക്കല്‍ നിര്‍ബന്ധമായ ഏതാനും കാര്യങ്ങള്‍അവന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവ ഇപ്രകാരമാണ്:

ഈ സ്രഷ്ടാവ് തന്നെത്താന്‍ പരിചയപ്പെടുത്തിയ നാമമാണ് അല്ലാഹു. അവന്‍റെ മഹത്തായ, ബ്രഹത്തായ അസ്ഥിത്വത്തേയും സ്വഭാവ വിശേഷങ്ങളേയും കുറിച്ചുള്ള അറിവ് മനുഷ്യര്‍ക്ക് സ്വന്തമായി നേടാന്‍ കഴിയാത്തിനാല്‍ അക്കാര്യങ്ങളത്രയും നമുക്ക് മനസ്സിലാവും വിധം അവന്റെ ഇഷ്ട ദാസന്മാരായ പ്രവാചകസ്രേഷ്ഠരിലൂടെ അവന്‍ നമ്മെ അറിയിച്ചിട്ടുണ്ട്. സ്രഷ്ടാവിനെ തിരിച്ചറി‍ഞ്ഞ് അവനിലേക്കെത്താനുള്ള പ്രയത്നമാണ് യാഥാര്‍ത്ഥത്തില്‍ സൃഷ്ടിയായ മനുഷ്യന്റെ ജീവിത ധര്‍മ്മം തന്നെ. ഈ യജ്ഞത്തിന്റെ തോതനുസരിച്ചാണ് ജീവിതം സഫലമാകുന്നതും വിഫലമാകുന്നതും. അത് കൊണ്ട് നാം നമ്മുടെ സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞ് വിശ്വസിക്കണം. അപ്പോഴാണ് നമ്മുടെ സൃഷ്ടിപ്രകൃതത്തിന്റെ സംസ്കരണ പാതയുടെ കവാടം നമുക്കു മുന്നില്‍ തുറക്കപ്പെടുന്നതും നമ്മുടെ സ്വതേയുള്ള അന്ധത മാഞ്ഞ് മാഞ്ഞ് വെളിച്ചത്തിലേക്കും സന്‍മാര്‍ഗപ്രാപ്തിയിലേക്കുമുള്ള വഴയൊരുങ്ങുന്നതും.

അല്ലാഹുപ്രകാശം കൊണ്ട് സൃഷ്ടിക്കുകയും ലോകത്തിന്റെ പരിപാലനമടകം കുറേ ഉത്തരവാദിത്തങ്ങള്‍ നല്‍കി അരുളുകയും തദനുസരിച്ച് വികാരവിചാരങ്ങളില്ലാതെ കല്‍പ്പിക്കപ്പട്ടത് ചെയ്യുന്നതില്‍ മാത്രം മുഴുകി കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സൃഷ്ടികളാണ് മലക്കുകള്‍. ദൈവ സന്ദേശങ്ങള്‍‍ പ്രവാചകസ്രേഷ്ടന്മാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത് മലക്കുകളുടെ നേതാവു കൂടിയായിരുന്ന ജിബ്രീല്‍ (ഗബ്രിയേല്‍) എന്ന മാലാഖയായിരുന്നു. ദൈവ ശാസനകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അവരിലെ അനുഗ്രത്തിന്റെ മാലാഖമാര്‍ സമാധനാത്തിന്റേയും സ്വാസ്ഥ്യത്തിന്റേയും ചിറകുകള്‍ വിരിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു. മനുഷ്യര്‍ ചെയ്യുന്ന നന്മകളും തിന്മകളും രേഖപ്പെടുത്തി വയ്ക്കാനും ഓരോരുത്തരുടേയും മരണശേഷം ചോദ്യരൂപേണ പ്രാധമിക വിചാരണ ചെയ്യാനും പരലോകത്ത് വെച്ച് നല്ലവര്‍ക്ക് നല്‍കപ്പെടുന്ന സ്വര്‍ഗവും അധമരെ തളക്കുന്ന നരകവും സംരക്ഷിക്കാനും അതിലെ പ്രവര്‍ത്തനങ്ങല്‍ നിയന്ത്രിക്കാനുമടക്കം ചെറുതും വലുതുമായ എണ്ണമറ്റ ഉത്തരാവദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട ഈ സൃഷ്ടി വര്‍‍ഗ്ഗത്തെ നാം കാണുന്നില്ല എന്ന കാരണത്താന്‍ അവശ്വസിക്കുകുയും അവഗണിക്കുകയും ചെയ്താല്‍ മരണശേഷം അവര്‍ നമ്മെ വിലയിരുത്തിയത് നേരില്‍ കാണുമ്പോള്‍ ഒരു പാട് ദുഃഖിക്കേണ്ടിവരും.ഇവരില്‍ പലരേയും ദൈവദൂതന്മാര്‍ പല തവണ കണ്ടിരുന്നെങ്കിലും ഇരുടെ രൂപവും ഭാവവൂം നമ്മുടെ പ‍ഞ്ചേന്ദ്രിയങ്ങള്‍ക്ക് സ്വാഭാവികമായോ സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിലോ അനുഭവിച്ചറിയുക സാധ്യമല്ല. അത് കൊണ്ടാണ് ഇവരേയും നമ്മേയും പടച്ച പ്രപഞ്ച സ്രഷ്ടാവ് ഇവരെക്കുറിച്ച് ബോധനം നല്‍കിയ്തും നമ്മുടെ കൂടെത്തന്നെയുള്ള ഈ ദൈവദാസന്മാരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും മുഹമ്മദ് നബി صلى الله عليه وسلم യിലൂടെ അറിഞ്ഞ് വിശ്വസിച്ച് അതിനനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുവാനും കല്‍പ്പിച്ചതും.

മനുഷ്യരുടെ സന്മാര്‍ഗ പ്രാപ്തിക്കായി സര്‍വശക്താനായ അല്ലാഹു കുറേ ചെറു ഗ്രന്ഥങ്ങളും നാല് വലിയ ഗ്രന്ഥങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇവയുടെ സ്രോതസ്സ് ഒരിക്കലും ഭൗതികമല്ല. പദവും ആശയവും പൂര്‍ണ്ണമായും ദൈവികമാണ്. അവയുടെ ഘടനയും തനിമയും വിശുദ്ധിയും ആഴവും അര്‍ത്ഥ തലങ്ങളും മനുഷ്യ കഴിവുകള്‍ക്കതിതമാണ്, എഴുത്തിന്‍റെ ലിപിക്കും അവയെഴുതപ്പെട്ട പ്രതല (കടലാസ്,,പലക, തോല്‍....)ത്തിനുമല്ലാതെ, ഒരു ഗ്രന്ഥം ഗ്രന്ഥമായി മനുഷന് അനുഭവപ്പെടാനുള്ള ഘടകങ്ങളാണ് പദാര്‍ത്ഥ സ്വഭാവമുള്ള ലിപിയും പ്രതലവും എന്നതാണതിനു കാരണം. ഈ ഇനത്തില്‍ അവസാനത്തേതാണ് വിശുദ്ധ ഖുര്‍ആന്‍. അത് കേവലം ഒരു ഗ്രന്ഥമല്ല. മനുഷ്യരാശിയുടെ രചനാ ശാസ്ത്രത്തെ അതിശയിപ്പിക്കും വിധം അമാനുഷവും അഭൗതികവുമായ ഘടനാ വൈഭവവും ആശയ വൈപുല്യവും കൊണ്ട് ലോകത്തെ എക്കാലത്തും വിസ്മയിപ്പിച്ച മഹല്‍ ഗ്രന്ഥമാണത്. ഇത് മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിയിക്കാന്‍ ലോകത്തൊരു മനുഷ്യനും ഇന്നേവരേ സാധിച്ചിട്ടില്ല. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിക്കായി ഇറക്കിത്തന്ന ഈ വിശുദ്ധ ഗ്രന്ഥത്തന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവും നിലനില‍്‍ക്കുന്നെങ്കില്‍ അവര്‍ ഇത് പോലെ ഒരു ഗ്രന്ഥമോ അതിന് കഴിയില്ലെങ്കില്‍ ഇതിലെ ഏതെങ്കിലും ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായമോ രചിച്ച്ഖുര്‍ആന് മറുപടി നല്‍കുവീന്‍ എന്ന് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വ്വശക്തനായ അല്ലാഹു ഖുര്‍ആനിലൂടെത്തന്നെ വെല്ലുവിളി നടത്തിയതാണ്. ശേഷം കഴിഞ്ഞു പോയ 14 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് ഖുര്‍ആനെ വെല്ലാന്‍ എണ്ണമറ്റ ശ്രമങ്ങല്‍ നടന്നെങ്കിലും ഒരു ശതമാനം പോലും ആര്‍ക്കും വിജയിക്കാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. വെറും ചെറിയ മൂന്നു വാക്യമടങ്ങുന്ന അധ്യാമുണ്ട് ഖുര്‍ആനില്‍. അതിന്റെ മുന്നില്‍ പോലും പകച്ചു നില്‍ക്കാനേ വിമര്‍ശകര്‍ക്ക് സാധിച്ചുള്ളു. മാത്രവുമല്ല വിശുദ്ധ ഖുര്‍ആനോടേറ്റുമുട്ടിയ മഹാ സാഹിത്യകാരന്മാരില്‍ അധികപേരും ഖുര്‍ആന്റെ വിസ്മയാവഹമായ ഘടനാ വിലാസത്തില്‍‍ സ്വയം മറന്ന് വിലയം പ്രാപിക്കുകയും ഖുര്‍ആന്റെ അമാനുഷികതയിലും അതിന്റെ ശില്‍പിയായ അല്ലാഹുവിന്റെ അസ്ഥിത്വത്തിലും വിശ്വസിച്ച് കീഴടങ്ങുകയായിരുന്നു ചെയ്തത്. സകലര്‍ക്കുമുള്ള സന്മാര്‍ഗമാണതിലുള്ളത്. സകല ശാസ്ത്രങ്ങളുടേയും അറിവുകളുടേയും സ്രോതസ്സാണത്. സകല നിഗൂഢതകളുടേയും ചുരുളഴിയുന്ന വിശ്വവിജ്ഞാനകോശമാണത്. സകല സംശയങ്ങള്‍ക്കും ഉത്തരമുണ്ടതില്‍. സകല അസുഖങ്ങള്‍ക്കം മരുന്നുണ്ടതില്. സൂര്യനില്‍ നിന്ന് പ്രകാശം നാനാ ദിക്കിലേക്കും വ്യാപിക്കും പോലെ ഖുര്‍ആനില്‍ നിന്ന് അറിവന്റെ അരുണ കിരണങ്ങള്‍ സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ കണ്ണുള്ളവര്‍ക്കേ പ്രകാശം നേല്‍ ദര്‍ശിക്കാന്‍ സാധിക്കൂ എന്നത് പോലെ, നമ്മുടെ ഹൃദയം ദൈവവിശ്വാസത്താലും സല്‍കര്‍മ്മത്താലും സംസ്കരിക്കപ്പെടുന്നതിനനുസരിച്ച് നമ്മുടെ അകക്കണ്ണുകള്‍ക്ക് ലഭിക്കുന്ന കുളിര്‍മ്മയേകുന്ന ഒരു കാഴ്ചയുണ്ട്. ആ കാഴ്ച കൊണ്ടേ ഖുര്‍ആനിന്റെ അകപ്പൊരുള്‍‍ കാണാനൊക്കുകയുള്ളൂ. അത്കൊണ്ട് വേദഗ്രന്ഥവുമായി ബന്ധപ്പെട്ട് പറയപ്പെട്ട കാര്യങ്ങളത്രയും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിശ്വസിച്ച് അതില്‍ നിന്ന് സന്മാര്‍ഗം സ്വീകരിച്ച് ജീവിതയാത്ര തുടര്‍ന്നാലേ ജന്മം സഫലമാകൂ എന്ന് പ്രപഞ്ച സ്രഷ്ടാവ് നമ്മോട് ഉല്‍ഘോഷിക്കുന്നു.

മനുഷ്യര്‍ക്ക് ദിവ്യ ബോധനം നല്‍കാന്‍ സര്‍വ്വ ശക്തന്‍ മനുഷ്യരില്‍ നിന്ന് ഉല്‍കൃഷ്ടരാക്കി തെരഞ്ഞടുത്ത ഉത്തമരായ മനുഷ്യരാണ് ദൈവദൂതന്മാരായ പ്രവാചകന്മാര്‍. അവരുടെ ശരീരവും മനസ്സും കളങ്കരഹിതമായിരിക്കും. അല്ലാഹു പ്രത്യേകമായി സ്ഫുടം ചെയ്തെടുത്തവരാണവര്‍. അവരുടെ ഹൃദയങ്ങളിലേക്കാണ് സവിശേഷമായ ദിവ്യബോധനം പ്രവഹിക്കുന്നത്. സൃഷ്ടികളെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്നത് അവരാണ്. ആദിമ മനുഷ്യനായിരുന്ന ആദം عليه السلامആദ്യത്തെ പ്രവാചക ശ്രേഷ്ഠന്‍ കൂടിയായിരുന്നു. അവസാനമായി ഈ മഹാ ഭാഗ്യം ലഭിച്ചത് അന്ത്യപ്രവചകരായ മുഹമ്മദ് നബി صلى الله عليه وسلم അവര്‍കള്‍ക്കാണ്. ദിവ്യ ബോധനമെന്നത് അനുഭവിച്ചറിയാന്‍ മറ്റുള്ളവര്‍ക്ക് ഒരിക്കലും സാധ്യമല്ല. അതിനാലാണ് അല്ലാഹു പറഞ്ഞത് അവന്‍ ലോകരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ തെരെഞ്ഞടുത്തയച്ച വിശിഷ്ട വ്യക്തികള്‍ അവന്റെ ദൂതന്മാരാണ്. അവരിലൂടെ അവന്റെ സന്ദേശങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരും. അവരില്‍ നിങ്ങള്‍ സംശയം പ്രകടിപ്പിക്കുകയോ അവരെ കളവാക്കുകയോ അരുത്. അവരെ അനുസരിച്ച് ജീവിച്ചെങ്കിലേ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഇരുലോകത്തും നിങ്ങളെ കടാക്ഷിക്കുകയുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ വഴിതെറ്റി ജീവിതത്തിന്റെ അര്‍ത്ഥം കാണാനാതെ അലയേണ്ടി വരും. അങ്ങനെ ജന്മം പാഴാകുകയും ചെയ്യും.

ഈ ലോകം സൃഷ്ടിക്കപ്പെട്ടതാണ്. ഇതിലെ ഓരോ വസ്തുക്കളും ചെറുതാവുകയും വലുതാവുകയും ശക്തി പ്രാപിക്കുകയും ദുര്‍ബ്ബലമാകുകയും അതിന്റെ ഗ്യാരണ്ടി കഴിയുമ്പോള്‍ നശിക്കുകയും ചെയ്യുന്നുണ്ട്. അത് പോലെത്തന്നെ ഈ മാഹാ പ്രപ‍ഞ്ചവും അതിന്റെ ഗ്യാരണ്ടി കഴിയുമ്പോള്‍ നാമാവശേഷമാകും. അതിന് ശേഷം എല്ലാവരും തങ്ങളുടെ സ്രഷ്ടാവിലേക്ക് മടങ്ങും. അവിടെ വച്ച് ഏവരേയും അവന്‍‍ വിലയിരുത്തും, ഇഹലോക ജീവത്തില്‍ നാം ചെയ്ത നന്മ തിന്മകള്‍ വിചാരണ ചെയ്യപ്പെടും. ആരൊക്കെ ഭുമിയില്‍ വച്ച് അവന്റെ കല്‍പനകള്‍ ശിരസ്സാവഹിച്ച് തന്റെ സൃഷ്ടി ധര്‍മ്മം നിര്‍വ്വഹിക്കാന്‍ ശ്രമിച്ചുവോ അവരെ അവന്‍ ഇഷ്ടപ്പെടും. സകല സൗഭാഗ്യങ്ങളുമുള്ള സ്വര്‍ഗലോക വാസം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്യും. അവനെ ധിക്കരിച്ച് അധമരായി കഴിഞ്ഞു കൂടി തന്റെ സൃഷ്ടി വൈശിഷ്ട്യത്തെ കളഞ്ഞു കുളിച്ചവര്‍ അവന്റെ കോപത്തിനിരയാകും. വേദനാജനകമായ ശിക്ഷകളുടേയും പ്രയാസങ്ങളുടേയും അപകട ഗര്‍ത്തമായ ഭയാനകമായ നരഗാഗ്നിയിലേക്ക് അവര്‍ എറിയപ്പെടുകയും ചെയ്യും. ഈ സംഭവവികാസങ്ങളൊന്നും തന്നെ നമുക്ക് ഇപ്പോള്‍ ഈ ഭൂമിയില്‍ വച്ച് അനുഭവിച്ചറിയുക അസാധ്യമാണ് എന്ന കാരണത്താല്‍ അവഗണിക്കാന്‍ പറ്റുകയില്ല. ഇവ സത്യമായും സംഭവിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യങ്ങളാണെങ്കില്‍ അതിനെ വിജയകരമായി നേരിടാനുള്ള പ്രവര്‍ത്തനം ഉടനെ ആരംഭിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് വലിയ ഖേദത്തിന് കാരണമാകും, തീര്‍ച്ച.

മനുഷ്യന്‍ സ്വതവേ നിസ്സഹായനാണ്. അവന്റെ ഓരോ നിമിഷങ്ങളും അവന് അര്‍ഹതപ്പെട്ടതാണോയെന്ന് അവന് മുന്‍കൂട്ടി കാണുക സാധ്യമല്ല. അടുത്ത നിമിഷം സന്തോഷമാണോ സന്താപമാണോ സംഭവിക്കുകയെന്ന് അവന് പ്രവചിക്കാന്‍ സാധ്യമല്ല. അവന് നല്‍കപ്പെട്ട സ്വതന്ത്രമായ കഴിവനുസരിച്ച് അവന്‍ ചെയ്യുന്ന നന്മകളും തിന്മകളും അവനുണ്ടായേക്കാവുന്ന സമൃദ്ധികളും ആപത്തുകളും ലോകത്തിലെ മുഴുവന്‍ ചരാചരങ്ങളുടേയും ജനന മരണങ്ങളും ഗതിവിഗതികളുമൊക്കെ എല്ലാം പടച്ച് സംവിധാനിക്കുന്ന പ്രപഞ്ചനാഥന്റെ മുന്‍ നിശ്ചയപ്രകാരമാണ് സംഭവിക്കുന്നത്. ഇതെങ്ങനെയാണെന്ന് നേരത്തേ അനുഭവിച്ചറിയുക മനുഷ്യ പരിധികള്‍ക്കതീതമാണ്. അതിനാലാണ് അല്ലാഹു പ്രത്യേകമായി പറയുന്നത് ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ വിശ്വസിക്കണം. എന്നിട്ട് എല്ലാ കാര്യങ്ങളും സര്‍വ്വശക്തനില്‍ അര്‍പ്പിക്കണം. സന്തോഷം വരുമ്പോള്‍ അവനെ സ്തുതിക്കണം. ആപത്തു വരുമ്പോള്‍ ക്ഷമിക്കണം. തനിക്ക് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തിടത്താണ് കാര്യങ്ങളെങ്കില്‍ ഉടനെ അവനില്‍ അഭയം പ്രാപിച്ച് സ്വസ്ഥത വീണ്ടെടുക്കണം. കാരണം അവനാണ് കാര്യങ്ങളുടേയും കാരണങ്ങളുടേയും സ്രഷ്ടാവ്. അവന്‍ നിങ്ങളെ പരിധികളില്ലാത്ത സൗഭാഗ്യങ്ങള്‍‍‍ കൊണ്ട് അനുഗ്രഹിക്കും.

ഇപ്പറഞ്ഞ കാര്യങ്ങളത്രയും നമുക്ക് നേരിട്ട് അനുഭവവേദ്യമല്ലെങ്കിലും തീര്‍ത്തും സത്യമാകാനേ വഴിയുള്ളു. കാരണം എല്ലാ കഴിവുകളും എല്ലാ അറിവുകളുമുള്ള അല്ലാഹുവാണല്ലോ നമ്മെ ഈ വിവരം അറിയിച്ചത്. എന്നാലും നമ്മുടെ കഴിവും അറിവും വച്ച് എത്ര ചിന്തിച്ചാലും ഇതൊരു വിചിത്രമായ ആശയങ്ങളായിട്ടാണല്ലോ തോന്നുന്നത് എന്ന ചിന്ത മനസ്സില്‍ നിന്ന് നീങ്ങിക്കിട്ടാത്ത അവസ്ഥ പലപ്പോഴും വന്നു ഭവിക്കാം. അങ്ങനെയെങ്കില്‍ അതിനും പരിഹാരമുണ്ട്.

അല്‍പം അതിശയോക്തി തോന്നുന്നുണ്ടോ!!

കാര്യം, പറയുന്നത് നമ്മെ പടച്ചവനാണ്. എന്നാലും നാം എത്ര കൂട്ടിക്കിഴിച്ചാലും നമുക്ക് സ്വതന്ത്രമായി എത്തിച്ചേരാനാവാത്ത വിധം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയുമുണ്ടാകുമോ എന്ന് ഏത് മനുഷ്യനും ചിന്തിച്ചുപോകാം. അത് അവന്റെ പ്രകൃത്തിന്റേയും മനസ്സിന്റേയും പരിമിതിയുടെ ഭാഗമായിട്ട്വരാവുന്ന ചിന്തയാണ്.

എന്നാല്‍ ഭൂമിയില്‍ സംഭവിക്കുന്ന പല കാര്യങ്ങളിലും അല്‍പം അവധാനതയോടെ ആലോചിച്ചാല്‍ ഉപര്യുക്ത കാര്യങ്ങളൊന്നും ഒരു അതിശയോക്തിയായി തോന്നാനിടയില്ലായെന്ന് മാത്രമല്ല അത് പോലെയുള്ള വിശ്വാസ കാര്യങ്ങള് ഇനി വല്ലതുമുണ്ടോയെന്ന് നാം അന്വേഷിച്ച് കണ്ടെത്താന്‍ തിടുക്കം കാട്ടുകയും ചെയ്യും. ഇക്കാര്യം സരസമായി മനസ്സിലാക്കാന്‍ തല്‍ക്കാലം ഒരു വഴി മാത്രം വിവരിക്കാം. അതൊരു കഥയാണ്.

തവളയുടേയും മല്‍സ്യത്തിന്റേയും കഥ

പണ്ട് പണ്ട് ഒരു കുളത്തില്‍ ഒരു തവളയും ഒരു മല്‍സ്യവും താമസിച്ചിരുന്നു. കൂട്ടുകാരായിരുന്ന അവര്‍ ഒന്നിച്ച് ഇരപിടിക്കുകയും കളിച്ചു രസിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം തവളയും ചങ്ങാതിയായ മല്‍സ്യവും കുളത്തില്‍ കഴിക്കാന്‍ വല്ല ഭക്ഷണവും കിട്ടുമോയെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു. കുറേ നേരം അലഞ്ഞിട്ടും ഒന്നും ലഭിച്ചില്ല. വിശന്നു വലഞ്ഞ ഇരുവരും നിരാശരായി മുഖത്തോടു മുഖം നോക്കി നില്‍ക്കുമ്പോള്‍ പെട്ടെന്ന് അവര്‍ക്കു മുന്നില്‍ ഒരു ഇര പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി കണ്ട ആ സ്വാദിഷ്ടമായ ഭക്ഷണം അകത്താക്കാന്‍ വേണ്ടി മല്‍സ്യം അതിന്മേല്‍ ചാടിവീഴാനൊരുങ്ങി.

ഉടന്‍ തവള മല്‍സ്യത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു:

"സുഹൃത്തേ, നമുക്ക് വിശപ്പുണ്ടെന്നതും ഈ കാണുന്ന ഇര വിശപ്പടക്കാന്‍ പര്യപ്തമാണെന്നതും ശരിയാണ്. പക്ഷേ ദയവു ചെയ്ത് അതില്‍ തൊട്ടു പോകരുത്."

മല്‍സ്യത്തിന് കാര്യം മനസ്സിലായില്ല. വിശപ്പടക്കാന്‍ ഒരു ഇരയക്കിട്ടിയിട്ട് അത് തൊട്ടു പോകരുതെന്നോ. മല്‍സ്യം അന്തം വിട്ട് തവളയെ നോക്കിക്കൊണ്ട് ചോദിച്ചു:

"എന്താണ് പ്രശ്നം?"

തവളയുടെ വിശദീകരണം ഇപ്രകാരമായിരുന്നു:

"ഇത് യഥാര്‍ത്ഥത്തില്‍ നമുക്ക് കഴിക്കാന്‍ പറ്റിയ ഇരയല്ല. ഈ ഇരയെ ഒരു കൊളുത്തില്‍ കോര്‍ത്തിരിക്കുകയാണ്. ആ കൊളുത്ത് ബലമുള്ള ഒരു കയറില്‍ ബന്ധിതമാണ്.ആ കയറില്‍ പിടിച്ച് ഒരു മനുഷ്യന്‍ കരയില്‍ കുളത്തിന്റെ പടവില്‍‍ ഇരിക്കുന്നുണ്ട്. നീ ഈ ഇരയില്‍ കൊത്തിയാല്‍ ആ മനുഷ്യന്‍ തന്റെ കയ്യിലുള്ള കയറ് വലിക്കും. അതോടെ നിന്റെ കഴുത്ത് കൊളുത്തില്‍ കുടുങ്ങും. ഉടനെ അവന്‍ നിന്നെ കരയിലേക്ക് വലിച്ച് കയറ്റും. നിന്നെ കൊന്ന് നിന്റെ കഴുത്തില്‍ നിന്ന് കൊളുത്ത് വലിച്ചെടുക്കും. നീ ചത്തു കഴിഞ്ഞാല്‍ ഉടനെ അവന്‍ നിന്നെയുമെടുത്ത് അവന്റെ വീട്ടിലേക്കോടും. അവിടെ അവന്റെ ഭാര്യ കാത്തിരിക്കുന്നുണ്ടാകും. അവള്‍ ഒരു കത്തിയെടുത്ത് നിന്റെ ശരീരം കീറിപ്പൊളിക്കും. വെട്ടി നുറുക്കിക്കഷ്ണങ്ങളാക്കി മസാല തേച്ച് ഉപ്പിലിടും. കുറച്ച് നേരം കഴിഞ്ഞാല്‍ അടുപ്പില്‍ തീ കത്തിക്കും. ഒരു ചീനച്ചട്ടിയെടുത്ത് അടുപ്പത്ത് വെയ്കും. ചീനച്ചട്ടി ചൂടായാല്‍ അതിലേക്ക് എണ്ണ ഒഴിക്കും. എണ്ണ വെട്ടിത്തിളച്ചാല്‍ നുറുക്കപ്പെട്ട നിന്റെ കഷ്ണങ്ങള്‍ ആ ഭയാനകമായ തിളച്ച എണ്ണയിലേക്കിടും. നീ അതില്‍ കിടന്ന് വേവും. നിന്റെ തൊലികള്‍ കരിഞ്ഞ് കറുത്ത നിറമാകും. നിന്റെ സുന്ദരമായ ശരീരവും ചോരയും നീരുമൊക്കെ പോയി നീ ഒരു ചണ്ടിയായി മാറും. അതെടുത്ത് പല കഷ്ണങ്ങളാക്കി അവള്‍ തന്റെ മക്കള്‍ക്കും ഭര്‍ത്താവിനും നല്കും. എണ്ണയുടേയും ഉപ്പിന്റേയും മസാലയുടേയും രസത്തില്‍ അവര് ആര്‍ത്തിയോടെ നിന്നെ ശാപ്പിടും. അത് കൊണ്ട് സുഹൃത്തേ അങ്ങോട്ടടുക്കരുത്. ഇത് സത്യമാണ്, സത്യം. കരയെന്ന ലോകത്തെപ്പറ്റി ഒന്നുമറിയാത്ത നിനക്ക് ഇപ്പറഞ്ഞത് എത്ര ചിന്തിച്ചാലും മനസ്സിലാകില്ലെന്നെനിക്കറിയാം. എന്നാലും നീയിത് വിശ്വസിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ അപകടം തീര്‍ച്ച."

കരയിലും വെള്ളത്തിലും ഒരു പോലെ ജീവിക്കാന്‍ കഴിവുള്ള തവള ഇവിടെ പറഞ്ഞ കാര്യങ്ങളത്രയും മല്‍സ്യത്തിന് പുതുമയുള്ളതാണ്. കര എന്ന ഒരു ലോകത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും മല്‍സ്യത്തിന് കഴിയില്ല. വെള്ളത്തില്‍ മാത്രം ജീവിക്കാന്‍ കഴിവുള്ള, വെള്ളത്തില്‍ നിന്നും വളരെ വ്യത്യസ്ഥതയുള്ള കരയെക്കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത മല്‍സ്യം ഒന്നുകില്‍ ഈ വാക്കുകള്‍ ഗൗരവത്തിലെടുത്ത് വിശ്വസിക്കും, അല്ലെങ്കില്‍ അവജ്ഞയോടെ പുച്ഛിച്ചു തള്ളും. സ്വാധിഷ്ഠമായ ഈ ഇരയെ ഒറ്റക്ക് ശാപ്പിടാന്‍ തവള ഒപ്പിച്ച തന്ത്രമായിരിക്കുമിതെന്ന് മത്സ്യത്തിന് വിചാരിക്കാം. അങ്ങനെ മറ്റൊന്നും ആലോചിക്കാതെ ഇരയില്‍ ചാടിക്കൊത്തുകയും ആവാം. അങ്ങനെ ചെയ്താല്‍, കരയില്‍ ജീവിക്കുന്ന നമുക്കറിയാം, തവള പറഞ്ഞ ഭയാനഗമായ അവസ്ഥകള്‍ക്ക് മല്‍സ്യം വിധേയമാകുക തന്നെ ചെയ്യും. അതേ സമയം മല്‍സ്യം ഒന്നാലോചിക്കുകയും വെള്ളത്തില്‍ മാത്രം ജീവിക്കുന്ന തന്റെ പരിമിതി മനസ്സിലാക്കാന്‍ ശ്രമിക്കുകയും ആ ഇരയുടെ നാലു വശവും നന്നായി പരിശോധിക്കുകയും കൊളുത്തിനെക്കുറിച്ചും അത് ബന്ധിച്ച കറയിന്റെ ഏതെങ്കിലും ഭാഗങ്ങല്‍ വെള്ളത്തില്‍ ദൃശ്യമാകുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ചും പരിശോധിച്ച് തവളയുടെ സത്യസന്ധത തന്നെക്കൊണ്ടാകും വിധം ഉറപ്പു വരുത്താന്‍ കഴിഞ്ഞാല്‍ തീര‍്ച്ചയായും മല്‍സ്യം തവളയെ വിശ്വസിക്കാവുന്ന ഒരു സാഹചര്യം ഒരുങ്ങുകയും തനിക്ക് വെള്ളത്തിലേ ജീവിക്കാന്‍ കഴിയുന്നുള്ളൂവെന്നും സത്യസന്ധനായ ഈ തവളക്ക് വെള്ളത്തെപ്പോലെ കരയിലും ജീവിക്കാന്‍ കഴിയുന്നതിനാല്‍ അവിടത്തെ വിശേഷങ്ങള്‍ അറിയാന്‍ കഴിയുക സ്വാഭാവികമാണെന്നും തനിക്ക് അവിടത്തെ കാര്യങ്ങളെക്കുറിച്ച് യാതൊന്നും നേരിട്ടറിയാന്‍ കഴിയാത്ത സ്ഥിതിക്ക് ഇവനെ ശരിയായി വിശ്വസിക്കലാണ് ബുദ്ധിയെന്നും മല്‍സ്യം ചിന്തിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും പക്വതയോടെ തവളയില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് ഈ ഇരയെ ഒഴിവാക്കുകയും ഭാവിയില്‍ ഏത് ഇരയെക്കണ്ടാലും നാലുവട്ടം ആലോചിച്ച ശേഷം മാത്രം ചാടിവീവഴുകയുമായാല്‍ അതിഭയാനകമായ അപകടത്തില്‍ നിന്ന് മല്‍സ്യം രക്ഷപ്പെടുകയും ചെയ്യും.

അത്കൊണ്ട് വിശ്വസിച്ചേ പറ്റൂ.

കഥയില്‍ വിവരിക്കപ്പെട്ടത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് നമുക്ക് ബോധ്യപ്പെട്ടത് പോലെത്തന്നെ, മുന്‍ ചൊന്ന ആറ് കാര്യങ്ങളും നമ്മുടെ ഇന്ദ്രിയ ഗോചരങ്ങളല്ലാത്തതിനാലും അവ നേരില്‍ അറിയാന്‍ നമുക്ക് സാധ്യമല്ലാത്തതിനാലും (എല്ലാ ലോകങ്ങളെക്കുറുച്ചും അറിയുന്ന സൃഷ്ടവ് അറിയിച്ചതനുസരിച്ച്) അതിന് അവസരം ലഭിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി صلى الله عليه وسلم പറയുന്നത് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളു.ഇപ്രകാരം വിശ്വസിക്കുകുയം അതനുസരിച്ച് പ്രവര്‍ത്തികയും ചെയ്തില്ലെങ്കില്‍പടച്ചവന്‍ നമുക്കായി അവന്‍റെ ദൂതരിലൂടെ കാണിച്ചു തന്ന സല്‍പന്ഥാവും സര്‍വ്വ ജ്ഞാനങ്ങളും ജീവിത സൗഭാഗ്യങ്ങളും സന്തോഷത്തോടെയുള്ള മരണവും പ്രയാസങ്ങളില്ലാത്ത പരലോക നടപടിക്രമങ്ങളും എല്ലാ അനുഗ്രഹങ്ങളുടേയും കേതാരമായ സുഖലോക സ്വര്‍ഗപ്രവേശവും സര്‍വ്വോപരി കരുണാവാരിധിയായ നമ്മുടെ സ്രഷ്ടാവിനെ ശരീരവും മനസ്സും നിറയെ കണ്ടാസ്വദിച്ച് നമ്മുടെ സൃഷ്ടിപ്രകൃതത്തിന്റെ പൂര്‍ണ്ണതയിലേക്കെത്തെലുമൊക്കെ സംഭവിക്കാവുന്ന സുവര്‍ണ്ണാവസരമായിരിക്കും നമുക്ക് നഷ്ടമാവുക.

മുഹമ്മദ് നബിصلى الله عليه وسلم യെപ്പോലെ പ്രപഞ്ച സ്രഷ്ടാവില്‍ നിന്ന് നേരിട്ട് ബോധനം ലഭിക്കുന്ന സാഹചര്യം പിന്നീട്മറ്റാര്‍ക്കും ഉള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്താത്തതിനാല്‍ മഹനാവര്‍കള്‍ നമ്മെ ഉണര്‍ത്തിയ ഇക്കാര്യങ്ങളത്രയും വിശ്വസിച്ചേ മതിയാകൂ. ദൃഢമായ വിശ്വാസമായിരിക്കണമത്. നാം നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പോലെ വിശ്വസിക്കണം . ഓരോ നിമിഷവും വര്‍ദ്ധിത വീര്യത്തോടെ ഹൃദയത്തില്‍ ശക്തമായിക്കൊണ്ടേയിരിക്കേണ്ട അചഞ്ചലമായ വിശ്വാസം. ഓരോ മനുഷ്യനും തന്റെ സൃഷ്ടിപ്പിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍ തന്റെ ഹൃദയത്തില്‍ സദാ കത്തിച്ചു വെക്കേണ്ട വിളക്കാണീ വിശ്വാസം. ഇതിലൂടെ മാത്രമേ സൃഷ്ടിക്ക് സ്രഷ്ടാവുമായുള്ള ബന്ധം നിലനില്‍ക്കുകയും ജീവിത വിജയം കൈവരികയുമുള്ളൂ. അതിനാല്‍ ഇത് മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം. ഇതിനാണ് അഖീദ എന്ന് പറയപ്പെടുന്നത്.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter