എന്തു കൊണ്ട്‌ ഇസ്‌ലാം മാത്രം

എല്ലാ മതങ്ങളും ദൈവത്തില്‍ നിന്നാണെന്നും മനുഷ്യരെ ധര്‍മ്മത്തിലേക്ക്‌ നയിക്കുകയാണ്‌ മതങ്ങളുടെ കടമയെന്നും നാമെല്ലാവരും മനസ്സിലാക്കിയവരാണ്‌. ഇവിടെ മതങ്ങളുടെ കൂട്ടത്തില്‍ ഇസ്‌ലാംമതത്തിന്റെ മാത്രം പ്രത്യേകതയെന്താണെന്ന ചോദ്യം പ്രസക്തമാണ്‌. അതിന്റെ മറുപടി ഇപ്രകാരമാണ്‌. ഇസ്‌ലാം എന്നത്‌ പലരും ധരിക്കുന്നത്‌ പോലെ മുഹമ്മദ്‌ നബി സ്ഥാപിച്ചതോ മുഹമ്മദ്‌ നബി മാത്രം കൊണ്ട്‌ വന്നതോ ആയ മതമല്ല. ലോകാരംഭം മുതല്‍ ലക്ഷക്കണക്കിന്‌ പ്രവാചകന്‍മാര്‍ വഴി ദൈവം ലോകത്തിന്‌ അവതരിപ്പിച്ച ഏകദൈവത്തിലധിഷ്‌ഠിതമായ മതത്തിന്റെ തുടര്‍ച്ച മാത്രമാണ്‌. എല്ലാ കാലത്തും ഏകദൈവത്തില്‍ വിശ്വസിക്കുകയും പ്രവാചകന്‍മാരെ അനുസരിക്കുകയും ചെയ്‌തവര്‍ തത്വത്തില്‍ മുസ്‌ലിംകള്‍ തന്നെയാണ്‌. ഇസ്‌ലാം-മുസ്‌ലിം തുടങ്ങിയ സംജ്‌ഞകള്‍ പില്‍ക്കാലത്ത്‌ വന്നതാണെങ്കില്‍ പോലും. മനുഷ്യര്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുകയും ഭൂമിയില്‍ അധര്‍മം കൊടികുത്തി വാഴുകയും ചെയ്യുന്ന ഘട്ടങ്ങളിലാണ്‌ പ്രവാചക നിയോഗങ്ങളുണ്ടായതെന്ന്‌ ചരിത്രത്തില്‍ കാണാന്‍ കഴിയും. എല്ലാ പ്രവാചകന്‍മാരും മുന്നോട്ട്‌ വെച്ച അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍ ഒന്ന്‌ തന്നെയാണെങ്കിലും ജനങ്ങളുടെ നാഗരിക-സാംസ്‌ക്കാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ ജീവിത പദ്ധതികളില്‍ ദൈവ കല്‍പ്പന പ്രകാരം ചില മാറ്റങ്ങള്‍ അധിക പ്രവാചകന്‍മാരും കൈകൊണ്ടിരുന്നു. കാലക്രമത്തില്‍ വരുന്ന ഇത്തരം മാറ്റങ്ങള്‍ ഉള്‍കൊളളാന്‍ തയ്യാറാവണമെന്ന്‌ എല്ലാ സമൂഹവും തങ്ങളുടെ പ്രവാചകന്‍മാരാല്‍ കല്‍പ്പിക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ കല്‍പ്പന സ്വീകരിക്കാന്‍ തയ്യാറാവാത്തതാണ്‌ ഇന്നുളള ചില മതങ്ങളുടെ ഉത്ഭവ കാരണമായി കരുതപ്പെടുന്നത്‌. ഉദാഹരണത്തിന്‌ മോശ പ്രവാചകന്റെ അനുയായികള്‍ പിന്നീട്‌ വന്ന യേശു പ്രവാചകനില്‍ വിശ്വസിക്കാതിരിക്കുകയും അദ്ദേഹം കൊണ്ട്‌ വന്ന മാറ്റങ്ങള്‍ ഉള്‍കൊളളാതിരിക്കുകയും ചെയ്‌തതാണ്‌ ജൂതര്‍ എന്ന പ്രത്യേക മതവിഭാഗം ഉടലെടുക്കാന്‍ കാരണമായിത്തീര്‍ന്നത്‌.

ഇങ്ങനെ നോക്കുമ്പോള്‍ ഭൂമിയില്‍ ഏറ്റവും അവസാനം വന്ന പ്രവാചകനായ മുഹമ്മദ്‌ നബിയില്‍ വിശ്വസിക്കാനും അവര്‍ കൊണ്ട്‌ വന്ന മാറ്റങ്ങള്‍ ഉള്‍കൊളളാനും എല്ലാ വിഭാഗം ജനങ്ങളും ബാധ്യസ്ഥരാണ്‌. ഒരു മുസ്‌ലിം മുഹമ്മദ്‌ നബിയില്‍ മാത്രമല്ല, മുന്‍ കഴിഞ്ഞ എല്ലാ പ്രവാചകന്‍മാരിലും വിശ്വസിക്കാന്‍ ബാധ്യസ്ഥനാണ്‌. ജൂത വിഭാഗം മോശ പ്രവാചകനെ സ്‌നേഹിക്കുന്നത്‌ പോലെയോ അതിലുപരിയായോ മുസ്‌ലിംകളും മൂസാ നബിയെ സ്‌നേഹിക്കുന്നുണ്ട്‌. ക്രിസ്‌തിയാനികള്‍ യേശുവിനെ സ്‌നേഹിക്കുന്നത്‌ പോലെയോ അതിലുപരിയായോ മുസ്‌ലിംകളും ഈസാ നബിയെ സ്‌നേഹിക്കുന്നുണ്ട്‌. പക്ഷെ അവരെല്ലാം ദൈവത്തിന്റെ സൃഷ്‌ടികളാണ്‌, മനുഷ്യര്‍ക്ക്‌ മാര്‍ഗ ദര്‍ശനം നല്‍കാന്‍ ദൈവം തെരെഞ്ഞടുത്ത പ്രവാചകന്‍മാരാണ്‌ എന്ന പരിഗണനയിലാണെന്ന്‌ മാത്രം.

ഇവിടെ, അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബിയില്‍ വിശ്വസിക്കുന്നതോടെ മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക്‌ ഒരേ സമയം തങ്ങളുടെ ആദര പുരുഷന്‍മാരെ സ്‌നേഹിക്കാനും സത്യ മതത്തിന്റെ പക്ഷം ചേര്‍ന്ന്‌ നില്‍ക്കാനും സാധിക്കുന്നു. അതേസമയം മുഹമ്മദ്‌ നബിയില്‍ വിശ്വസിക്കാതിരിക്കുന്ന കാലത്തോളം അവരോട്‌ കാണിക്കുന്ന തങ്ങളുടെ ആദരവും സ്‌നേഹവും വൃഥാവിലാവുകയും സത്യത്തില്‍ നിന്ന്‌ മാര്‍ഗ ഭ്രംശം സംഭവിക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങളുടെയും അടിസ്ഥാനം അതിന്റെ മതഗ്രന്ഥങ്ങളാണ്‌. മതഗ്രന്ഥങ്ങള്‍ ദൈവത്തിന്റെ വചനങ്ങളോ ദൈവനിവേഷിതമായ സംസാരങ്ങളോ സമാഹരിച്ചുണ്ടാക്കപ്പെട്ടതാണ്‌. അതില്‍ മനുഷ്യര്‍ കൈകടത്തലുകളും മാറ്റിത്തിരുത്തലുകളും നടത്തുമ്പോള്‍ വൈരുദ്ധ്യങ്ങളുണ്ടാവുന്നു, അങ്ങനെ അതിന്റെ വിശ്വാസ്യത നഷ്‌ടപ്പെടുകയും ചെയ്യുന്നു. പല ഗ്രന്ഥങ്ങളും ചില പ്രത്യേക കാലങ്ങളിലേക്കും സമൂഹങ്ങളിലേക്കും അവതരിക്കപ്പെട്ടതായിരുന്നു. ഒരു നിശ്ചിത കാലം കഴിയുമ്പോള്‍ മുമ്പുളളതിനെ അപ്രസക്തമാക്കുകയോ അല്ലെങ്കില്‍ ആദ്യത്തേത്‌ നിലനിര്‍ത്തി നവീകൃതമായ പുതിയ ഒന്ന്‌ കൂടി അവതരിപ്പിക്കുകയോ ആണ്‌ ദൈവീക രീതി.

ഈ രീതിയനുസരിച്ച്‌ മനുഷ്യന്‌ ഏറ്റവും അവസാനം ഇറക്കപ്പെട്ട ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. ഖുര്‍ആന്റെ അവതരണത്തോടെ മറ്റ്‌ ഗ്രന്ഥങ്ങള്‍ അപ്രസക്തമാണ്‌. മാത്രമല്ല എല്ലാ മതഗ്രന്ഥങ്ങളേയും അംഗീകരിക്കുന്ന ഖുര്‍ആന്‍ മനുഷ്യ കൈക്കടത്തലുകള്‍ സംഭവിക്കാത്ത ദൈവവചനങ്ങള്‍ ലഭിക്കണമെങ്കില്‍ ഖുര്‍ആനെ മാത്രം ആശ്രയിക്കമമെന്ന്‌ ആവശ്യപ്പെടുന്നു. ഇന്ന്‌ പലരും പിന്തുടര്‍ന്ന്‌ കൊണ്ടിരിക്കുന്ന ദൈവ സങ്കല്‍പ്പങ്ങള്‍ യഥാര്‍ത്ഥ ദൈവത്തിന്റെ മഹത്വത്തിന്‌ നിരക്കാത്തതും മനുഷ്യ യുക്തിക്ക്‌ അംഗീകരിക്കാന്‍ കഴിയാത്തതുമാണ്‌്‌. മനുഷ്യന്‌ ദൈവത്തോട്‌ ചെയ്യാവുന്ന ഏറ്റവും വലിയ പാതകം ദൈവത്തിന്‌ തുല്യരുണ്ടെന്ന്‌ വിശ്വസിക്കുകയും അവന്‌ മാത്രം അവകാശമുളള ആരാധനയില്‍ സൃഷ്‌ടികള്‍ക്ക്‌ പങ്ക്‌ നല്‍കുകയും ചെയ്യുക എന്നതാണ്‌. ഇസ്‌ലാമല്ലാത്ത എല്ലാ മതങ്ങളും ഏതെങ്കിലും വിധത്തില്‍ ഇത്തരം സൃഷ്‌ടി പൂജയെ അംഗീകരിക്കുന്നവരോ അനുഷ്‌ഠിക്കുന്നവരോ ആണ്‌.

മനുഷ്യന്‍ ഉണ്ടാക്കിയെടുക്കുന്ന ബഹുദൈവ സങ്കല്‍പ്പങ്ങളും തന്റെ പരിമിതമായ ബുദ്ധിയുപയോഗിച്ച്‌ ദൈവത്തിന്‌ കല്‍പ്പിക്കുന്ന ഗുണവിശേഷങ്ങളും ദൈവമൊരിക്കലും ഇഷ്‌ടപ്പെടില്ല. ഇവിടെ, ദൈവം തന്നെ പരിചയപ്പെടുത്തുന്നതും മനുഷ്യ യുക്തിക്ക്‌ നിരക്കുന്നതുമായ ഒരു ദൈവ സങ്കല്‍പ്പമാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്നത്‌. അതനുസരിച്ചുളള ആരാധന ദൈവത്തെ പ്രീതിപ്പെടുത്തുന്നതും മനുഷ്യന്‌ സംതൃപ്‌തി നല്‍കുന്നതുമായിരിക്കും. മനുഷ്യന്റെ വ്യക്തിപരവും സമൂഹപരവുമായ എല്ലാ മേഖലകളേയും സ്‌പര്‍ശിക്കുന്ന ജീവിതപദ്ധതിയാണ്‌ ഇസ്‌ലാമിന്റേത്‌. അടുക്കള മുതല്‍ അന്താരാഷ്‌ട്രീയം വരേയുളള എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്‌. ദൈവത്തിനുളളത്‌ ദൈവത്തിന്‌ സീസര്‍ക്കുളളത്‌ സീസര്‍ക്ക്‌ എന്ന സിദ്ധാന്തത്തിനപ്പുറം മനുഷ്യനുമായി ബന്ധിക്കുന്ന എല്ലാ കാര്യങ്ങളും മതത്തിനകത്ത്‌ വെച്ച്‌ തന്നെ ചര്‍ച്ച ചെയ്യുകയാണ്‌ ഇസ്‌ലാം ചെയ്യുന്നത്‌. മനുഷ്യന്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും പരിഗണിച്ച്‌ കൊണ്ടാണ്‌ അതിന്റെ ജീവിത ദര്‍ശനം ആവിഷ്‌ക്കരിച്ചിട്ടുളളത്‌. അന്ധമായ ആത്മീയതക്കും അതിഭൗതികതക്കുമിടയിലാണ്‌ ഇസ്‌ലാമിന്റെ സ്ഥാനം. ഭരണാധികാരിയും ഭരണീയനും സ്‌ത്രീയും പുരുഷനും വെളുത്തവനും കറുത്തവനും ധനികനും ദരിദ്രനും ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥിതിയില്‍ തുല്യ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്‌. ഭാഷ, ദേശ, ലിംഗ, വര്‍ണ വൈജാത്യങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ ഒരു സ്ഥാനവുമില്ല. ഭൂലോകത്ത്‌ തിന്മകള്‍ നിരുത്സാഹപ്പെടുത്തുന്നതിലും സമാധാനം പുനസ്ഥാപ്പിക്കുന്നതിലും ഇസ്‌ലാം കൈകൊളളുന്ന നിലപാട്‌ മറ്റു മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനാവത്തതാണ്‌. പ്രത്യക്ഷത്തില്‍ കണിശമെന്ന്‌ തോന്നിക്കുന്നതും എന്നാല്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പ്‌ വരുത്താന്‍ ആവശ്യവുമായ ഇസ്‌ലാമിക ശിക്ഷാനിയമത്തിന്റെ പ്രസക്തി മനസ്സിലാവണമെങ്കില്‍ അത്‌ നടപ്പിലാക്കിയ മുസ്‌ലിം രാജ്യങ്ങളിലേയും അതില്ലാത്ത മറ്റു പാശ്ചാത്യ-പൗരസത്യ രാജ്യങ്ങളിലേയും കുറ്റകൃത്യങ്ങളുടെ കണക്ക്‌ എടുത്ത്‌ നോക്കിയാല്‍ മതി. ഏത്‌ സമയത്തും ആരേയും പേടിക്കാതെ ഒരു സ്‌ത്രീക്ക്‌ തനിച്ച്‌ തെരുവിലിറങ്ങി നടക്കാന്‍ മുസ്‌ലിം രാജ്യങ്ങളില്‍ സാധിക്കുന്നത്‌ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നത്‌ വഴി ഇസ്‌ലാം ഉറപ്പ്‌ വരുത്തുന്ന സാമൂഹിക സുരക്ഷയുടെ ഫലമായാണ്‌.

മാത്രമല്ല ഇസ്‌ലാമിന്റെ പരലോകത്തിലും നരക-സ്വര്‍ഗങ്ങളിലുമുളള വിശ്വാസം മനുഷ്യനെ രഹസ്യമായ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ പോലും പിന്തിരിപ്പിക്കാന്‍ പര്യാപ്‌തമാണ്‌. എല്ലാ മതങ്ങളും നന്മ-തിന്മകള്‍ വേര്‍ത്തിരിച്ച്‌ നന്മകള്‍ ചെയ്യാനും തിന്മകള്‍ വെടിയാനും അനുയായികളോട്‌ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതെങ്ങനെ പ്രായോഗിക ജീവിതത്തില്‍ കൊണ്ട്‌ വരാമെന്ന വശം കൂടി ഇസ്‌ലാം കാണിച്ച്‌ കൊടുക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ മോഷണം പാടില്ലെന്ന്‌ പറയുമ്പോള്‍ തന്നെ അതിന്റെ സാഹചര്യമായ ദാരിദ്ര്യം സമൂഹത്തില്‍ നിന്ന്‌ ഇല്ലാതാക്കാന്‍ ധനികന്‍ എല്ലാ വര്‍ഷവും സകാത്ത്‌ (നിര്‍ബന്ധ ദാനം) നല്‍കണമെന്ന്‌ ഇസ്‌ലാം ആവശ്യപ്പെടുന്നു. അത്‌ പോലെ വ്യഭിചാരം പാടില്ലെന്ന്‌ പറയുന്ന ഇസ്‌ലാം അതിന്റെ സാധ്യ മേഖലയായ സത്രീ-പുരുഷ സമ്പര്‍ക്കം വിരോധിക്കുകയും സ്‌ത്രീയും പുരുഷനും മാന്യമായ വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ കാര്യങ്ങളിലും മനുഷ്യന്റെ പ്രകൃതിയും സ്വഭാവവും കണക്കിലെടുത്ത്‌ കൊണ്ടുളള മനഃശാസ്‌ത്രപരമായ നിലപാടാണ്‌ ഇസ്‌ലാം സ്വീകരിക്കുന്നത്‌. ചുരുക്കത്തില്‍ മുകളില്‍ വിവരിച്ചതും അല്ലാത്തതുമായ ഒരുപാട്‌ കാരണങ്ങള്‍ കൊണ്ട്‌ ഇസ്‌ലാം മറ്റു മതങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണാന്‍ കഴിയും. വളരെ നിഷ്‌പക്ഷതയോടെ മത താരതമ്യപഠനം നടത്തുന്ന ഏതൊരാള്‍ക്കും ഇസ്‌ലാമിന്റെ ഈ പ്രസക്തി മനസ്സിലാക്കാന്‍ സാധിക്കും. അത്‌കൊണ്ട്‌ തന്നെ ഏറ്റവും നൂതനവും അന്യൂനവുമായ മാര്‍ഗദര്‍ശനം ലഭിക്കുന്നതിന്‌ ഇസ്‌ലാം മാത്രമാണ്‌ പോംവഴി. (നാഥന്റെ മാര്‍ഗം )

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter