ഞങ്ങള്‍  അഭയാര്‍ത്ഥികള്‍; സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക

ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാംപില്‍നിന്നും അല്‍ജസീറ ലേഖകന്‍ കാത്തെ ആര്‍നോള്‍ഡ് അറാകാനില്‍നിന്നും പലായനം ചെയ്‌തെത്തിയ റോഹിങ്ക്യകളുമായി നടത്തിയ സംസാരത്തില്‍നിന്നും ചില ഭാഗങ്ങള്‍. 

ഞാന്‍ റാഖിന്‍ പ്രദേശത്തെ ബുധിഡോങ്ങില്‍ കൃഷി ചെയ്തുവന്നിരുന്ന വ്യക്തിയായിരുന്നു. ഞങ്ങളുടെ പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരായിരുന്നു.ജോലി ചെയ്യാനോ പഠിക്കാനോ ഉള്ള അവകാശം ഇല്ലാത്തതിനാല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ഞങ്ങള്‍ക്ക് അന്യമായിരുന്നു. പൊലിസിലോ പട്ടാളത്തിലോ മികച്ച വരുമാനങ്ങളുള്ള ഇടങ്ങളിലോ ജോലികള്‍ ലഭിച്ചിരുന്നില്ല.പാടങ്ങളില്‍ പണിയെടുക്കും, അല്ലങ്കില്‍ കാട്ടില്‍ പോയി മുളകള്‍ ശേഖരിക്കും, ഇതായിരുന്നു ഉപജീവന മാര്‍ഗങ്ങള്‍.

കഷ്ടിച്ച് ജീവിക്കാനുള്ള വകമാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം ഞങ്ങളുടെ ജീവിതത്തില്‍ അപൂര്‍വമായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബുദ്ധ സമൂഹവും സൈനികരും ഞങ്ങളുടെ ഗ്രാമത്തിലേക്ക് ആക്രമണങ്ങള്‍ക്കായി വന്നത്. ഗ്രാമീണരായ ഓരോരുത്തരെയും വെടവയ്ക്കുകയും വീടുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. എന്റെ സഹോദരന്റെ മുഖത്തേക്ക് അവര്‍ നിറയൊഴിച്ചതിനാല്‍ അവന്‍ ഉടനെ ഞങ്ങളെ വിട്ട് ഈ ലോകത്തുനിന്ന് വിടപറഞ്ഞു.എല്ലാം വിട്ടെറിഞ്ഞ് ഓടലായിരുന്നു ഞങ്ങളുടെ മുന്നിലെ ഏക വഴി. അല്ലെങ്കില്‍ സഹോദരന്‍ അനുഭവിച്ചത് പോലെ ഞങ്ങളും വെടിയേറ്റ് മരിക്കേണ്ടിവരും.
എവിടേക്കാണ് പോകുന്നതെന്ന ധാരണ ഞങ്ങള്‍ക്കില്ലായിരുന്നു. പത്ത് ദിവസം അഭയം തേടി ഞങ്ങള്‍ നടന്നു. ഒടുവിലാണ് ബംഗ്ലാദേശിലേക്ക് എത്തിച്ചേര്‍ന്നത്. 

80 വയസുകാരിയായ എന്റെ ഉമ്മ തളര്‍വാതം വന്നു കിടപ്പിലാണ്. കൂടെ ആസ്തമ രോഗത്തിന്റെ പിടിയിലുമാണ്. പത്ത് ദിവസത്തെ യാത്രയിലുടനീളം അവരെ ഞാന്‍ അഭയകേന്ദ്രം എത്തുന്നത് വരെ ചുമന്ന് കൊണ്ടിരുന്നു. ബോട്ടിലൂടെ മൂന്ന് നദികള്‍ ഞങ്ങള്‍മുറിച്ചു കടന്നു. സൈന്യത്തിന്റെ മുന്നില്‍ പെട്ടപ്പോഴൊക്കെ വെടിവച്ച് ഞങ്ങളെ അവസാനിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു.നിരവധി വന്യമൃഗങ്ങള്‍ അധിവസിക്കുന്ന കാടുകളില്‍ ഭയന്ന് ഞങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അഭയം തേടിയുള്ള യാത്രയ്ക്ക് വിലങ്ങു തടിയായി നിരവധി സംഭവങ്ങളുണ്ടായിരുന്നു. പക്ഷെ അവകള്‍ തരണം ചെയ്ത് ഒടുവില്‍ ഞങ്ങള്‍ മ്യാന്മര്‍ അതിര്‍ത്തി കടന്നു. ഇപ്പോള്‍ ബംഗ്ലാദേശിലായിരിക്കുമ്പോള്‍ സുരക്ഷാ ബോധമുണ്ട്. ജനിച്ച മണ്ണിലേക്ക് മടങ്ങിപ്പോവുകയെന്നുള്ള ആഗ്രഹം മരണം വരെ അസാധ്യമായേക്കാം. ഇവിടെ ഞങ്ങളുടെ ജീവിതം സുരക്ഷിതമാണ്.

എന്നാല്‍, ബംഗ്ലാദേശിനെ സംബന്ധിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ല. നിരക്ഷരരായതിനാല്‍ എന്താണ് ഇവിടെ ചെയ്യാന്‍ കഴിയുകയെന്ന് ഒരു ബോധ്യവുമില്ല. ഏതെങ്കിലും കാലത്ത് മ്യാന്മറില്‍ സമാധാനം തിരികെ വരുകയാണെങ്കില്‍ ഞങ്ങളുടെ കുടുംബങ്ങളുള്ള അവിടത്തേക്ക് തിരിച്ചുപോകും.

റോഹിംഗ്യകള്‍ക്കെതിരേയുള്ള മ്യാന്‍മര്‍ സര്‍ക്കാരിന്റെ ക്രൂരതയെ ലോകം നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍, ഞങ്ങള്‍ക്കെതിരേയുള്ള സര്‍ക്കാരിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തേ ആരും ആവശ്യപ്പെടാത്തത്.ഞങ്ങള്‍ക്കറിയാം ഈ വിഷയത്തില്‍ പരിഹാരം കാണാല്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന്. എന്തെങ്കിലും താല്‍പര്യം ഞങ്ങളോട് ഉണ്ടെങ്കില്‍ ഇത്ര ക്രൂരത അനുഭവിക്കേണ്ടിവരില്ലായിരുന്നു. എന്തേ അന്താരാഷ്ട്രസമൂഹം ഈ ദുരിതങ്ങളൊന്ന് അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താത്തത്.

എനിക്ക് ലോകത്തോട് പറയാനുള്ളത് മനുഷ്യന്മാര്‍ എന്നും മനുഷ്യരാണ്. മതങ്ങളും ഒരിക്കലും അവരെ വേര്‍തിരിക്കുന്നില്ല. ഞങ്ങള്‍ക്കുള്ളതു പോലെയുള്ള രക്തവും മാംസവുമാണ് ബുദ്ധന്മാര്‍ക്കുമുള്ളത്. അവര്‍ സമാധാനത്തോടെ മ്യാന്മറില്‍ ജീവിക്കുന്നു.ഞങ്ങള്‍ക്കതിനാവുന്നില്ല. എല്ലാ മനുഷ്യരും പിറന്നു വീഴുന്നത് തുല്യമായിട്ടാണ്.

Al Jazeera.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter