മിസിസ് മാവിഷ് ഇസ്‌ലാമിനെ തെരഞ്ഞെടുക്കാനുണ്ടായ കാര്യം

ബ്രിട്ടനില്‍ ഒരു ക്രിസ്ത്യാനിയായാണു ഞാന്‍ ജനിച്ചത്. ഞാനൊരു ബാപ്റ്റിസ്റ്റായിരുന്നു. ബൈബിളിന്റെ ഇന്നത്തെ കോപ്പികളിലുള്ള പഠനത്തെ അടിസ്ഥാനമാക്കിയ ഒരു വിദ്യാഭ്യാസമാണ് എനിക്കു നല്‍കപ്പെട്ടതും അതിലൂടെയാണു ഞാന്‍ വളര്‍ന്ന് വലുതായതും. കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ സ്ഥിരമായി ചര്‍ച്ചില്‍ പോകുമായിരുന്നു. അവിടെ പ്രൗഢമായി വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പുരോഹിതന്മാരും പ്രസംഗ വേദിയില്‍ കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികളും, സുഗന്ധദ്രവ്യങ്ങളുടെ ഗന്ധവും വിവിധ വര്‍ണത്തിലും ഭംഗിയിലുമുള്ള വിളക്കുകളും സംഗീതക്കച്ചേരിയും എനിക്ക് വലിയ ആശ്ചര്യമായിരുന്നു. അത് എന്നില്‍ ആഴത്തില്‍ മതിപ്പുളവാക്കിയിരുന്നു. അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാതെ സാകൂതം ഞാന്‍ ശ്രദ്ധിച്ചിരുന്ന പ്രാര്‍ത്ഥനകള്‍ എന്നില്‍ വലിയ വിറയലും കുലുക്കവും സൃഷ്ടിക്കുമായിരുന്നു. ഞാന്‍ ഒരു മതഭക്തയായ ക്രിസ്ത്യാനിയാണെന്നു വരെ ഞാന്‍ അറിയാതെ ആലോചിച്ചുപോകും.

വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിയപ്പോള്‍ എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയും അക്കാലം വരെ പരിപൂര്‍ണ വിശ്വാസത്തോടെ കൊണ്ടുനടന്നിരുന്ന ക്രിസ്റ്റ്യാനിറ്റിയില്‍ ചില അബദ്ധങ്ങള്‍ ഞാന്‍ കണ്ടെത്തിത്തുടങ്ങുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞുപോകുന്തോറും എന്റെ സംശയങ്ങള്‍ കൂടിക്കൂടി വരുന്നതായി ഞാന്‍ ശ്രദ്ധിച്ചു. ക്രിസ്റ്റ്യാനിറ്റിയോട് ക്രമാനുഗതമായ ഒരു ഉദാസീനത എന്നില്‍ വളര്‍ന്നു വികസിച്ചു. ഒടുവില്‍ എല്ലാ മതങ്ങളെയും തള്ളിപ്പറയുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. ഒരു കാലത്ത് അതായത്, ചെറുപ്പക്കാലത്ത് എന്റെ ആദരവിന്റെ കേന്ദ്ര ബിന്ദുവായിരുന്ന ചര്‍ച്ചിനെ സംബന്ധിച്ചുള്ള ശോഭയാര്‍ന്ന കാഴ്ചപ്പാടൊക്കെ ഇപ്പോള്‍ മങ്ങിപ്പോയിരിക്കുന്നു. കോളജില്‍നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഞാനൊരു നിരീശ്വരവാദിയായി മാറിയിരുന്നു. പക്ഷേ, ഒന്നിലും വിശ്വസിക്കാതിരിക്കല്‍ മനുഷ്യനെയും അവന്റെ ആത്മാവിനെയും ശൂന്യമാക്കുകയും നിത്യനിതാന്തമായ നിരാശയും ബലഹീനതയും മനുഷ്യനില്‍ അവശേഷിപ്പിക്കുകയും ചെയ്യുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ എനിക്ക് കൂടുതല്‍ കാലമെടുക്കേണ്ടിവന്നില്ല. മനുഷ്യന് അഭയം നല്‍കുന്ന ചില ശക്തി തീര്‍ച്ചയായും അത്യന്താപേക്ഷിതമാണ്. ഏതായാലും മറ്റു മതങ്ങളെക്കുറിച്ച് പഠിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ആദ്യം ഞാന്‍ ബുദ്ധിസത്തെ കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. 'അഷ്ടമാര്‍ഗങ്ങള്‍' എന്നു പറയുന്ന അവരുടെ വളരെ അത്യാവശ്യമായ കാര്യങ്ങള്‍ ഞാന്‍ സസൂക്ഷ്മം പരിശോധിച്ചു. മനോഹരമായ തത്വോപദേശങ്ങളും ആഴമേറിയ ദാര്‍ശനികതയും അടങ്ങിയതായിരുന്ന ആ അഷ്ടമാര്‍ഗങ്ങള്‍. പക്ഷേ, ഒരു നിശ്ചിത നേര്‍വഴി കാണിച്ചുകൊടുക്കുകയോ ആ നേര്‍വഴി തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിവരം നല്‍കുകയോ ചെയ്യുന്ന ഒന്നും അതില്‍ എവിടെയും ഇല്ല. പിന്നെ മജൂസി മതത്തെയാണ് ഞാന്‍ തെരഞ്ഞെടുത്തത്. ത്രിയേകത്വത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന് സമാധാനിച്ചെങ്കിലും ഒരുപാട് ദേവതകളുള്ള ഒരു മതവുമായാണ് എനിക്ക് ഇപ്രാവശ്യം ഏറ്റുമുട്ടേണ്ടിവന്നത്. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, ഇത് ഒരു മതമായി സ്വീകരിക്കാന്‍ കഴിയാത്തത്ര അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറഞ്ഞതായിരുന്നു. എന്നാല്‍, പിന്നെ ജൂതമതത്തെ കുറിച്ച് പഠിക്കാമെന്നു വിചാരിച്ചു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മതമൊന്നുമല്ല. കാരണം, ബൈബിളിലെ പഴയ നിമയത്തിന്റെ ഒരു ഭാഗം ഒരേസമയം തന്നെ ജൂത ഗ്രന്ഥത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ജൂത മതവും എന്നെ തൃപ്തിപ്പെടുത്തിയില്ല.

അതെ, ഒരേയൊരു ദൈവത്തില്‍ ജൂതന്‍മാര്‍ വിശ്വസിക്കുന്നു. അതു ഞാന്‍ പൂര്‍ണമായും അംഗീകരിച്ചുകൊടുക്കുന്നു. പക്ഷേ, പല സങ്കീര്‍ണമായ ആരാധനകളിലേക്കും ആചാരങ്ങളിലേക്കും അവര്‍ തിരിയുകയും മറ്റു മതങ്ങളിലുള്ള സത്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നുവെന്നതാണ് അതിലുള്ള കുഴപ്പം. സ്പിരിച്ച്വാലിസം ഒന്നു പരീക്ഷിച്ചു  നോക്കിക്കൂടെ എന്ന് എന്റെ ഒരു ഫ്രണ്ട് നിര്‍ദ്ദേശിച്ചു. 'മരിച്ചവരുടെ ആത്മാക്കളില്‍നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുക'-ഇതാണ് സ്പിരിച്ച്വാലിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതൊരു മതത്തിനു പകരം നില്‍ക്കും''-അദ്ദേഹം പറഞ്ഞു. അതിനും എന്നെ തൃപ്തിപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. കാരണം, സ്പിരിച്ചാലിസം ഒരുതരം സെല്‍ഫ് ഹിപ്‌നോട്ടിസം ഉള്ളടങ്ങിയതാണെന്നും ആയതിനാല്‍ അത് ഒരു നിലയ്ക്കും മനുഷ്യന്റെ ആത്മാവിനു പോഷകമാവുകയില്ലെന്നും തിരിച്ചറിയാന്‍ എനിക്കു വളരെ കുറഞ്ഞ സമയമേ എടുക്കേണ്ടിവന്നുള്ളൂ. രണ്ടാം ലോക യുദ്ധം അവസാനിച്ചു. ഞാനൊരു ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷേ, തന്റെ ആത്മാവ് അപ്പോഴും ഒരു മതത്തിനുവേണ്ടി തീവ്രമായി ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പത്രത്തില്‍ ഒരു പരസ്യം ഞാന്‍ കാണുന്നത്. ''ജീസസിന്റെ(ഈസ(അ)) ദിവ്യത്വം' എന്ന വിഷയത്തില്‍ ഒരു കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നു എന്നാണ് ആ പരസ്യത്തില്‍ പറയുന്നത്. ഇതര മത വിശ്വാസികളും കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കുന്നു എന്ന് അതില്‍ പ്രത്യേകം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പരസ്യം ആഴത്തില്‍ വേരൂന്നിയിരുന്ന എന്റെ ആഗ്രഹത്തെ ചൈതന്യമുറ്റതാക്കി മാറ്റി. കാരണം, ഈ കോണ്‍ഫ്രന്‍സില്‍ അവര്‍ 'ഈസ(അ) ദൈവത്തിന്റെ പുത്രനാണോ?' എന്ന് ചര്‍ച്ച ചെയ്യാന്‍ പോവുകയാണ്. അങ്ങനെ ഞാന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. അവിടെ ഞാനൊരു മുസ്‌ലിം സഹോദരനെ കാണാനിടയായി. എന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മറുപടി വളരെ മനോഹരവും യുക്തിയുക്തവുമായിരുന്നു. അങ്ങനെ ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. ഇത് മുമ്പൊരിക്കലും എന്റെ മനസ്സില്‍ ഉദിക്കുകപോലും ചെയ്യാത്ത ഒരു സംഗതിയായിരുന്നു. ആദ്യം ഞാന്‍ മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ വിവര്‍ത്തനം വായിക്കാന്‍ തുടങ്ങി.

ഈ വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ പ്രഖ്യാപനവും കാലം കണ്ട ഏറ്റവും പ്രസിദ്ധരായ രാജ്യതന്ത്രജ്ഞര്‍ നടത്തുന്ന പ്രഖ്യാപനങ്ങളെക്കാളും എത്രയോ ഉന്നതവും ഉത്കൃഷ്ടവുമാണെന്ന് വളരെ ആശ്ചര്യത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇത് എന്നില്‍ ശക്തമായ ആദരവും ബഹുമാനവും ഉദ്ദീപിപ്പിച്ചു. ഇതിലെ ഓരോ വാക്കുകളും മനുഷ്യന്റെ ഭാഷാ കഴിവിനും എത്രയോ അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാം ഒരു കെട്ടിച്ചമക്കപ്പെട്ട മതമാണെന്നും വിശുദ്ധ ഖുര്‍ആന്‍ വെറും കെട്ടുകഥകളാണെന്നുമുള്ള കള്ള വാദങ്ങള്‍ എനിക്ക് കൂടുതല്‍ കാലം വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഷങ്ങളായി ഈയൊരു തെറ്റായ പാഠങ്ങളാണ് അവര്‍ ഞങ്ങള്‍ക്കു നല്‍കിക്കൊണ്ടിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു കെട്ടിച്ചമയ്ക്കപ്പെട്ട ഗ്രന്ഥമല്ല. പരിപൂര്‍ണതയുടെ ഉച്ചിയില്‍ നില്‍ക്കുന്ന അതിലെ പ്രഖ്യാപനങ്ങള്‍ മനുഷ്യവര്‍ഗത്തിനുമപ്പുറമുള്ള ഒരു ശക്തിക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നിട്ടും എനിക്ക് സംശയം തീര്‍ന്നിട്ടില്ലായിരുന്നു. ഇസ്‌ലാം സ്വീകരിച്ച ചില ബ്രിട്ടീഷ് സ്ത്രീകളുമായി ഞാന്‍ സംസാരിച്ചു. എന്നെ സഹായിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ ചില പുസ്തകങ്ങള്‍ എനിക്ക് നിര്‍ദേശിച്ചുതന്നു. മുഹമ്മദ് നബി(സ്വ)യെയും ഈസ നബി(അ)യെയും തമ്മില്‍ താരതമ്യം ചെയ്യുന്ന 'ങൗവമാാലറ മിറ ഇവൃശേെ' എന്ന പുസ്തകവും ഇസ്‌ലാം മതത്തെ കുറിച്ച് വിശദീകരിക്കുന്ന 'ഠവല ഞലഹശഴശീി ീള കഹെമാ' എന്ന ഒരു പുസ്തകവും ക്രിസ്ത്യാനികളുടെ ബഹുഭൂരിഭാഗം ആരാധനാമുറകളും പൗരാണികവും പ്രാചീനവുമായ ആളുകള്‍ നിര്‍വഹിച്ച അനാചാരങ്ങളുടെ തുടര്‍ച്ചയാണെന്നും ഇന്നത്തെ ക്രിസ്റ്റ്യാനിറ്റി യഥാര്‍ത്ഥത്തില്‍ ഒരു വിഗ്രഹപൂജകരുടെ മതമാണെന്നും അങ്ങേയറ്റം സ്പഷ്ടമായ രീതിയില്‍ വിശദീകരിക്കുന്ന 'ഠവല ടീൗൃരല െീള ഇവൃശേെശമിശ്യേ' എന്ന മറ്റൊരു പുസ്തകവും അതിലുണ്ടായിരുന്നു. ഖുര്‍ആനില്‍ ഒരുപാട് ആവര്‍ത്തനങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ആദ്യ തവണ വായിച്ചപ്പോള്‍ എനിക്ക് വലിയ മുഷിപ്പ് തോന്നിയിരുന്നു എന്ന സത്യം ഞാന്‍ തുറന്നു പറയുന്നു.

വിശുദ്ധ ഖുര്‍ആന്‍ വളരെ സാവധാനത്തില്‍ മാത്രമേ മനുഷ്യന്റെ ആത്മാവിലേക്ക് കയറുകയുള്ളൂ എന്ന കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ഇതു മനസ്സിലാക്കാത്തതായിരുന്നു എനിക്കു പറ്റിയ ആദ്യത്തെ തെറ്റ്. വിശുദ്ധ ഖുര്‍ആന്‍ നല്ലവണ്ണം മനസ്സിലാക്കാനും അതുമായി നല്ല ആത്മബന്ധം സ്ഥാപിക്കാനും ഖുര്‍ആന്‍ ഒരുപാട് തവണ വായിക്കല്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ, വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ വായിക്കുന്തോറും മുമ്പുള്ളതിനെക്കാള്‍ ശക്തമായി അതുമായി ഞാന്‍ ആത്മബന്ധമുള്ളവളായിത്തീര്‍ന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ വര്‍ഗത്തിന് ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയും വ്യക്തമായ വഴികാട്ടിയുമാണെന്ന വസ്തുതയാണ് എന്നില്‍ ഏറെ മതിപ്പുണ്ടാക്കിത്തീര്‍ത്തത്. മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നും ഖുര്‍ആനില്‍ ഇല്ലതന്നെ. മുസ്‌ലിംകള്‍ അവരുടെ പ്രവാചകനെ അവരെപ്പോലെയുള്ള ഒരു മനുഷ്യനായാണു കാണുന്നത്. പ്രവാചകന്‍മാര്‍ തെറ്റ് ചെയ്യാത്തവരും പാപസുരക്ഷിതരുമാണ്, അവരുടെ ബൗദ്ധികവും ധാര്‍മികവുമായ പദവികളാണ് അവരെ ഉന്നതരാക്കുന്നത്, ഇവ മാത്രമാണ്  പ്രവാചകന്‍മാരെ മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തരാക്കുന്ന സംഗതികള്‍ എന്നാണ് മുസ്‌ലിംകളുടെ പക്ഷം. പ്രവാചകന്‍മാര്‍ ഒരിക്കലും ദിവ്യത്വത്തിലേക്ക് അടുക്കുകപോലുമില്ല. മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു പ്രവാചകനും വരികയില്ലെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ഞാനത് നിഷേധിച്ചു. 'എന്തുകൊണ്ട് മറ്റൊരു പ്രവാചകന്‍ ഉണ്ടായിക്കൂടാ?'-ഞാന്‍ ചോദിച്ചു. എന്റെ മുസ്‌ലിം സഹോദരന്റെ വിശദീകരണം ഇങ്ങനെയായിരുന്നു: ''മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ഒരാള്‍ക്ക് ആവശ്യമായ മുഴുവന്‍ ധാര്‍മിക ഗുണപാഠങ്ങളും നല്‍കുകയും അല്ലാഹുവിന്റെ അസ്ഥിത്വം അംഗീകരിക്കുന്നതിലേക്ക് അവനെ നയിക്കുന്ന നേരായ പാത കാണിച്ചുകൊടുക്കുകയും ഈ ലോകത്തും പരലോകത്തും രക്ഷയും സമാധാനവും ലഭിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു.'' 14 നൂറ്റാണ്ട്  മുമ്പ് എങ്ങനെയാണോ അതുപോലെത്തന്നെ ഇന്നും നിലനില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനിലെ അടിസ്ഥാന കാര്യങ്ങള്‍ ഇന്നത്തെ ജീവിതരീതികളോടും ഇന്നത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളോടും പൂര്‍ണമായും ഐക്യരൂപമുള്ളതാണെന്ന സത്യം തന്നെ അതിലെ പ്രഖ്യാപനങ്ങള്‍ സത്യസന്ധമാണെന്നതിനു മതിയായ തെളിവാണ്. പക്ഷേ, ഞാന്‍ അപ്പോഴും എതിര്‍ക്കുകയായിരുന്നു. കാരണം, നാം ഇപ്പോള്‍ ഉള്ളത് 1954ലാണ്. അതായത് 14 നൂറ്റാണ്ടുകള്‍ക്കിപ്പുറം.

571ല്‍ ജനിച്ച മുഹമ്മദ് നബി(സ്വ) കൈമാറിയ തത്വങ്ങളെ ഇന്നത്തെ അവസ്ഥകളുമായി തുലനപ്പെടുത്താത്ത ഒരു പഴഞ്ചന്‍ ശൈലി പോലും ഇസ്‌ലാമിലില്ലെന്നോ? ഞാന്‍ അത്ഭുതപ്പെട്ടു. അങ്ങനെ ഇസ്‌ലാമിലെ തെറ്റുകള്‍ കണ്ടുപിടിക്കുക എന്ന അത്യന്തം ദുഷ്‌ക്കരമായ അന്വേഷണത്തില്‍ ഞാന്‍ ഏര്‍പ്പെട്ടു. ഇസ്‌ലാം വളരെ തരം താണതും നാസ്തികവുമായ മതമാണെന്ന തെറ്റായ ആശയം നമ്മുടെ ശൈശവ മനസ്സുകളിലേക്ക് അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ക്രിസ്തീയ പുരോഹിതര്‍ ഇസ്‌ലാമിനെതിരേ തളരാതെ വാതോരാതെ ആവര്‍ത്തിക്കുന്ന മോശമായ ആരോപണങ്ങളില്‍ വേരൂന്നിയതായിരുന്നു ഇസ്‌ലാമില്‍ തെറ്റ് കണ്ടെത്താനുള്ള എന്റെ ശ്രമങ്ങള്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടതില്ല. എന്നാല്‍, എന്റെ ആത്മാവ് ഇസ്‌ലാമില്‍ പൂര്‍ണ വിശ്വാസം നേടിയെടുത്തു കഴിഞ്ഞിരുന്നു എന്നതാണ് സത്യം. അടുത്ത എന്റെ ഊഴം ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ സംബന്ധിച്ചായിരുന്നു. ഇവിടെ ഞാനൊരു സുപ്രധാനമായ പഴുത് കണ്ടെത്തിയിരുന്നു. എങ്ങനെയാണ് ഒരു പുരുഷന് ഒരേ സമയം തന്നെ നാലു സ്ത്രീകളെ വിവാഹം ചെയ്യാന്‍ കഴിയുന്നത്? ഇതിനെ സംബന്ധിച്ച് ഞാന്‍ മുമ്പും സംശയങ്ങള്‍ ചോദിച്ചിരുന്നു. ആ മുസ്‌ലിം സഹോദരനോട് ചോദിച്ചപ്പോള്‍ അദ്ദേഹം കാര്യം ഇങ്ങനെ വിശദീകരിച്ചു: ''ഒരു പുരുഷന്‍ അവന്റെ ഇഷ്ടപ്രകാരം ഒരുപാട് സ്ത്രീകളുമായി അവരോട് ഔദ്യോഗികമായി യാതൊരു ഉത്തരവാദിത്തവുമില്ലാതെ സംഭോഗത്തിലേര്‍പ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് ഇസ്‌ലാം പിറവിയെടുക്കുന്നത്. സ്ത്രീക്ക് സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം തിരികെ നല്‍കണമെന്ന കാഴ്ചപ്പാടോടെ, ഇസ്‌ലാം പുരുഷന് വിവാഹം ചെയ്യാവുന്ന സ്ത്രീകളുടെ എണ്ണം വെട്ടിച്ചുരുക്കുകയും അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനും അവര്‍ക്ക് ഒരു താങ്ങും തണലുമായി മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം നിശ്ചിത കാലാവധി വരെ ജീവിതച്ചെലവ് നല്‍കണമെന്നും പ്രത്യേകം നിര്‍ദേശിച്ചു. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യല്‍ മതപരമായ ഒരു നിര്‍ബന്ധ കല്‍പ്പനയൊന്നുമല്ല. മറിച്ച്, ചില നിബന്ധനകളോടു കൂടിയ അനുമതി മാത്രമാണ്. ചെലവുകളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പുരുഷന്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യല്‍ ഇസ്‌ലാമിക ദൃഷ്ടിയില്‍ നിഷിദ്ധമാണ്.

ഈയൊരു കാരണം കൊണ്ട് തന്നെ പല പുരുഷന്‍മാര്‍ക്കും ഒരു ഭാര്യ മാത്രമേ ഉള്ളൂ.'' അതേസമയം, അമേരിക്കയിലെ ഒരു വിഭാഗം ഒരുപാട് സ്ത്രീകളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധപൂര്‍വം കല്‍പ്പിക്കുന്നു. അപ്പോള്‍ ആ മുസ്‌ലിം സഹോദരന്‍ ചോദിച്ചു: ''ബ്രിട്ടനില്‍ പുരുഷന്‍മാര്‍ ഒരു സ്ത്രീയുമായി മാത്രമേ സംഭോഗത്തിലേര്‍പ്പെടുന്നുള്ളൂ?'' അപ്പോള്‍ ഞാന്‍ ജാള്യതയോടെ ക്ഷമാപണം നടത്തി: ''ഇന്ന് എല്ലാ യൂറോപ്പുകാരും വിവാഹത്തിന് മുമ്പും ശേഷവും പല സ്ത്രീകളുമായി ബന്ധത്തിലേര്‍പ്പെടുന്നുണ്ട്.'' ഈ മുസ്‌ലിം സഹോദരന്‍ ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ രണ്ടാം ലോക യുദ്ധത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെടുകയും തന്നെ ഏല്‍പ്പിച്ചുകൊടുക്കാന്‍ പറ്റിയ ഒരു പുരുഷനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ കഥയാണ് എനിക്ക് ഓര്‍മവന്നത്. രണ്ടാം ലോക യുദ്ധം അവസാനിച്ചിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് റേഡിയോയിലെ 'ഡിയര്‍ സര്‍' എന്ന പരിപാടിയില്‍ ഒരു പാവപ്പെട്ട യുവതിയുടെ അപേക്ഷ പരസ്യം ചെയ്യുന്നു: ''യുദ്ധത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു പാവപ്പെട്ട യുവതിയാണു ഞാന്‍. എന്നെ സംരക്ഷിക്കാനോ പരിപാലിക്കാനോ ഇപ്പോള്‍ എനിക്ക് ആരുമില്ല. എനിക്ക് സംരക്ഷണം ആവശ്യമാണ്. സല്‍സ്വഭാവിയായ പുരുഷന്റെ രണ്ടാം ഭാര്യയാവാന്‍ ഞാന്‍ തയ്യാറാണ്. ഈ ഏകാന്തതയ്ക്ക് ഒരു അന്ത്യം വേണമെന്നാണ് എന്റെ ഒരേയൊരു ആഗ്രഹം.'' ആവശ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഇസ്‌ലാമിലെ ബഹുഭാര്യത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നാണ് ഇത് കാണിച്ചുതരുന്നത്. ബഹുഭാര്യത്വം ഒരു അനുമതി മാത്രമാണ്. ഒരിക്കലും ഒരു നിര്‍ബന്ധ കല്‍പ്പനയല്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും ലോകം മുഴുക്കെ വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത് പരീക്ഷിക്കാത്ത ഒരു നാടും ലോകത്ത് ശേഷിക്കുന്നില്ല. ബഹുഭാര്യത്വം ഇസ്‌ലാമിലെ ഒരു തെറ്റായി കാണാമെന്ന സാധ്യതയെ ഇതു പൂര്‍ണമായും ഇല്ലാതാക്കി. പിന്നെ മറ്റൊരു ന്യൂനത കണ്ടെത്തി എന്ന ധാരണയോടെ ഞാന്‍ ആ മുസ്‌ലിം സഹോദരനോട് ചോദിച്ചു: ''ഇന്നുള്ള നമ്മുടെ ജീവിതരീതികളോട് ദിനേനയുള്ള അഞ്ചുനേരത്തെ പ്രാര്‍ത്ഥനകളെ നമുക്ക് എങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും? ഇതു ഒരുപാട് കൂടുതലല്ലേ? അദ്ദേഹം ചിരിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു:

''നിങ്ങള്‍ പിയാനോ വായിക്കാറുണ്ടെന്ന് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. നിങ്ങള്‍ മ്യൂസിക്കില്‍ താല്‍പര്യമുള്ളവരാണോ? ''തീര്‍ച്ചയായും, വളരെ കൂടുതല്‍''-ഞാന്‍ മറുപടി പറഞ്ഞു. ''ഇത് നിങ്ങള്‍ സ്ഥിരമായി ചെയ്യാറുണ്ടോ?'' ''തീര്‍ച്ചയായും ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും എല്ലാ ദിവസവും ഞാന്‍ പിയാനോ വായിക്കാറുണ്ട്.'' അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അര മണിക്കൂറോ, 45 മിനിറ്റോ മാത്രം സമയമെടുക്കുന്ന ദിനേനെയുള്ള അഞ്ചു നേരത്തെ പ്രാര്‍ത്ഥനകളെ എന്തു കൊണ്ട് ഇത്ര വലുതായി കാണുന്നു?'' മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അഞ്ചു നേരത്തെ പ്രാര്‍ത്ഥന അല്ലാഹുവിന്റെ നേര്‍ വഴിയിലേക്കുള്ള പടിപടിയായ കയറ്റമാണ്.'' അദ്ദേഹം പറഞ്ഞത് വളരെ ശരിയായിരുന്നു. പിന്നെ എനിക്ക് ഇസ്‌ലാം സ്വീകരിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. അങ്ങനെ സര്‍വാത്മനാ ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ചു. നിങ്ങള്‍ മനസ്സിലാക്കിയതു പോലെ ഞാന്‍ ഇസ്‌ലാം പ്രഥമ ദൃഷ്ടിയില്‍ യാതൊന്നും ചിന്തിക്കാതെ തെരഞ്ഞെടുത്തതല്ല. മറിച്ച്, ഇസ്‌ലാമിനെ സസൂക്ഷ്മം പരിശോധിക്കുകയും ഇസ്‌ലാമില്‍ സാധ്യമായ തെറ്റുകള്‍ ഉണ്ടാക്കിയെടുത്ത് അതിനുള്ള മറുപടി കണ്ടെത്തിയതിനുശേഷം മാത്രമാണ് ഞാന്‍ ഒരു മുസ്‌ലിമായത്. ഒരു മുസ്‌ലിമായതിനാല്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter