ബഹായിസം എന്ത്? എങ്ങനെ?

അധിനിവേശത്തിന്റെ ഒളിഅജണ്ടകളുമായി മുസ്‌ലിംകളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌ലാമിന്റെ ലേബളില്‍ രംഗത്തിറക്കുകയും വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്ത ഒരു മതമാണ് ബഹായിസം. വാസ്തവത്തില്‍ അത് ഒരു മുസ്‌ലിം ചിന്താപ്രസ്ഥാനമല്ല. ഇസ്‌ലാമികമെന്നു തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒന്നു മാത്രമാണ്. സാംസ്‌കാരികാധിനിവേശത്തിന്റെ വഴി എളുപ്പമാക്കാന്‍ പടിഞ്ഞാറ് വാടകക്ക് എടുത്ത ചില മുസ്‌ലിം നാമധാരികള്‍ ഇതിന്റെ തലപ്പത്തിരുന്ന് കളിച്ചു എന്നതാണ് മുസ്‌ലിംകളിലേക്ക് ഇവരെ ചേര്‍ത്തി പറയാന്‍ കാരണം.

ഇറാനിലെ ഇസ്‌നാ അശ്‌രീ: ശിയാ വിഭാഗത്തില്‍ നിന്നാണ് ഈ കക്ഷിയുടെ ആരംഭം. 'ഞാന്‍ വിജ്ഞാനത്തിന്റെ നഗരവും അലി അതിന്റെ കവാടവുമാണ്' എന്ന ഹദീസിനു വികല വ്യാഖ്യാനങ്ങള്‍ നല്‍കിയ ഇസ്‌നാ അശ്‌രികള്‍ തങ്ങളുടെ പന്ത്രണ്ടു ഇമാമുകളെ അലി(റ)യിലേക്കുള്ള കവാടങ്ങളാക്കി ചിത്രീകരിച്ചു. പന്ത്രണ്ടാമത്തെ ഇമാം 'സര്‍റമന്റആ'യില്‍ അപ്രത്യക്ഷനായതോടെ വിജ്ഞാനത്തിന്റെ കവാടം അടഞ്ഞു എന്നു ധരിച്ച ജനങ്ങള്‍ക്കിടയിലാണ് പ്രസ്തുത ഇമാമിലേക്കുള്ള ബാബ് (കവാടം) ഞാനാണെന്നു വാദിച്ചുകൊണ്ട് മീര്‍സാ അലി മുഹമ്മദ് രിള (1819-1850) രംഗപ്രവേശം ചെയ്യുന്നത്. ഹിജ്‌റ 1235-ല്‍ ഇറാനിലെ ശീറാസില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പ്രധാന ഗുരു കാള്വിം റശ്ത്തിയായിരുന്നു. ഗുരുവിന്റെ സദസ്സില്‍ വെച്ച് റഷ്യന്‍ ചാരനായിരുന്ന കേനിസ്ദ് ഡാര്‍ഗോര്‍ക്കി അലി മുഹമ്മദ് രിളയെ സ്വാധീനിക്കുകയും അത് പിന്നീട് ബാബിസത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഇറാനെ അട്ടിമറിക്കാന്‍ തക്കം പാര്‍ത്തിരുന്ന റഷ്യയിലെ സര്‍ ചക്രവര്‍ത്തി, മതാടിത്തറയാണ് ഇറാനിന്റെ പ്രശ്‌നമെന്നു മനസ്സിലാക്കുകയും അതില്ലായ്മ ചെയ്യാന്‍ നിരവധി ചാരന്മാരെ നിയോഗിക്കുകയും ചെയ്തു. അതിലൊരാളാണ് ഈസാ അന്നക്‌റാനി എന്ന മുസ്‌ലിം പേര് സ്വീകരിച്ച കേനാസ്ദ്ഡാര്‍ ഗോര്‍ക്കി. മുസ്‌ലിം ലോകം കാത്തിരിക്കുന്ന ഇമാം മഹ്ദിയും ദൈവത്തിലേക്കുള്ള യഥാര്‍ത്ഥ 'ബാബും' ഞാനാണെന്ന് വാദിച്ചു രംഗത്തുവന്ന 'ബാബി'നു സൈദ്ധാന്തികാടിത്തറ നല്‍കുകയായിരുന്നു ഈ റഷ്യന്‍ ചാരന്‍.

1844 മെയ് 23-നു താന്‍ ബാബ് (വിശുദ്ധ വചനത്തിന്റെ വാതായനം) ആണെന്നും 'മഹ്ദി'യാണെന്നും വാദിച്ചുകൊണ്ട് അലി മുഹമ്മദ് രിള രംഗപ്രവേശം ചെയ്തു. പിന്നീട് താന്‍ ദൈവാവതാരമാണെന്നും മൂസാ(അ), ഈസാ(അ), മുഹമ്മദ്(സ) എന്നീ പ്രവാചകന്മാരെക്കാള്‍ ഉത്തമനാണെന്നുമെല്ലാം വാദിക്കുകയുണ്ടായി. ബാബ് മതക്കാരുടെ പ്രചാരണം ജനങ്ങളില്‍ സംശയങ്ങളും അങ്കലാപ്പുകളും സൃഷ്ടിക്കുന്നതായിരുന്നു. മുസ്‌ലിം പണ്ഡിതന്മാരും പേര്‍ഷ്യന്‍ ഭരണാധികാരികളും ഇവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങിയതോടെ പരസ്യ പ്രചാരണത്തിനുള്ള അവസരം നഷ്ടപ്പെട്ടു. ബാബും അനുയായികളും ശിറാസില്‍ നിന്നും ഇസ്ഫഹാനിലേക്കും മറ്റും ഒളിച്ചോടി രഹസ്യമായി ജനങ്ങളെ വശീകരിക്കാന്‍ തുടങ്ങി. കോപാകുലരായ മുസ്‌ലിം പൊതുജനം സ്വാഭാവികമായും ബാബികളോട് ഏറ്റുമുട്ടി. മാസിന്‍ദറാന്‍, സന്‍ജാന്‍, തബ്‌റേസ് സംഘട്ടനങ്ങള്‍ പ്രസിദ്ധമാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം ബാബികളെ സഹായിക്കാന്‍ റഷ്യന്‍ എംബസിയും ഭരണകൂടവും മുന്നിലുണ്ടായിരുന്നു. പക്ഷേ, ജനരോഷത്തിനു മുന്നില്‍ അതൊന്നും വേണ്ടത്ര ഫലം ചെയ്തില്ല. പേര്‍ഷ്യന്‍ ഭരണാധികാരികള്‍ ബാബിനെയും കൂട്ടരെയും പലവട്ടം ജയിലിലടക്കുകയും കനത്ത ശിക്ഷകള്‍ നല്‍കുകയും ചെയ്തു. എന്നിട്ടും പിന്‍മാറാതെ വന്നപ്പോള്‍ തിബ്‌രീസിലെ മൈതാനിയില്‍ വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. 1850 ജൂലൈ 8 (ഹി. 1266 ശഅ്ബാന്‍ 27) നായിരുന്നു അത്. ബാബിയന്‍ ചിന്തകള്‍ വിശ്വാസത്തിലും അനുഷ്ഠാനത്തിലും നിലപാടുകളിലുമെല്ലാം കുറേ പുതിയ കാര്യങ്ങള്‍ ബാബിമതം അവതരിപ്പിച്ചു.

ചിലതു കാണുക. A.     ആദ്യം 'ബാബ്' എന്നും പിന്നെ മഹ്ദി എന്നും അവസാനം ദൈവാവതാരം എന്നും വാദിച്ചു. B.     അന്ത്യനാളുകൊണ്ടുള്ള വിശ്വാസത്തെ നിരാകരിച്ചു. പരലോകം, സ്വര്‍ഗം, നരകം എന്നിവ യഥാര്‍ത്ഥത്തിലുള്ളവയല്ല; ആത്മീയമായ ചില അവസ്ഥകള്‍ മാത്രമാണ് എന്നിങ്ങനെ വാദിച്ചു. C.     അവതാര സിദ്ധാന്തത്തോടൊപ്പം ദൈവത്തിന്റെ ജഢാവിഷ്‌കാരത്തിലും പരകായ പ്രവേശനത്തിലുമെല്ലാം വിശ്വസിച്ചു. D.     മുഹമ്മദ് നബി(സ)യുടെ 'രിസാലത്ത്' അവസാനത്തേതല്ലെന്നു വാദിച്ചു. E.     'ബാബി'ന്റെ ആഗമനത്തോടെ മുഹമ്മദ് നബി(സ)യുടെ ശരീഅത്ത് ദുര്‍ബലപ്പെട്ടുപോയി. F.     'ബാബി'നു വഹ്‌യ് ലഭിച്ചു. പ്രസ്തുത വഹ്‌യ് ക്രോഡീകരിച്ച സമാഹാരമാണ് 'അല്‍ ബയാന്‍' എന്ന ബാബികളുടെ ഗ്രന്ഥം. G..    പത്തൊന്‍പത് ഒരു ദിവ്യ സംഖ്യയാണ്. മാസങ്ങള്‍ 19, മാസത്തിലെ ദിവസങ്ങള്‍ 19, നോമ്പ് അനുഷ്ഠിക്കേണ്ടതും പത്തൊന്‍പത് ദിവസം. H.     ജനാസ ഒഴികെയുള്ള അഞ്ചു നേരത്തെ നിസ്‌കാരം, ജുമുഅ, ജമാഅത്ത് എന്നിവ ദുര്‍ബലമാക്കി. I.     ജനാബത്ത് കുളി ആവശ്യമില്ലെന്നും നജസ് എന്ന ഒരു വസ്തു ഇല്ലെന്നും വിധിച്ചു. J.     ശിറാസിലുള്ള തന്റെ വീടാണ് ഖിബ്‌ല. അതു സന്ദര്‍ശിക്കലാണ് ഹജ്ജ്. K.     പത്തൊന്‍പതു ദിവസമുള്ള ഒരു ബാബി മാസമാണ് നോമ്പ് അനുഷ്ഠിക്കേണ്ടത്. സമയം സൂര്യോദയം മുതല്‍ അസ്തമയം വരെ. L.     നോമ്പിനു മുമ്പുള്ള അഞ്ചു ദിവസം ഏതു പ്രവൃത്തിയും ചെയ്യാം. ഒന്നിനും വിലക്കുകളില്ല. M.     സ്വത്തിന്റെ അഞ്ചിലൊന്ന് സകാത്ത് കൊടുക്കണം. N.     സ്ത്രീപുരുഷന്മാര്‍ നിര്‍ബന്ധമായും വിവാഹം ചെയ്തിരിക്കണം. പരസ്പരം ഇഷ്ടപ്പെടുക എന്നതു മാത്രമാണ് നിബന്ധന. O.     വിവാഹമോചനം 19 പ്രാവശ്യം വരെയാകാം. വിധവയുടെ ഇദ്ദാകാലയളവ് 95 ദിവസമാണ്. P.     വിശ്വാസികള്‍ ഉദയ സൂര്യനു നേരെ കുറച്ചു സമയം ധ്യാനിച്ചു നില്‍ക്കണം. Q.     മയ്യിത്തിന്റെ വലതു കയ്യിലെ ഒരു വിരലില്‍ 'അല്‍ ബയാനി'ല്‍ നിന്നുള്ള വാക്യങ്ങള്‍ കൊത്തിയ മോതിരം അണിഞ്ഞു കൊടുക്കണം. ഇങ്ങനെ വിചിത്രകരവും രസാവഹവുമായ നിരവധി ആശയങ്ങളാണ് ബാബ് മതക്കാര്‍ പ്രചരിപ്പിച്ചത്. സ്ത്രീ-പുരുഷ സമത്വ വാദത്തിനു പുതിയ മാനം നല്‍കിയവരായിരുന്നു ബാബികള്‍. കവയിത്രിയായിരുന്ന ഖുര്‍റത്തുല്‍ ഐന്‍ അക്കൂട്ടത്തിലെ തീപൊരി നേതാവായിരുന്നു. ഖസ്‌വീന്‍ സ്വദേശിനിയായ ഈ സുന്ദരി 'സ്ത്രീ ശാക്തീകരണ'ത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ബാബിസം പ്രചരിപ്പിക്കാന്‍ പുരുഷ നേതാക്കളോടൊപ്പം ഓടി നടക്കുകയും ചെയ്തിട്ടുണ്ട്. അര്‍ദ്ധ നഗ്‌നയായി വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ഈ മഹിളാ നേതാവിന്റെ മിടുക്കുകൊണ്ടായിരിക്കാം ബാബികള്‍ അനന്തര സ്വത്ത് ഉള്‍പ്പെടെ എല്ലായിടത്തും സമത്വം പ്രഖ്യാപിച്ചതും പര്‍ദ്ദക്കെതിരെ നിലപാടെടുത്തതും. ബാബ് ജയിലിലടക്കപ്പെട്ട ഘട്ടത്തില്‍ റഷ്യന്‍ ചാരസംഘത്തിന്റെ പിന്തുണയോടെ 'ബദഷ്തി'ല്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ 'ഖുര്‍റത്തുല്‍ ഐന്‍' നടത്തിയ പ്രഭാഷണം പ്രസിദ്ധമാണ്. അതിന്റെ പ്രധാന ഭാഗം ഇങ്ങനെ:

സുഹൃത്തുക്കളേ, നിങ്ങളുടെയും സ്ത്രീകളുടെയും ഇടയിലുള്ള പര്‍ദ്ദ വലിച്ചു ചീന്തുക, തൊഴിലുകളിലും പ്രവൃത്തികളിലും അവരെ പങ്കാളികളാക്കുക, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കവരെ കൊണ്ടുവരിക, പ്രേമ സല്ലാപങ്ങള്‍ക്കു ശേഷം നിങ്ങള്‍ അവരുമായി ബന്ധപ്പെടുക, ഭൗതിക ലോകത്തിന്റെ പുഷ്പമാണ് സ്ത്രീ. പുഷ്പം പറിക്കാനും വാസനിക്കാനുമുള്ളതാണ്, അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആലിംഗനത്തിനും ചുംബനത്തിനുമാണ്. അത് ചുംബിക്കുന്നവരുടെ എണ്ണമോ ഗുണമോ പ്രശ്‌നമല്ല. അതു വാസനിക്കുന്നവരെയും ചുംബിക്കുന്നവരെയും ഒരു നിലയിലും ശിക്ഷിക്കാന്‍ പാടില്ല. നിങ്ങളുടെ ഭാര്യമാരെ സുഹൃത്തുക്കളില്‍ നിന്ന് ഗോപ്യമാക്കാതിരിക്കുവീന്‍. ഇന്നു മുതല്‍ നിങ്ങള്‍ക്കു വിലക്കുകളും വിരോധങ്ങളുമില്ല. ഈ ലോകത്ത് നിങ്ങളുടെ ഓഹരി സ്വന്തമാക്കുക. മരണാനന്തരം യാതൊന്നുമില്ല.'' സ്ത്രീ 'സ്വാതന്ത്ര്യ'ത്തിനുവേണ്ടി 'ശക്ത'മായി നിലകൊണ്ട ഈ വിഭാഗത്തെ മാതൃകയാക്കി പല കക്ഷികളും പിന്നീട് ഇസ്‌ലാമിന്റെ പേരില്‍ രംഗത്തു വന്നിട്ടുണ്ട്. ഇസ്‌ലാമിക് ഫെമിനിസവും സ്ത്രീ ജുമുഅയും ശൂറയിലെ സ്ത്രീ സംവരണവുമൊക്കെ മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടം നടത്തിയത് അങ്ങനെയാണല്ലോ.

ബഹായിസം

ബാബ് മതത്തിന്റെ പരിഷ്‌കൃത രൂപമാണ് ബഹായിമതം. ഇറാനിലെ 'മാസിന്‍തറാനി'യില്‍ ജനിച്ച മിര്‍സാഹുസൈന്‍ അലി (1817-1892)യാണ് സ്ഥാപകന്‍. ബാബ് മതാനുയായിരുന്ന ഇദ്ദേഹം ഇറാനിലെ ഷാ നാസ്വിറുദ്ദീനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടെഹ്‌റാനില്‍ അറസ്റ്റു ചെയ്യപ്പെട്ടു. റഷ്യന്‍ എമ്പസിയുടെ ഇടപെടല്‍ കാരണം വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട ഇദ്ദേഹം ബഗ്ദാദിലേക്കു നാടു കടത്തപ്പെട്ടു. അവിടെയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇസ്തംബൂളിലേക്കു മാറ്റി. ഇസ്തംബൂളിലെ ഇവരുടെ സാന്നിധ്യം ഇഷ്ടപ്പെടാതിരുന്ന ഇറാനിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉസ്മാനീ ഭരണകൂടം തലസ്ഥാനത്തു നിന്നു അകലെ സ്ഥിതി ചെയ്യുന്ന അദ്‌റന (ആഡ്രിയാനോപ്പിള്‍)യിലേക്കു മാറ്റി. ഇതിനിടയില്‍ (1863 ഏപ്രില്‍) ''ഞാന്‍ ബഹാഉല്ല (ദൈവ തേജസ്സ്)യാണ്. ബാബ് അവതരിച്ചത് എന്റെ ആഗമനം അറിയിക്കാനും എനിക്ക് വഴിയൊരുക്കാനുമാണ്'' എന്ന് മിര്‍സാ ഹുസൈന്‍ അലി പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഭൂരിപക്ഷം ബാബികളും അതംഗീകരിച്ചെങ്കിലും പ്രമുഖ ബാബുമത നേതാവും ബഹാഉല്ലയുടെ സഹോദരനുമായ മീര്‍സാ യഹ്‌യാ അലിയും അനുയായികളും അംഗീകരിച്ചില്ല. ഈ അഭിപ്രായ ഭിന്നത അദ്‌റനയില്‍ വെച്ചു മൂര്‍ഛിച്ചു. ബാബിസത്തിന്റെ ആചാര്യന്‍ അലി മുഹമ്മദ് റിള (1819-1850) ഇസ്‌നാ അശ്‌രി ശിയാക്കളിലേക്കു നിയോഗിക്കപ്പെട്ട പരിഷ്‌കര്‍ത്താവ് മാത്രമാണെന്നും അതിനപ്പുറമുള്ള പുത്തന്‍വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ ശഠിച്ചു. ഈ വിഭാഗം അസ്വ്‌ലികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അവരുടെ നേതാവായ യഹ്‌യ 'സുബ്‌ഹേ അസല്‍' (അനശ്വരതയുടെ പ്രഭാതം) എന്ന പേരു സ്വീകരിച്ചതുകൊണ്ടാണിത്. മറുവിഭാഗത്തിന്റെ നേതാവ് ബഹാഉല്ലാ എന്ന പേര് സ്വീകരിച്ചപ്പോള്‍ അനുയായികള്‍ ബഹായികളെന്നും അറിയപ്പെട്ടു. അദ്‌റനയില്‍ അസലികളുടെയും ബഹായികളുടെയും തര്‍ക്കം രൂക്ഷമായപ്പോള്‍ സഹോദരന്‍ യഹ്‌യയെ വധിക്കാന്‍ ബഹാഉല്ല ശ്രമിച്ചു.

ഇതറിഞ്ഞ ഗവണ്‍മെന്റ് അയാളെ ഫലസ്തീനിലെ അക്കയിലേക്കും യഹ്‌യയെ സൈപ്രസിലേക്കും നാടുകടത്തി. ഫലസ്തീനില്‍ വെച്ച് സിയോണിസ്റ്റുകളുടെയും മാസോണിസ്റ്റുകളുടെയും ശക്തമായ പിന്തുണ ബഹാഉല്ലക്കു ലഭിച്ചു. തന്റെ പുത്തന്‍ വാദങ്ങളംഗീകരിക്കാത്ത അസലികളെ മിക്കവാറും അയാള്‍ കുതന്ത്രങ്ങളിലൂടെ കൊന്നൊടുക്കി. അവശേഷിച്ച ചിലരാകട്ടെ പഴയ ഇസ്‌നാ അശ്‌രിയ്യത്തിലേക്കു മടങ്ങുകയും ചെയ്തു. അങ്ങനെ അസലിയ്യ നാമാവശേഷമാകുകയും ബാബിസത്തിന്റെ പിന്തുടര്‍ച്ചയും പിന്‍മുറയുമായി ബഹായിസം അറിയപ്പെടുകയും ചെയ്തു. അലി മുഹമ്മദ് രിളയുടെ ബാബിസം ഇസ്‌ലാമുമായുള്ള ചെറിയൊരു ബന്ധമെങ്കിലും ബാക്കിവെച്ചിരുന്നു. എന്നാല്‍ ബഹാഉല്ല ആ ബന്ധവും മുറിച്ചു നീക്കി ഒരു സ്വതന്ത്രമതമായി ബഹായിസത്തെ അവതരിപ്പിക്കുകയായിരുന്നു. 1853-ല്‍ രംഗപ്രവേശം ചെയ്ത ബഹാഉല്ല ആദ്യം താന്‍ ബാബിന്റെ വസ്വിയും പിന്‍ഗാമിയുമാണെന്നു വാദിച്ചുകൊണ്ടാണ് വന്നത്. പിന്നെ വാഗ്ദത്ത മസീഹാണെന്നും പ്രവാചകനാണെന്നും വാദിച്ചു. അതും ജനങ്ങള്‍ വിശ്വസിച്ചപ്പോള്‍ താന്‍ ബാബിനേക്കാള്‍ വലിയവനാണെന്നും തന്റെ ആഗമനം അറിയിക്കാനും അതിനു വഴിയൊരുക്കാനുമാണ് ബാബ് വന്നതെന്നും അവകാശപ്പെട്ടു. യേശുവിന്റെ ആഗമനത്തിനു വഴിയൊരുക്കാന്‍ വന്ന യോഹന്നാ പ്രവാചകനെപ്പോലെ എന്നാണ് അയാള്‍ ഉദാഹരിച്ചത്. അവസാനം താനാണ് ആകാശ ഭൂമികളുടെ ദൈവമെന്നും തന്റെ ജഡത്തില്‍ പ്രവേശിച്ചപ്പോഴാണ് ദൈവിക സത്തക്കു സമ്പൂര്‍ണ്ണത കൈവന്നതെന്നും ജല്‍പിച്ചു.

ബഹായീ തത്വങ്ങള്‍

ബാബ്മത ഗ്രന്ഥമായ 'അല്‍ ബയാന്‍' ദുര്‍ബലപ്പെടുത്തിയ ബഹാഉല്ല, പുതിയൊരു ഗ്രന്ഥം അനുയായികള്‍ക്ക് സമര്‍പ്പിച്ചു. കിതാബെ അഖ്ദസ് (ഏറ്റവും വിശുദ്ധമായ ഗ്രന്ഥം) എന്ന് അതറിയപ്പെടുന്നു. ലോക സമാധാനവും മാനവരാശിയുടെ ഏകത്വവും മതങ്ങളുടെ ഐക്യവുമൊക്കെയാണ് അതിലെ പ്രതിപാദ്യം. ലോകം മുഴുവന്‍ ഒരു മതത്തിനു കീഴില്‍ അണിനിരക്കുക. ഒരു ആഗോള സഹായ ഭാഷ സ്വീകരിക്കുക. രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ഒരു അന്താരാഷ്ട്ര കോടതി സ്ഥാപിക്കുക. സേവനതുല്യമായ തൊഴിലിനെ ആരാധനയായി കണക്കാക്കുക. എപ്പോഴും എവിടെ വെച്ചും പ്രാര്‍ത്ഥിക്കാം. അതുകൊണ്ട് ദേവാലയത്തിന്റെ ആവശ്യമില്ല. ശരീരത്തെ പീഠിപ്പിക്കരുത്. അതുകൊണ്ട് ചേലാകര്‍മ്മം നിഷിദ്ധമാണ്. മനുഷ്യനു വെറുപ്പു തോന്നാത്ത ഏതു ഭക്ഷണവും കഴിക്കാം. ഒന്നും നിഷിദ്ധമല്ല. സ്ത്രീ പുരുഷ സമത്വം നടപ്പിലാക്കുക. ഗവണ്‍മെന്റിനോട് കൂറ് പ്രഖ്യാപിക്കുക തുടങ്ങിയവ ബഹായീ തത്വങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ശ്രീബുദ്ധന്‍, കണ്‍ഫ്യൂഷസ്, ശ്രീകൃഷ്ണന്‍ തുടങ്ങിയ ഇന്ത്യയിലെയും ചൈനയിലെയും പ്രാചീന പുണ്യ പുരുഷന്മാര്‍ പ്രവാചകന്മാരായിരുന്നു എന്ന് ബഹായികള്‍ വിശ്വസിക്കുന്നു. പ്രവാചകന്മാരുടെ മുഅ്ജിസത്ത്, മലക്കുകള്‍, ജിന്നുകള്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെ നിഷേധിച്ചു തള്ളുന്ന ഇക്കൂട്ടര്‍ ഖിയാമത്ത് നാളിനെ വ്യാഖ്യാനിച്ചത് ബഹാഉല്ലയുടെ അരങ്ങേറ്റം എന്നാണ്.

ഓരോ വിശ്വാസിയും സ്വത്തിന്റെ പത്തൊന്‍പതിലൊന്ന് ബഹായികളുടെ കേന്ദ്ര ഫണ്ടില്‍ നല്‍കണമെന്നു പറയുന്ന മതം സാമ്പത്തിക സമത്വത്തിനു വേണ്ടി വാദിക്കുന്നു. ജൂത ക്രിസ്ത്യാനികളെ പോലെ ഇവരും യേശുവിന്റെ ക്രൂശീകരണത്തെ അംഗീകരിക്കുന്നവരാണ്. മുന്‍കഴിഞ്ഞ പ്രവാചകന്മാരും മതാചാര്യന്മാരുമെല്ലാം ബഹാവുല്ലയുടെ ആഗമനത്തെക്കുറിച്ച് പ്രവചിക്കുകയും വേദഗ്രന്ഥങ്ങള്‍ അതു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് ബഹായികള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ബാബ് മതത്തിന്റെ പല നിയമങ്ങളും ഇവര്‍ തള്ളിക്കളയുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ചില പ്രധാന ആശയങ്ങളെ ഇപ്പോഴും പിന്തുടരുന്നു. ദൈവാവതാര സിദ്ധാന്തം, പത്തൊന്‍പത് എന്ന സംഖ്യയുടെ ദിവ്യത്വം, അന്ത്യനാളുകൊണ്ടുള്ള വിശ്വാസത്തിന്റെ നിരാകരണം, മുഹമ്മദ് നബി(സ)യുടെ 'രിസാലത്' അവസാനത്തേത് അല്ലെന്ന വാദം, മുഹമ്മദീയ ശരീഅത്ത് ദുര്‍ബലപ്പെട്ടു എന്ന നിലപാട്, ബഹായി കലണ്ടറിലെ ഒരു മാസം (19 ദിവസം) സൂര്യോദയം മുതല്‍ അസ്മയം വരെ അനുഷ്ഠിക്കുന്ന നോമ്പ് തുടങ്ങിയവയില്‍ ബാബിസത്തിന്റെ നിലപാട് തന്നെയാണ് ബഹായിസത്തിനും. ബാബികളെപോലെ സ്ത്രീ 'സ്വാതന്ത്ര്യ'ത്തിനു വേണ്ടി നിലകൊണ്ട ഇവര്‍ 'ഹിജാബ്' നിഷിദ്ധമാണെന്നു പറയുന്നുണ്ടെങ്കിലും ശിയാക്കളെ പോലെ 'മുത്അ' വിവാഹം അനുവദിക്കുന്നു. വിവാഹമോചനം (ത്വലാഖ്) നല്‍കപ്പെട്ട സ്ത്രീ ഇദ്ദാ (ദീക്ഷ) കാലയളവു കഴിയുന്നതുവരെ പുനര്‍ വിവാഹത്തിനു കാത്തിരിക്കേണ്ടതില്ലെന്നതാണ് മറ്റൊരു വാദം. പ്രമുഖ ഫെമിനിസ്റ്റായ 'ഖുര്‍റത്തുല്‍ ഐന്‍' ബഹാഉല്ലയുടെ ഉറ്റ സഖിയായിരുന്നു. അതുകൊണ്ടുതന്നെ ആ മഹിളാ നേതാവ് ബഹായികളുടെ കൂടി ആദര്‍ശ നായികയാണ്.

പിന്‍മുറക്കാര്‍

1892 മെയ് 16 (ഹി. 1309 ദുര്‍ഖഅ്ദ് 2)നു ഫലസ്തീനിലെ അക്രാ ജയിലില്‍ വെച്ച് ബഹാവുല്ല വധിക്കപ്പെട്ടു. 75 വര്‍ഷത്തെ തന്റെ ജീവിതത്തില്‍ 40 വര്‍ഷവും പുതിയ മതത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് കഴിച്ചുകൂട്ടിയത്. മരണവേളയില്‍ സീമന്തപുത്രന്‍ അബ്ദുല്‍ ബഹാ (1844-1921)യെ ബഹായി മതത്തിന്റെ പുതിയ സാരഥിയും തന്റെ ലിഖിതങ്ങളുടെ ഏക വ്യാഖ്യാതാവുമായി നിയമിച്ചു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അബ്ബാസ് എന്നായിരുന്നു. പിതാവ് ഗുസ്വ്‌നെ അഅ്‌ളം (ഏറ്റവും മഹത്തായ ശാഖ) എന്ന് സ്ഥാനപ്പേര് നല്‍കി. അബ്ദുല്‍ ബഹാ എന്ന പേര് സ്വയം സ്വീകരിച്ചതാണ്. എന്നാല്‍ അബ്ബാസിന്റെ അര്‍ദ്ധ സഹോദരന്‍ മുഹമ്മദലി ഈ സ്ഥാനാരോഹണം അംഗീകരിച്ചില്ല.

ഗുസ്വ്‌നെ അക്ബര്‍ (ഏറ്റവും വലിയ ചില്ല) എന്ന പേരു സ്വീകരിച്ചുകൊണ്ട് അയാളും രംഗത്തെത്തി. അത് സ്വാഭാവികമായും പുതിയ ചേരിതിരിവുകള്‍ക്കു വഴിവെച്ചു. മുഹമ്മദലിയുടെ അനുയായികള്‍ 'മുവഹ്ഹിദൂന്‍' എന്ന പേരില്‍ പ്രവര്‍ത്തിച്ചു. ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം വിശ്വാസികളും അബ്ദുല്‍ ബഹായുടെ കൂടെയായിരുന്നു. മുവഹ്ഹിദീനുകള്‍ പിന്നീട് അസ്‌ലികളെ പോലെ നാമാവശേഷമാകുകയായിരുന്നു. ബഹായിസത്തിന്റെ ഉയിര്‍പ്പിനും മുന്നേറ്റത്തിനും ചുക്കാന്‍ പിടിച്ചത് അബ്ദുല്‍ ബഹായായിരുന്നു. അബ്ബാസ് ഉണ്ടായിരുന്നില്ലെങ്കില്‍ ബഹായിസം അതിന്റെ സ്ഥാപകനോടൊപ്പം ഫലസ്തീനിലെ അക്രയില്‍ ഖബറടക്കപ്പെടുമായിരുന്നു എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിലെ ഹൈഫ ആസ്ഥാനമാക്കിയ അബ്ബാസ് സിയോണിസ്റ്റുകളുമായും ഫ്രീമെഴ്‌സന്‍ പ്രസ്ഥാനവുമായുമെല്ലാം ശക്തമായ ബന്ധം സ്ഥാപിച്ചു. അവരുടെ സര്‍വ്വവിധ സഹായവും സ്വന്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കാനഡ, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ബഹായിസം വ്യാപിക്കുന്നത്. 1912-ല്‍ അമേരിക്ക സന്ദര്‍ശിച്ച അബ്ദുല്‍ ബഹക്ക് ഭരണാധികാരികളുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ സര്‍പദവി നല്‍കി ആദരിച്ചിട്ടുണ്ട്. വിവിധ മതങ്ങളുടെ ആശയങ്ങള്‍ കടമെടുത്ത് ബഹായിസത്തെ ഒരു സങ്കരമതമാക്കി പരിവര്‍ത്തനം ചെയ്യുകയും പാശ്ചാത്യര്‍ക്ക് 'ഉള്‍കൊള്ളാന്‍' പറ്റുംവിധം അതിനെ പാകപ്പെടുത്തുകയും ചെയ്തു എന്നതാണ് ബഹായീ ചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം.

1921 നവംബര്‍ 28 നു ഫലസ്തീനിലെ ഹൈഫയില്‍ വെച്ച് അബ്ബാസ് അബ്ദുല്‍ ബഹാ മരണമടഞ്ഞു. അക്രയിലെ പിതാവിന്റെ കല്ലറക്കു സമീപമാണ് സംസ്‌കരിച്ചത്. മുസ്‌ലിംകള്‍ക്ക് മക്ക, മദീന എന്നതുപോലെ പവിത്രമാണ് ബഹായികള്‍ക്ക് ഹൈഫയും അക്കയും. അബ്ബാസിനു പെണ്‍മക്കള്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിയായിരുന്ന പൗത്രന്‍ ശൗഖി അഫന്‍ദിയാണ് പിന്‍ഗാമിയായി വന്നത്. 24-ാം വയസ്സില്‍ മതാചാര്യനായി വേഷമിട്ട ശൗഖി 46 വര്‍ഷം ബഹായി മതത്തിനു നേതൃത്വം നല്‍കി. 1957-ലാണ് അദ്ദേഹത്തിന്റെ അന്ത്യം. ബഹായീ ചരിത്രത്തില്‍ ശൗഖിക്കു വലിയ സ്ഥാനമുണ്ടെങ്കിലും മൂന്നു കേന്ദ്രവ്യക്തിത്വങ്ങളാണ് പ്രധാനം; ബാബ്, ബഹായി, അബ്ദുല്‍ ബഹാ. സൗമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ മീഡിയകളിലും മറ്റും ബഹായികളുടെ സജീവ സാന്നിധ്യവും ഇടപെടലുകളും ഉണ്ടാകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വളര്‍ച്ചയോ മുന്നേറ്റമോ ഉണ്ടായിട്ടില്ല. യൂറോപ്പിലെ ജൂത-ക്രൈസ്തവ വിശ്വാസികളാണ് ഇതിലേക്ക് പലപ്പോഴും ആകര്‍ഷിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ അപൂര്‍വ്വമായി മാത്രമേ ഇവരുടെ വലയില്‍ പെടാറുള്ളൂ. മുസ്‌ലിം ലോകത്ത് ഇറാനില്‍ മാത്രമാണ് ഇവര്‍ എടുത്തു പറയാവുന്ന ശക്തിയായി നില്‍ക്കുന്നത്. പക്ഷേ, ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള ഭരണ സിരാകേന്ദ്രങ്ങളിലും മറ്റും ഇവര്‍ക്കു വ്യക്തമായ പ്രാതിനിധ്യം ഉണ്ട്. ബഹായീ ധര്‍മ്മത്തെ അവര്‍ തന്നെ പരിചയപ്പെടുത്തുന്നതു കാണുക.

''ദേശീയവും അന്തര്‍ദേശീയവുമായ ഒരു ഗവണ്‍മെന്റിതര സംഘടന (എന്‍.ജി.ഒ) എന്ന നിലയില്‍ ബഹായി ധര്‍മ്മത്തിന് 1948 മുതല്‍ തന്നെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അംഗീകൃത പ്രാതിനിധ്യം ഉണ്ട്. എക്കോസോക്ക് (Economic and Social Council) യൂനിസെഫ് (United Nations International Children's Emergency fund) എന്നീ ഐക്യരാഷ്ട്ര സംഘടനകളില്‍ ധര്‍മ്മത്തിനു കൂടിയാലോചനാ പദവിയുണ്ട്. ഇതിനു പുറമെ അനേകം ബഹായീ ദേശീയ ആത്മീയ സഭകള്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇന്‍ഫോര്‍മേഷന്‍ സെന്ററുകളില്‍ ഔദ്യോഗികമായി പേര് രേഖപ്പെടുത്തിയിട്ടുണ്ട്. (ബഹായി ധര്‍മ്മം ഒരു ലഘു വിവരണം). 1820 വ്യത്യസ്ത വര്‍ഗക്കാര്‍ക്കിടയിലും 360 രാജ്യങ്ങളിലും പ്രദേശങ്ങളിലും ദ്വീപുകളിലും വിസ്തൃതമായി കിടക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുത്തു എന്ന് ബഹായികള്‍ അവകാശപ്പെടുന്നു. 740 ഭാഷകളിലേക്ക് ബഹായി ലിഖിതങ്ങള്‍ തര്‍ജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ടത്രെ. ഇത്രയും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും അവകാശപ്പെടുമ്പോഴും ഒരു സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നാന്‍ അതിനു സാധിച്ചില്ലെന്നത് വസ്തുതയാണ്. അതുതന്നെയാണ് ബഹായി മതത്തിന്റെ പരാജയവും. ഇസ്രയേലിലെ ഹൈഫയിലാണ് ബഹായി മതത്തിന്റെ ആഗോള കേന്ദ്രം. അവരുടെ മൂന്നു പ്രമുഖ വ്യക്തിത്വങ്ങളെ മറവു ചെയ്യപ്പെട്ട പ്രസ്തുത കേന്ദ്രത്തെ അവര്‍ വിശ്വനീതി പീഠം എന്നു വിളിക്കുന്നു.

ഓരോ അഞ്ചു വര്‍ഷത്തിലും വിവിധ സഭകളില്‍ നിന്നു തിരഞ്ഞെടുക്കുന്ന ഒന്‍പത് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ ഭരണ സമിതി. ലോകത്തെ പ്രമുഖ നഗരങ്ങളില്‍ നിര്‍മാണ വൈദഗ്ധ്യവും കരകൗശല മേന്മയും വിളിച്ചറിയിക്കുന്ന ആകര്‍ഷണീയമായ ബഹായീ ക്ഷേത്രങ്ങള്‍ കാണാം. ന്യൂഡല്‍ഹിയിലെ 'ബഹാപ്പൂര്‍-കാല്‍ക്കാജി'യിലും ഇത്തരമൊന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അതൊരു ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ട്. 2007 സപ്തംബര്‍ ഒന്നിനു അതു സന്ദര്‍ശിക്കാന്‍ ഈ വിനീതന് അവസരമുണ്ടായി. ആരാധനാലയത്തിലേക്കു കടക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ബഹായി മതത്തെ ലളിതമായി പരിചയപ്പെടുത്തുകയും അതിനകത്ത് അല്‍പ സമയം മൗനമായിരുന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ടൂറിസത്തിന്റെ പേരില്‍ ബഹായിസം പ്രചരിപ്പിക്കുകയാണ് വാസ്തവത്തിലിവിടെ. നേര്‍ക്കുനേര്‍ ആശയ പ്രചരണം നടത്താന്‍ ധൈര്യമില്ലാത്തവര്‍ ലോകത്തെവിടെയും ഇത്തരം ചൂഷണ മാര്‍ഗങ്ങള്‍ തന്നെയാണല്ലോ ഉപയോഗിച്ചിട്ടുള്ളത്. (മുഖ്യധാരയും വിഘടിത ചേരികളും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter