ഹോമോ വേദനയുടെ ദൈവശാസ്ത്രം

സ്വവർഗമോഹവും മറ്റു മുഴുവൻ ഇഛകളും പ്രകൃതിപരമാണ് എന്ന് ഇസ്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും പ്രകൃതിപരത എല്ലാ ഇഛകളെയും സംരക്ഷിക്കുന്നില്ല എന്നതാണ് ഇസ്ലാമിക വീക്ഷണം. ഇഛകളെ നിയന്ത്രിക്കലാണ് ഇസ്ലാമിക ജീവിതത്തിൻറെ കാതൽ, അതിനായി മനുഷ്യൻ അനുഭവിക്കുന്ന വേദനയാണ് അവനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നത്. ഈ അടുപ്പം നേടിയെടുക്കലാണ് ഒരു മുസ്ലിം ജീവിത്തിൻറെ ആത്യന്തികലക്ഷ്യം. അതിനുവേണ്ടിയാണ് വസ്തുനിഷ്ഠമായ ധാർമികത ദൈവം സ്ഥാപിച്ചിട്ടുള്ളതും. 
ലോകത്തുള്ള സകല മുസ്ലിംകളും വസ്തുനിഷ്ഠമായ ധാർമികതയോട് താദാത്മ്യപ്പെടാൻ ഏറിയും കുറഞ്ഞും പ്രയാസങ്ങളനുഭവിക്കുന്നവരാണ് എന്നിരിക്കെ സ്വവർഗമോഹികൾ അനുഭവിക്കുന്ന പ്രയാസത്തിന് മാത്രം എന്താണിത്ര സവിശേഷത എന്നാണ് ചോദിക്കാനുള്ളത്. 

തങ്ങൾക്ക് ജന്മനാ ഉള്ളതാണ് ലൈംഗിക ആഭിമുഖ്യം എന്ന് അത് നിയന്ത്രിക്കാൻ തങ്ങൾ പ്രയാസപ്പെടുന്നുണ്ട് എന്നും, ആ പ്രയാസം അറിയുന്ന ദൈവം തങ്ങളെ ശിക്ഷിക്കുകയില്ല എന്നും സ്വവർഗരതിക്കാർ സ്ഥിരമായി പറയുന്നത് കേൾക്കാം. എന്നാൽ വേദനയും പ്രയാസവും ഒരു സാർവലൌകിക സത്യമാണ്. കറുത്തവർ തൊലി കറുത്തതിൻറെ പേരിൽ വംശീയ പീഡനം അനുഭവിക്കുന്നു. ജന്മനാ കാൽ ഇല്ലാത്തവർ, ജന്മനാ ബുദ്ധി വളർച്ച ഇല്ലാത്തവർ, ജന്മനാ കാഴ്ച ഇല്ലാത്തവർ, കേൾവി ഇല്ലാത്തവർ തുടങ്ങിയവരെല്ലാം തങ്ങളുടേതായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്നു. ന്യൂനപക്ഷങ്ങൾ, ദരിദ്രർ തുടങ്ങി പലരും അവരുടെ പ്രയാസങ്ങളിൽ ജീവിക്കുന്നു. ഇവരെല്ലാം പ്രകൃതിയിൽ ജീവിക്കുന്നില്ലേ?  ഇവരുടെയെല്ലാം അസ്തിത്വത്തെ സ്വവർഗരതിക്കാർ ദൈവശാസ്ത്രപരമായി എങ്ങനെയാണ് വിശദീകരിക്കുക? അതേ മാർഗമുപയോഗിച്ച് തങ്ങളുടെ അസ്തിത്വത്തെയും വിശദീകരിക്കാൻ അവർക്കാവില്ലേ?  ഇവരെല്ലാം അനുഭവിക്കുന്ന പ്രയാസത്തേക്കാൾ വ്യത്യസ്തമായ, പ്രത്യേകതയുള്ള പ്രയാസം ആണോ സ്വവർഗരതിക്കാർ അനുഭവിക്കുന്നത്? ഇവർ മാത്രം ഇവരുടെ സ്വത്വം പ്രത്യേകം ഉന്നയിക്കുന്നത് എന്ത് കൊണ്ടാണ്?

ആർത്തവം ഉള്ള സമയത്ത് ലൈംഗികബന്ധം പാടില്ലെന്ന് ഇസ്ലാമിൻറെ നിഷ്കർഷ മുസ്ലിംകൾ പാലിക്കുന്നു. സ്വയംഭോഗം ചെയ്യുന്നതും, ഗുദഭോഗവും, അഗമ്യഗമനവും ഇസ്ലാം നിരോധിക്കുന്നു. വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തെ വിലക്കുന്നു. കളവും വഞ്ചനയും, മോഷണവും, പക്ഷപാതിത്തവും, ചൂഷണവും വിശ്വാസവഞ്ചനയും ഇസ്ലാം നിരോധിക്കുന്നു.  ഇത്തരം വിലക്കുകൾ ലംഘിക്കാനുള്ള ശക്തമായ ആന്തരിക പ്രേരണ സ്വാഭാവികമായും മനുഷ്യന് ഉണ്ട്. ആ പ്രേരണയെ മറികടന്ന് പ്രയാസങ്ങൾ അനുഭവിച്ച് തൻറെ ആത്മത്തോട് പോരടിച്ച് നിന്നിട്ടാണ് സത്യവിശ്വാസികൾ ഉന്നതിയിലേക്ക് ഉയരുന്നത്. ഇവരെല്ലാം അവരുടെ ചോദനകളെ അടക്കിനിർത്താൻ അനുഭവിക്കുന്ന പ്രയാസത്തേക്കാൾ വ്യത്യസ്തവും മറികടക്കാനാവാത്തതുമായ പ്രയാസമാണോ സ്വവർഗമോഹികൾ അനുഭവിക്കുന്നത്? അല്ല എന്നാണ് ലളിതമായ ഉത്തരം.

 മനുഷ്യരിൽ നൈസർഗികമായി തന്നെ ഉള്ള ഇത്തരം പ്രേരണകൾ ഉണ്ടായിരിക്കെ തന്നെ അവയെ ചെറുത്തുതോൽപ്പിക്കാൻ മനുഷ്യനോട് ദൈവം കല്പിച്ചതിനെ ഹോമോസെക്ഷ്വലുകൾ ദൈവശാസ്ത്രമായി വിശദീകരിക്കാൻ തയ്യാറാണോ? ഉണ്ടെങ്കിൽ അതേ രീതിശാസ്ത്രമുപയോഗിച്ചാണ് അവരുടെ സ്വലിംഗമോഹത്തെ അവർ വിശദീകരിക്കേണ്ടത്. മാത്രമല്ല ഇസ്ലാമിൽ സ്വവർഗപ്രേമികളോട് പ്രത്യേകമായ ഒരു വിരോധം ഇല്ല എന്നും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. മനുഷ്യൻറെ നൈസർഗിക ചോദനകളിൽ അധമമായതും ഉത്തമമായതും ഉണ്ട്. അവയിൽ അധമമായതിനെ മറികടക്കുകയും ഉത്തമമായത് നിലനിർത്തുകയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ ഉത്തരവാദിത്തം. ആ പ്രക്രിയയിൽ അവൻ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അവന് മുസ്ലിമായി തുടരാം. എന്നാൽ മുസ്ലിമായ സ്വവർഗമോഹി, മുസ്ലിമായ മദ്യപാനി തുടങ്ങിയ പ്രത്യേക സ്വത്വം വകവെച്ചുകൊടുക്കുന്നത് തീർത്തും അനിസ്ലാമികമാണ്.

സ്വന്തം ആഗ്രഹങ്ങളെ ദൈവത്തിന് വേണ്ടി വേണ്ടെന്ന് വെക്കുക എന്നതു തന്നെയാണ് വിശ്വാസത്തിൻറെ കാതൽ. ഇങ്ങനെ വേണ്ടെന്ന് വെക്കാൻ മനുഷ്യനെ പാകപ്പെടുത്തുന്ന ഉപാധിയായി ഇസ്ലാം നിർദ്ദേശിക്കുന്നത് മനുഷ്യമനസ്സിൻറെ തന്നെ ഉത്പന്നമായ ക്ഷമയാണ്. ക്ഷമയെ ഉപാധിയാക്കുന്നതിനെ ലിബറലുകൾ മതപാരമ്പര്യങ്ങളുടെ ചൂഷണമായും മനുഷ്യൻറെ സ്വാതന്ത്ര്യത്തിനെതിരെയുള്ള അധികാരപ്രയോഗമായും കാണാറുണ്ട്. എന്നാൽ, മനുഷ്യൻ തന്നെ നിർമിച്ച നിയമവ്യവസ്ഥയുടെ ഉത്പന്നങ്ങളായ ദേശരാഷ്ട്രങ്ങളുടെ നിയമങ്ങൾ അനുസരിക്കുന്നതിൻറെ ഭാഗമായി പൌരൻമാർ ക്ഷമപാലിക്കുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നതിനെ സെക്കുലർ ദേശരാഷ്ട്രങ്ങളുടെ ചൂഷണമായോ അധികാരപ്രയോഗമായോ മിക്ക ലിബറലുകളും കാണാറില്ലെന്ന് മാത്രമല്ല, അതിനോട് വളരെ വ്യാപകമായി താദാത്മ്യപ്പെടുകയും ചെയ്യുന്നത് കാണാം. ഈ വൈരുദ്ധ്യത്തെ പരിഗണിച്ചുകൊണ്ട് മാത്രമേ ഇസ്ലാമിന് അകത്ത് സ്വാതന്ത്ര്യത്തെ ആത്മനിഷ്ഠമായി പുതുക്കി നിശ്ചയിക്കുന്നവർക്ക് മുന്നോട്ടുപോകാൻ നിർവാഹമുള്ളൂ.     

സ്വവർഗമോഹികൾ എന്നു പറഞ്ഞ് രംഗത്തുവരുന്നവർ തങ്ങളെ ഗുദഭോഗവുമായി ചേർത്തു മനസ്സിലാക്കരുതെന്നും, പ്രണയമാണ് ലൈംഗികതയല്ല ഞങ്ങളുടെ ലക്ഷ്യമെന്നും പരിതപിക്കാറുണ്ട്. ഇസ്ലാം ആഗ്രഹങ്ങളെ അടിച്ചമർത്താൻ ആവശ്യപ്പെടുന്നു എന്ന് നിർദ്ദേശിക്കുമ്പോൾ, പിന്നെ ഞങ്ങളുടെ ലൈംഗിക മോഹങ്ങളെ ആരു പരിഹരിക്കും എന്നു ചോദിക്കുന്ന അതേ ആളുകളാണ് തങ്ങളുടെ ലക്ഷ്യം ലൈംഗികതയല്ലെന്ന് പറഞ്ഞ് രംഗത്തുവരുന്നതെന്നാണ് വിരോധാഭാസം. മാത്രമല്ല, മനുഷ്യർ തമ്മിലുള്ള പ്രണയത്തിൻറെ പരമമായ ആവിഷ്കാരത്തിൽ നിന്നും ലൈംഗികതയേ ഒഴിച്ചു നിർത്താനാവുമോ.? ലൈംഗികതയെ മാറ്റി നിർത്തുന്ന പ്രണയത്തിൻറെ പാരമ്യം എന്തായിരിക്കും.?  

(ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ഡിപാര്‍ട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യന്‍സ് തലവനാണ് റഷീദ് ഹുദവി)

അടുത്ത ഭാഗം:  സ്കോട്ട് കൂഗ്ളും ഇസ്ലാമിക പാരമ്പര്യവും 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter