ഒരു 'ബ്രാഹ്മണിക്കല്‍ ഇന്ത്യ' പണിയാല്‍ ഈ പേരുമാറ്റങ്ങള്‍ സഹായിക്കുമോ?

രാജ്യത്തെ പ്രധാന നഗരങ്ങളുടെ പേര് മാറ്റി ഫാസിസത്തിന്റെ പ്രധാന അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കയാണിന്ന് സംഘ്പരിവാര്‍. ഇതിനകം പല പ്രദേശങ്ങളുടെയും പേരുകള്‍ മാറ്റിക്കഴിഞ്ഞു. 

കേള്‍വിയില്‍ മുസ് ലിം പരിസരത്തുനിന്നുള്ളതാണെന്നു തോന്നുന്ന പേരുകള്‍ ബ്രാഹ്മണിക്കല്‍ പരിസരങ്ങളിലേക്ക് മാറ്റുകയെന്നതാണ് അവരുടെ അജണ്ട. ഒരുപക്ഷെ, ഭാവി ഇന്ത്യയെ പൂര്‍ണാര്‍ത്ഥത്തില്‍ ഹിന്ദുത്വവത്കരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടായിരിക്കണം ഇത്തരം ഓരോ ചുവടുകള്‍.

പ്രധാനമായും യു.പിയില്‍നിന്നാണ് ഈയൊരു കപട ചിന്തയുടെ ആരംഭം. മുഖ്യമന്ത്രി യോഗിയാണ് ഈ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 

സാംസ്‌കാരിക കൂട്ടക്കൊല (Cultural Genocide) എന്ന് വിളിക്കാവുന്ന തരത്തിലാണ് രാജ്യത്ത് സംഘ്പരിവാര്‍ നടത്തുന്ന ഈ ചരിത്ര തമസ്‌കരണം. സിഖ്-ബുദ്ധ-ക്രിസ്ത്യന്‍-മുസ് ലിം-ജൈന നാമങ്ങള്‍ പൂര്‍ണമായും ചരിത്രത്തില്‍നിന്നും തുടച്ചുമാറ്റുകവഴി ഹിന്ദുത്വ പ്രമോട്ട് ചെയ്യുന്ന ചില പ്രത്യേക നാമങ്ങള്‍ മാത്രം ഹൈലേറ്റ് ചെയ്യാനാണ് അവരുടെ പദ്ധതി.

രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ ആറെണ്ണത്തില്‍ ഉന്നത ജാതി ഹിന്ദുക്കള്‍ അഥവാ ബ്രാഹ്മണരുടെ ജനസംഖ്യ 10 ശതമാനത്തിനും 20 ശതമാനത്തിനുമിടയിലാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത് ഒന്നിനും ഒമ്പതിനുമിടയില്‍ മാത്രമേയുള്ളൂ. ഉത്തരഖണ്ഡില്‍ ഇത് 20 ശതമാനവും ആന്ദ്രാപ്രദേശില്‍ ഒരു ശതമാനവുമാണ്.

രാജ്യത്ത് മൊത്തത്തില്‍ 5 ശതമാനത്തില്‍ താഴെ മാത്രമേ ഇവരുള്ളൂ. എന്നാലും സുപ്രധാനമായ പല സ്ഥാനങ്ങളും ഇവര്‍ അടക്കിവെച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് മറ്റു പിന്നാക്ക വിഭാഗങ്ങളാണ് അഥവാ Other Backward Communities. ഇന്ത്യന്‍ ജനസംഖ്യയുടെ 70 % വരും അവരുടെ ജനസംഖ്യ. ഇതില്‍ ഏറ്റവും താഴെ കിടയിലുള്ളത് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ട്രൈബ് ആണ്. അഥവാ, SC-ST. അവര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ യഥാക്രമം 16.6% വും 8.6% വും വരും. 

ഇതില്‍ ഏറ്റവും കൂടുതല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ട്രൈബ് നിലകൊള്ളുന്നത് യു.പി, ഒറീസ, എം.പി, മഹാരാഷ്ട്ര, ഗുജറാത്ത്, ഝാര്‍ഖണ്ട്, രാജസ്ഥാന്‍, വെസ്റ്റ്ബംഗാള്‍, ഛത്തീസ്ഘഢ്, ആന്ദ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. 

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ന്യൂനപക്ഷം മാത്രം വരുന്ന ബ്രാഹ്മണിക്കല്‍ അജണ്ട രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ഫൈസാബാദ് തുടങ്ങി ഓരോരോ പ്രധാന നഗരങ്ങളാണ് അവരുടെ ഉന്നം. 

നൂറ്റാണ്ടുകളുടെ ചരിത്ര പരിസരത്തുനിന്നും രൂപം കൊണ്ട ഇത്തരം പേരുകള്‍ മാറ്റുകയെന്നത് തീര്‍ച്ചയായും ഇന്ത്യയുടെ മതേതത്വത്തെയും ബഹുസ്വര സങ്കല്‍പത്തെയും തന്നെ ചോദ്യം ചെയ്യുന്നതാണ്. ഏകാശിലാത്മകമായ ബ്രാഹ്മണിക്കല്‍ ഇന്ത്യയെന്ന സ്വഭാവത്തിലേക്കുള്ള മാറ്റം ഇന്ത്യയെ തകര്‍ക്കുകമാത്രമേ ചെയ്യുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter