ഗൊരഖ്പൂര്‍: പശുഭാരതീയതയുടെ 'കാവി'നീതികള്‍!

പലവട്ടം പോയതിനാല്‍ ഗൊരക്പൂര്‍ ഉത്തരേന്ത്യയുടെ ക്ലിയര്‍ സോഷ്യല്‍ ഇന്‍ഡിക്കേഷനാണെന്ന് തോന്നിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെല്ലാം പോയിട്ടുള്ള ഇടമാണത്. ഇന്നലെയും മിനിഞ്ഞാന്നുമായി ബി.ആര്‍.ഡി. ആസ്പത്രിയുടെ വാര്‍ഡുകള്‍ കേറിയിറങ്ങി. രക്ഷിതാക്കളെ കണ്ടു. ഡോക്ടര്‍മാര്‍ക്ക് പലതും പറയാനുണ്ട്. പക്ഷേ വിലക്കുണ്ട്. 

ടോയ്ലറ്റുകള്‍ക്കരികിലെ കുട്ടികളുടെ വാര്‍ഡിലേക്കുള്ള വഴിയിലൂടെ കൂടുതല്‍ പേര്‍ മരിച്ച നൂറാംവാര്‍ഡ് തിരഞ്ഞുപോയി. അതിനരികിലെ ഭക്ഷണശാല കണ്ടു. നടവഴിയിലും ഇടനാഴിയിലും ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞ് ഇരിപ്പും കിടപ്പും. ആസ്പത്രിക്കുള്ളില്‍ പശുവും നായ്ക്കളും. പശുക്കള്‍ ആസ്പത്രി ഇടനാഴികളില്‍ കിരിടത്തിലെ സേതുമാധവനൊപ്പം നടക്കുന്ന കൊച്ചിന്‍ ഹനീഫയാണിവിടെ. സര്‍വ്വം പശുമയം. 

ഹൈവേയില്‍ റിപ്പോര്‍ട്ടിങിനായി കാറില്‍ പോകുമ്പോള്‍ പേടിയാണ്. പശുവിനെ വണ്ടിയിടിച്ചാല്‍ മരണം ഉറപ്പ്. പശുവിന്റെയല്ല കാറിലുള്ളവരുടെ. അതുകൊണ്ട് കുട്ടികള്‍ മരിച്ചാല്‍ വല്യ പ്രശ്നമൊന്നുമില്ല. 

വൃത്തിഹീനത ആണ് പ്രശ്നമെങ്കില്‍ സ്വഛ് ഭാരത് മിഷന്റെ ഭദ്രാസനാധിപന്‍മാര്‍ക്ക് അത് സ്വന്തം മണ്ഡലത്തില്‍ ഫലപ്രദമായി നടപ്പാക്കാനായില്ല? എന്തുകൊണ്ട് ഇത്രമാത്രം ജപ്പാന്‍ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇവിടെ പടരുന്നു? 2012 ലെ തിരഞ്ഞെടുപ്പ് മുതലെങ്കിലും ചുരുങ്ങിയത് താമരയ്ക്ക് മൃഗീയ സ്വാധീനമുള്ള മണ്ഡലമല്ലേ. സ്വന്തമായി ഹിന്ദുയുവവാഹിനി സേനയുള്ള യോഗിയുടെ മണ്ഡലത്തില്‍ വൃത്തി നടപ്പില്‍ വരുത്താന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല. 

ദളിതന്റെ കോളനിയിലേക്ക് മുഖ്യമന്ത്രി ചെല്ലുംമുമ്പ് അവര്‍ക്ക് സോപ്പും ഷാമ്പുവും കൊടുത്ത് കുളിപ്പിച്ച് വിടുന്ന സര്‍ക്കാരാണിത്. സന്ദര്‍ശനയിടങ്ങളില്‍ മുഴുവന്‍ പരവതാനിയും എ.സിയും പുതിയ കസേരകളും ഫിറ്റ് ചെയ്ത് സന്ദര്‍ശനങ്ങള്‍ നടത്തുന്ന നാട്. ആ നാട് എന്തുകൊണ്ട് യു.പിയിലെ ഏറ്റവും വൃത്തിഹീനമായ സിറ്റിയായിരിക്കുന്നു?

 ചോദ്യം കുറെയുണ്ട്. അവിടെയാണ് തള്ളല്‍ കലാരൂപത്തിന്റെ പ്രസക്തി. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമയ്ക്കുന്നുവെന്ന് വിലപിച്ച കാവിഫാന്‍സുകാര്‍ കഴിയുമെങ്കില്‍ ഗൊരക്പൂര്‍ ഒന്ന് വരണം എന്നഭ്യര്‍ത്ഥിക്കുന്നു. സ്വഛ് ഭാരതിന്റെ ഉത്തരേന്ത്യന്‍ യാഥാര്‍ത്ഥ്യം കാണാന്‍. എല്ലാവിധ ആര്‍ഷഭാരത ഭവ്യതയോടെയും ക്ഷണിച്ചുകൊള്ളുന്നു. മുഖത്ത് തുണി കെട്ടാതെ കുടിവെള്ളം പോലും നല്ലത് പലയിടത്തും കിട്ടാത്ത ഈ ആസ്പത്രി പരിസരത്ത്, രണ്ട് ദിവസമായുണ്ട്. വന്നാലും. കാവി ദേശീയതയുള്ള ഏതെങ്കിലും മല്ലു ഇവിടെ വന്ന് ഈ തെരുവുകളിലെ കടകളില്‍ നിന്ന് ഭക്ഷണം കഴിക്കുമോ, വെള്ളം വാങ്ങിക്കുടിക്കുമോ? 

അഞ്ച് വട്ട എം.പി. മഠാധിപന്‍ ഇവിടെ നടത്തിയ വികസനമെന്താണ് ഒന്ന് പറഞ്ഞുതരുമോ? മരിച്ചവരെ കെട്ടിക്കൂട്ടി മൂലയില്‍ മാറ്റിയിടലും ആംബുലന്‍സിന് കാശില്ലാതെ നടക്കുകയോ ബൈക്കിലോ പായയില്‍ കെട്ടി ഉന്തുവണ്ടിയില്‍ കെട്ടികൊണ്ടുപോകലോ ഉത്തരേന്ത്യയിലെ പൊതു അവസ്ഥയാണ്. ഇവിടത്തുകാര്‍ക്ക് അത്ഭുതം തോന്നാറില്ല. അത്ഭുതം കേരളത്തിലുള്ളവര്‍ക്കാണ്. സാമൂഹ്യസാഹചര്യങ്ങള്‍ വ്യത്യസ്തമാണവിടെ. 

നാട്ടിലെ സ്ഥിതി ഇതൊക്കെയാണ്. ഭരിച്ച മുന്‍ യു.പി. സര്‍ക്കാരുകള്‍ക്കെല്ലാം ഈ അവസ്ഥയില്‍ പങ്കുണ്ട്. 'തള്ളല്‍ കലാകാരന്‍'മാരുടെ പ്രകടനം നടക്കട്ടെ. ഗൊരക്പൂര്‍ വിടാം. കേരളം ഒട്ടും ശരിയല്ലെന്ന്, കേരളം എന്ന ഭീകര സ്ഥലത്തെക്കുറിച്ച് റിപ്പബ്ലിക് ചാനല്‍, ടൈംസ് നൗ ചര്‍ച്ചകള്‍ തുടരാം. അവ ഫോര്‍വേഡാം. രാഷ്ട്രപതിഭരണം വേണോ എന്ന് തീരുമാനിക്കാം. ഒറ്റകാര്യം മാത്രം. കൂലിപ്പണിക്കാരന്റെയും ദളിതന്റേയും മക്കള്‍ക്ക് പകരം 72 പശുക്കളുടെ ജീവനാണ് ഗൊരക്പൂരില്‍ പോയിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഉത്തര്‍പ്രദേശ് ലേഖകന്‍ ഗൊരക്പൂരില്‍ നിന്ന് കലാപം റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. ന്താ സംശയംണ്ടോ?!..

(വാട്‌സാപ്പില്‍നിന്നും ലഭിച്ചത്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter