റമദാനും മഗ്ഫിറതിന്റെ വഴികളും - 1

ശൈഖ് മഹ്മൂദ്‌ അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തി (പാപം പൊറുക്കല്‍)ന്റെ വഴികളും എന്ന ലഘു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിവിധ ഭാഗങ്ങളായി ഇസ്‌ലാംഓണ്‍ വെബ് പ്രസിദ്ധീകരിക്കുന്നു.

അല്ലാഹു പറഞ്ഞു:“എന്‍റെ പ്രതാപവും എന്‍റെ ഔന്യത്യവും തന്നെയാണ് സത്യം. എന്‍റെ ദാസനു ഞാന്‍ രണ്ടു നിര്‍ഭയമോ രണ്ടു ഭയമോ ഒന്നിച്ചു നല്‍കുകയില്ല. ദുന്‍യാവില്‍ അവന്‍ എന്നെ നിര്‍ഭയനായി കണ്ടാല്‍ എന്‍റെ അടിമകളെ ഞാന്‍ ഒരുമിച്ചു കൂട്ടുന്ന ദിനം ഞാനവനെ ഭയപ്പെടുത്തും. ഇനി അവന്‍ ദുന്‍യാവില്‍ എന്ന ഭയപ്പെട്ടുവോ എങ്കില്‍ എന്‍റെ അടിമകളെ ഒരുമിച്ചു കൂട്ടുന്ന ദിവസം അവനെ ഞാന്‍ നിര്‍ഭയത്വം നല്‍കുന്നതാണ്.” (അല്‍ജാമിഉസ്സ്വഗീര്‍)

അബൂദര്‍ര്‍ (റ) നിന്നുള്ള നിവേദനം. റസൂലുല്ലാഹ് (സ) പറഞ്ഞു:“നിങ്ങള്‍ കാണാത്തത് ഞാന്‍ തീര്‍ച്ചയായും കാണുന്നു. ആകാശം (അമിതമായി ഭാരം വഹിക്കുന്നതിനാല്‍) മുരളുന്നു. ഇങ്ങനെ മുരളാന്‍ അതിനു അര്‍ഹതയുണ്ടുതാനും. ആകാശത്ത് നാലു വിരലു വെക്കാന്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ ഒരു മലക്ക് സുജൂദില്‍ വീണ് തന്‍റെ നെറ്റിത്തടം വെക്കുന്നു. അല്ലാഹുവാണ് സത്യം, ഞാന്‍ അറിയുന്നതെല്ലാം നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ അല്‍പമേ ചിരിക്കുമായിരുന്നുള്ളൂ. നന്നായി കരയുകയും ചെയ്തിരുന്നേനെ. മെത്തകളില്‍ സ്ത്രീകളെ ആസ്വദിക്കാന്‍ കഴിയുമായിരുന്നില്ല. അല്ലാഹുവിലേക്ക് അഭയം തേടി മൈതാനികളിലേക്ക് നിങ്ങള്‍ പുറപ്പെടുമായിരുന്നു.” (അല്‍ജാമിഉസ്സ്വഗീര്‍) അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. റസൂല്‍ (സ) പറഞ്ഞു:“ആരെങ്കിലും ഭയപ്പെട്ടാല്‍ അവന്‍ രാത്രിയിലെ ആദ്യയാമങ്ങളില്‍ സഞ്ചരിക്കും. രാത്രിയില്‍ സഞ്ചരിച്ചാലോ അവന്‍ വീട്ടിലെത്തും. അറിയുക. നിശ്ചയം അല്ലാഹുവിന്‍റെ ചരക്കുകള്‍ വിലപിടിച്ചതാണ്. അറിയുക. അല്ലാഹുവിന്‍റെ ചരക്ക് സ്വര്‍ഗ്ഗമാകുന്നു.” (അല്‍ജാമിഉസ്സ്വഗീര്‍)

ഇബ്നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “ ഞാന്‍ റസൂല്‍(സ) പറയുന്നതായി കേട്ടു:“വിശ്വാസി ഖിയാമത് ദിനം തന്‍റെ നാഥനോട് അടുക്കും. അങ്ങനെ (അല്ലാഹു തന്‍റെ സംരക്ഷണത്തിന്‍റെ) കരങ്ങള്‍ അവനു മേല്‍ വെക്കും. എന്നിട്ട് അവന്‍റെ ദോശങ്ങള്‍ അവനെകൊണ്ട് സമ്മതിപ്പിക്കും. അല്ലാഹു ചോദിക്കും:ʻഇന്നയിന്ന തെറ്റ് നിനക്കറിയുമോ. ഇന്നയിന്ന തെറ്റ് നിനക്കറിയുമോ.ʼ അപ്പോള്‍ അവന്‍ മറുപടി പറയും:ʻഎന്‍റെ റബ്ബേ, എനിക്കറിയാം.ʼ അല്ലാഹു പറയുന്നു:ʻദുന്‍യാവില്‍ നിന്നില്‍ നിന്നവ ഞാന്‍ മറച്ചു വെച്ചു. ഇന്ന് ഞാനവ പൊറുത്തു തരുന്നു. അങ്ങനെ അവന് അവന്‍റെ നന്മകളുടെ ഏടുകള്‍ നല്‍കും.” (ബുഖാരി, മുസ്‍ലിം)

Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും – 2

ഇബ്നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം. ʻഒരാള്‍ ഒരു സ്ത്രീയില്‍ നിന്ന് ചുംബനം സ്വീകരിച്ചു. അങ്ങനെ അദ്ദഹം റസൂല്‍(സ)യുടെ അടുത്തുവന്ന് കാര്യം പറഞ്ഞു: “ അപ്പോഴാണ് അല്ലാഹു വഹ്‍യ് ഇറക്കിയത്. “പകലിന്‍റെ ഇരു ദ്രുവങ്ങളിലും രാവില്‍ ചില സമയങ്ങളിലും നിസ്കാരം നിലനിര്‍ത്തുക. നല്ല പ്രവര്‍ത്തനങ്ങള്‍ ചീത്ത പ്രവര്‍ത്തനങ്ങളെ മായിച്ചു കളയുന്നതാണ്.” അന്നേരം ആ മനുഷ്യന്‍ ചോദിച്ചു:ʻഇത് എനിക്കുള്ളതാണോ റസൂലേ.ʼ റസൂല്‍(സ) പറഞ്ഞു:“എന്‍റെ സമുദായത്തിലെ എല്ലാവര്‍ക്കും.” (ബുഖാരി, മുസ്‍ലിം)

വര്‍ഷം മുഴുവന്‍ തെറ്റുകള്‍ ചെയ്തവരേ, പാപങ്ങള്‍ പ്രവര്‍ത്തിച്ചവരേ, ഈ ദിവ്യവിളി ഒന്നു ശ്രദ്ധിച്ചു കേള്‍ക്കൂ. “നന്മകള്‍ തിന്മകളെ മായിച്ചു കളയുന്നു.” എന്ന ഈ വിളി ഒന്നു ശ്രദ്ധിച്ചു കേള്‍ക്കൂ. അല്ലാഹുവിലേക്ക് തൌബ ചെയ്ത് മടങ്ങുക. അല്ലാഹുവിനെ നന്നായി വഴിപ്പെടൂ. നിങ്ങളുടെ തിന്മകള്‍ നന്മകളായി പരിവര്‍ത്തിതമാകുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. തന്‍റെ മുലകുടിക്കുന്ന കുഞ്ഞിനോട് ഒരു മാതാവിനുള്ള കാരുണ്യത്തേക്കാള്‍ അല്ലാഹു നിങ്ങളോട് കാരുണ്യമുള്ളവനാണെന്ന്. ഉമര്‍ ബ്നുല്‍ഖത്ത്വാബ് (റ) പറഞ്ഞു:ʻറസൂല്‍(സ) തടവില്‍പിടിച്ചു വെച്ചവരുടെ അടുത്തു ചെന്നു. അപ്പോഴുണ്ട് തടവറയിലെ ഒരു സ്ത്രീ ഓടിപ്പോകുന്നു. ഒരു കുട്ടിയുടെ അടുത്തെത്തി അതിനെയെടുത്ത് മാറോടു ചേര്‍ത്തി അതിനു മുലയൂട്ടുന്നു. ഇത് കണ്ട് റസൂല്‍(സ) പറഞ്ഞു:“ഈ സ്ത്രീ തന്‍റെ മകനെ നരകത്തില്‍ എറിയുമെന്ന് നിങ്ങള്‍ കരുതുന്നുവോ.” ഞങ്ങള്‍ പറഞ്ഞു:ʻഅല്ലാഹുവാണേ, ഇല്ല.ʼഅപ്പോള്‍ റസൂല്‍(സ) പറഞ്ഞു:

“തീര്‍ച്ചയായും അല്ലാഹു തന്‍റെ അടിമകളോട് ഈ സ്ത്രീക്ക് തന്‍റെ മകനോടുള്ളതിനേക്കാള്‍ ഏറ്റവും കാരുണ്യമുള്ളവനാകുന്നു.” (ബുഖാരി, മുസ്‍ലിം) അല്ലാഹുവിനു നിന്‍റെ തൌബ മൂലം സന്തോഷം അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു:“അല്ലാഹു പറഞ്ഞു:“ഞാന്‍ എന്‍റെ അടിമ എന്നെക്കുറിച്ച് വിചാരിക്കുന്നിടത്താണ്. അവന്‍ എന്നെ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ അവന്‍റെ കൂടെയാണ്. അല്ലാഹുവിനെ തന്നെ സത്യം. തീര്‍ച്ചയായും അല്ലാഹു തന്‍റെ അടിമയുടെ തൌബ മൂലം മരുഭൂമിയില്‍ തന്‍റെ നഷ്ടപ്പെട്ട വാഹനം തിരികെ ലഭിച്ച നിങ്ങളിലൊരാളെക്കാളും സന്തോഷവാനാണ്. എന്നോട് ഒരാള്‍ ഒരു ചാണ്‍ അടുത്താല്‍ ഞാനവനോട് ഒരു മുഴം അടുക്കും. ആരെങ്കിലും എന്നോട് ഒരു മുഴം അടുത്താല്‍ ഞാനവനോട് ഒരു ബാഅ് (ഏകദേശം ഒന്നരമീറ്റര്‍ അഥവ രണ്ടു മുഴം) അടുക്കും. എന്‍റെയടുത്തേക്ക് അവന്‍ നടന്നു വന്നാല്‍ ഞാനവന്‍കലേക്ക് ഓടി അടുക്കും.” (ബുഖാരി, മുസ്‍ലിം)

അനസ്(റ) പറഞ്ഞു: റസൂല്‍(സ) പറയുന്നതായി ഞാന്‍ കേട്ടു:“അല്ലാഹു തആലാ പറഞ്ഞു:“ആദമിന്‍റെ പുത്രാ. തീര്‍ച്ചയായും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നിടത്തോളം നിന്നില്‍ നിന്നുണ്ടായതു മുഴുവനും നിനക്കു ഞാന്‍ പൊറുത്തു തരും. അതില്‍ എനിക്കു ഒരു പരിഭവവുമില്ല. ആദമിന്‍റെ പുത്രാ, നിന്‍റെ പാപങ്ങള്‍ ആകാശം മുട്ടെയെത്തിയാലും നീ എന്നോട് പൊറുക്കാനപേക്ഷിച്ചാല്‍ ഞാന്‍ നിനക്ക് പൊറുത്തു തരും. ആദമിന്‍റെ പുത്രാ, നീ എന്‍റെയടുത്ത് ഭൂമി നിറയെ ദോശങ്ങളുമായി വന്ന് എന്നോട് യാതൊന്നും പങ്കു ചേര്‍ക്കാതെ എന്നെ കണ്ടാല്‍ ഭൂമി നിറയെ പാപമോചനവുമായി ഞാന്‍ നിന്നെ സമീപിക്കുന്നതായിരിക്കും.” (ജാമിഉസ്സ്വഗീര്‍)

അല്ലാഹുവിനോട് പിന്തിരിഞ്ഞു നില്‍ക്കുന്ന സഹോദരാ. അറിയുക നിന്‍റെ അനുസരണ കൊണ്ട് എന്തെങ്കിലും നേട്ടമോ നിന്‍റെ ദോശങ്ങള്‍ കാരണത്താല്‍ എന്തെങ്കിലും കോട്ടമോ അല്ലാഹുവിനില്ല. എങ്കിലും നിന്‍റെ തൌബ അല്ലാഹുവിനെ സന്തോഷിപ്പിക്കുന്നു. ഇപ്പോള്‍ നാം തൌബയുടെ മാസത്തിലാണല്ലോ. ഈ മാസത്തില്‍ തൌബ ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തൌബ ചെയ്യുക. അതെ എന്‍റെ സഹോദരങ്ങളേ, റമദാനില്‍ തൌബ ചെയ്യുക. റമദാനില്‍ റഹ്‍മാനിലേക്ക് മടങ്ങുക. റമദാനിലല്ലെങ്കില്‍ പിന്നീടെന്നാണ് ദാസന്‍ നരകമോചനത്തിനായി ശ്രമിക്കുക.

ലക്ഷോപലക്ഷം തൌബ ചെയ്യുന്നവര്‍ക്ക് അല്ലാഹു മാപ്പു ചെയ്തു കൊടുക്കുമ്പോള്‍ നിനക്കു മാത്രം പടച്ചവന്‍ പൊറുത്തു തന്നില്ലായെങ്കില്‍ അതു വലിയ ഖേദവും സങ്കടവുമല്ലേ. പ്രിയ സഹോദരാ, നിനക്കറിയില്ല എപ്പോഴാണ് നിന്‍റെയടുത്തേക്ക് മരണത്തിന്‍റെ മാലാഖ വരുന്നതെന്ന്. അതിനാല്‍ ഈ മാസം പരമാവധി ഉപയോഗപ്പെടുത്തുക. ഇതൊരു പക്ഷേ, നിന്‍റെ ആയുസ്സിന്‍റെ അവസാനമായിരിക്കാം. നീ മരണപ്പെടുകയാണെങ്കില്‍ സ്വര്‍ഗ്ഗപ്രവേശനം ലഭ്യമാകും. സ്വര്‍ഗത്തിലേക്കെത്താന്‍ നിന്‍റെ മനസ്സു തുടിക്കുന്നില്ലേ. അതിലെ അനുഗ്രഹങ്ങള്‍ ആസ്വദിക്കാനും മരങ്ങളും പുഴകളും കൊട്ടാരങ്ങളും കണ്ട് ആനന്ദിക്കാനും നാഥന്‍റെ മുഖത്തേക്ക് നോക്കി നിര്‍വൃതിയടയാനും നിന്‍റെ മനസ്സ് വെമ്പല്‍ കൊള്ളുന്നില്ലേ.

വിവ: അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter