അടിമ സമ്പ്രദായത്തോടുള്ള സമീപനം- ഇസ്‍ലാമിന്റേതിനേക്കാള്‍ യുക്തിഭദ്രം വേറെ ഏതുണ്ട്

ഭാഗം 1- വിമോചനത്തിനായി മുന്നോട്ട് വെച്ച വിവിധ രീതികള്‍ 

കാലാകാലങ്ങളായി ഇസ്‍ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധം യുക്തിവാദികള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലൊന്നാണ്. അടിമവ്യവസ്ഥ എന്നത് ഇസ്ലാം ഉണ്ടാക്കിയതല്ലെന്നും അതിനെ ക്രമപ്രവൃദ്ധമായി ഇല്ലാതാക്കാന്‍ ഏറ്റവും പ്രായോഗികമായ രീതികള്‍ അവലംബിച്ച മതമാണ് ഇസ്‍ലാം എന്നും നിഷ്പക്ഷമായി കാര്യങ്ങളെ മനസ്സിലാക്കുന്ന ആര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ എന്ന് ആമുഖമായി ഉണര്‍ത്തട്ടെ.

അടിമത്ത സമ്പ്രദായം ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്ററുകളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്.  പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും ഇത് നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്.  അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്നവരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു. 


Also Read:അടിമയുടെ പെരുമാറ്റം ശഖീഖുൽ ബലഖിയിൽ വരുത്തിയ മാറ്റം


നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്‍ലാമിന് അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ  അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? അതോടൊപ്പം സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാവുകയും ചെയ്യും. അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാര ത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമെന്നതാവും അതിന്റെ അനന്തരഫലം. അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.  അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്‍ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞുഎന്ന് പറയുന്നതാവും ശരി. അതിൻറെ നാൾവഴികൾ തുടർന്നുള്ള വരികളിൽ വായിക്കാം. 

1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവൃത്തി ആയി സ്‍ലാം പ്രഖ്യാപിച്ചു.  വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നത് കൂടി ഇവിടെ ചിന്തിക്കേണ്ടതാണ്? 

2. സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.  അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക്‌  ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). സകാത്ത് ഇസ്‍ലാമിൻറെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. സകാത്തിൻറെ നിർവഹണം കൂടി ചേരുമ്പോഴാണ് ഒരാളുടെ മുസ്‍ലിം എന്ന അസ്തിത്വം പൂർണ്ണമാവുകയുള്ളൂ എന്നാണ് ഇസ്‍ലാമിക ദൈവശാസ്ത്രം പറയുന്നത്. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ എന്നത് പ്രസക്തമാണ്.

3. പ്രവാചകന്‌ മുമ്പുള്ള ആചാരം ആയിരുന്ന "സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല" എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. പ്രായശ്ചിത്തം, പശ്ചാത്തപം എന്നിവക്ക് വളരെ പ്രാധാന്യം നൽകുന്ന ഒരു മതം അറേബ്യയുടെ സാമൂഹിക ഘടനയിൽ ഇങ്ങനെ ഇടപെട്ടതിനു സമാനമായി ഇടപെടലുകൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ..?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്‍ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ  ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു. 24:33 ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്‌ലിംകൾ മത്സരിച്ച് രംഗത്ത് വന്നു. 

5. മുസ്‌ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക്‌ വിളി.  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത്  ബിലാൽ ബിൻ റബാഹ്‌ എന്ന ഇത്യോപ്യൻ അടിമയെ ആയിരുന്നു. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രമടക്കമുള്ള പല ആരാധനാലയങ്ങളിലും അയിത്തജാതിക്കാര്‍ക്ക് പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ). ഒരു സമൂഹത്തിൻറെ വംശീയമായ മനോഘടനയെ ഇതുപോലെ അറ്റാക്ക് ചെയ്ത് കീഴ്മേൽ മറിച്ച് ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി കാണാനാവുമോ?

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter