ബീമാപള്ളി: നീതിനിഷേധത്തിന്റെ എട്ടാണ്ടുകള്‍

തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ 6 മുസ്ലിംകള്‍ പോലീസ് വെടിവെച്ചു കൊന്നിട്ടിന്നേക്ക് എട്ടു വര്‍ഷം പൂര്‍ത്തിയാവുന്നു. 2009 മെയ് 17നായിരുന്നു കേരളം ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ രണ്ടാമത്തെ വെടിവെപ്പാണ് ബീമാപള്ളിയില്‍ നടന്നത്. ഇതിനുമുമ്പ് 7 പേര്‍ കൊല്ലപ്പെട്ട വിമോചനസമരം അവസാനിച്ചത് ഒടുങ്ങാത്ത വിവാദങ്ങള്‍ ഒരു സര്‍ക്കാറിന്റെ തന്നെ വീഴ്ചയിലുമായിരുന്നു. കൊമ്പ് ശിബു എന്ന ഗുണ്ട തിരുവനന്തപുരത്തിനടുത്ത് ബീമാപള്ളി-ചെറിയതുറ പ്രദേശത്തു നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും പ്രത്യേകിച്ച് നടപടികളൊന്നുമുണ്ടാവാതിരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ അയാള്‍ക്കെതിരെ സംഘടിക്കുന്ന സാഹചര്യമുണ്ടാവുകയും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയുമായിരുന്നു. 

എന്നാല്‍ ഗുണ്ടാപിരിവിനെതിരെ നിശബ്ദത പാലിച്ച പോലീസ് പൊടുന്നനെ പ്രവര്‍ത്തന നിരതമാവുകയും, ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത് പോലെ, പോലീസ് മാന്വലില്‍ പറയുന്ന വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് തുടങ്ങിയ നടപടികളൊന്നും പാലിക്കാതെ 70 റൗണ്ട് വെടയുതിര്‍ക്കുകയും 40 റൗണ്ട് ഗ്രനേഡ് പ്രയോഗവും നടത്തുകയുമുണ്ടായി. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും ഓടിച്ചിട്ട് വെടിവെക്കുന്നതും ബയണറ്റു കൊണ്ടടിക്കുന്നതും മരിച്ചവരെ കടപ്പുറത്തുകൂടി വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോകളായി തന്നെ പുറത്തുവന്നിരുന്നു. മരിച്ച ആറു പേര്‍ക്കു പുറമെ 52 പേര്‍ അരക്കുമീതെയും മറ്റും വെടിയേറ്റും പരിക്കുപറ്റിയും ജീവഛവങ്ങളായി ജീവിക്കുന്നു. പോലീസിന്റെ കയ്യിലെ വെടിയുണ്ടകള്‍ തീര്‍ന്നു പോയതുകൊണ്ടാണ് മരണസംഖ്യ ഉയരാതിരുന്നത് എന്നതുകൂടി ചേര്‍ത്തുവെക്കുമ്പോഴാണ് ബീമാപള്ളി വെടിവെപ്പും അതിനോട് കേരള സര്‍ക്കാറിന്റെയും പൊതുമണ്ഡലത്തിന്റയും മാധ്യമങ്ങളുടെയുമെല്ലാം നിലപാടുകളും മൗനവും ശ്രദ്ധേയമാവുന്നത്. 

ബോധപൂര്‍വമായ സാമൂഹിക മറവിക്ക് വിധേയമായ സംഭവമെന്ന നിലയില്‍ ഭരണകൂടത്തിന്റെ അനീതിക്കെതിരെയും പൊതുസമൂഹത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെയുമുള്ള പ്രധിരോധമാണ് ബീമാപള്ളി വെടിവെപ്പിനെക്കുറിച്ച് വീണ്ടു വീണ്ടും ഓര്‍മിപ്പിക്കുന്നതിന്റെ പ്രസക്തി. ഇനി ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവാതിരിക്കാനും നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ മാറ്റിയെഴുതാനുമിതുകൊണ്ട് സാധിച്ചേക്കും. 

കേരളത്തില്‍ ഒട്ടനവധി രാഷ്ട്രീയവും അല്ലാത്തതുമായ അതിക്രമങ്ങളും കേസുകളുമുണ്ടായിട്ടുണ്ട്. എന്നാല്‍ അവയിലൊന്നുമില്ലാത്തൊരു പ്രത്യേക തരം ജാഗ്രതയോടെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ബീമാപള്ളി പോലീസ് അതിക്രമത്തെ സമീപിച്ചത്. ആറു പേര്‍ വെടിയേറ്റു മരിച്ചിട്ടും അത് സാധാരണ സംഭവം മാത്രമാണെന്നും ആ ജനത അതര്‍ഹിക്കുന്നുമെന്നുമുള്ള തരത്തില്‍, അപ്രധാനാമെന്ന വിധം, വര്‍ഗീയകലാപമാണെന്ന പോലീസ് വിവരണങ്ങള്‍ മാത്രം ചേര്‍ത്താണ് മിക്കവാറും മാധ്യമ വാര്‍ത്തകള്‍ വന്നത്. ഒടുക്കം ഇതിനെക്കുറിച്ചന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ 60 പേരെ വിസ്തരിച്ച് പോലീസ് നടപടികളില്‍ പാളിച്ചകളുണ്ടെന്ന് പറഞ്ഞിട്ടും, സര്‍ക്കാര്‍ പോലീസിനെ ന്യായീകരിക്കുകയും റിപ്പോര്‍ട്ടിന്‍ മേല്‍ നടപടികളൊന്നുമെടുക്കാതിരിക്കുകയുമായിരുന്നു.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കടപ്പുറത്തു ജീവിക്കുന്ന മുസ്ലിംകളായ  ബീമാപ്പള്ളിക്കാരെക്കുറിച്ചുള്ള അന്നും ഇന്നും നിലനില്‍ക്കുന്ന എന്തിനും തയ്യാറുള്ള നിയന്ത്രക്കാന്‍ ബുദ്ധുമുട്ടുള്ള അപരിഷ്‌കൃതരുമാണെന്ന മുന്‍വിധികളാണ് കൈരളീയ പൊതുസമൂഹത്തെ നയിക്കുന്നത്. ഇതു കേവലമൊരു ദിനം കൊണ്ടു രൂപപ്പെട്ടതുമല്ല. 1921ല്‍ മാപ്പിളമാരെക്കുറിച്ച് പ്രാകൃതരും എളുപ്പത്തില്‍ അക്രമാസ്തരാവുന്നവരുമെന്ന് ഗാന്ധിജി എഴുതുന്നുണ്ട്. എന്നതുപോലെ ഒരുപാട് കാലം സിനിമകളിലും വാര്‍ത്തകളിലുമെല്ലാം വന്ന കടപ്പുറക്കാരെക്കുറിച്ചും മുസ്ലിംകളെകളെക്കുറിച്ചുമെല്ലാമുള്ള വാര്‍പ്പുമാതൃകകളാണ് ഇത്തരം ന്യായീകരണങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ കഴിയുന്നത്. ബീമാപള്ളിയെക്കുറിച്ച് തന്നെ കള്ളക്കടത്തുമായും ഗുണ്ടായിസവുമായുമെല്ലാം ബന്ധിപ്പിച്ച് നിയമപാലകര്‍ക്കൊന്നും കടന്നു ചെല്ലാന്‍ കഴിയാത്ത പ്രദേശമാണെന്ന പോലീസിലടക്കം നിലിനില്‍ക്കുന്ന പൊതുധാരണകള്‍ ഇത്തരമൊരു വെടിവെപ്പ് എളുപ്പത്തില്‍  അംഗീകരിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നതുപോലെ  പോലീസ് അതിക്രമത്തെ മറന്നുകളയാന്‍ സവര്‍ണപൊതുബോധവാഹകരായ മുഖ്യധാര മാധ്യമങ്ങള്‍ക്കും സംഭവത്തെ ന്യായീകരിക്കാന്‍ സര്‍ക്കാറുകള്‍ക്കും എളുപ്പം സാധിക്കുന്നു. ഗുണ്ടാപിരിവനെതിരെ ജനകീയ പ്രധിരോധമൊരുക്കിയവരെ പിരിച്ചുവിടാന്‍ വെടിവെച്ച പോലീസിനെക്കുറിച്ചന്വേഷിക്കാന്‍ നിയമിക്കപ്പെട്ട പോലീസിലെ തന്നെ കൈബ്രാഞ്ച് ഉദ്യോഗസ്ഥരും ജുഡീഷ്യല്‍ കമ്മീഷന്‍ വരെ സര്‍ക്കാര്‍ ഭാഷ്യത്തെ ഏറ്റുപിടിക്കുകയായിരുന്നു.

കേരളസര്‍ക്കാര്‍ വിവിധ കാലങ്ങളില്‍ നടത്തിയ പോലീസ് വെടിവെപ്പുകളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ പലതരം മുന്‍വിധികള്‍ അതിലെങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ബീമാപള്ളിയടക്കം കേരളത്തില്‍ ഏറ്റവുമധികം പേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് (പതിനൊന്നുപേര്‍) മുസ്ലിംകളാണ്. ജോസഫ് വിതായത്തില്‍ കമ്മീഷന്‍ 1971ലെ തലശ്ശേരി കലാപത്തെക്കുറിച്ച് പറഞ്ഞത് ' മുസ്ലിംകളെ റോഡില്‍ കാണുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പോലീസുകാരെക്കുറിച്ച് ഡിസ്പി തെളിവുനല്‍കുന്നുണ്ട്. അന്നത്തെ സബ്കലക്ടര്‍ അടക്കം നല്‍കിയ സാക്ഷിമൊഴികള്‍ അനുസരിച്ച് പോലീസ് മുസ്ലിംകളെ പിന്തുടരുമ്പോള്‍ പാകിസ്താനില്‍ പോടോ എന്നാക്രോശിക്കുന്നുണ്ടായിരുന്നു. 1980ല്‍ അറബി ഭാഷാ സംരക്ഷണത്തിന്റെ ഭാഗമായി മലപ്പുറത്ത് യൂത്ത്ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റു മാര്‍ച്ചിനു നേരെ നടന്ന വെടുവെപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

പ്രകോപനങ്ങളില്ലാതെ വെടിവെക്കാനുത്തരവിട്ട എസ്പിയുടെ നടപടി ഒരുപാട് ദുരൂഹതകളാണവശേഷിപ്പിച്ചത്. മൂന്നുപേരെ സര്‍ക്കാര്‍ കൊന്നൊടുക്കിയിട്ടും നിയമസഭയില്‍ അതു ചര്‍ച്ചക്കെടുക്കാന്‍ പോലും അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 1991 ല്‍ പാലക്കാട്ട് പുതുപ്പള്ളിത്തെരുവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന സിറാജുന്നിസയെന്ന പെണ്കുട്ടിയെ വെടിവെച്ചു കൊല്ലും മുമ്പ് രമണ്‍ശ്രീവാസ്തവ പറഞ്ഞത് എനിക്കു മുസ്ലിം ശവങ്ങള്‍ കാണണമെന്നാണ്. 

അതേ ശ്രീവാസ്തവയെ ആഭ്യന്തരവകുപ്പിന്റെ തന്നെ ഉപദേശകനാക്കിയാണ് ഇന്നത്തെ സര്‍ക്കാര്‍ ആദരിച്ചിരിക്കുന്നത്. ബീമാപള്ളി വെടിവെപ്പു നടന്നതും, 2006ല്‍ സമാനതകളില്ലാത്ത വിധം മുസ്ലിം പിന്തുണയോടെ അധികാരത്തിലേറിയ വിഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴായിരുന്നു. അതിനുശേഷം ലൗജിഹാദുമായി ബന്ധപ്പെട്ട് ഇല്ലാത്ത വാര്‍ത്തകള്‍ വന്നപ്പോഴും നിയന്ത്രണങ്ങളൊന്നുമില്ലാതെ യുഎപിഎ ചാര്‍ത്തലുകള്‍ നടന്നപ്പോഴുമെല്ലാം വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാരണ് മുഖ്യധാരാ മാധ്യമങ്ങളും സര്‍ക്കാറുമെടുത്ത സമീപനം. ലൗജിഹാദിനെ കോടതി തന്നെ പൊളിച്ചടക്കിയപ്പോള്‍ കണ്ണുരില്‍ സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ വന്ന സാഹചര്യത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ മനുഷ്യാവകാശബോധം ഉണര്‍ന്നത്. 
അടുത്തകാലത്ത് താനൂരിലെ തീരപ്രദേശങ്ങളില്‍ രണ്ടുപാര്‍ട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഇടപ്പെട്ട രീതി കൂടി ഇതോടു ചേര്‍ത്തുവെക്കാവുന്നതാണ്. കടപ്പുറത്തെ ഒരുവിഭാഗത്തിന്റെ വീടുകളില്‍ പോലീസ് നേരിട്ട് അര്‍ധരാത്രി നരനായാട്ട് നടത്തുകയും കിട്ടിയവരെയെല്ലാം അറസ്ററു ചെയ്യുകയും ലക്ഷങ്ങളുടെ വലകളും മറ്റും നശിപ്പിക്കുകയുമായിരുന്നു.

എന്തുകൊണ്ടാണ് തീരപ്രദേശങ്ങളിലെ മുസ്ലിംകള്‍ക്കെതിരെ ക്രമസാമാധാനം ഉണ്ടാക്കേണ്ട പോലീസു തന്നെ അതിക്രമം കാണിക്കുമ്പോള്‍ ഭരണകൂടവും പൊതുസമൂഹവും നിശബ്ദരാവുന്നത്. ബീമാപള്ളിയില്‍ വിഷയത്തില്‍ തന്നെ, ഒറ്റപ്പെട്ട ചില സമരങ്ങളും പ്രഖ്യാപനങ്ങളുമൊഴിച്ചാല്‍ കാര്യമായ പ്രതികരണമൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇതുവരെ നടത്തിയിട്ടില്ല. പൊതുവെ മലബാര്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന മുസ്ലിം പാര്‍ട്ടികള്‍ പോലും കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല. 

ബീമാപള്ളി വെടിവെപ്പിനെക്കുറിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നു ഫയലുകളില്‍ കിടന്നു ചിതലരിക്കുകയാണ്. മുന്നറിയിപ്പുകളില്ലാതെ വെടിയുതിര്‍ത്ത പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. കൊല്ലപ്പെട്ടവര്‍ക്കോ അതിക്രമത്തില്‍ പരിക്കേറ്റവര്‍ക്കോ നഷ്ടപരിഹാരമോ നീതിയോ ലഭ്യമായിട്ടില്ല. പക്ഷെ, ഒരു കാര്യമുണ്ട്. വര്‍ഗ്ഗീയ കലാപമെന്നും എളുപ്പത്തില്‍ അതിക്രമങ്ങള്‍ക്ക് മുതിരാനിടയുള്ളവരെന്നുമെല്ലാം പോലീസും മാധ്യമങ്ങളും ചിത്രീകരിച്ച ബീമാപള്ളിയില്‍ പിന്നീടിതുവരെ കലാപങ്ങളൊന്നുമുണ്ടായിട്ടില്ല. ഒരു വെടിവെപ്പു കൊണ്ട് വര്‍ഗീയത പാടെ ഇല്ലാതായി എന്നതിനേക്കാള്‍ പോലീസ് പറഞ്ഞതത്രയും അസത്യങ്ങളായിരുന്നുവെന്ന് വിശ്വസിക്കാനാണ് കൂടുതല്‍ ന്യായം. ക്രമസമാധാന നിലതകര്‍ക്കുന്ന ക്രിമിനലുകളെയും ഗുണ്ടകളെയും നിയന്ത്രിക്കാന്‍ പോലീസ് തയ്യാറായാല്‍ എവിടുത്തെയും പോലെ സാധാരണ പ്രദേശങ്ങളിലൊന്നുമാത്രമാണ് ബീമാപള്ളി. അവിടെ നിസ്സാരമായ വെടിവപ്പും ഭരണകൂട അതിക്രമങ്ങളുമല്ല ആവശ്യം.

ഇതില്‍ നിന്നും മനസ്സിലാവുന്ന കാര്യം കേരളീയസാംസ്‌കാരിക-പൊതുബോധങ്ങളിലും വികസനത്തിലും അധികാരപങ്കാളിത്തത്തിലുമെല്ലാം അരികുവല്‍ക്കരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടേണ്ടവരായി ചിത്രീകരിക്കപ്പെടുകയും ചെയ്യപ്പെട്ടവര്‍ക്കെതിരെ ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പോലീസുമെല്ലാം ചെയ്തുവെക്കുന്ന കായികവും അല്ലാത്തതുമായ അതിക്രമങ്ങളെ എളുപ്പം ന്യായീകരിക്കാനും മറവിക്കു വിട്ടുനല്‍കാനും  പാകത്തിലാണ് കേരളത്തിലെ പൊതുഇടങ്ങളും അവിടുത്തെ സാംസ്‌കാരിക നായകന്മാരുമെല്ലാം രൂപപ്പെട്ടതും പ്രവര്‍ത്തിക്കുന്നതുമെന്നാണ്. ഫാസിസം ഭക്ഷണത്തിലും വസ്ത്രത്തിലും സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം അരങ്ങുവാഴുന്ന കാലത്ത് ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഓര്‍മതെന്നെയാണ് ഏറ്റവും വലിയ പ്രധിരോധം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter