അവനവനോട് തന്നെ ബദര്‍ നടത്താന്‍ നാമിനിയും വൈകിക്കൂടാ

'ചെറിയ ധര്‍മ്മസമരത്തില്‍ നിന്നും വലിയ സമരത്തിലേക്കാണ് നാം മടങ്ങുന്നത്.' സത്യനിഷേധികള്‍ക്കെതിരെയുള്ള കടുത്ത യുദ്ധം കഴിഞ്ഞ് മടങ്ങുന്ന അനുചരരോടായി തിരുനബി (സ) പറഞ്ഞു. ആകാംക്ഷയോടെ സ്വഹാബാക്കള്‍ ആരാഞ്ഞു:' ഏതാണ് തിരുദൂതരേ ആ വലിയ ജിഹാദ്?' 'അവനവന്റെ ദേഹേച്ഛകളോടുള്ള പോരാട്ടം'. തിരുദൂതര്‍ പ്രതിവചിച്ചു. (ഇമാം ബൈഹഖി)

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലുടനീളം നിത്യ പ്രസക്തവും നിതാന്ത പരിഗണന അര്‍ഹിക്കുന്നതുമായ ഒന്നാണ് ബദര്‍ ദിനം. എന്നെന്നേക്കും ഓര്‍ത്തു വെക്കാന്‍ തക്ക മാധുര്യവും മഹത്വവും നിറഞ്ഞൊരു  വിജയം നല്‍കി എന്നതു കൊണ്ടു മാത്രമല്ല, വിശുദ്ധ മതത്തെ സംരക്ഷിക്കേണ്ടത് അവനവന്റെ വിശ്വാസത്തിന്റെ അടിത്തറ ഭദ്രമാക്കിക്കൊണ്ടും കര്‍മ്മങ്ങളെ ആ അടിയുറച്ച വിശ്വാസത്തിന്റെ പ്രതിഫലനങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടുമാണെന്ന് ആ അതിജീവന സമരം നിരന്തരം ഓര്‍മ്മിപ്പിക്കുന്നു എന്നതു കൊണ്ടു കൂടിയാണ് അത്.

ഒരു പ്രത്യേക സാഹചര്യത്തിന്‍റെ ആകസ്മികമായ പരിണിത ഫലമെന്നതിലപ്പുറം ദിവ്യ വഹ്‍യിലൂടെ പ്രാരംഭം കുറിച്ച അതിമഹത്തായൊരു വിപ്ലവത്തിന്റെ വിജയകരമായ പരിസമാപ്തിയാണ് നമുക്ക് ബദറില്‍ കാണാനായത്. ഭൗതികമായ സുഖാഢംബരങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പൊള്ളയായ ദുരഭിമാനത്തിനും മറ്റെല്ലാറ്റിലുമുപരി വിലയും മൂല്യവും കല്‍പ്പിച്ചിരുന്നവരെ ഇവയേക്കാളൊക്കെ എത്രയോ ഉന്നതവും ഉല്‍കൃഷ്ടവുമായ ആദര്‍ശ നിഷ്ഠയിലൂടെ വര്‍ഷങ്ങളായി മുസ്ലിംകള്‍ തോല്‍പ്പിച്ചു കൊണ്ടിരുന്ന പ്രക്രിയയുടെ അനിവാര്യമായ അന്ത്യവിധി മാത്രമായിരുന്നു ഖുറൈശികള്‍ ബദ്‌റില്‍ രുചിച്ച പരാജയം.

സ്വഹാബത്തിന്‍റെ വിജയം യഥാര്‍ത്ഥത്തില്‍ ബദ്‌റില്‍ പടക്കിറങ്ങും മുമ്പേ സംഭവിച്ചിരുന്നു. പോരാട്ടത്തിനിറങ്ങും മുമ്പ് സ്വഹാബാക്കളുടെ അഭിപ്രായമാരാഞ്ഞ മുത്ത് നബി(സ)യോട് ഞങ്ങളെയും കൂട്ടി ആര്‍ത്തലക്കുന്ന സമുദ്രത്തിലേക്ക് അങ്ങ് നടന്നടുത്താലും അചഞ്ചല ചിത്തരായി അങ്ങയെ അനുധാവനം ചെയ്യാന്‍ ഞങ്ങള്‍ പൂര്‍ണ്ണ സന്നദ്ധരാണെന്ന് അന്‍സ്വാരികളുടെ നായകന്‍ സഅ്ദു ബ്‌നു മുആദ്(റ) സധീരം പ്രഖ്യാപിച്ച വേളയില്‍ തന്നെ പോരാട്ടം തുടങ്ങുക പോലും ചെയ്യാതെ സ്വഹാബത്ത് യുദ്ധം ജയിച്ചു കഴിഞ്ഞിരുന്നു. സത്യത്തോടുള്ള ഇളക്കം തട്ടാത്ത പ്രതിബദ്ധതയും ആഴത്തില്‍ വേരോടിയ വിശ്വാസ വിശുദ്ധിയുമാണ് ഇത്തരമൊരു വിജയത്തിന് അര്‍ഹരാക്കും വിധം അവരെ വാര്‍ത്തെടുത്തത്.

ഇസ്ലാമിന്റെ മഹിതമായ ആശയാദര്‍ശങ്ങള്‍ അതിഭീതിദമാം വിധം വെല്ലുവിളികള്‍ നേരിടുകയും പൊതു സമൂഹമധ്യേ വളച്ചൊടിക്കലുകള്‍ക്കും വക്രീകരിക്കലുകള്‍ക്കും പാത്രമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അവയെ പ്രതിരോധിക്കുകയെന്ന നിര്‍ബന്ധ ബാദ്ധ്യത നിറവേറ്റാന്‍ അതിദയനീയമാം വിധം നാം  പരാജയപ്പെടുന്നത് ഈ പ്രതിപത്തിയുടെ അഭാവവും ആദര്‍ശാടിത്തറയില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള വിമുഖതയും മൂലമാണെന്ന് കാണുക പ്രയാസമില്ല.

ആയുധമെടുത്ത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാനും സത്യമത സംരക്ഷണത്തിന്റെ കുത്തകയേറ്റെടുത്ത് ആദര്‍ശധീരതയുടെ ഉറഞ്ഞു തുള്ളലുകള്‍ നടത്താനും ഇന്ന് ആളുകള്‍ നിരവധിയാണെങ്കിലും വൈയക്തിക തലത്തിലേക്ക് ഇറങ്ങി വരുമ്പോള്‍ ആദര്‍ശത്തെ കയ്യാലപ്പുറത്തു നിന്നിറക്കി നിത്യജീവിതത്തിന്‍റെ ഭാഗമാക്കാന്‍ മിനക്കെടുന്നവര്‍ തുലോം വിരളമാണെന്ന് കാണാം. വിശുദ്ധ ദീനിന്‍റെ പാഠനങ്ങളെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കി വെളിച്ചം പരത്തി ജീവിക്കുന്നവരുടെ സൂക്ഷമെങ്കിലും ആശ്വാസം പകരുന്ന സാന്നിദ്ധ്യം ഇന്നു നാം പോരാടാനിറങ്ങേണ്ട യഥാര്‍ത്ഥ ബദര്‍ക്കളം ഏതാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിത്തരുന്നുണ്ട്. ബദര്‍ എന്ന വീരേതിഹാസത്തിന്‍റെ ഭാഗമായവരെ അല്ലാഹു തആല ആദരിച്ചത് കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ അവരുടെ മുഴുവന്‍ പാപങ്ങളും പൊറുത്തു കൊടുക്കുക എന്ന സുമോഹന പ്രതിഫലവുമായാണ്. എന്നിട്ടും ‘ജിഹാദുല്‍ അക്ബറി’ന്‍റെ അതീവ ക്ലേശവും കാഠിന്യവും നിറഞ്ഞ മാര്‍ഗ്ഗത്തില്‍ നിന്നും ജീവിതാന്ത്യം വരെ  അണുവിട വ്യതിചലിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. മാത്രവുമല്ല ഭൗതിക ചിന്തകള്‍ക്കോ ഐഹിക താല്‍പര്യങ്ങള്‍ക്കോ പ്രലോഭിപ്പിക്കാനോ പിന്തിരിപ്പിക്കാനോ കഴിയാത്ത വിധം ഉദാത്തമാണ് തങ്ങളുടെ ആദര്‍ശ ശുദ്ധിയും വിശ്വാസദാര്‍ഢ്യവുമെന്ന് ഉച്ഛൈസ്തരം പ്രഖ്യാപിക്കാനുള്ള ഒരവസരമാക്കി അവരിതിനെ മാറ്റുകയായിരുന്നു. ഈ ഉരകല്ലില്‍ ഉരച്ചു നോക്കുമ്പോള്‍ തേഞ്ഞുമാഞ്ഞു പോകാന്‍ മാത്രമുള്ള കനവും കരുത്തും കാമ്പുമേ നമ്മുടെയൊക്കെ വിശ്വാസത്തിന് ഉള്ളൂ എന്ന തിരിച്ചറിവാണ് ബദ്‍ര്‍ ആത്യന്തികമായി നമുക്കു നല്‍കേണ്ടത്. സത്യമാര്‍ഗ്ഗ പ്രവേശത്തിനായി പട്ടുടയാടകളൂരിയെറിഞ്ഞ് ഒടുക്കം പടക്കളത്തില്‍ പൊരുതി വീണ് കഫന്‍ പുതക്കാന്‍ പുല്‍ശകലങ്ങള്‍ ചേര്‍ത്തു വെക്കേണ്ടി വന്ന മുസ്അബ് ബ്നു ഉമൈറി(റ)ന്‍റെ മഹാത്യാഗത്തോട് ഉപമിക്കാനാവുന്നതല്ലല്ലോ ഉദരപൂരീകരണത്തിനായി മതത്തെ വില്‍ക്കാന്‍ പോലും മടിയില്ലാത്ത നമ്മുടെ ശീലങ്ങളെ! സകാത്ത് മുതല്‍ സ്വീകരിക്കാന്‍ അവകാശികളില്ലാതാവും വിധം അഭിവൃദ്ധിപ്പെട്ട ഖജനാവിന്‍റെ അധിപനായിരുന്നിട്ടും ഈത്തപ്പനയോലയുടെ കീറപ്പായ്ത്തലപ്പില്‍ കിടന്നുറങ്ങി റോമാ സാമ്രാജ്യ പ്രതിനിധിയെ അമ്പരപ്പിച്ച ഉമറി(റ)ന്‍റെ പൈതൃകത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനാകില്ലല്ലോ സ്വാര്‍ത്ഥതയെ അലങ്കാരമാക്കി നടക്കുന്ന നമ്മുടെ സംസ്ക്കാരത്തിന്..!! കറുത്ത മുഖപടവും കാട്ടുമൃഗത്തിന്റെ കാപാലികതയും കഴുതയുടെ ചിന്താശേഷിയുമുള്ളവര്‍ നയിക്കുന്ന പുതുയുഗ ജിഹാദിന്റെ കാലത്ത് കടന്നു വരുന്ന  ബദര്‍ ദിനം ഇവ്വിധമാണ് വിശ്വാസിയുടെ സ്മരണകളില്‍ ദിവ്യദീപ്തി പരത്തേണ്ടത്.

അകാരണമായി ആരാന്‍റെ മെക്കട്ട് കേറാന്‍ ആയുധമെടുക്കുന്നതിന് മുമ്പ് അവനവന്‍റെ ഗളത്തിനു നേരെ തിരിയാന്‍ ആ ആയുധം കൊതിച്ചേക്കാനുള്ള സാദ്ധ്യത നാമൊന്ന് കണക്കു കൂട്ടി നോക്കണം. അവിടെ നിന്നാകണം നാമോരോരുത്തരുടെയും ജീവിതത്തിലെ ബദ്‍ര്‍ പോരാട്ടത്തിന് നാന്ദി കുറിക്കേണ്ടത്. സ്മര്യപുരുഷരുടെ കര്‍മ്മവീഥിയിലൂടെ ചരിക്കുവാനുള്ള സന്നദ്ധതയാണ് നമ്മുടെ അനുസ്മരണ മഹാമഹങ്ങളെ സത്യസന്ധവും ആത്മാര്‍ത്ഥതയില്‍ അധിഷ്ഠിതവുമാക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ ഓര്‍മ്മയില്‍ എപ്പോഴുമുണ്ടാവണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter