നവൈതു 25 - നല്ല വാക്കുകളും ചിന്തകളും ശീലമാക്കിയാലോ

ഒരു ഖുദ്സിയ്യായ ഹദീസിലൂടെ അല്ലാഹു ഇങ്ങനെ പറയുന്നതായി കാണാം, എന്റെ അടിമക്ക് എന്നെ കുറിച്ചുള്ള വിചാരം എന്താണോ, അത് പ്രകാരമായിരിക്കും ഞാന്‍.

ഏറെ പ്രതീക്ഷ നല്കുന്ന ഒരു വാചകമാണ് ഇത്. നമ്മുടെ ജീവിതം തന്നെ പലപ്പോഴും നാം ചിന്തിക്കുന്നതും വിചാരിക്കുന്നതും പ്രകാരമാണെന്ന് പറയാം. ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്ക് ആകെ തളര്‍ന്ന് തകര്‍ന്നിരിക്കുന്ന പലരെയും കാണാം. അതേ സമയം, എത്ര വലിയ അസുഖങ്ങള്‍ പിടിപെട്ടാലും അവയിലൊന്നും മനസ്സ് തകരാതെ, പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയും സമീപിക്കുകയും ചെയ്ത്, സജീവമായി ഇടപെട്ട് ജീവിക്കുന്ന ചിലരെയും കാണാം.

മനസ്സിന്റെ ശക്തി കൊണ്ട് മാത്രം, കാന്‍സര്‍ പോലോത്ത മാരകമായ രോഗങ്ങളില്‍നിന്ന് പോലും മോചനം നേടി ജീവിതത്തിലേക്ക് തിരിച്ച് വന്ന എത്രയോ പേരുടെ അനുഭവങ്ങള്‍ നാം വായിച്ചിട്ടുണ്ട്. അതേ സമയം, ഇത്രാം വയസ്സില്‍ ഒരു അപകടം സംഭവിക്കാനിരിക്കുന്നു എന്ന് ഏതോ ജ്യോല്‍സനോ പ്രവചന വിദഗ്ധനോ പറഞ്ഞ് കേട്ടതിന്റെ പേരില്‍, വരാനിരിക്കുന്ന ആ അപകടത്തെ കുറിച്ച് ആലോചിച്ച് ആകുലപ്പെട്ട് ജീവിതം തന്നെ ദുരന്തമായി മാറിയവരുടെ കഥകളും നമുക്ക് ലഭ്യമാണ്. 

നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നത്. സ്വന്തത്തെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും നല്ല ചിന്തകള്‍ കൊണ്ട് നടക്കാനായാല്‍ നാം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും അത് തന്നെ പരിഹാരമാവും. ചിന്തകളും വിചാരങ്ങളുമാണല്ലോ വാക്കുകളുടെയും പ്രവൃത്തികളുടെയും ഉല്‍ഭവ കേന്ദ്രം. അത് കൊണ്ട് തന്നെ, ചിന്തകള്‍ സുന്ദരവും ഭാസുരവുമായാല്‍ നമ്മില്‍നിന്ന് പുറത്ത് വരുന്ന വാക്കുകളും പ്രവൃത്തികളും സുന്ദരവും മോഹനവുമായിത്തീരും. അതോടെ, സന്തുഷ്ടമായ സമൂഹം പിറവിയെടുക്കും.

Read More നവൈതു:24 - സലാം പറയുന്നത് നമുക്കൊരു ശീലമാക്കാം

സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും നല്ല ചിന്തകള്‍ വെച്ച് പുലര്‍ത്തുക. മനുഷ്യരെയെല്ലാം ശിക്ഷിക്കാനായി വലിയ നരകാഗ്നിയും പടച്ച് കാത്തിരിക്കുന്നവനല്ല അവന്‍. മറിച്ച്, ഒരു മാതാവിന് കുഞ്ഞിനോടുള്ളതിനേക്കാള്‍ നൂറിരട്ടി കാരുണ്യവും സ്നേഹവും അടിമകളോട് വെച്ച് പുലര്‍ത്തുന്നവനാണ് അവന്‍. റഹ്മാനും റഹീമുമാണ് അവന്റെ പേരുകളില്‍ ഏറ്റവും പ്രധാനവും ഏറ്റവും അധികം ആവര്‍ത്തിക്കപ്പെടുന്നതും. ജീവിതത്തെയും മരണത്തെയും ഈ നല്ല ചിന്തയോടെ നമുക്ക് സമീപിക്കാനായാല്‍, തീര്‍ച്ചയായും നമ്മെ കാത്തിരിക്കുന്നത് അവന്റെ പറുദീസകള്‍ തന്നെയായിരിക്കും.

ആയതിനാല്‍ നമുക്ക് നല്ല ചിന്തകള്‍ വെച്ച് പുലര്‍ത്താം. ഈ റമദാന്‍ അതിനുള്ള പരിശീലനമാവാം. ശേഷം ജീവിതത്തിലുടനീളം അത് പാലിക്കാന്‍ ശ്രമിക്കാം. ഒരു നവൈതു അതിനുമായിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter