#Me Too കാംപയിന്‍: മുഖംമൂടിയഴിയുന്ന ബിംബങ്ങള്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന 'മീ റ്റൂ' കാംപയിന്‍ തുടങ്ങിയതോടെ സമൂഹത്തിനു മുമ്പില്‍ ഞെളിഞ്ഞുനിന്ന പല ബിംബങ്ങളുടെയും മുഖംമൂടി അഴിഞ്ഞുവീഴാന്‍ തുടങ്ങിയിരിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബി.ജെ.പി മന്ത്രിസഭയിലെ സഹമന്ത്രിയുമായ എം.ജെ. അക്ബറിനെതിരെ പന്ത്രണ്ടോളം വനിതാ മാധ്യമപ്രവര്‍ത്തകരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

വിവിധ പത്രങ്ങളില്‍ ജോലി ചെയ്യുന്ന കാലത്ത് പത്രാധിപരായിരുന്ന എം.ജെ. അക്ബര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയുള്ള പ്രവര്‍ത്തനങ്ങളും സംസാരവും നടത്തിയെന്നുമാണ് അവര്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ഒന്നിനു ശേഷം മറ്റൊന്നായി അനവധി തുറന്നുപറച്ചിലുകള്‍ ഉണ്ടായതോടെ മീ റ്റൂ കാംപയിന്‍ മാധ്യമങ്ങളിലും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

ബേഠീ ബച്ചാവോ എന്ന പേരില്‍ സ്ത്രീ സുരക്ഷക്കുവേണ്ടി പദ്ധതി ആവിഷ്‌കരിച്ച ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കയാണ് ഈ കാംപയിന്‍. വേലി തന്നെ വിള തിന്നുന്ന ദുര്‍ഗതിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 

രാജ്യത്തിന്റെ മുഖമായി നില്‍ക്കേണ്ടവര്‍ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് വിനയായി മാറുന്നത് വലിയ അപകടമാണ്.

ആദ്യം തനിക്കെതിരെ ആരോപണവുമായി വന്ന സ്ത്രീക്കുനേരെ മാന നഷ്ടത്തിന് കേസ് കൊടുത്ത അക്ബര്‍ പിന്നീട് തന്റെ മന്ത്രി സ്ഥാനത്തുനിന്നും രാജി വെക്കേണ്ടിവന്നിരിക്കുന്നു.

രാഷ്ട്രീയ പ്രതിയോഗികളെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കി അര്‍ധ രാത്രിയില്‍ വീടും ഓഫീസും റെയ്ഡ് ചെയ്യുന്ന മോദി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ കാണിക്കുന്ന മൗനവും അവധാനതയും ഖേദകരമാണ്. 

കേവലം രാജികൊണ്ടു മാത്രം തീരുന്നതല്ല ഇത്തരം പ്രശ്‌നങ്ങള്‍. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാത്ത ഒരു രാഷ്ട്രത്തിനു വേണ്ടി രംഗത്തിറങ്ങേണ്ട രാഷ്ടീയ മേലാളന്മാര്‍ തന്നെ അതിനെ ഇല്ലാതാക്കുന്ന കാലത്ത് കാര്യം ഗുരുതരമാണ്. സുസംഘടിതമായ ഒരു ഉദ്ദ്യമത്തിനു മാത്രമേ സ്ത്രീ സുരക്ഷിത ഭാരതത്തെ കെട്ടിപ്പടുക്കാനാവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter