ന്യായാധിപനാകാൻ മടിച്ച് നാലു മഹാന്മാർ

(സൂഫീ കഥ - 31)

അബൂ ജഅ്ഫർ മൻസൂറാണ് ഇസ്‍ലാമിക സാമ്രാജ്യം ഭരിക്കുന്നത്. ഖലീഫയും സഹായികളും രാജ്യത്തിന്‍റെ മുഖ്യ ന്യായാധിപനെ നിയമിക്കാൻ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും പ്രമുഖരായ നാലു മഹാ പണ്ഡിതന്മാരിൽ നിന്ന് ഒരാളെ മുഖ്യ ന്യായാധിപനാക്കണം - അഥവാ രാജ്യത്തിന്‍റെ ഖാസിയാക്കണം. അബൂ ഹനീഫ (റ), സുഫ്‍യാൻ (റ), മിസ്‍അർ ബിൻ കിദാം (റ), ശരീക് (റ) എന്നിവരായിരുന്നു ആ നാലു പേർ. അവരെ കൊട്ടാരത്തിലേക്ക് വിളിക്കാൻ ഖലീഫ ആളെയയച്ചു.

അവർ നാലു പേരും വരുന്ന വഴിയിൽ വെച്ച് അബൂ ഹനീഫ (റ) പറഞ്ഞു: “മുഖം ലക്ഷണം വെച്ച് നമ്മുടെ പോക്കിന്‍റെ പരിണിതികളൊന്ന് പ്രവചിച്ചോട്ടെ ഞാൻ?”

മറ്റുള്ളവർ: “ആകാമല്ലോ. അത് ശരിയാകുമോ എന്നു നോക്കാമല്ലോ”

അബൂ ഹനീഫ(റ): “ഞാൻ ചില ഉപായങ്ങൾ പറഞ്ഞ് സ്ഥാനമേൽക്കാതെ പ്രതിരോധിച്ചു നിൽക്കും. സുഫ്‍യാൻ വഴിക്കു വെച്ച് ഓടിപ്പോകും. മിസ്അർ ഭ്രാന്ത് അഭിനയിക്കും. അവസാനം ശരീക് ഖാസിയായി അവരോധിതനാവും.”

സുഫ്‍യാൻ വഴിക്ക് വെച്ച് ഓടി ഒരു കപ്പലിൽ അഭയം തേടി. കപ്പലുകാരോട് അദ്ദേഹം പറഞ്ഞു: “എന്നെ ഈ കപ്പലിലൊന്ന് ഒളിക്കാൻ സമ്മതിക്കൂ. അവരെന്‍റെ തലവെട്ടും.” (ആരെങ്കിലും ന്യായാധിപനായാൽ കത്തിയില്ലാതെ അറുകൊല ചെയ്യപ്പെട്ടവനാണവൻ - എന്ന പ്രവാചക വചനമനുസരിച്ച് അദ്ദേഹം പറഞ്ഞതിനെ വ്യാഖ്യാനിക്കാവുന്നതാണ്.) ഇത് കേട്ട് കപ്പിത്താൻ അദ്ദേഹത്തിനു കപ്പലിൽ ഒളിത്താവളമൊരുക്കിക്കൊടുത്തു.

അങ്ങനെ മൂന്നു പേരും മൻസൂറിന്‍റെ സന്നിധിയിലെത്തി. ന്യായാധിപ സ്ഥാനം ഏറ്റെടുക്കാൻ ആദ്യം ആവശ്യപ്പെട്ടത് അബൂഹനീഫ(റ)യോടായിരുന്നു. മൻസൂർ അബൂഹനീഫ(റ)യോടു പറഞ്ഞു: “താങ്കളീ സ്ഥാനം ഏറ്റെടുക്കണം.”

അബൂഹനീഫ(റ): “ഞാൻ ശരിയായ അറബീ വംശജനല്ല, അമീറുൽ മുഅ്മിനീൻ. ഞാൻ അറബികൾ മോചിപ്പിച്ച അടിമകളുടെ വംശത്തിൽ പെട്ടവനാകുന്നു.”

മൻസൂർ: “ഈ ജോലിക്ക് വംശാവലിയുമായി ഒരു ബന്ധവുമില്ല. അതിനു വേണ്ടത് ഇൽമാണ്. താങ്കളാണെങ്കിൽ ഈ കാലഘട്ടത്തിലെ പണ്ഡിതരിൽ മുൻ നിരയിലുള്ളവരല്ലേ”

അബൂഹനീഫ: “ഞാനിതിനു പറ്റിയവനല്ല. എന്‍റെ ഈ വാക്കിൽ രണ്ടാലൊരു സാധ്യതയേ ഉള്ളൂ. ഒന്നുകിൽ ഈ പ്രസ്ഥാവന സത്യമാണ്. അങ്ങനെയെങ്കിൽ ഈ പണിക്ക് ഞാൻ യോജിച്ചവനല്ലെന്ന് ഞാൻ തന്നെ പറഞ്ഞല്ലോ. അഥവാ ഞാനീ പറഞ്ഞത് കളവാണെങ്കിൽ, കളവ് പറയുന്നവൻ ഒരിക്കലും ഖാസിയാകാൻ അർഹനല്ലല്ലോ. താങ്കൾ അല്ലാഹുവിന്‍റെ പ്രതിനിധിയാണല്ലോ. അങ്ങയുടെ പ്രജകൾക്കിടയിൽ വിധി പറയാനായി ഒരു കളവു പറയുന്നവനെ അങ്ങ് നിയമിക്കുകയില്ലല്ലോ.”

മൻസൂർ: “ഇദ്ദേഹം രക്ഷപ്പെട്ടു.”

ആ സമയത്ത് മിസ്അർ നേരെ മുന്നോട്ട് വന്ന് ഖലീഫയുടെ കൈപിടിച്ച്, ഖലീഫയോടു നേരിട്ട് ചോദിച്ചു: “എന്തൊക്കെയുണ്ട് വിശേഷങ്ങൾ? കുട്ടികളുടെ വിവരങ്ങളെന്താണ്? വാഹനങ്ങളുടെയും മൃഗങ്ങളുടേയും അവസ്ഥയെന്താണ്?” (ഭ്രാന്തനെ പോലെ പരിസരബോധമില്ലാതെ സംസാരിക്കാൻ തുടങ്ങി)

മൻസൂർ പറഞ്ഞു: “ഇദ്ദേഹത്തെ പിടിച്ചു പുറത്താക്കൂ. ഇദ്ദേഹം ഭ്രാന്തനാണ്.”

പിന്നെ അവിടെയുള്ളവരെല്ലാവരും ശരീകിന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു: “ഇനി നിങ്ങൾ തന്നെ ഖാസി സ്ഥാനം ഏറ്റടുത്തേ മതിയാകൂ.”

ശരീക്: “ഞാൻ വലിയ മറവിക്കാരനാണ്. എന്‍റെ തലയിൽ ഒന്നും നിൽകൂല.”

മൻസൂർ: “അതു പ്രശ്നമില്ല. നല്ല കഷായം കുടിച്ചാൽ ബുദ്ധിയും ഓർമ്മ ശക്തിയും വർദ്ധിക്കും.”

അങ്ങനെ അവസാനം ശരീക് ന്യായിധിപനായി നിയമതിനായി.

كشف 303

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter