സന്താനനിയന്ത്രണത്തിന്റെ സാധുത
ഇസ്ലാമിക കര്‍മ്മശാസ്ത്രത്തെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ സന്താന നിയന്ത്രണത്തിന് അനുവദിക്കപ്പെട്ട ചില മാര്‍ഗ്ഗങ്ങള്‍ ഉള്ളതായി നമുക്ക് അറിയാന്‍ കഴിയും.
നിയന്ത്രണ മാര്‍ഗങ്ങളില്‍ താല്‍ക്കാലികം, സ്ഥിരം  എന്നിങ്ങനെ രണ്ടു രീതികള്‍ ഉണ്ടല്ലോ. എന്നെന്നേക്കുമുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഹറാമാണ്. തുഹ്ഫ 8:241, ഇആനത്ത് 3:256 തുടങ്ങിയ സ്ഥലങ്ങള്‍ ഇത് വൃക്തമാക്കുന്നുണ്ട്. ഗര്‍ഭത്തെ വിലങ്ങുന്ന മരുന്നുകള്‍ ഭാര്യ ഭര്‍ത്താക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ശൈഖ് ഇസുദ്ദീനോട് ചോദിക്കപ്പെട്ടപ്പോള്‍ അനുവദനീയം അല്ല എന്നാണദ്ദേഹം പ്രതികരിച്ചത്. ഇതിന്റെ 'ളാഹിര്‍' ഹറാമാണെന്നാണ് ഇമാം റംലി പറയുന്നത്. മാത്രവുമല്ല, ഇമാദുബ്‌നു യൂനുസ് എന്ന ഫിഖ്ഹി പണ്ഡിതന്‍ ഹറാമാണെന്നു ഫത്‌വ നല്‍കിയിട്ടുമുണ്ട്. ശാശ്വത മാര്‍ഗമാവുമ്പോള്‍ ആണ് ഈ ഹറാമെന്നാണ് ഇമാം റംലി പറയുന്നത്. (നിഹായ 8/442)
ശാശ്വത നിയന്ത്രണം ഹറാമാണെങ്കിലും ഫിഖ്ഹിന്റെ പൊതുനിയമപ്രകാരം നീതിമാനും വിശ്വസ്തനുമായ ഒരു ഡോക്ടര്‍ ഒരു സ്ത്രീയുടെ ആരോഗ്യം പോലോത്തവ പരിഗണിച്ച് ഇതിനു ആവശ്യപ്പെട്ടാല്‍ ഈ ഹറാം വരുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. കര്‍പൂരം പോലോത്തത് ഉപയോഗിച്ച് വികാരത്തെ താല്‍കാലികമായി ഇല്ലാതാക്കുന്നത് കറാഹത്തും സ്ഥിരമാണെങ്കില്‍ ഹറാമുമാണ്. (തുഹ്ഫ 7:186) നിയന്ത്രണമാര്‍ഗങ്ങളില്‍ ഇന്ന് നിലവിലുള്ള പലതും ശാരീരിക രോഗങ്ങള്‍ക്കും അസ്വാസ്ത്യങ്ങള്‍ക്കും കാരണമാവുന്നു എന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ നിലക്ക് ശരീരത്തെ കേടുവരുത്തുന്ന ഒന്നിനെയും ഫിഖ്ഹ് അംഗീകരിക്കാത്തതുകൊണ്ട് ആ നിലക്ക് അവയ്ക്ക് നാം വിശദീകരിക്കുന്ന 'ഹുകുമുകള്‍' മാറ്റം വരാവുന്നതാണ്.
നാം മനസിലാക്കിയ നിയന്ത്രണമാര്‍ഗങ്ങളിലെ പിന്‍വലിക്കല്‍ രീതിയെക്കുറിച്ച് വിശദമായ ചര്‍ച്ച കര്‍മശാസ്ത്രത്തിലുണ്ട്. ആ ചര്‍ച്ചയില്‍നിന്ന് അതുപോലെയുള്ള മറ്റു മാര്‍ഗങ്ങളുടെയും നിയന്ത്രണം എന്ന നിലക്കുള്ള മതവിധി നമുക്ക് അറിയാന്‍ കഴിയും. കുട്ടികളെ വളര്‍ത്തല്‍ പോലോത്ത കാരണങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലികമായ ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ കറാഹത്തുമില്ല. കാരണമില്ലാതെ താല്‍ക്കാലികമായാല്‍ കറാഹത്തും എന്നെന്നേക്കുമുള്ളതാണെങ്കില്‍ ഹറാമുമാണ്. (ശര്‍വാനി 8:241) ഭാര്യയുടെ സൗന്ദര്യവും ആരോഗ്യവും നിലനില്‍ക്കാന്‍ വേണ്ടിയുള്ളതു കാരണമുള്ളതിനാലാണ് ഇമാം ഗസ്സാലി ഇഹ്‌യയില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയാവുമ്പോള്‍ ഇതിനു വേണ്ടിയുള്ള താല്കാലിക മാര്‍ഗങ്ങളും കറാഹത്ത് ആവുന്നില്ല. നിയന്ത്രണ മാര്‍ഗങ്ങളില്‍പ്പെട്ട സുരക്ഷിത ദിനങ്ങളില്‍ മാത്രം ശാരീരികബന്ധപ്പെടല്‍ എന്നതിനു ഭാര്യാഭര്‍ത്താക്കളുടെ പരസ്പര സമ്മതത്തോടെയാണെങ്കില്‍ വിരോധമില്ല. രണ്ടിലൊരാള്‍ക്ക് സമ്മതമില്ലാതെയാവുമ്പോള്‍ സംയോഗം ചെയ്യാതിരിക്കല്‍ ഹറാമാവും. അനുവദിക്കപ്പെട്ട ഏത് സുഖങ്ങള്‍ ഉപയോഗിക്കുന്നതിനെയും ഭാര്യ കാരണംകൂടാതെ വിലങ്ങല്‍ അവള്‍ക്ക് ഹറാമാണെന്ന് ഫത്ഹുല്‍ മുഈന്‍ 334-ലും സംയോഗം ഭാര്യയുടെ 'ഹഖ്' ആണെന്നും അതില്‍ കാരണം കൂടാതെ ഭര്‍ത്താവിനു ഒഴിവാക്കാന്‍ പാടിെല്ലന്ന് ഇത്തിഹാഫിന്റെ പരാമര്‍ശത്തില്‍ നിന്നും വ്യക്തമാവും. നാല് ദിവസത്തിലൊരിക്കല്‍ ഭാര്യാഭര്‍ത്താക്കള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടല്‍ സുന്നത്താണെന്ന ഫത്ഹുല്‍ മുഈന്‍ 334-ലെ നിര്‍ദേശപ്രകാരം സുന്നത്ത് നഷ്ടപ്പെടുമെന്നു വരും. നാം മനസിലാക്കിയ മറ്റു മാര്‍ഗങ്ങളിലെല്ലാം ഉണ്ടാവുന്നത് ബീജസങ്കലനം ഇല്ലാതാക്കലാണ്. ബീജത്തെ വെറുതെ നഷ്ടപ്പെടുത്തുന്നതിനു വിരോധമില്ലെന്നാണ് ഇമാം ഗസ്സാലി ഇഹ്‌യയില്‍ പറഞ്ഞത്. 'അസ്‌ലിന്റെ' നിയമത്തില്‍ നിന്ന് അതുപോലെയുള്ള മറ്റ് മാര്‍ഗങ്ങളുടെ വിധി നമുക്ക് മനസ്സിലാക്കാം. 'അസ്‌ലി'ന്റെ വിധിയില്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഖുര്‍ആന്‍ ഇറങ്ങിയ കാലത്ത് ഞങ്ങള്‍ 'അസ്‌ല്' ചെയ്യാറുണ്ടായിരുന്നുവെന്ന സ്വഹാബത്തിന്റെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്. ഇമാം അഹ്മദിന്റെ ഒരഭിപ്രായത്തില്‍ ഇത് നിരുപാധികം ഹറാമാണ്. ഭാര്യയുടെ സമ്മതപ്രകാരം അനുവദനീയവും അല്ലെങ്കില്‍ ഹറാമുമാണെന്നാണ് ഹനഫീ മദ്ഹബ്. ഇതിനെ ഇമാം മാലിക് സ്വതന്ത്ര സ്ത്രീയിലാകുകയും അടിമസ്ത്രീയില്‍ നിരുപാധികം അനുവദനീയമാക്കുകയും ചെയ്തു. (ഇഹ്‌യ 2/47) മറ്റു മദ്ഹബുകളില്‍ അപ്രകാരമാണെങ്കിലും ശാഫിഈ മദ്ഹബില്‍ രണ്ട് 'ത്വരീഖ്' ഉണ്ട്. ഇമാം ഗസ്സാലിയും ഇമാം റാഫി, ഇമാം നവവി തുടങ്ങിയവരും ഭാര്യയുടെ സമ്മതമിെല്ലങ്കിലും അനുവദനീയം എന്ന അഭിപ്രായക്കാരാണ്. ശാഫിഈ മദ്ഹബ് പ്രകാരം 'അസ്‌ല്' നിരുപാധികം അനുവദനീയം എന്ന് ഫത്‌വ കൊടുക്കാവുന്നതും ആണ്. (ഇത്തിഹാഫ് 5:379) എന്നാല്‍ 'അസ്‌ല്' കറാഹത്താണെന്നതിനെ ഖല്ലൂബി 4:375 പ്രബലമാക്കിയിട്ടുണ്ട്. മറ്റു മദ്ഹബുകളെ വിശദീകരിച്ച ശേഷം ഇമാം ഗസ്സാലി ഇഹ്‌യാ 2:47-ല്‍ പറഞ്ഞത് അസ്‌ല് നമ്മുടെ അടുക്കല്‍ ഹലാലാണെന്നതാവുന്നു പ്രബലം. മാത്രവുമല്ല, കറാഹത്തെന്നു പറഞ്ഞതിനെ ഏറ്റവും നല്ലതിനെ ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണെന്നും അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്. അഥവാ തഹ്‌രീമിന്റെയും തന്‍സീഹിന്റെയും അര്‍ത്ഥത്തില്‍ വരാറുള്ള കറാഹത്ത് എന്ന് ഇവിടെ പറയരുതെന്ന് ചുരുക്കം. എങ്കിലും സംയോഗത്തിന്റെ മര്യാദകളില്‍ ഇത് ചെയ്യാതിരിക്കലിനെ ഗസ്സാലി പറഞ്ഞിട്ടുമുണ്ട്. (2:47) വിവാഹത്തെ ഉപേക്ഷിക്കും പോലെയും അതുപോലെ വിവാഹശേഷം സംയോഗം ഉപേക്ഷിക്കുംപോലെയും ആണ് സംയോഗശേഷം ശുക്ലത്തെ മാറ്റപ്പെടലെന്നുംകൂടി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇമാം ഗസ്സാലിയെ അംഗീകരിക്കുക തന്നെയാണ് ഇബ്‌നു ഹജര്‍ പോലോത്തവര്‍ ചെയ്തിട്ടുള്ളത്. തുഹ്ഫ 7/186, 2/41 പോലോത്ത ഭാഗങ്ങളില്‍ നിന്ന് ഇതു മനസ്സിലാക്കാം. കാരണങ്ങള്‍ക്കു വേണ്ടി താല്‍ക്കാലിക ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ശാഫി മദ്ഹബില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. കാരണംകൂടാതെയാവുമ്പോള്‍ കറാഹത്തും സ്ഥിരമാവുമ്പോള്‍ ഹറാമുമാവുമെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ദേഹത്തിന് ഉപദ്രവം ഉണ്ടാവുന്ന മാര്‍ഗങ്ങള്‍ ഒഴിവാക്കലും അനിവാര്യമാണ്. പരിപൂര്‍ണ്ണമായ രണ്ടു വര്‍ഷം കുട്ടികള്‍ക്ക് മുലയൂട്ടണമെന്ന് സൂറത്ത് അഹ്ഖാഫിന്റെ പ്രഖ്യാപനവും കൂടി വായിക്കുമ്പോള്‍ ഇതിന്റെ രൂപങ്ങളും വിധികളും മനസ്സിലാക്കി ജീവിതം നയിക്കാന്‍ തയ്യാറാവണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter