അറബ് ലോകത്തിനിത് വ്രണമുണങ്ങാത്ത വ്രതകാലം
kuwait mosque attack കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തില്‍ ശിയാ പള്ളിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജനാസ ഖബറടക്കാന്‍ കൊണ്ടുപോകുന്നു. വര്‍ഷങ്ങളായി സംഘര്‍ഷങ്ങളുടെ നിത്യവേദിയായ യമനില്‍ ഔദ്യോഗിക സര്‍ക്കാരിനും വിമതപോരാട്ടം നടത്തുന്ന സായുധ ശിയാ വിഭാഗമായ ഹൂത്തികള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കിയെടുക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന അശുഭ വാര്‍ത്തയുമായാണ് അറബ് ലോകത്ത് ഇത്തവണത്തെ വിശുദ്ധ മാസം പുലര്‍ന്നത്. റമദാന്റെ പുണ്യ ദിനങ്ങളിലെങ്കിലും സായുധ പോരാട്ടത്തിന്റെ ഭീകര ഭയാനകതകളില്‍ നിന്നും മുക്തരായി സ്വാസ്ഥ്യത്തിലും സമാധാനത്തിലും കഴിയാമെന്ന യമനീ ജനതയുടെ പ്രതീക്ഷ പക്ഷെ, പച്ച തൊട്ടില്ല. മാത്രമല്ല, അറബ് മേഖലയുടെ സമാധാന ചക്രവാളത്തില്‍ കരിങ്കാര്‍മുകിലായി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിഷ വൃക്ഷം നാള്‍ക്കു നാള്‍ വളര്‍ന്ന് വാനം മുട്ടുന്ന അനഭിലഷണീയമായ പരിതസ്ഥിതി അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയെന്ന് വിളിച്ചോതുന്നതായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തിലും ടുണീഷ്യയിലും അരങ്ങേറിയ രക്തച്ചൊരിച്ചിലുകള്‍. വര്‍ഷം തോറും വിവിധ രാജ്യങ്ങളും അന്തര്‍ദേശീയ കൂട്ടായ്മകളും സഹസ്ര കോടികള്‍ അന്താരാഷ്ട്ര ഭീകരവാദത്തെ പ്രതിരോധിക്കാന്‍ നീക്കി വെക്കുമ്പോഴും നിലവിലെ സംവിധാനങ്ങളുടെയും സമീപനങ്ങളുടെയും അപര്യപ്തതയും അപൂര്‍ണ്ണതയും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വെളിവാക്കിക്കാണിച്ച പ്രസ്തുത ആക്രമണങ്ങള്‍ അഴിക്കും തോറും മുറുകി വരുന്ന ഒരു കുരുക്കാണ് അറബ് രാഷ്ട്രീയമെന്ന് നിരീക്ഷകരെക്കൊണ്ട് ആവര്‍ത്തിച്ച് പറയിക്കുകയും പേനയുന്തിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിലപ്പുറം കാലം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കൊട്ടും കുരവയുമായി തീവ്രവാദത്തിനെതിരെ നടത്തിയ പടപ്പുറപ്പാടുകള്‍ കാടടച്ചുള്ള വെടിവെപ്പന്നതിലപ്പുറം മറ്റൊന്നുമായിരുന്നില്ലെന്ന് സ്വാധീനമൊട്ടും കുറയാതെ വിവിധ രാഷ്ട്രങ്ങളില്‍ വിവിധ രൂപങ്ങളില്‍ നിലനില്‍ക്കുന്ന അല്‍ ഖാഇദയും അറബ് മേഖലയിലെ അറ്റമില്ലാതെ നീളുന്ന അനിശ്ചിതത്വത്തിന്റെയും അശാന്തിയുടെയും ദുര്‍സന്തതിയായ ഇസ്ലാമിക് സ്റ്റേറ്റും അത്യുച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ തന്നെ നിരീക്ഷിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. കുവൈത്തിലും ടുണീഷ്യയിലും അരങ്ങേറിയ അതിക്രമങ്ങള്‍ ആസൂത്രിതമോ അല്ലയോ തുടങ്ങിയ ചര്‍ച്ചക‍ള്‍ മാറ്റി വെച്ചാല്‍ തന്നെ ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ അവ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ലെന്നത് നിസ്സംശയമാണ്. അറബ് വിപ്ലവത്തിന്റെ പരിക്ഷീണിതകളില്‍ നിന്നും പതിയെ കരകയറി വരുന്ന ടുണീഷ്യയുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ടൂറിസം മേഖലയെ വിദേശ സഞ്ചാരികളുടെ നിത്യ സന്ദര്‍ശന ഇടമായ മധ്യപൂര്‍വ്വ പട്ടണമായ സൂസയിലെ ടൂറിസ്റ്റ് ഹോട്ടലില്‍  നടന്ന അക്രമം സ്പര്‍ശിക്കാതെ പോകാന്‍ ഒട്ടും സാദ്ധ്യതയില്ല. കുവൈത്തിലാകട്ടെ ശീഈ പള്ളിയില്‍ നടന്ന സ്‌ഫോടനം സുന്നി-ശിയാ തുല്യ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ അവിടുത്തെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ കാര്യമായിത്തന്നെ ബാധിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, ജനസംഖ്യയുടെ സിംഹഭാഗവും മുസ്ലിംകളായ കുവൈത്തില്‍ ഏകദേശം 60 ശതമാനത്തോളം സുന്നികളും 30-40 ശതമാനത്തോളം ശിയാക്കളുമാണ് വസിക്കുന്നത്. വളരാനനുവദിച്ചാല്‍, അറബ് മേഖലയെ എന്നല്ല ആഗോള സമൂഹത്തെയൊന്നടങ്കം അശാന്തവും അരക്ഷിതവുമായ അരുണോദയങ്ങള്‍ക്ക് സാക്ഷികളാക്കാനുള്ള മൃഗീയമായ ചങ്കുറപ്പും നിഗൂഢമായ ആയുധ-ആള്‍ബലവും തങ്ങള്‍ക്കുണ്ടെന്നുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അപായ സൂചനകളാണോ ഈ അതിക്രമങ്ങളെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. നൃശംസനീയതയുടെ നിര്‍വ്വഹണത്തേക്കാള്‍ അതിന്റെ പ്രചാരത്തിലും പ്രകാശനത്തിലും ആനന്ദം കണ്ടെത്തുന്ന അത്യന്തം അപകടകാരികളായ പരപീഢാരതിക്കാരുടെ ഒരു സംഘമാണ് തങ്ങളെന്ന് അവര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട് എന്നതു തന്നെ കാരണം. ഇതു വരെയുള്ള ചെയ്തികളുടെ പശ്ചാത്തലത്തില്‍, നിന്ദ്യവും നൃശംസനീയവുമായ കൊലപാതകങ്ങളുടെ ഒരു ആഗോള ബ്രാന്‍ഡ് എന്ന നിലക്കാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പൊതു സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. കുവൈത്തിലെയും ടുണീഷ്യയിലെയും ആക്രമണങ്ങളുടെ ഉത്തരവാദിത്തം അവര്‍ ട്വിറ്ററിലൂടെ ഏറ്റെടുത്തപ്പോള്‍, ഫ്രാന്‍സില്‍ ഒരു അമേരിക്കന്‍ കമ്പനിയിലേക്ക് അതിക്രമിച്ചു കയറി മേലുദ്യോഗസ്ഥന്റെ തലവെട്ടി കവാടത്തില്‍ പ്രദര്‍ശിപ്പിച്ച നിഷ്ഠൂര കൃത്യത്തിന്റെ ‘വിശിഷ്ട ബഹുമതി’യും അവരുടെ മേല്‍ തന്നെ ചാര്‍ത്താന്‍ ലോകം മടിക്കാതിരുന്നത് അതു കൊണ്ടാണ്. ഏതായാലും ഭീകരവാദത്തിന്‍റെ പിതൃഭൂമിയെന്നും അശാന്തിയുടെ ഫലഭൂയിഷ്ടമായ വിളഭൂമിയെന്നുമുള്ള കാലങ്ങളായുള്ള മുദ്രകുത്തലുകളില്‍ നിന്ന് മുക്തി നേടാനുള്ള അറബ് ലോകത്തിന്റെ പെടാപ്പാടുകളെ സംബന്ധിച്ചിടത്തോളം ഒട്ടും ആശ്വാസ്യമല്ല പൈശാചികതയുടെ കുത്തകയവകാശപ്പെടുന്ന ഈ സംഘടനയുടെ നിലനില്‍പ്പ്. ഇത്തരം അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍, മുഖ്യധാരാ അറബ് രാഷ്ട്രങ്ങളെയൊന്നും ഇത് വരെ കാര്യമായി ബാധിക്കാത്ത മേഖലയിലെ അസ്വസ്ഥതകള്‍ വരുംകാലങ്ങളില്‍ അതിര്‍ത്തിക‍ള്‍ ഭേദിച്ചെത്താനുള്ള വര്‍ദ്ധിത സാദ്ധ്യതക‍ള്‍ തിരിച്ചറിഞ്ഞെങ്കിലും ഇവക്കെതിരെ ക്രിയാത്മകവും ദീര്‍ഘകാല വീക്ഷണത്തോടെയുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അറബ് രാഷ്ട്രങ്ങ‍ള്‍ ഈ വൈകിയ വേളയിലും വിസമ്മതിക്കുന്ന പക്ഷം ആഘോഷിക്കാനും ആനന്ദിക്കാനും സമാധാനപ്പിറവിക‍ള്‍ പിറകെ വരാനില്ലാത്ത നിത്യ ദുരിതത്തിന്‍റെ നാളുകളിലേക്ക് അറബ് ജനത പറിച്ചു നടപ്പെടുമെന്ന് സുഖലോലുപതയി‍ല്‍ അഭിരമിക്കുന്ന അധികാരി വര്‍ഗ്ഗം തിരിച്ചറിഞ്ഞാല്‍ നന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter