മാതാപിതാക്കളും സന്താനങ്ങളും
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ നമസ്‌കാരം, നോമ്പ്, ധര്‍മ്മം, ഹജ്ജ്, ധര്‍മ്മസമരം എന്നിവയേക്കാള്‍ ശ്രേഷ്ഠമായതാണ്. അവരുടെ തൃപ്തി സമ്പാദിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ രണ്ട് കവാടങ്ങളും, അതൃപ്തി സമ്പാദിച്ചര്‍ക്ക് നരകത്തിന്റെ രണ്ട് കവാടങ്ങളും തുറക്കപ്പെടുന്നതാണ്. അഞ്ഞൂറ് കൊല്ലങ്ങളുടെ വിദൂരതയുള്ള സ്ഥലത്ത് നിന്ന് വരെ ആസ്വദിക്കാന്‍ സാധിക്കുന്ന സ്വര്‍ഗ്ഗത്തിന്റെ പരിമളം പോലും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവര്‍ അനുഭവിക്കുന്നതല്ല. മാതാവ്, പിതാവ്, സഹോദരി, സഹോദരന്‍ എന്നിവര്‍ക്കും പിന്നീട് നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തവര്‍ക്കും ഗുണം ചെയ്യുക എന്ന പ്രകാരം ഹദീസില്‍ അരുളിയിരിക്കുന്നു.

ബഹു: ഹസ്രത്ത് മൂസാനബി(അ)ക്ക് ഇപ്രകാരം ദിവ്യസന്ദേശമുണ്ടായി: ആരെങ്കിലും തന്റെ മാതാപിതാക്കള്‍ക്ക് നന്മചെയ്യുകയും എന്നോട് നന്മകേട് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവരെ ഞാന്‍ നന്മ ചെയ്തവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇതിനെതിരായി വല്ലവരും പ്രവര്‍ത്തിച്ചാല്‍ അവരെ ഞാന്‍ തിന്മ ചെയ്തവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഹസ്രത്ത് യഅ്ഖൂബ് നബി(അ) തന്റെ മകന്‍ യൂസുഫ് നബി(അ)യുടെ സന്നിധിയില്‍ വന്നപ്പോള്‍ പിതാവിനെ ബഹുമാനിച്ച് എഴുന്നേറ്റ് നിന്നില്ല എന്നകാരണത്താല്‍, നിന്റെ മുതുകില്‍ നിന്ന് ഒരൊറ്റ നബിയേയും ഞാന്‍ പുറപ്പെടീക്കുകയില്ല എന്ന് യൂസുഫ് നബി(അ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയുണ്ടായത്രെ.

മാതാപിതാക്കളുടെ മരണശേഷം അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുക, അവര്‍ വല്ലതും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ നിറവേറ്റുക, അവരുടെ സ്‌നേഹിതന്മാരെ ആദരിക്കുക, അവരുടെ കുടുംബക്കാരുമായി ബന്ധം പുലര്‍ത്തുക എന്നിവയെല്ലാം വളരെ ശ്രേഷ്ഠവും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതില്‍ പെട്ടതുമാകുന്നു. പിതാവിനേക്കാള്‍ ഇരട്ടി നന്മക്ക് മാതാവിന്ന് അര്‍ഹതയുണ്ട്. മാതാവിന്റെ പ്രാര്‍ത്ഥനക്ക് വേഗത്തില്‍ അല്ലാഹു ഉത്തരം ചെയ്യുന്നതാണ്. ഇപ്രകാരമെല്ലാം ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഒരു സാഹചര്യത്തിലും മാതാപിതാക്കളെക്കൊണ്ട് ഗുരുത്വം കെട്ടവന്‍ എന്നവാക്ക് പറയിക്കാതിരിക്കുന്ന നിലയില്‍ അവരുമായി പെരുമാറുക അവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നിവ സന്താനങ്ങള്‍ ചെയ്തുകൊടുക്കേണ്ട നന്മയില്‍ പെട്ടതാണ്. തനിക്ക് നന്മചെയ്യാന്‍ സന്താനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുത്ത പിതാവിന്ന് അല്ലാഹു കൃപ ചെയ്യട്ടെ എന്ന പ്രാര്‍ത്ഥന ഹദീസില്‍ വന്നിരിക്കുന്നു. സന്താനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ എല്ലാവര്‍ക്കും സമമാക്കല്‍ പിതാവിന് നിര്‍ബന്ധമാണ്.

പ്രസവിച്ച ഏഴാം ദിവസം കുഞ്ഞിന്ന് അഖീഖ അറുക്കുക, നല്ലപേരിടുക, രോഗം വന്നാല്‍ ചികിത്സിക്കുക, ആറ് വയസ്സായാല്‍ 'ശര്‍ഇ'യ്യായ മര്യാദകള്‍ പഠിപ്പിക്കുക എന്നിവയെല്ലാം രക്ഷിതാക്കളുടെ കടമയാകുന്നു. കുട്ടിക്ക് ഒമ്പത് വയസ്സാകുമ്പോള്‍ വിരിപ്പില്‍ അവനെ വിട്ടുപിരിയേണ്ടതും പതിമൂന്ന് വയസ്സാകുമ്പോള്‍ നമസ്‌കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ അടിക്കേണ്ടതുമാണ്. (ആറ് വയസ്സാകുമ്പോള്‍ എന്നിടത്ത് ഏഴ് എന്നും പതിമൂന്ന് എന്നിടത്ത് പത്ത് എന്നും ഹദീസിലുണ്ട്. അതാണ് പ്രസിദ്ധം-സംസ്‌ക) പതിനാറ് വയസ്സായാല്‍ കുട്ടിക്ക് വിവാഹം കഴിച്ച് കൊടുക്കേണ്ടതും രക്ഷാകര്‍ത്താവിന്റെ ചുമതലയാണ്. അനന്തരം അവന്റെ കൈപിടിച്ചു ഇപ്രകാരം പറയണം:

'നിനക്ക് ഞാന്‍ വേണ്ട മര്യാദകളെല്ലാം പഠിപ്പിച്ചു. കല്യാണം കഴിച്ചുതന്നു. ഇതോടുകൂടി എന്റെ ബാദ്ധ്യതകളെല്ലാം ഞാന്‍ നിറവേറ്റിയിരിക്കുന്നു. ഇനി ഇഹപരലോകത്തില്‍ നീ കാരണത്താല്‍ സംഭവിച്ചേക്കാവുന്ന നാശങ്ങളില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ കാവലിനെ തേടുന്നു. ഇപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സന്താനങ്ങള്‍ക്ക് നന്മചെയ്യല്‍ മാതാപിതാക്കള്‍ക്ക് സുന്നത്താണ്. ഒരിക്കലും അവര്‍ക്ക് നാശം കൊണ്ട് പ്രാര്‍ത്ഥിക്കരുത്. അങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ അവര്‍ വഴി മാതാപിതാക്കള്‍ക്ക് ഗുണം കിട്ടുകയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter