സോഷ്യല്‍ മീഡിയ: ശ്രദ്ധിക്കേണ്ട പത്ത്‌ കാര്യങ്ങള്‍
നവ സാമൂഹിക മാധ്യമങ്ങള്‍ ഇന്ന് മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തീര്‍ന്നിരുക്കുന്നു. വിവര കൈമാറ്റത്തിനപ്പുറം ദൈനംദിന ജീവിതത്തിലെ പ്രധാന ആശയവിനിമയ മാധ്യമമായി അത് മാറിക്കഴിഞ്ഞു. ഒട്ടേറെ നന്മകളും അതിലേറെ ചതിക്കുഴികളും ഈ നവമാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അപരനെ അപകീര്‍ത്തിപ്പെടുത്തുകയും ആളുകളുടെ വീഴ്ചകളെ ആഘോഷമാക്കുകയും കിട്ടുന്നതെന്തും ഷയര്‍ ചെയ്യുകയും ചെയ്യുന്ന ഒരിടമായി അതുമാറി. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അവന്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. [metaslider id=42794] 1. കിട്ടുന്നതെന്തും ഷയര്‍ ചെയ്യുന്ന സ്വഭാവം അരുത്. അത് കളവു പറയുന്നതിന് തുല്യമാണ്. നബി (സ) പറഞ്ഞു: ഒരു മനുഷ്യന്‍ കളവുപറയുന്നവനാവാന്‍ കേള്‍ക്കുന്നതെല്ലാം പറഞ്ഞാല്‍ തന്നെ മതി. (മുസ്‌ലിം). പല പ്രമുഖ വ്യക്തികളുടെയും ഇസ്‌ലാം സ്വീകരണത്തെക്കുറിച്ചും പല സ്ഥലത്തും നടന്നാതായി പറയുന്ന അത്ഭുത സംഭവങ്ങളെക്കുറിച്ചും എത്ര പ്രവാശ്യമാണ് നമുക്ക് ഓരോത്തര്‍ക്കും മെസേജുകള്‍ ലഭിച്ചിട്ടുള്ളത്. അല്‍പം മുമ്പാണ് ജപ്പാന്‍ പ്രധാനമന്ത്രി ഇസ്‌ലാം സ്വീകരിച്ചവെന്ന പേരില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്. തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്റെ ഭാര്യയുടെ ഫോട്ടോയും ചേര്‍ത്ത് ജപ്പാന്‍ പ്രധാനമന്ത്രിയും ഭാര്യയും ഇസ്‌ലാം സ്വീകരിച്ചെന്നും ആസിഫ് ഖാന്‍ എന്ന് പേര് സ്വീകരിച്ചെന്നും പറയുന്ന പോസ്റ്ററുകള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമെന്ന് മനസ്സിലാക്കുവന്നതാണെങ്കിലും ഒട്ടും ആലോചിക്കാതെയാണ് പലരും അതൊക്കെ ഷയര്‍ ചെയ്യുന്നത്. 2. ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രം മറ്റുള്ളവരുമായി പങ്കുവെക്കുക. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെയടുത്ത് ഒരു വാര്‍ത്തയുംകൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരുജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തിവെക്കുകയും അങ്ങനെ ചെയ്ത പ്രവൃത്തിയില്‍നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കുവാനാണ് (ഇങ്ങനെ കല്‍പിക്കുന്നത്).   (അല്‍ ഹുജ്റാത്ത് 6); നിങ്ങള്‍ക്ക് കിട്ടുന്ന സന്ദേശത്തിന്റെ ഉറവിടം പലപ്പോഴും അജ്ഞാതമായിരിക്കും. പലതും ജനങ്ങളുടെ ഇടയില്‍ ഭീതിയും പരിഭ്രാന്തിയും പരത്തും. സാമൂഹിക കലാപങ്ങള്‍ക്ക് വരെ അത് കാരണമാകും. ഈയടുത്ത് ഒരു വാഹനാപകടത്തിന്റെ ചിത്രം വര്‍ഗീയാക്രമണത്തിന്റെ ചിത്രമായി വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇതൊക്കെ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചനയില്ലാതെയാണ് ഇവയൊക്കെ ഷയര്‍ ചെയ്യപ്പെടുന്നത്. 3. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ കാര്യങ്ങള്‍ ഷയര്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പണ്ഡിതന്മാരോട് ചോദിച്ചു അംഗീകൃത ഗ്രന്ഥങ്ങള്‍ നോക്കിയും ഉറപ്പുവരുത്താതെ അത് ചെയ്യുന്നത് നിങ്ങള്‍ പ്രവാചകനു മേല്‍ കളവു പറയുന്നതിന് തുല്യമാവും. നബി(സ) പറയുന്നു: എന്റെ മേല്‍ കളവു പറയുന്നത് മറ്റുള്ളവരുടെ മേല്‍ കളവു പറയുന്നത് പോലെയല്ല. ആരെങ്കിലും എന്റെ മേല്‍ മനപ്പൂര്വ്വം കളവു പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” റജബ് മാസത്തെക്കുറിച്ച് ആരെങ്കിലും സന്തോഷവാര്‍ത്ത അറിയിച്ചാല്‍ അവനു ലഭിക്കുന്ന സൗഭാഗ്യം വിശദീകരിക്കുന്ന വ്യാജ ഹദീസുകള്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ടാകും. ശിയാക്കളും മറ്റും പ്രചരിപ്പിക്കുന്ന അടിസ്ഥാനമില്ലാത്ത ഒട്ടേറെ ഉപദേശങ്ങള്‍ അലി (റ)വിന്റെതു എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നു. മതവിധികളും മറ്റും ഷയര്‍ ചെയ്യുമ്പോഴും സൂക്ഷമത പാലിക്കുക്ക. വിശ്വാസയോഗ്യരായാവരില്‍ നിന്നു മാത്രം സ്വീകരിക്കുക.   4. പരിഹാസം,കുത്തുവാക്കുകള്‍, ഇഷ്ടമില്ലാത്ത ഇരട്ടപ്പേരുകള്‍, ഏഷണി, പരദൂഷണം തുടങ്ങിയവ ഒഴിവാക്കുക. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരാണെന്നുവരാം. ചില സ്ത്രീകള്‍മറ്റു സ്ത്രീകളെപ്പറ്റിയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നസ്ത്രീകള്‍) അവരെക്കാള്‍ നല്ലവരാണെന്നുവരാം. നിങ്ങള്‍ നിങ്ങളെത്തന്നെ (തമ്മതമ്മില്‍) കുത്തുവാക്കുകള്‍ പറയരുത്. ചീത്തപ്പേരുകള്‍ കൊണ്ട് നിങ്ങള്‍തമ്മതമ്മില്‍ വിളിക്കുകയുമരുത്. ആ പേര് ഉപയോഗിക്കല്‍ വളരെ ചീത്തതന്നെ.സത്യവിശ്വാസത്തിനുശേഷം ദുഷ്ടത (കൈക്കൊള്ളല്‍ ആക്ഷേപാര്‍ഹമാണ്). വല്ലവരുംപശ്ചാത്തപിക്കുന്നില്ലെങ്കില്‍ അവര്‍ അക്രമികള്‍ തന്നെയാണ്. (അല്‍ ഹുജുറാത്ത് 11)   5. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറരുത്. മറ്റൊരാളുടെ സ്വകാര്യതയും അഭിമാനവും ഇസ്‌ലാം ഏറെ വില കല്‍പിക്കുന്നതാണ്. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതും അവിടേക്ക് ഒളിഞ്ഞു നോക്കുന്നതും നബി (സ) കര്‍ശനമായി നിരിധോചിട്ടുണ്ട്. ഒരിക്കല്‍ നബി തങ്ങള്‍ തന്റെ വീട്ടില്‍ മുടി ചീകികൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നബി(സ)യുടെ വാതിലിന്റെ ഒരു ദ്വാരത്തിലൂടെ ഉള്ളിലേക്ക് നോക്കി. ഇത് മനസ്സിലാക്കിയ നബി അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ നോക്കികൊണ്ടിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ചീര്‍പ്പ് കൊണ്ട് താങ്കളുടെ കണ്ണില്‍ ഞാന്‍ കുത്തുമായിരുന്നു. സമ്മതം (ചോദിക്കണമെന്ന് പറയുന്നത്) ഈ കണ്ണ് കാരണമാണ്. (മുസ്‌ലിം) 6. മറ്റുള്ളവരുടെ വീഴ്ച ആഘോഷമാക്കരുത് ഹദീസില്‍ കാണാം “നാവുകൊണ്ട് വിശ്വസിക്കുകയും ഈമാന്‍ ഹൃദയത്തിലേക്ക് പ്രവേശിക്കുകയുംചെയ്യാത്ത സമൂഹമോ, നിങ്ങള്‍ വിശ്വാസികളെക്കുറിച്ച് ദൂഷണം പറയരുത്. അവരുടെ രഹസ്യങ്ങള്‍ (ന്യൂനതകള്‍) പിന്തുടരരുത്. കാരണം അവരുടെ രഹസ്യങ്ങള്‍ പിന്തുടരുന്നവന്റെ രഹസ്യങ്ങള്‍ അല്ലാഹും പിന്തുടരും. അല്ലാഹു ആരെയെങ്കിലും പിന്തുടര്‍ന്നാല്‍ അവനെ അവന്റെ വീട്ടിനുള്ളില്‍ (തന്നെ) നാണംകെടുത്തും.” (അബൂദാവൂദ്, അഹ്മദ്) നിരവധി ഹദീസുകള്‍ ഈ വിഷയത്തില്‍ കാണാന്‍ കഴിയും. മറ്റുള്ളവരുടെയും തെറ്റുകളും വീഴ്ചകളും ആഘോഷിക്കാനുള്ള ഇടമല്ല സോഷ്യല്‍ മീഡിയ. ഒരു വിശ്വാസിയുടെ ന്യൂനതകളും വീഴ്ചകളും മറച്ചുവെക്കുന്നവന്റെ വീഴ്ചകള്‍ അല്ലാഹുവും മറച്ചുവെക്കും. 7. ഉപകാരമില്ലാത്ത പോസ്റ്റുകളും കമന്റുകളും ഒഴിവാക്കുക സോഷ്യല്‍ മീഡിയകളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ നല്ലൊരു ശതമാനവും സമയം കൊല്ലുന്നതിനപ്പുറം ആര്‍ക്കും പ്രത്യേകിച്ചും ഒരു ഉപകാരവും ഇല്ലാത്തവയാണ്‌. മനുഷ്യന്റെ വിലപ്പെട്ട സമയം അനാവശ്യകാര്യങ്ങളില്‍ തളച്ചിടുന്നത് അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തോട് കാണിക്കുന്ന നന്ദികേടാണ്. വിശ്വാസം സമ്പൂര്‍ണ്ണമാവുന്നത്തിന്റെ ലക്ഷണമാണ് അനാവശ്യ കാര്യങ്ങള്‍ ഉപേക്ഷിക്കുക്കയെന്നത്. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: “ഒരു മനുഷ്യന്റെ ഇസ്‌ലാമിന്റെ മേന്മയില്‍ പെട്ടതാണ് അവനു ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുന്നത്” (തിര്‍മിദി) 8. പൊതു ഇടങ്ങളിലെ മര്യാദകള്‍ പാലിക്കുക ജനങ്ങള്‍ വ്യാപകമായി ഇടപെടുന്ന പൊതുവഴികളില്‍ ഇരിക്കുന്നവരോട് ചില മര്യാദകള്‍ പാലിക്കാന്‍ നബി(സ) കല്പിച്ചിട്ടുണ്ട്. ഈ സാമൂഹ്യ മാധ്യമങ്ങളും അത്തരമൊരു പൊതുവഴിയാണ്. ആ കല്‍പനകള്‍ ഇവിടെയും പ്രസക്തമാണ്‌. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം ഉപയോഗപ്പെടുത്തേണ്ട ഈ ഇടങ്ങളില്‍ വെറുതെ സംസാരിചിരിക്കുന്നതിനെ നബി (സ) നിരുത്സാഹപ്പെടുത്തി. അബൂ സഈദ് അല്‍-ഖുദ്രി (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: നിങ്ങള്‍ വഴികളില്‍ ഇരിക്കുന്നത് സൂക്ഷിക്കണം. അപ്പോള്‍ അനുചരര്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങള്‍ ഞങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരുന്ന്‍ സംസാരിക്കുന്നതില്‍ എന്താണ് പ്രശ്നം? നബി (സ) പ്രതിവചിച്ചുLവഴികളില്‍ ഇരുന്നേപറ്റൂയെന്നുണ്ടുങ്കില്‍ നിങ്ങള്‍ വഴിയോടുള്ള കടമ നിര്‍വഹിക്കണം (വഴിയുടെ മര്യാദകള്‍ പാലിക്കണം). അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണ് വഴിയുടെ മര്യാദകള്‍? നബി (സ) പറഞ്ഞു : “കണ്ണുകള്‍ അടക്കുക, ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക, സലാം മടക്കുക, നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുക” അതായത് മറ്റുള്ളവരുടെ രഹസ്യങ്ങള്‍ പിന്തുടരരുത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ വഴിയില്‍ നിന്ന് മാറ്റുക, സലാം പറയുന്നവര്‍ക്ക് അത് മടക്കുക, നന്മ ചെയ്യാന്‍ കല്പിക്കുക്കയും തിന്മ കാണുമ്പോള്‍ അതിനെ സാധ്യമാവും വിധം എതിര്‍ക്കുകയും ചെയ്യുക.  ഈ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തില്‍ പ്രസക്തിയുണ്ടെന്ന് നാം തിരിച്ചറിയുക. 9. ഗുണഫലവും പ്രത്യാഘാതവും ശതഗുണീഭവിക്കുമെന്നു ഓര്‍ക്കുക. അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാല്‍ അവനെ പിന്തുടരുന്നവരുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ തന്നെ അവരെപ്പോലുള്ള പ്രതിഫലം അദ്ദേഹത്തിനു ലഭിക്കും. ആരെങ്കിലും തിന്മയിലേക്ക് ക്ഷണിച്ചാല്‍ അവനെ പിന്തുടരുന്നവരുടെ കുറ്റത്തില്‍ നിന്നും ഒട്ടും കുറയാതെ തന്നെ അവരെപ്പോലോത്ത കുറ്റം അയാള്‍ക്ക് ലഭിക്കും. (മുസ്‌ലിം) നിമിഷ നേരങ്ങള്‍ കൊണ്ട് ആയിരങ്ങള്‍ക്കും പതിനായിരങ്ങള്‍ക്കും എത്തുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ നമ്മുടെ കുറ്റമാണോ പ്രതിഫലമാണോ കൂട്ടുന്നതെന്ന് പലവട്ടം ആലോചിക്കുക. 10. സോഷ്യല്‍ മീഡിയകളുടെ അമിതോപയോഗത്തില്‍ മുന്‍ഗണനകളും കടമകളും മറക്കാതിരിക്കുക അപകടത്തില്‍ പെടുന്നവനെ രക്ഷിക്കുന്നതിനെക്കാളും പ്രധാനമായും അപകടത്തിന്റെ ഫോട്ടോയെടുത്ത് അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനാണ് പലരുടെയും ശ്രമം. തൊട്ടുമുന്നില്‍ നില്‍ക്കുന്ന ആളുകളോട് സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കത്തവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ ഒരു പ്രയാസവുമില്ല. വീട്ടിലെത്തുന്ന അതിഥിയെ സല്ക്കരിക്കുന്നതിലും അയല്‍വാസിയുടെ വിശേഷങ്ങള്‍ അറിയുന്നതിലും പ്രധാനം പലപ്പോഴും നേരിട്ട് ഒരു പരിചയവുമില്ലാത്ത ആളുകളോട് ചാറ്റ് ചെയ്യാനാവും. ഇതൊക്കെയും കടമകളില്‍ നിന്നുള്ള ഒളിച്ചോട്ടവും മുന്‍ഗണനക്രമത്തില്‍ വരുത്തുന്ന വീഴ്ചയുമാണ്‌. തന്റെ കുടുംബത്തോടും സ്വന്തത്തോടുമുള്ള കടമകളില്‍ വീഴ്ച കാണിച്ച അബുദ്ദ്ര്‍ദാഇ(റ)നോട് സല്‍മാന്‍ അല്‍ -ഫാരിസി (റ) പറഞ്ഞു : നിനക്ക് നിന്റെ രക്ഷിതാവിനോട്‌ കടമകളുണ്ട്. നിനക്ക് നിന്റെ സ്വന്തത്തോട് കടമകളുണ്ട്. നിനക്ക് നിന്റെ കുടുംബത്തോട് കടമകളുണ്ട്. ഓരോ അവകാശിക്കും അവരുടെ അവകാശം നല്‍കുക. നബി(സ)യുടെ അടുത്തെത്തിയ അബുദ്ദ്ര്‍ദാഇനോട് അവിടുന്ന് പറഞ്ഞു “സല്‍മാന്‍ പറഞ്ഞത് സത്യമാണ്” (ബുഖാരി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter