നമ്മുടെ മക്കള്‍ എന്തു പഠിക്കണം?
മകനെ ഡോക്ടറോ എഞ്ചിനിയറോ ആക്കണമെന്നാണ് ഒരു ശരാശരി മലയാളി പോലും ഇപ്പോള്‍ സ്വപ്നം കാണുന്നത്. മാറിയ ലോകത്തില്‍ ഇവരെ കുറ്റം പറയാന്‍ പറ്റുമോ? ജീവിതനിലവാരം എവറസ്റ്റും കഴിഞ്ഞ് മുകളിലോട്ട് കുതിക്കുന്ന ലോകത്തിന്റെ ഒപ്പം സാധ്യമാകുന്നത്രയെങ്കിലും എത്തിപ്പെടാന്‍ അവര്‍ ശ്രമിക്കുന്നതില്‍ ആരെ കുറ്റപ്പെടുത്തും. അറിവിന് അന്തസ്സും ആഭിജാത്യവും ഉള്ള ഒരു കാലമുണ്ടായിരുന്നു. ജ്ഞാനികളും അന്ന് ബഹുമാനിക്കപ്പെട്ടു. പിന്നീടെന്നോ അറിവിന്റെ നിറം മാറിപ്പോയി. വെണ്മയുടെ ശുദ്ധിയും നന്മയുടെ ലാളിത്യവുമുണ്ടായിരുന്ന ജ്ഞാനം തിന്മയുടെ ഇരുളും സ്വാര്‍ത്ഥതയുടെ കപടവേഷവും എടുത്തണിഞ്ഞു തുടങ്ങിയത് ലോകം കച്ചവടക്കണ്ണിലൂടെ സകലതും കാണാന്‍ തുടങ്ങിയ ശേഷമാണ്. പടിഞ്ഞാറു നിന്ന് ഉയിരെടുത്ത ഈ വിചിത്രശീലം സഹ്യനും കടന്ന് ദൈവത്തിന്റെ നാട്ടിലേക്കിറങ്ങി വന്നിട്ട് കാലം ഏറെയായി. തന്റെ മാതാപിതാക്കളെ പരിചരിച്ചാല്‍ നേട്ടമെന്തുണ്ടെന്ന് പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുന്ന പ്രിയ സന്താനങ്ങള്‍ ഈ ജ്ഞാനശീലത്തിന്റെ കൂടി സന്തതികളാണ്. ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് വിശ്വാസി വിശ്വസിച്ചിരുന്നതും വിശ്വാസം പഠിപ്പിച്ചിരുന്നതും. ഓരോ ജ്ഞാനിയും ദൈവീകമായ വെളിച്ചത്തിന്റെ സൂക്ഷിപ്പുകാരാണെന്നും ആ പ്രഭ കൈവരിച്ചാല്‍ ജീവിതവിജയം നേടാമെന്നും മനുഷ്യന്‍ കരുതിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, സ്‌പെയിനിലെ ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം ഒരു നാഗരിക പുരോഗതിയുടെ കൂടി കാലമായിരുന്നു. ആ വളര്‍ച്ചയുടെ ചുവടു പിടിച്ചാണ് പിന്നീട് യൂറോപ്പ് വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്. ഇതു മുഖേന ലോകജനതയുടെ ജീവിതത്തിലൊന്നടങ്കം വിപ്ലവകരമായ മാറ്റമാണുണ്ടായത്. എന്നാല്‍ ഈ മുന്നേറ്റം ഒരു തരത്തില്‍ ആത്മീയരഹിതമായ ഒരു ചലനമാണ് ലോകത്ത് സൃഷ്ടിച്ചത്. ഇത് ഐഹികജീവിതം എങ്ങനെ പൂര്‍വ്വോപരി സുന്ദരവും ഐശ്വര്യപൂര്‍ണ്ണവുമാക്കാമെന്ന അന്വേഷണമായിരുന്നു. ഈ അന്വേഷണം പിന്നീട് ചിലപ്പോള്‍ ദൈവനിഷേധത്തോളമെത്തി, പക്ഷേ യുക്തിദീക്ഷയുള്ളവര്‍ ദൈവത്തിന്റെ അപാരമായ ശേഷിയുടെ അറ്റമില്ലാത്ത ലോകത്ത് തന്നെയാണ് എത്തിച്ചേര്‍ന്നത്. ഈ വളര്‍ച്ചയുടെ ബാക്കിപത്രമെന്നോണം ഇതിന് നേതൃത്വം നല്‍കിയ ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകത്തുടനീളം സ്വാധീനവലയം സൃഷ്ടിക്കുകയും തങ്ങളുടെ സംസ്‌കാരപ്രചരണത്തിന്റെ വഴികള്‍ സൃഷ്ടിക്കുകയും ചെയ്തു.എന്നാല്‍, വെറും ഞായറാഴ്ച മതമായി മാറിയ ക്രിസ്ത്യാനിസത്തിന് ഇവരുടെ ധര്‍മവീക്ഷണത്തില്‍ കാര്യമായി ഒരു ചലനവും സൃഷ്ടിക്കാനാകുമായിരുന്നില്ല. അതോടെ മൂല്യബോധത്തിലധിഷ്ഠിതമായ അറിവിന്റെ അഗ്നി കെട്ടുതുടങ്ങി. അവരുടെ കോളനികളിലും അതേ സംസ്‌കാരം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അഥവാ കേണല്‍ മെക്കോളയുടെ സ്വപ്നസാക്ഷാത്കാരം കൂടിയാണ് പുതിയ കാലത്തിലെ ലാഭാധിഷ്ഠിതമായ വിദ്യാഭ്യാസക്രമം നമ്മുടെ മനസ്സില്‍ കൂടുകൂട്ടി ക്കഴിഞ്ഞുവെന്നത്. വര്‍ധിത പാശ്ചാത്യ പ്രേമത്തെ മകന്‍ ഇംഗ്ലീഷ് മാത്രം പറയാന്‍ ഭാര്യയുടെ പേറങ്ങ് ഇംഗ്ലണ്ടിലാക്കിയെന്ന് പരിഹസിക്കുന്നുണ്ട് കുഞ്ഞുണ്ണി മാഷ്. പുതുതലമുറയുടെ പ്രാഥമിക വിദ്യാഭ്യാസം തന്നെ യേശുദേവന്റെയും കന്യാമറിയത്തിന്റെയും ദിവ്യകീര്‍ത്തനങ്ങളലയടിക്കുന്ന പള്ളിമണികള്‍ക്ക് ചുവട്ടിലാണ്. നമ്മളറിയാതെ തന്നെ പടിഞ്ഞാറിന്റെ ശീലങ്ങള്‍ നമ്മുടെ ഭാവിതലമുറയുടെ തലയോട്ടിക്കകത്ത് കയറുന്നത് നാം സൂക്ഷിച്ചുവരുന്ന സദാചാര ശീലങ്ങളുടെ ശവപ്പെട്ടിയുടെ മുകളിലുള്ള അവസാന ആണിയായിരുക്കുമെന്ന സത്യം നാം തിരിച്ചറിയാതെ പോകുന്നു. മദ്രസ പ്രസ്ഥാനം നിലവില്‍ വരുന്നതിനു മുമ്പ് നമ്മുടെ നാട്ടില്‍ ധാര്‍മികതയുടെ വളര്‍ത്തുനിലങ്ങളായി വര്‍ത്തിച്ച പള്ളിദര്‍സ്സുകള്‍ അസ്തമിച്ചുപോയതും അവയ്ക്കു പകരം വന്ന സംവിധാനങ്ങള്‍ പര്യാപ്തമാകാതിരിക്കുകയും ചെയ്ത സാഹചര്യം നാം കണ്ടുകഴിഞ്ഞതാണ്. എന്നാല്‍, നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സംവിധാനമായ മദ്രസാപ്രസ്ഥാനം കൂടി മരണമണി കേട്ടുതുടങ്ങിയിരിക്കുന്നു. ഭൗതിക വിദ്യാതല്‍പരരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് ഇന്നുള്ളത്. അതി ശ്രീഘ്രം പ്രതിഫലം മാത്രം അവരുടെ ആത്യന്തിക ലക്ഷ്യമായിത്തീരുകയും ചെയ്തിരിക്കുന്നു. മുഴുവന്‍ വിദ്യാഭ്യാസ മേഖലകളില്‍ നിന്നും മൂല്യവും ധര്‍മബോധവും ആരോ ഊരിക്കളഞ്ഞ മട്ടാണ്. ഒരു കാലത്ത് നമ്മുടെ മക്കള്‍ക്ക് കണക്കറിയില്ലായിരുന്നു, പക്ഷേ ഇന്നവര്‍ക്ക് കണക്ക് മാത്രമേ അറിയുകയുള്ളൂ. ലാഭനഷ്ടങ്ങളുടെ കണക്ക്! എന്തും ലാഭക്കണ്ണുകൊണ്ട് മാത്രം കാണാന്‍ കഴിയുന്ന സമൂഹമായി പുതുതലമുറയുടെ സിംഹഭാഗവും മാറിക്കഴിഞ്ഞുവെന്നത് അതിശയോക്തിയൊന്നുമല്ല, നഗ്നഡസത്യം തന്നെയാണ്. അതു മൂലം അറ്റുപോയത് നമ്മുടെ ഊഷ്മള ബന്ധങ്ങളുടെ രസച്ചരടാണ്. മതവിദ്യാഭ്യാസം കേവലമൊരു ആചാരത്തിന്റെ ഭാഗമായപ്പോള്‍ ധര്‍മ്മം നമ്മുടെ കര്‍മ്മ കാണ്ഡത്തില്‍ നിന്നിറങ്ങിപ്പോയിയെന്നതാണ് വസ്തുത. പക്ഷേ, ഈ വസ്തുത തിരിച്ചറിയാന്‍ നമ്മളധികവും വളരെ വൈകിപ്പോകുന്നു, അപ്പോഴേക്ക് നാം മുകളില്‍ പറഞ്ഞ സംഭവങ്ങളിലൊന്നിന്റെ ഇരയായിത്തീര്‍ന്നിട്ടുണ്ടാകും. അവിടെ വേട്ടക്കാരനാകുന്ന നമ്മുടെ സ്വന്തം കുഞ്ഞിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല, കുറ്റം നമ്മുടേത് കൂടിയാണ്. മാതൃപിതൃബന്ധത്തിന്റെ മഹത്വം പഠിപ്പിക്കാതെ അതിനുള്ള അവസരം നിഷേധിച്ച നാം തന്നെ. കൗമാരത്തിന്റെ ചപലതയില്‍ ഒരു പക്ഷേ അവര്‍ ധര്‍മ്മബോധനത്തിന്റെ നിര്‍ബന്ധിത തിരിച്ചറിഞ്ഞേക്കില്ല, പക്ഷേ അത് തിരിച്ചറിയാന്‍ പ്രായമായ നാം അത് നിര്‍വ്വഹിക്കേണ്ടതില്ലേ. മദ്രസാപ്രസ്ഥാനത്തിന്റ ഭാവിയെ കുറിച്ചുള്ള ആശങ്കപ്പെടല്‍ പുതിയ ചര്‍ച്ചകള്‍ക്കും ചലനങ്ങള്‍ക്കും വഴിയൊരുക്കണം. മദ്രസകള്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍ കലണ്ടര്‍ പ്രകാരമുള്ള പാഠ്യസമ്പ്രദായം ഒരുപക്ഷേ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ ഉപകരിക്കുമെന്ന് മാത്രമല്ല, കുരിശിന്റെ കീഴിലെ പള്ളിക്കൂടങ്ങളില്‍ നിന്ന് പള്ളിമിനാരങ്ങള്‍ക്ക് ചുവടെ ധര്‍മ്മവിശുദ്ധിയുടെ ചുറ്റുപാടില്‍ സകലവിജ്ഞാന സമ്പാദനത്തിനും ഇതുമുഖേന അവസരമൊരുങ്ങും. കൂടാതെ, പുതുപ്രബോധക വൃന്ദത്തിന്റെ സൃഷ്ടികര്‍മ്മത്തിനായി ഉയിരെടുത്ത് പൂര്‍ണ്ണത കൈവരിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുന്ന മതഭൗതിക സമന്വയവിദ്യാഭ്യാസ പ്രക്രിയയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പ്രബോധനവീഥിയില്‍ പുതിയ താരകങ്ങളെ സ്വപ്നം കണ്ടുതുടങ്ങിയ സംരംഭം പൂര്‍ണ്ണ പുഷ്പിതമാകാതെ വാടിക്കരിഞ്ഞ് പഴയ ഭൗതികപാളയത്തില്‍ തന്നെയെത്തിച്ചേരുന്നതും അപകടകരമല്ലെ? മദ്രസകളിലെ മേല്‍പറഞ്ഞ പരിഷ്‌കാരങ്ങള്‍ ഒരുപക്ഷേ വിദ്യാര്‍ത്ഥികളെയെന്നവണ്ണം അധ്യാപകരെയും ആകര്‍ഷിച്ചേക്കാം. ഒരുകാലത്ത് ജ്ഞാനലോകത്തിന്റെ താക്കോല്‍കൂട്ടം മുസ്‌ലിംകളുടെയും അറബികളുടെയും കൈകളിലായിരുന്നു, എത്രത്തോളമെന്നാല്‍ പോര്‍ച്ചുഗീസ് രാജാവ് കേരളരാജന് അറബി ഭാഷയില്‍ കെത്തഴുതുന്നിടത്തോളം ആഗോളസ്വാധീനം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സ്‌പെയിന്റെ പതനം കേവലം ഒരു രാജ്യഭരണം മാത്രമല്ല നമുക്ക് നഷ്ടപ്പെടുത്തിയത്. മറിച്ച് ജ്ഞാനലോകത്തിന്റെ ചെങ്കോലുകൂടിയാണ്. ആ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ മുസ്‌ലിം സ്‌പെയിന്റെ ഉമ്മറത്ത് വന്ന് ഓച്ചാനിച്ച് നിന്ന പാശ്ചാത്യന്റെ പടിവാതില്‍ക്കല്‍ ചെന്നു നില്‍ക്കേണ്ട അവസ്ഥയിലാണ് നാം. ഏതു വഴിയും സ്വീകരിച്ച് നാം നമ്മുടെ ജ്ഞാനപാരമ്പര്യം തിരിച്ചുപിടിക്കുക തന്നെ ചെയ്യണം. പക്ഷേ, അത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ സൃഷ്ടിച്ചുവച്ച പഴഞ്ചന്‍ പാഠ്യക്രമങ്ങളിലൂടെയും ജീവനറ്റ വിദ്യാരീതികളിലൂടെയുമല്ല, ജീവസ്സുറ്റ ജ്ഞാനതൃഷ്ണയുടെ പാതയിലൂടെ ആയിരിക്കണം. പക്ഷേ, അവിടെ മൂല്യങ്ങളുടെ അകമ്പടി നിര്‍ബന്ധമത്രെ അല്ലാത്ത പക്ഷം മാതൃഗര്‍ഭപാത്രത്തിന് വിലയിടുന്ന മക്കളെ നാം വീണ്ടും അനുഭവിക്കേണ്ടിവരുമെന്നത് തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter