ഫിത്വ്‌ര്‍ സകാത്ത് ശരീരത്തെ ശുദ്ധീകരിക്കുന്നു
റമളാന്‍ വ്രതത്തില്‍ സംഭവിച്ചേക്കാവുന്ന അപാകതകള്‍ പരിഹരിച്ച് കുറ്റമുക്തവും പ്രതിഫലസമൃദ്ധവുമാക്കി മാറ്റാനുള്ള ഒരു സംവിധാനമാണ് ഫിത്്വര്‍ സകാത്ത്. മുതലുമായോ ആസ്ഥിയുമായോ ഇതിന് ബന്ധമില്ല. ഓരോരുത്തരുടെയും സ്വന്തം ശരീരത്തിന്റെ സക്കാത്താണിത്. ധനത്തിന്റെയോ ധനികന്റെയോ പരിഗണന ഇതിലില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇത് ബാധകമാണ്. കുട്ടികളും അടിമകളും വരെ ഇതില്‍നിന്നും ഒഴിവല്ല. രക്ഷിതാക്കളാണ് ഇവരുടേത് നല്‍കേണ്ടത്.
ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിവസമായ ചെറിയപെരുന്നാളില്‍ ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധമാണ് ഫിത്്വര്‍ സകാത്ത് നിയമമാകുന്നതിന് പിന്നിലെ കാരണം. ശവ്വാല്‍ ചന്ദ്രിക പ്രത്യക്ഷപ്പെട്ടത് മുതലാണ് ഇതിന്റെ സമയം ആരംഭിക്കുന്നത്. റമളാന്റെ നോമ്പ് പോലെത്തന്നെ ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് ഫിത്്വര്‍സകാത്തും നിര്‍ബന്ധമാക്കപ്പെടുന്നത്.(തുഹ്ഫ 3/305)
തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍രാവിലെയും പകലിലെയും ആവശ്യമായ ഭക്ഷണം, വസ്ത്രം, വീട് എന്നിവ കഴിച്ച് വല്ലതും മിച്ചം വരുന്നപക്ഷം അവന്റെമേല്‍ ഫിത്്വര്‍ സകാത്ത് നിര്‍ബന്ധമാണ്. സ്വന്തം ശരീരത്തിന് വേണ്ടിയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ശരീരത്തിന് വേണ്ടിയും അവര്‍തന്നെയാണ് കൊടുക്കേണ്ടത്. ഇതിന് കഴിവില്ലാത്തവര്‍ സമൂഹത്തില്‍ വളരെ കുറവായിരിക്കും. ഫിത്്വര്‍സകാത്ത് വാങ്ങാന്‍ അര്‍ഹരായവര്‍ തന്നെ നല്‍കാനും അര്‍ഹരായെന്നുവരും.പെരുന്നാള്‍ ദിന രാത്രങ്ങളിലെ ചെലവ്കഴിച്ച് ബാക്കിവരുന്നത് നല്‍കാന്‍ തികയാതെ വരുന്നപക്ഷം ഉള്ളത് കൊടുത്ത് വീട്ടല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ വരുമ്പോള്‍ ആദ്യം സ്വന്തത്തിന്റെത് പിന്നീട് യഥാക്രമം ഭാര്യ, ചെറിയ സന്താനം, പിതാവ്, മാതാവ് എന്നിവരുടെതുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെത് ഭര്‍ത്താവ് നല്‍കേണ്ടതില്ല. അവള്‍ക്ക് കഴിവുണ്ടെങ്കില്‍ അവള്‍ തന്നെയാണ് നല്‍കേണ്ടത്. പ്രായപൂര്‍ത്തിയെത്തിവരും സാമ്പത്തികശേഷിയുള്ളവരുമായ മക്കളുടെ സകാത്തും രക്ഷിതാവിന്റെ മേല്‍ നിര്‍ബന്ധമില്ല.അവര്‍തന്നെ അത് കൊടുത്തുവീട്ടേണ്ടതുണ്ട്. ഇനി, രക്ഷിതാവാണ് അത് കൊടുക്കുന്നതെങ്കില്‍ അവരുടെ സമ്മതം വാങ്ങിയേമതിയാവൂ. ചെറിയകുട്ടികള്‍ക്ക് സ്വന്തമായി സമ്പത്തുണ്ടെങ്കില്‍ അതില്‍ നിന്നാണ് നല്‍കേണ്ടത്. ഇവിടെ, രക്ഷിതാവ് സ്വന്തം വിനിയോഗിക്കുന്നതിലും വിരോധമില്ല. ജാരസന്തതിയുടെ ഫിത്്വര്‍സകാത്ത് മാതാവാണ് നല്‍കേണ്ടത്.
ചെറിയ പെരുന്നാളിന്റെ രാത്രി സൂര്യന്‍ അസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. പ്രസ്തുത സമയം ആരെല്ലാം ജീവിച്ചിരിപ്പുണ്ടോ അവര്‍ക്കെല്ലാം സകാത്ത് നല്‍കേണ്ടതുണ്ട്. സൂര്യാസ്തമയത്തിന് ഒരുനിമിഷം മുമ്പ് ജനിച്ചകുട്ടി,വിവാഹമോചിതയായ ഭാര്യ എന്നിവര്‍ക്കും ഫിത്്വര്‍ സകാത്ത് നല്‍കേണ്ടതുണ്ട്. എന്നാല്‍ അസ്തമയത്തിന് ശേഷം ജനിച്ച കുട്ടിക്കോ, വിവാഹം കഴിച്ച ഭാര്യക്കോ നല്‍കേണ്ടതില്ല.(തുഹ്ഫ 3/305-307)
പെരുന്നാള്‍ ദിവസം നിസ്‌കാരത്തിന് പോകുന്നതിന് മുമ്പാണ് ഇത് നല്‍കേണ്ട സമയം. അകാരണമായി പെരുന്നാള്‍ ദിവസത്തെതൊട്ട് പിന്തിപ്പിക്കല്‍ ഹറാമും പെരുന്നാള്‍ നിസ്‌കാരത്തെ വിട്ട് പിന്തിപ്പിക്കല്‍ കറാഹത്തുമാണ്. എന്നാല്‍, വിതരണ സമയത്ത് സ്ഥലത്തില്ലാത്ത ബന്ധു, അയല്‍വാസി തുടങ്ങിയവര്‍ക്ക് നല്‍കണമെന്ന ലക്ഷ്യത്തോടെ നിസ്‌ക്കാരശേഷത്തേക്ക് വിതരണം നീക്കല്‍ കൊണ്ട് വിരോധമില്ല. പക്ഷെ, പെരുന്നാള്‍ ദിവസത്തിലെ സൂര്യന്‍ അസ്തമിക്കുന്നതിന്റെ മുമ്പായി തന്നെ കൊടുത്തുവീട്ടണമെന്ന നിബന്ധനയോടെ മാത്രം.(തുഹ്ഫ 3/309)
സ്വത്തോ അവകാശിയോ സ്ഥലത്തില്ലാതിരിക്കുക പോലെയുള്ള മതിയായ കാരണങ്ങളില്ലാതെ പെരുന്നാള്‍ ദിവസത്തെയും വിട്ട് ഫിത്്വര്‍സകാത്തിന്റെ വിതരണം പിന്തിപ്പിക്കല്‍ ഹറാമാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം അവന്‍ കുറ്റക്കാരനാകുന്നതും ശേഷം കൊടുത്തുവീട്ടേണ്ടതുമാണ്. റമളാന്‍ ഒന്ന് മുതല്‍ തന്നെ ഫിത്്വര്‍സകാത്ത് വിതരണം ചെയ്ത് തുടങ്ങല്‍കൊണ്ട് വിരോധമില്ല.(തുഹ്ഫ 3/306) ഇത് അര്‍ഹതപ്പെട്ടവരുടെ വീട്ടില്‍ എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്.
നാട്ടില്‍ പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നതെന്തോ അതാണ് ഫിത്്വര്‍ സകാത്തായി നല്‍കേണ്ടത്. നമ്മുടെ നാട്ടിലെ പ്രധാന ഭക്ഷണം അരിയാണല്ലോ അതിനാല്‍, അരിയില്‍ ഏറ്റവും മുന്തിയയിനം തെരഞ്ഞെടുത്ത് നല്‍കേണ്ടതുണ്ട്. വിലകുറഞ്ഞ മൂല്യമില്ലാത്ത സാധനങ്ങള്‍ നല്‍കുന്നത് നല്ലതല്ല.
ഭക്ഷണത്തിന് പകരം ഫിത്്വര്‍ സകാത്തിനുള്ള വില നല്‍കല്‍കൊണ്ട് ഒരിക്കലും സാധുവാകുകയില്ല. ശാഫിഈ മദ്ഹബിലെ അംഗീകരിക്കപ്പെട്ട നിയമമനുസരിച്ച് ഭക്ഷണസാധനം തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്. ഇമാം നവവി (റ) പറയുന്നു: ഇമാം ശാഫിഈ(റ)വും തന്റെ അനുചരന്‍മാരും ഫിത്്വര്‍ സകാത്തിന്റെ ധാന്യത്തിന് പകരം വിലനല്‍കിയാല്‍ മതിയാകില്ലെന്നാണ് പറയുന്നത് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ഇത് തന്നെയാണ്. എന്നാല്‍, അബൂ ഹനീഫ(റ) വിലകൊടുത്താലും മതി എന്ന പക്ഷക്കാരനാണ്.(ശറഹുല്‍ മുഹദ്ദബ് 6/132)
വില നല്‍കിയാല്‍ മതിയാവുകയില്ലെന്ന് ശാഫിഈ മദ്ഹബിലെ ഏകോപിത അഭിപ്രായമാണെന്ന് മുഗ്നിയും നിഹായയും പ്രസ്താവിച്ചിട്ടുണ്ട്.(ശര്‍വാനി 3/324)”ഭക്ഷണ സാധനമായ ധാന്യത്തിന് പകരം വിലകൊടുത്താല്‍ മതിയാകാത്തത് പോലെ തന്നെ മാവ്, റൊട്ടി തുടങ്ങിയവ നല്‍കിയാലും മതിയാവുകയില്ല.”(റൗള 2/164)
ഓരോ വ്യക്തിക്കും ഒരു സ്വാഅ് വീതമാണ് നല്‍കേണ്ടത്.ഒരു സ്വാഅ് നാല് മുദ്ദുകളാണ്. മൂന്ന് ലിറ്ററും ഇരുന്നുറ് മില്ലി ലിറ്ററുമാണ് ഇതിന്റെ കണക്ക്. ഇതില്‍ ചെറിയവര്‍ എന്നോ വലിയവര്‍ എന്നോ ആണ്‍പെണ്‍ എന്നോവിത്യാസമില്ല.
നമ്മുടെ നാട്ടില്‍ സാധാരണ ഭക്ഷണമായി ഉപയോഗിക്കുന്ന അരി 3,200 ലിറ്റര്‍ അതവാ 2,400 കി.ഗ്രാം ഫിത്്വര്‍ സകാത്തായി നല്‍കേണ്ടതുണ്ട്. രണ്ടര കി.ഗ്രാം നല്‍കിയാല്‍ വളരെ വിശേഷമായി. 2,600 ആണെന്നും 3 കിലോ നല്‍കിയാല്‍ വളരെ ഉത്തമമാണെന്നും പറയപ്പെട്ടിട്ടുണ്ട്.
പെരുന്നാള്‍ രാവില്‍ സൂര്യാസ്തമയ സമയം ആള്‍ എവിടെയാണോ ഉള്ളത് ആ നാട്ടിലെ പാവങ്ങള്‍ക്കാണ് ഫിത്്വര്‍ സകാത്ത് നല്‍കേണ്ടത്. തല്‍സമയം യാത്രയിലാണെങ്കില്‍ അന്നേരം എവിടെയെത്തിയോ അവിടെ നല്‍കേണ്ടിവരും. ഇത്തരം അവസരങ്ങളില്‍ ഒരു സ്ഥത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരു സ്ഥലത്തേക്ക് നീക്കം ചെയ്യാമെന്ന അഭിപ്രായം പ്രബലമല്ലെങ്കിലും സ്വീകരിക്കാവുന്നതാണ്. അതത് സ്ഥലങ്ങളില്‍ ദരിദ്രര്‍ ഇല്ലാത്ത പക്ഷം വിതരണം അടുത്തനാട്ടിലേക്ക് മാറ്റല്‍ കൊണ്ട് വിരോധമില്ല.
സകാത്ത് അവകാശികള്‍ തന്നെയാണ് ഫിത്്വര്‍ സകാത്തിന്റെയും അവകാശികള്‍. മക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ കഴിവുള്ളവരാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ കഴിവില്ലാത്തവരാണെങ്കിലും സകാത്തിന് അര്‍ഹരല്ല. അര്‍ഹരായവര്‍ക്കല്ലാതെ കൊടുത്താല്‍ പരിഗണിക്കപ്പെടുകയുമില്ല. അര്‍ഹരായ എല്ലാവിഭാഗവുമില്ലെങ്കില്‍ ഉള്ളവര്‍ക്ക് വീതിച്ചു നല്‍കേണ്ടതാണ്.
ഏതെങ്കിലും ഒരു വിഭാഗത്തിന് കൊടുത്തില്ലെങ്കില്‍ അത് കടമായിത്തീരും. എല്ലാ വിഭാഗത്തില്‍ നിന്നും ഏതാനും വ്യക്തികളുണ്ടെങ്കില്‍, അവര്‍ക്കെല്ലാം കൊടുത്താല്‍ ഓരോരുത്തര്‍ക്കും ഉപകാരപ്രദവുമാണെങ്കില്‍ എല്ലാവര്‍ക്കും കൊടുക്കണം. അല്ലെങ്കില്‍ ഓരോ വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ക്ക് വീതം കൊടുക്കണം. ഓരോ വിഭാഗത്തിലുള്ളവര്‍ക്കും നല്‍കുന്നത് തുല്യമായിക്കൊള്ളണമെന്നില്ല. ഇവരില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ തുല്യമാണെങ്കില്‍ കൊടുക്കുന്നതും തുല്യമാകല്‍ സുന്നത്താണ്. വിത്യാസമുണ്ടെങ്കില്‍ വ്യത്യാസത്തില്‍ കൊടുക്കലും സുന്നത്ത് തന്നെ. അര്‍ഹരായ കുടുംബങ്ങള്‍, അയല്‍വാസി എന്നിവരെ കൂടുതല്‍ പരിഗണിക്കേണ്ടതുണ്ട്.
എട്ട് പേരാണ് സകാത്തിന്റെ അവകാശികള്‍. ഇവര്‍ തന്നെയാണ് ഫിത്്വര്‍ സകാത്തിന്റെയും അവകാശികള്‍. വിശുദ്ധ ഖുര്‍ ആനില്‍ ഈ എട്ട് പേരെയും ഒരേ സൂക്തത്തില്‍ തന്നെ നിരത്തിവെച്ചിട്ടുണ്ട്. ”ഫഖീര്‍, മിസ്‌കീന്‍, സകാത്തിന്റെ ഉദ്യോഗസ്ഥന്‍, നവവിശ്വാസികള്‍, മോചന പത്രം എഴുതപ്പെട്ട അടിമ, കടം കൊണ്ട് വിഷമിക്കുന്നവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍ ,വഴിയാത്രക്കാര്‍ എന്നിവര്‍ക്കുമാത്രമാണ് സകാത്ത് മുതല്‍ നല്‍കേണ്ടത്.”(വിശുദ്ധ ഖുര്‍ആന്‍ 9/60)
സമ്പാദ്യമോ അനുയോജ്യമായ ജോലിയോ ഇല്ലാത്തയാളാണ് ‘ഫഖീര്‍’ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. തന്റെ ആവശ്യത്തിന്റെ പാതിപണം പോലും അവന് ലഭിക്കുന്നില്ല. പത്ത് രൂപ ലഭിക്കേണ്ടിടത്ത് രണ്ടോ മൂന്നോ രൂപ മാത്രമേ അവന് ലഭിക്കുന്നുള്ളൂ. എങ്കില്‍ അവന്‍ സകാത്തിന് അര്‍ഹനാണ്.
ജോലിയും പണവുമൊക്കെയുണ്ടെങ്കിലും വരുമാനം തന്റെ ആവശ്യത്തിന് തികയാതെ വരുന്നവനാണ് മിസ്‌കീന്‍. ഒരാളുടെ ആസ്ഥിയോ സമ്പാദ്യങ്ങളോ അയാള്‍ മിസ്‌കീനാവുന്നതിന് തടസ്സമല്ല. പത്ത് രൂപ കിട്ടേണ്ടിടത്ത് ഏഴ് രൂപയാണ് ഒരാള്‍ക്ക് കിട്ടുന്നതെങ്കില്‍ അയാളെ മിസ്‌കീനായി പരിഗണിക്കാവുന്നതാണ്. അയാള്‍ സകാത്തിന് അര്‍ഹനുമാണ്.
ബൈതുല്‍മാല്‍ സംവിധാനമുള്ള ഇസ്‌ലാമിക രാഷ്ട്രത്തില്‍ സകാത്ത് മുതല്‍ സ്വരൂപിക്കാനും അതിന്റെ കണക്കുകള്‍ എഴുതിവെക്കാനും നിയോഗിക്കപ്പെട്ടവനാണ് സകാത്തിന്റെ ഉദ്യോഗസ്ഥന്‍. ഇന്ന് ലോകത്ത്, അത്തരം ഒരു സംവിധാനം ഇല്ലാത്തതിനാല്‍ അത്തരമൊരു വിഭാഗവും നിലവിലില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാക്കളാണ് ഇന്ന് സാധാരണ ഗതിയില്‍ ലഭ്യമല്ലാത്ത മറ്റൊരു വിഭാഗം. അടിമ സമ്പ്രദായമില്ലാത്തതിനാല്‍ സ്വതന്ത്ര പത്രം എഴുതപ്പെട്ട അടിമയുടെ കാര്യവും നമുക്കിന്ന് സ്വപ്നം കാണേണ്ടതില്ല. ബാക്കി വരുന്ന അഞ്ച് വിഭാഗങ്ങള്‍ എന്നും എവിടെയും ലഭ്യമാണ്. കുറവാണെങ്കിലും അവര്‍ക്കിടയിലാണ് സകാത്ത് മുതല്‍ വിഹിതിക്കപ്പെടേണ്ടത്.
ഇസ്‌ലാമിലേക്ക് കടന്നുവന്ന പുതു വിശ്വാസികാളാണ് സകാത്തിന്റെ അര്‍ഹരും നമുക്കിടയില്‍ ലഭ്യമായതുമായ മറ്റൊരു വിഭാഗം. വിരളമെങ്കിലും അത്തരക്കാരെ കണ്ടെത്തി കൊടുക്കല്‍ പുണ്യമുള്ള കാര്യമാണ്. ഇത് അവരുടെ ബലഹീനതയും നിസ്സഹാതയും മുഖവിലക്കെടുത്ത് കൊണ്ടും അവര്‍ക്ക് നല്‍കുക വഴി അവരില്‍ നിന്നും മറ്റൊരു വിഭാഗം കൂടി ഇസ്‌ലാമിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷയുള്ളത് കൊണ്ടുമാണ്.
ഹലാലായ കാര്യങ്ങളില്‍ ചെലവഴിച്ച് വന്‍ കടബാധ്യതകള്‍ വന്നുപെട്ട കടക്കാരനാണ് സകാത്തിന്റെ മറ്റൊരു അവകാശി. കടത്തിന്റെ അവധി വന്നിറങ്ങിയവനാണെങ്കില്‍ അവനിതുമായി കൂടുതല്‍ ബന്ധപ്പെട്ടവനാണ്. ആള്‍ ധനികനായിരുന്നുവെങ്കിലും ഇപ്പോള്‍ വന്നുപെട്ട കടം അവനെ തളര്‍ത്തുന്നതാണെങ്കില്‍ അവന്‍ ഫിത്്വര്‍ സകാത്തിന് അര്‍ഹന്‍തന്നെ.
വഴിയാത്രക്കാരനാണ് ഖുര്‍ആന്‍ എട്ടാമതായി പരിചയപ്പെടുത്തുന്ന അവകാശി. ഇത് ഇന്നും കണ്ട്കിട്ടുന്ന ആളുകള്‍ തന്നെയാണ്. വഴിയാത്രക്കാരന്‍ എന്നാല്‍ ഹലാലായ യാത്രക്കാരന്‍ എന്നര്‍ത്ഥം . സകാത്ത് നല്‍കുന്ന നാട്ടില്‍ നിന്നും ഹലാലായ യാത്ര ഉദ്ദേശിക്കുന്നവന് തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് ആവശ്യമായ സഹായം നല്‍കല്‍ അത്യാവശ്യമാണ്. അവനിതില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ നല്‍കേണ്ടതില്ല. ഫിത്്വര്‍ സകാത്താണെങ്കില്‍ അതിന്റെ മുതലാണ് നല്‍കേണ്ടത്. ഇനി, സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്ന യാ്രതക്കാരനാണെങ്കിലും ഇത് നല്‍കാവുന്നതാണ്.(തന്‍വീറുല്‍ ഖുലൂബ് 1/226)
സകാത്ത് വിതരണം ചെയ്യാന്‍ മൂന്ന് മാര്‍ഗങ്ങളാണ് വിശുദ്ധ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. ഒന്ന്, ഉടമസ്ഥന്‍ അവകാശികള്‍ക്ക് നല്‍കുക. രണ്ട്, യോഗ്യനായ ഒരാളെ ഏല്‍പിക്കുക. മൂന്ന്, മുസ്‌ലിം ഭരണാധിപനെ ഏല്‍പിക്കുക. ഇമാം നവവി (റ) പറയുന്നു:
”രഹസ്യ സമ്പത്തിന്റെ സകാത്ത് ഉടമസ്ഥനുതന്നെ നല്‍കാവുന്നതാണ്. മറ്റൊരാളെ വക്കാലത്താക്കുകയും ഇമാമിനെ ഏല്‍പിക്കുകയും ചെയ്യാം.”(മിന്‍ഹാജ്)
ഇവിടെ ഇമാം എന്നത്‌കൊണ്ടുള്ള വിവക്ഷ മുസ്‌ലിം ഭരണാധികാരിയാണ്. ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്തത് കൊണ്ട് തന്നെ നമുക്ക് മുമ്പില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമെയുള്ളൂ. സ്വന്തമായി നല്‍കുക, മറ്റൊരാളെ വക്കാലത്താക്കുക എന്നിവയാണത്.
സകാത്ത് നിര്‍ബന്ധമാക്കുന്ന വസ്തുക്കളെ പണ്ഡിതന്‍മാര്‍ പരസ്യസമ്പത്ത്, രഹസ്യ സമ്പത്ത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. അല്ലാമാ ശര്‍വ്വാനി (റ) എഴുതുന്നു:
”ഫത്്വര്‍ സകാത്ത്, നിധി, കച്ചവടച്ചരക്കുകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയാണ് രഹസ്യ സമ്പത്ത്. മൃഗങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ , പഴങ്ങള്‍, ഖനിയില്‍ നിന്നും കുഴിച്ചെടുത്ത സ്വര്‍ണ്ണം, വെള്ളി എന്നിവ പരസ്യ സമ്പത്താണ്.”(ശര്‍വ്വാനി 3/344)
സകാത്ത് അതിന്റെ ഉടമസ്ഥരില്‍ നിന്നും പിരിച്ചെടുത്ത് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യല്‍ ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ ഖലീഫയുടെ ഉത്തരവാദിത്തമാണ്. ഉടമസ്ഥന്‍ നിയമപരമായി സകാത്ത് നല്‍കാത്ത പക്ഷം ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുകയും ചെയ്യാം. എന്നാല്‍, ഖലീഫയുടെ ഇത്തരം അധികാരപ്രവര്‍ത്തനങ്ങള്‍ പരസ്യ സമ്പത്തുമായി മാത്രം ബന്ധപ്പെട്ടതാണ്. ഫിത്്വര്‍ സകാത്ത് അടക്കമുള്ള രഹസ്യ സമ്പത്ത് ചോദിച്ചു വാങ്ങിയോ പിടിച്ചെടുത്തോ വിതരണം ചെയ്യാന്‍ ഭരണാധികാരിക്ക് പോലും അവകാശമില്ല (ശറഹുല്‍ മുഹദ്ദബ് 6/164)
ഏതൊരാളുടെയും സകാത്ത് സാധുവാകാനുള്ള അനിവാര്യ സംഗതിയാണ് നിയ്യത്ത്. നിയ്യത്തില്ലാതെ എത്രപണം തന്നെ ചെലവഴിച്ചത് കൊണ്ടും തന്റെ കടം വീടുകയില്ല. ഉടമസ്ഥന്‍ വിതരണം ചെയ്യുമ്പോള്‍ വിതരണഘട്ടത്തിലും വക്കീലിനെയോ ഇമാമിനെ (ഭരണാധികാരിയെ)യോ ചുമതലപ്പെടുത്തുമ്പോള്‍ അവരെ ഏല്‍പിക്കുന്ന ഘട്ടത്തിലുമാണ് നിയ്യത്ത് ചെയ്യേണ്ടത്. കുട്ടികളുടെയോ ഭ്രാന്തന്‍മാരുടെയോ സകാത്ത് വിതരണം ചെയ്യുമ്പോള്‍ അവരുടെ സംരക്ഷകരായ കാര്യകര്‍ത്താക്കള്‍ നിയ്യത്ത് ചെയ്യണം. ഞാനീ നല്‍കുന്നത് എന്റെ ഫിത്്വര്‍ സകാത്താണെന്ന കരുതലാണ് നിയ്യത്ത്.
സംഘടിത വിതരണം
സകാത്ത് വിതരണത്തിന് മൂന്ന് വഴികള്‍ മാത്രമേയുള്ളൂ. അത് നാം നേരത്തെ പറഞ്ഞു. ഇതല്ലാതെ മറ്റൊരു മാര്‍ഗത്തെ അവലംബിക്കല്‍ തികഞ്ഞ ബിദ്അത്താണ്. സകാത്ത് പോലെയുള്ള സുപ്രധാന മായൊരു ആരാധനയില്‍ മുന്‍ മാതൃകകളെ തട്ടി മാറ്റി പുതിയൊരു ശൈലി സ്വീകരിക്കുന്നത് ബുദ്ധിയുമല്ല.
എന്നാല്‍ സ്വതന്ത്രമായ നിയമനിര്‍മാണത്തിലൂടെ വിശുദ്ധ ഇസ്‌ലാമിന്റെ തനതായ മുഖം കെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇന്ന് സംഘടിത വിതരണമെന്ന പുതിയൊരു ആശയവുമായി കടന്നു വന്നിരിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങളില്‍ ഖലീഫമാരും അവര്‍ നിയോഗിച്ച ഗവര്‍ണ്ണര്‍മാരും സകാത്ത് ശേഖരിച്ചിരുന്നുവല്ലോ എന്നാണ് അവരിതിന് കാരണം പറയുന്നത്.
എന്നാല്‍, മുസ്‌ലിം ഭരണാധികാരികള്‍ പരസ്യ സമ്പത്തുകളുടെ സകാത്ത് ശേഖരിച്ച് വിതരണം ചെയ്തിരിന്നുവെന്നത് സത്യം തന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ”ജനങ്ങളുടെ സമ്പത്തില്‍ നിന്നും തങ്ങള്‍ സകാത്ത് വാങ്ങുക”(തൗബ 103) ഇത് നിര്‍ബന്ധത്തിന്റെ കല്‍പനയാണെന്ന് ഇമാം റാസിയും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശാഫിഈ(റ) പറഞ്ഞത് പോലെ വസ്തുക്കളുടെ വില സകാത്തായി നല്‍കിയാല്‍ മതിയാകില്ലെന്നും ഇതില്‍ നിന്നും മനസ്സിലാവുന്നു. പക്ഷെ, ഇത് പണ്ഡിതരോട് മാത്രമുള്ള കല്‍പനയായിട്ടാണ് പണ്ഡിതന്‍മാര്‍ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യ സമ്പത്ത് മാത്രമായിരുന്നു ഖലീഫമാര്‍ പിടിച്ചെടുത്ത് വിതരണം നടത്തിയിരുന്നത്. ഇബ്‌നു ഹജറുല്‍ ഹൈതമി(റ) ഇക്കാര്യം വ്യക്തമാക്കിയുട്ടുണ്ട്: ”രഹസ്യ സമ്പത്തിന്റെ സകാത്ത് ചോദിച്ചുവാങ്ങുവാന്‍ മുസ്‌ലിം ഭരണാധിപന് അധികാരമില്ലെന്നാണ് പണ്ഡിതന്‍മാരുടെ ഇജ്മാഅ്. ഇമാം നവവി (റ) മജ്മഇലും ഇത് പറഞ്ഞിട്ടുണ്ട്.”(തുഹ്ഫ 3/344)
”രഹസ്യ സമ്പത്തില്‍ നിന്ന് സകാത്ത് ചോദിച്ചുവാങ്ങാന്‍ ഭരണാധിപര്‍ക്ക് ഹറാമാണ്”(ഖല്‍യൂബി 2/43)
ഇത്തരുത്തണത്തില്‍,നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന സകാത്ത് പിരിവ് അനിസ്‌ലാമികവും ന്യായീകരിക്കാന്‍ കൊള്ളാത്തതുമാണ്. രഹസ്യ സമ്പത്തിന്റെ സകാത്ത് പിരിച്ചെടുക്കാന്‍ ഇസ്‌ലാമിക ഭരണാധികാരിക്ക് പോലും അര്‍ഹതയില്ലെങ്കില്‍ പിന്നെ കൊച്ചു കൊച്ചു കമ്മിറ്റികള്‍ക്കോ സംഘടനകള്‍ക്കോ അതില്‍ കൈവെക്കാന്‍ പോലും അര്‍ഹതയില്ലയെന്നത് പച്ചപരമാര്‍ത്ഥമാണല്ലോ.
വക്കീലിന്റെ നിബന്ധനകള്‍
സകാത്ത് നല്‍കാനും ഒരു വക്കീലിനെ ഏല്‍പിക്കുക എന്നത് ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ട രീതിയാണ്. പക്ഷെ, ഏല്‍പിക്കപ്പെട്ട വ്യക്തി നിര്‍ണ്ണിതമായിരിക്കണമെന്ന് മാത്രം. ഇതാണ് വക്കാലത്തിലെ നിബന്ധന. ഒരു സംഘടനക്ക് നല്‍കുമ്പോള്‍ ഈ നിബന്ധന പൂര്‍ത്തീകരിക്കപ്പെടുന്നതല്ല.
വക്കീല്‍ തന്നെ ഏല്‍പിച്ച സകാത്തിന്റെ വിഹിതം പൂര്‍ണ്ണമായും യഥാര്‍ത്ഥ അവകാശികള്‍ക്ക് വിതരണം ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ അവന്‍ ഈ ഉത്തരവാദിത്തത്തില്‍നിന്ന് മുക്തനാകുന്നുള്ളൂ.അത് കൊണ്ട് തന്നെ, സ്വന്തം വിതരണം ചെയ്യുന്നതാണ് മറ്റെരാളെ ഏല്‍പിക്കുന്നതിനേക്കാള്‍ ഉചിതം എന്നാണ് പണ്ഡിതന്‍മാര്‍ പറയയുന്നത്.
ഇമാം നവവി (റ) പറയുന്നു: ”സ്വന്തം വിതരണം ചെയ്യുന്നതാണ് ഏല്‍പിക്കുന്നതിനേക്കാളും ഉത്തമം. സ്വന്തം വിതരണം ചെയ്യുമ്പോള്‍ സകാത്ത് വീട്ടിയെന്ന് അവന് ഉറപ്പാകുന്നു. വക്കീലിനെ ഏല്‍പിക്കുമ്പോള്‍ അങ്ങനെ ഉറപ്പാകുന്നില്ല. വക്കീല്‍ ശരിയായ വിധത്തില്‍ നല്‍കിയില്ലെങ്കില്‍ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുന്നതുമല്ല.എന്നാല്‍, ഇമാമിനെ (ഭരണാധികാരിയെ)ഏല്‍പിക്കുന്നത് അങ്ങനെയല്ല. ഏല്‍പിക്കുന്നതോടുകൂടി സകാത്ത് വീടുന്നതാണ്.(ശറഹുല്‍ മുഹദ്ദബ്)
ചുരുക്കത്തില്‍ ഇന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്ന സകാത്ത് കമ്മിറ്റികള്‍ ഇസ്‌ലാമിക വിരുദ്ധമാണ്. ഖുര്‍ആന്‍ സൂക്തത്തിലെ ‘ആമില്‍’,
‘ഫീ സബീലില്ലാഹ്’ തുടങ്ങിയ പദങ്ങളാണ് അവരിതിന് തെളിവായി പിടിക്കുന്നതെങ്കില്‍ നാം ഇതിന് പിന്നിലെ കുത്സിത ശ്രമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
Leave A Comment