ഓര്‍മ്മയിലെ പെരുന്നാളിന്ന്, ഇപ്പോഴും വളഞ്ഞി ഉരുക്കിയ മൈലാഞ്ചിയുടെ മണമാണ് – അഡ്വ. റഹ്‍മത്തുല്ല

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃനിരയിലെ വിരലിലെണ്ണാവുന്ന മുസ്‍ലിം നാമങ്ങളിലൊന്നായിരുന്നു അടുത്ത കാലം വരെ അഡ്വ. റഹ്മതുല്ല. 55 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിന്റെ നൌകയിലിരുന്ന്, ഓര്‍ക്കാനും അതിലേറെ പങ്കുവെക്കാനും ആരും ആഗ്രഹിച്ചുപോവുന്ന ബാല്യകാലസ്മരണകളിലേക്ക് തുഴയെറിയുകയാണ് അദ്ദേഹമിവിടെ. 

മൂന്നോ നാലോ വയസ്സ് പ്രായമുള്ള കാലത്തെ ഒരു ചെറിയ പെരുന്നാളാണ് ഓര്‍മ്മയിലേക്ക് ആദ്യം ഓടിയെത്തുന്നത്. വല്യുപ്പയുടെ ഉമ്മ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. എല്ലാ വീടുകളിലും നോമ്പും പെരുന്നാളും ആസ്വാദ്യമാക്കിയിരുന്നത് ഇത്തരം പ്രായം ചെന്നവരായിരുന്നു.
നോമ്പിന്റെ അവസാനദിനത്തില്‍, ഇതാ, പോവായല്ലോ എന്ന് പറഞ്ഞ് ഈ വല്ല്യുമ്മാര്‍ പൊട്ടിക്കരയുമായിരുന്നു.. റമദാന്‍ വിടപറഞ്ഞ് പോവുന്നതിന്റെ വേദനയാണ് കണ്ണീരായി പ്രവഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അന്നെനിക്ക് സാധിച്ചിരുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ വിരുന്ന് വരുന്ന അതിഥിയായിട്ടായിരുന്നു അവരൊക്കെ റമദാനെ കണ്ടത്. അത്കൊണ്ട് തന്നെ, ആതിഥേയ മര്യാദകള്‍ ഒന്നൊഴിയാതെ ആ പോരിഷയാക്കപ്പെട്ട മാസത്തോട് അവര്‍ കാണിക്കുകയും ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ ആ വല്ല്യുമ്മമാരുടെ കരച്ചിലിന്റെ സത്ത മുതിര്‍ന്നപ്പോഴാണ് ശരിക്കും ഉള്‍ക്കൊള്ളാനാവുന്നത്…നോമ്പുമാസത്തിന്റെ വേര്‍പാടില്‍ അങ്ങനെ മനസ്സറിഞ്ഞ് ഒന്ന് പൊട്ടിക്കരയാനായെങ്കിലെന്ന് പിന്നെ പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്.
കുട്ടിക്കാലത്ത് നോമ്പ് എടുക്കുന്നത് വല്ലാത്തൊരു ആവേശമായിരുന്നു. എന്‍റെ കുടുംബം രാഷ്ട്രീയമായി പക്കാ കമ്യൂണിസ്റ്റ് ആയിരുന്നെങ്കിലും ഇസ്‍ലാമികാചാരങ്ങള്‍ പൂര്‍ണ്ണമായി മുറുകെപ്പിടിച്ചിരുന്നു. ദിവസവും നോമ്പെടുക്കണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. തുടര്‍ച്ചയായി നോമ്പെടുത്ത് ക്ഷീണിക്കേണ്ടെന്ന് കരുതി ഇടക്കിടെ ഉമ്മ അത്താഴത്തിന് വിളിച്ചുണര്‍ത്താതിരിക്കുമായിരുന്നു. അത്തരം ദിവസങ്ങളില്‍ വല്ലാത്ത സങ്കടം തോന്നിയിരുന്നു. പലപ്പോഴും, ഉമ്മയോടുള്ള വാശിക്ക് പത്ത് മണി വരെ, വിശപ്പ് വകവെക്കാതെ നോമ്പ് എടുത്ത് പിടിച്ച് നിന്ന് നോക്കും. അവസാനം വിശപ്പിന്റെയും അതിലുപരി സ്നേഹത്തില്‍ പൊതിഞ്ഞ ഉമ്മയുടെയും വിളിക്കുത്തരം ചെയ്ത് നോമ്പ് മുറിക്കും. ആ സമയത്ത്, കുട്ടികള്‍ പകുതി നോമ്പെടുത്താല്‍ മതിയെന്ന് സമാധാനിപ്പിക്കുന്ന ഉമ്മയുടെ സ്നേഹമസൃണമായ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
വാച്ചോ അലാറമോ ഇല്ലാതിരുന്ന അക്കാലത്ത്, ആളുകളെ അത്താഴത്തിന് വിളിച്ചുണര്‍ത്താനായി ചെണ്ടമുട്ടുന്ന സമ്പ്രദായമുണ്ടായിരുന്നു. അത്താഴ സമയത്ത് ഇങ്ങനെ ചെണ്ട മുട്ടി പോകുന്നത് കാണാനും ചിലരൊക്കെ നില്‍ക്കുമായിരുന്നു.
മാസം കണ്ടതുറപ്പിച്ച വിവരം വലിയ ആവേശത്തോടെയാണ് നാട്ടിലെത്തിയിരുന്നത്. വാപ്പ സുന്നിയും മൂത്താപ്പ മുജാഹിദുമായിരുന്നു. അത് കൊണ്ട് തന്നെ വ്യത്യസ്തമായ രണ്ട് ദിവസങ്ങളില്‍ വീട്ടില്‍ പെരുന്നാള്‍ ആഘോഷിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്. ഇന്ന് അക്കാര്യത്തിലെല്ലാം ഐക്യ രൂപത്തിലെത്തിയത് ഏറെ ആശ്വാസമാണ്. ഇന്ന് ഖാദിമാര്‍ ഉറപ്പിച്ചാല്‍ നിമിഷനേരം കൊണ്ട് ഏത് മുക്കിലും മൂലയിലും ആ വിവരം എത്തുകയായി. അന്ന് നാട്ടിലെ മൊല്ലാക്ക നേരിട്ട് പോയി അന്വേഷിച്ച് തിരിച്ചെത്തിയിട്ട് വേണം വിവരം ലഭിക്കാന്‍.
പഴയകാലത്തെ അപേക്ഷിച്ച് പെരുന്നാളിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടുവരികയാണെന്ന് തന്നെയാണ് തോന്നുന്നത്. ഇന്ന് ഭക്ഷണവും വസ്ത്രവുമെല്ലാം റെഡിമെയ്ഡ് ആണല്ലോ. അത് തന്നെ, പെരുന്നാളിന്റെ ഹരത്തിന് മങ്ങലേല്‍പിക്കുന്നുണ്ട്. അതിലുപരി, കൊച്ചുകൊച്ചുകുടുംബങ്ങളാണെന്നതും ആഘോഷങ്ങളുടെ നിറം കെടുത്തുന്നതാണ്.
രാമേട്ടനായിരുന്നു ഞങ്ങളുടെ തയ്യല്‍ക്കാരന്‍. പെരുന്നാള്‍ തലേന്ന് രാത്രി മൂന്ന്മണിവരെ, തന്റെ കുപ്പായത്തിന്റെ ബട്ടണ്‍സ് തുന്നുന്നതും കാത്ത് രാമേട്ടന്റെ അടുത്തിരിക്കുമായിരുന്നു. അടുത്തത് എന്‍റേത് തുന്നൂ രാമേട്ടാ എന്ന് കേണ് പറയുമ്പോള്‍, ആ മുഖത്തെ ഗമ ഒന്ന് കാണ്ടേത് തന്നെയാണ്.
പെരുന്നാള്‍ ഉറപ്പിച്ചാല്‍ പിന്നെ അതിന് വേണ്ടിയുള്ള ഒരുക്കത്തിന്റെ കോലാഹലങ്ങളാണ്. വീട്ടിലെ മുതിര്‍ന്നവര്‍ സാധനങ്ങള്‍ വാങ്ങാനുള്ള തത്രപ്പാടിലായിരിക്കും. ഇന്നത്തെപ്പോലെ ഫ്രിഡ്ജ് ഇല്ലാത്തത് കൊണ്ട് തന്നെ, ഇറച്ചിയും മറ്റും മാസം കണ്ട ശേഷമേ വാങ്ങിയിരുന്നുള്ളൂ.
പെണ്‍കുട്ടികള്‍ മൈലാഞ്ചിയുടെ പണിപ്പുരയിലായിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പെ പറിച്ച് വെയിലത്ത് വെച്ച് ഉണക്കി അമ്മിയിലിട്ട് പൊടിച്ചായിരുന്നു മൈലാഞ്ചി തയ്യാറാക്കിയിരുന്നത്. ചക്കയുടെ വളഞ്ഞി ഉരുക്കിയായിരുന്നു മൈലാഞ്ചിക്ക് അച്ച് തീര്‍ത്തിരുന്നത്. കയ്യില്‍ ചന്ദ്രക്കലയുടെ ചിത്രമാണ് മൈലാഞ്ചി കൊണ്ട് ഇടേണ്ടതെങ്കില്‍ ആദ്യം വളഞ്ഞി ഉരുക്കി പാകപ്പെടുത്തി കയ്യില്‍ ചന്ദ്രക്കലയുടെ ചിത്രം വരച്ച് അതിന്മേലായിരുന്നു മൈലാഞ്ചി ഇട്ടിരുന്നത്. ആ മൈലാഞ്ചിക്ക് വല്ലാത്തൊരു സുഗന്ധവുമുണ്ടായിരുന്നു. മൈലാഞ്ചിക്കൈകൊണ്ട് തേങ്ങോച്ചോറ് വെയിക്കുന്ന പെരുന്നാളിന്റെ മണം ഇന്നും മനസ്സിലെവിടെയോ ബാക്കിനില്ക്കുന്നുണ്ട്.
അന്നൊക്കെ പെരുന്നാളിന് പ്രത്യേക ഗോതമ്പുകറിയും കൂടെയുണ്ടായിരുന്നു. നിസ്കാരം കഴിഞ്ഞാല്‍ കുടുംബങ്ങളിലും സുഹൃദ്‍വീടുകളിലും സന്ദര്‍ശനം നടത്തി, എല്ലായിടത്ത് നിന്നും കറി കുടിച്ചിരുന്നത് മറക്കാനാത്ത ഓര്‍മ്മയാണ്.
പെരുന്നാള്‍ ദിനത്തില്‍ കുട്ടികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ് പെരുന്നാള്‍പൈസ. കാരണവന്മാരൊക്കത്തന്നെ കുട്ടികള്‍ക്ക് പെരുന്നാള്‍ പൈസ നല്‍കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമിടയിലെ ഒരു സ്വര്‍ണ്ണനൂല്‍പ്പാലമായിരുന്നു അതെന്ന് പറയുന്നതാവും ശരി.
പെരുന്നാള്‍ പൈസയുടെ കാര്യത്തില്‍ ഏറെ നിഷ്ഠ പാലിച്ചിരുന്നത് മൂത്താപ്പയായിരുന്നു. മൂത്താപ്പയുടെ കൈയ്യില്‍നിന്ന് പെരുന്നാള്‍പൈസ കിട്ടുമെന്നതില്‍ കുട്ടികള്‍ക്ക് ഒട്ടും സംശയമില്ലായിരുന്നു. അത് കൊണ്ട് തന്നെ, ആ പൈസ കൊണ്ട് എന്ത് വാങ്ങണമെന്ന് കുട്ടികള്‍ നേരത്തെ ആലോചിച്ചുവെക്കാറുമുണ്ടായിരുന്നു. ഇന്ന് എല്ലാത്തിലുമെന്ന പോലെ ബന്ധങ്ങളിലും വില ഇടിയുകയാണ്.
എന്തും എപ്പോഴും ലഭ്യമാണെന്നതിനാല്‍തന്നെ, പെരുന്നാളുകളുടെ പെരുമയും പുതുമയും നഷ്ടപ്പെടുന്നുവെന്ന് തന്നെയാണ് റഹ്മതുല്ലാ സാഹിബിനും അവസാനമായി പറയാനുള്ളത്. ഏറെ സുഭിക്ഷമായി ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍, ഇല്ലായ്മയുടെ വല്ലായ്മ എന്തെന്ന് പോലും അറിഞ്ഞിട്ടില്ല, എന്നാല്‍ അതൊക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
ഒരു ദാര്‍ശനികന്റെ തികവോടെ പറഞ്ഞ് നിര്‍ത്തുമ്പോഴും ആ കണ്ണുകള്‍ അനന്തതയില്‍ എന്തോ തിരയുകയായിരുന്നു, നഷ്ടപ്പെട്ടുപോയ ആ ബാല്യകാലത്തിന്റെ മധുരോര്‍മ്മകളുടെ വളപ്പൊട്ടുകള്‍ തന്നെയാവാം അദ്ദേഹം വീണ്ടും വീണ്ടും അന്വേഷിക്കുന്നത്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter