മുരീദ് ബർഗൂതി; ഫലസ്ഥീൻ പ്രശ്നങ്ങൾ വരച്ച കവി

2021 ഫെബ്രുവരി 14 നു അന്തരിച്ച പ്രസിദ്ധ ഫലസ്തീനിയൻ കവി മുരീദ് ബർഗൂത്തി അറബ് സാഹിത്യ മേഖലയിൽ വിപ്ലവാത്മക സമീപനം സ്വീകരിച്ച മഹദ്  വ്യക്തിയാണ്.  അറബ് - ഇംഗ്ലീഷ് സാഹിത്യ ലോകത്തിനു മുമ്പിൽ   ഇസ്രായേൽ അധിനിവേശം  ഫലസ്തീനികളിൽ സൃഷ്ടിക്കുന്ന  പ്രതിസന്ധികൾ  വ്യക്തമാക്കാൻ അദ്ധേഹത്തിന് ഒരു പരിധി വരെ സാധിച്ചു എന്ന് തന്നെ പറയാം.

1944 ൽ  ഇസ്രായേൽ സ്ഥാപനത്തിന്  നാലു വര്‍ഷം മുമ്പ് റാമല്ലയിലെ ദൈർ ഗസ്സാനയിലാണ് മുരീദ് ബർഗൂത്തിയുടെ ജനനം. രാഷ്ട്രീയ- സാമ്പത്തിക- കലാസാംസ്കാരിക മേഖലകളിൽ പ്രഗത്ഭരായ  ബർഗൂത്തികകൾക്കു മേൽക്കൈയുള്ള പ്രദേശമാണ് ദേയ്ർ ഗസ്സാന.
1967 ലെ അറബ് ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കയ്‌റോയിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. ശേഷം, മുപ്പതു വർഷത്തോളം ജന്മനാട്ടിലേക്ക് ബർഗൂത്തിക്ക്‌ തിരികെപ്പോകാനായില്ല. 1976 ൽ  മകന്റെ ജനനത്തിനു ശേഷം ഈജിപ്തിൽ നിന്നും നാട് കടത്തപ്പെട്ട ബർഗൂത്തിക്കു പതിനേഴു വര്ഷങ്ങള്ക്കു ശേഷമാണു തിരിച്ചു മടങ്ങാനായത്. പി. എൽ. ഓയുമായുള്ള ബന്ധം കാരണം ലബനാനും ജോർദാനും വർഷങ്ങളോളം അദ്ദേഹത്തിനു വിലക്കേർപ്പെടുത്തിയിരുന്നു
ക്ലാസിക് അറബിക് കവിതകളിൽ നിന്നും ഭിന്നമായി പുതിയ പാത കണ്ടെത്തിയ  ഇറാഖി കവി ബദ്ർ ശാക്കിർ അസ്സയാബിൻറെ രചനകളിൽ മുരീദ് ബർഗൂത്തി ആകൃഷ്ടനായിരുന്നു. അറബ് സാംസ്കാരിക പൈതൃകത്തോടു അനുഭാവ നിലപാടു സ്വീകരിച്ച ജമാൽ അബ്ദുൽ നാസിറിന്റെ പ്രവർത്തനങ്ങളെയും അദ്ധേഹം കൗതുകത്തോടെയാണ് കണ്ടത്. അദ്ധേഹത്തിൻറെ മരണശേഷം അൻവർ സാദാതിൻറെ ഭരണത്തിൽ ഈജിപ്തിൻറെ സാംസ്കാരിക മേഖലയാണ് ആദ്യം തകർന്നതെന്നാണ് ബർഗൂത്തി അഭിപ്രായപ്പെട്ടത്.

ജീവിതത്തിന്റെ സിംഹ ഭാഗവും പരദേശിയായി കഴിഞ്ഞുകൂടേണ്ടി വന്നു. മുപ്പത് വർഷങ്ങൾക്കു ശേഷമുള്ള ഫലസ്തീൻ സന്ദർശനം  'റഐതു റാമല്ല' (I saw Ramalla) എന്ന ഓര്മക്കുറിപ്പിനു പ്രചോദനമായി മാറി.
ഈ ഓര്‍മ്മക്കുറിപ്പിൽ  പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 1996 ൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള  വെസ്റ്റ് ബാങ്കിലെത്തിയ  മുരീദ് ബർഗൂത്തി മടക്ക യാത്ര എന്നതിനപ്പുറം സ്ഥായിയായ വേരറുക്കപ്പെടൽ എന്നാണ് വിശേഷിപ്പിച്ചത്. ശിഥിലമാക്കപ്പെട്ട ഫലസ്തീൻ ജീവിതത്തിന്റെ ദുരിതപർവം മനസ്സിലാക്കാൻ ഏറ്റവും അനുയോജ്യ കൃതിയാണെന്നു  എഡ്‌വേഡ്‌ സൈദ് ഈ ഓര്‍മ്മക്കുറിപ്പിനെ ‌ വിലയിരുത്തിയിരുന്നു.

1999 ൽ ഫലസ്തീൻ അതോറിറ്റിക്കു കീഴിലുള്ള ലോകബാങ്ക് സാമ്പത്തിക സഹായം നൽകുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തപ്പോൾ കണ്ടെത്തിയ അധികാരികളുടെ അഴിമതികൾ അദ്ധേഹം ഓർമക്കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി  നിരവധി തവണ തവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയും 2009 ൽ സാഹിത്യത്തിനുള്ള നജീബ് മഹ്ഫൂസ് അവാർഡിനർഹമാകുകയും ചെയ്തിരുന്നു.
വര്ഷങ്ങളായി അന്താരാഷ്ട്രാ മേഖലകളിൽ പി എൽ ഓയുടെ പ്രതിനിധി ആയിരുന്നെങ്കിലും ഫലസ്തീൻ ദേശീയ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം അകന്നു നിന്നിരുന്നു. യാസർ അറഫാതിൻറെ ഫത്ഹ് പാർട്ടിയിൽ വിശ്വാസമില്ലാതിരുന്നതിനാൽ രാഷ്ട്രീയത്തിൽ അദ്ധേഹം ഇടപെട്ടില്ല. യാസർ അറഫാത് ഒരു ജനാധിപത്യ നേതാവ് അല്ലെന്നാണ് അദ്ധേഹം പറഞ്ഞത്.

ഫത്ഹ് - ഹമാസ് സംഘർഷത്തെയും മുരീദ് ബർഗൂത്തി ചോദ്യം ചെയ്യുന്നുണ്ട്. ഫത്ഹിൻറെ അഴിമതിയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലെ ഹമാസിൻറെ ദൗർബല്യവും അദ്ധേഹം ചൂണ്ടിക്കാട്ടുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം അടക്കം എല്ലാം നിയന്ത്രിക്കുന്ന ഇസ്രായേൽ മാത്രമാണ് മേഖലയിലെ ഭരണകൂടമെന്നു അദ്ധേഹം നിരീക്ഷിക്കുന്നു.
ഫലസ്തീനികളുടെ ജീവിതം തന്നെ ഇസ്രായേൽ അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പാണെന്നു അദ്ദേഹം 2016 ൽ ഇന്ത്യയിൽ വന്നപ്പോൾ ഗീത ഹരിഹരനുമായുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഇസ്രായേൽ അധിനിവേശവും അറബ് രാഷ്ട്രങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങളും പ്രധാന വെല്ലുവിളികളാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
1993 ലെ  ഓസ്‌ലോ കരാറിന് ശേഷമാണ് സ്വന്തം രാജ്യമില്ലാത്ത അനുഭവം അദ്ദേഹത്തിനുണ്ടാകുന്നത്. ക്യാമ്പ് ഡേവിഡ് കരാറിനു തയ്യാറായ സാദാത്തിനു ഫലസ്തീനികൾ ചതുരംഗക്കള്ളികൾ മാത്രമായിരുന്നു. അറബ് രാജ്യങ്ങളിലെങ്ങും സെക്യൂരിറ്റി രേഖകളിലെ പൊതു വിഷയമായി ഫലസ്തീനികൾ മാറ്റപ്പെട്ടു. അധിനിവേശം സങ്കർഷഭരിതമാക്കിയ ഒരു പ്രദേശത്തു സാധാരണ ജീവിതം സാധ്യമല്ല, ഒരു മിലിട്ടറി ടാങ്കിന്റെ സാന്നിധ്യത്തിൽ സഹവർത്തിത്വം സംഭവിക്കുകയുമില്ല.

പ്രണയം, ബാല്യം, ജന്മദേശം, കുടുംബം തുടങ്ങി വിവിധ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയതാണ് ബർഗൂത്തിയുടെ കവിതകൾ. ഒരു കവി തന്റെ വികാരപ്രകടനങ്ങൾക്കപ്പുറം വായനക്കാർക്കു മുമ്പിൽ ഒരു ചിത്രം സമ്മാനിക്കുക, അവരെ പ്രതികരിക്കാനനുവദിക്കുക, അതാണ് ജനാധിപത്യപരം എന്നാണ് അദ്ധേഹത്തിന്റഎ വീക്ഷണം. അബു ഗുറൈബ് ജയിലിലെ പീഡനങ്ങൾ, 1982 ൽ ഇസ്രായേൽ നടത്തിയ  സബ്റ ശാതീല അഭയാർത്ഥി ക്യാമ്പിലെ കൂട്ടക്കൊല, 2000ൽ മുഹമ്മദ് ജമാൽ അബു ദുർറയുടെ രക്തസാക്ഷിത്വം തുടങ്ങിയ സിയോണിസ്റ് ക്രൂരതകളെല്ലാം മുരീദ് ബർഗൂത്തിയുടെ കവിതകളിൽ കാണാം. അദ്ദേഹത്തിന്റെ പന്ത്രണ്ടു  കവിതാ സമാഹാരങ്ങളിലും  പലസ്തീൻ തന്നെയാണ് പ്രധാന  വിഷയം.

ഫലസ്തീനിലെ  അഭയാർത്ഥി ക്യാമ്പുകളിൽ പോലും ദീർഘവീക്ഷണം പുലർത്തുന്ന കവിതകളുണ്ടാകുമെന്നു അദ്ദേഹം വീക്ഷിച്ചത്. അറബ് വസന്തക്കാലത്ത് ഈജിപ്തിലെ പ്രക്ഷോഭങ്ങളിൽ  തുനീഷ്യൻ കവി അബുൽ ഖാസിം അശ്ശഅബിയെ പ്പോലുള്ളവരുടെ വരികൾ ഉപയോഗിക്കപ്പെട്ടത് എടുത്തു പറഞ്ഞ ബർഗൂത്തി, ജനസമൂഹത്തിൽ കവികളുടെ സാധീനം വിവരിക്കുന്നുണ്ട്. എഴുത്തുകാരിയായ ഭാര്യ റദ്‍വാ ആശൂർ തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ കവിതകളും ഇംഗ്ലീഷേക്ക് വിവർത്തനനം ചെയ്തത്.
'റെസിസ്റ്റൻസ് പോയട്രി, എക്സൈൽ പോയട്രി' എന്നീ പദാവലികളോട് അദ്ധേഹം വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ദീർഘകാലം ഫലസ്തീൻ വിഷയത്തിൽ അറബ് സമൂഹം കൈ കൊണ്ട സമീപനത്തിൽ നിന്നും അദ്ധേഹം എത്തിച്ചേർന്ന സമീപനമാണിത് എന്ന് വേണം മനസ്സിലാക്കാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter