അംഗോളയിലെ ഇസ്‍ലാം നിരോധം; വസ്‍തുത മറ്റൊന്നാണ്
angolaഅംഗോളയിലെ ഇസ്‍ലാം മത നിരോധത്തിന്റെയും തുട‍ര്‍ന്നു വന്ന നിഷേധ പ്രസ്‍താവനയുടെയും പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ കുറിപ്പ്. അംഗോളയില്‍ ഇസ്‍ലാം നിരോധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാ‍ല്‍ ഇസ്‍ലാം മതത്തിന് രാജ്യത്ത് ഔദ്യോഗിക അംഗീകാരം തന്നെ ഇല്ലാത്തതിനാ‍ല്‍ ഇപ്പോ‍ള്‍ പ്രത്യേകിച്ച് ‘നിരോധന’മൊന്നും ഇല്ലെന്നാണ് ഒറ്റവാക്കില്‍ മറുപടി. ഇത് വിശദമായി പറയുന്നതിന് മുമ്പ് ഈ ആഫ്രിക്ക‍ന്‍ രാജ്യത്തെ നിയമവും ചട്ടവുമൊക്കെ ചെറുതായെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. തെക്കന്‍ ആഫ്രിക്കയിലെ അറ്റ്‍ലാന്റിക്ക് മഹാസുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് അംഗോള. എണ്ണയുത്പാദനത്തില്‍ രണ്ടാമതു നില്‍ക്കുന്ന ആഫ്രിക്ക‍ന്‍ രാജ്യമാണെങ്കിലും ദരിദ്ര രാഷ്ട്രമാണിത്. 1975-ല്‍ പോര്‍ച്ചുഗലി‍ല്‍ നിന്ന് സ്വതന്ത്രമായ ശേഷം 27 വര്‍ഷക്കാലം രാജ്യത്തെ കലുഷമാക്കിയ ആഭ്യന്തര യുദ്ധമാണ് ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഇരുപത് ദശലക്ഷം ജനസംഖ്യയുള്ളതി‍ല്‍ മഹാഭൂരിപക്ഷം കത്തോലിക്കന്‍ ക്രിസ്‍ത്യാനികളും ഇതര വിഭാഗക്കാരുമാണ്. മുസ്‍ലിംക‍ള്‍ ചെറിയൊരു മത ന്യൂനപക്ഷം മാത്രമാണിവിടെ. ഏതു മതത്തിനും പ്രസ്ഥാനത്തിനും പ്രവര്‍ത്തന-പ്രചരണ സ്വാതന്ത്ര്യം നല്‍കുന്നതാണ് അംഗോള‍ന്‍ ഭരണ ഘടന.മതവിശ്വാസമോ താത്വിക രാഷ്ട്രീയ കാഴ്ചപ്പാടുകളോ മൂലം ആരെയും ഒറ്റപ്പെടുത്തരുത്. ആരുടെയും മതാചരങ്ങ‍ള്‍ ചോദ്യം ചെയ്യാ‍ന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. ഭരണഘടനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന വാചകങ്ങളാണിവ. എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കാത്ത ചില നിയമങ്ങള്‍ ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങളാണ് ലോകത്തെ 150 കോടിയിലധികം ആളുകള്‍ വിശ്വസിക്കുകയും സര്‍വ രാജ്യങ്ങളും അംഗീകരിക്കുകയും ചെയ്ത ഇസ്‍ലാമിനെ അംഗോളയി‍ല്‍ നിയമ വിരുദ്ധമാക്കി മാറ്റുന്നത്. ഇന്നു വരെ അംഗോളയില്‍ ഇസ്‍ലാം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില; മുസ്‍ലിംക‍ള്‍ അംഗീകൃത മതവിഭാഗവുമല്ല. അതിനാ‍ല്‍ തന്നെ ഇതര വിഭാഗങ്ങളെപ്പോലെ രാജ്യത്ത് ആരാധനാലയങ്ങ‍ള്‍ നിര്‍മിക്കാനോ മതസംഘടനകളുണ്ടാക്കി പ്രവര്‍ത്തിക്കാനോ മതപരമായ അവകാശങ്ങ‍ള്‍ സംരക്ഷിക്കാനോ മുസ്‍ലിംകള്‍ക്കാവുന്നില്ല. അനേകം മതവിഭാഗങ്ങളുള്ള രാജ്യമാണ് അംഗോള. 1991-മുത‍ല്‍ ആയിരത്തോളം വിഭാഗങ്ങള്‍ ഔദ്യോഗിക അംഗീകാരത്തിനായി സമര്‍പ്പിച്ച അപേക്ഷ ഭരണകൂടം തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ അംഗീകരിക്കപ്പെട്ട 83 വിഭാഗങ്ങള്‍ക്ക് പുറമെ രണ്ടായിരത്തില്‍ പരം മതവിഭാഗങ്ങ‍ള്‍ നിയമ പരിരക്ഷ ഇല്ലാതെ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അംഗോളയിലെ പതിനെട്ട് പ്രവിശ്യകളി‍ല്‍ പന്ത്രണ്ട് എണ്ണത്തിലെങ്കിലും ഒരു ലക്ഷം അനുയായികള്‍ പ്രസ്‍തുത മതത്തിന് ഉണ്ടായിരിക്കണമെന്നതാണ് ഔദ്യോഗികാംഗീകാരം ലഭിക്കുന്നതിന് സര്‍ക്കാ‍ര്‍ നിയമത്തിലുള്ള സുപ്രധാന നിബന്ധന. നിയമ മന്ത്രാലയത്തിനാണ് ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവിടെ നിന്ന് അത് അംഗീകാര നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് സാംസ്‍കാരിക മന്ത്രാലയത്തിലേക്കയക്കപ്പെടുന്നു. രാജ്യത്ത് 90,000 മുസ്‍ലിംകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2004-ലും 2006-ലുമാണ് ഔദ്യോഗിക അംഗീകാരത്തിനുള്ള അപേക്ഷ അംഗോളന്‍ മുസ്‍ലിംക‍ള്‍ സമര്‍പ്പിച്ചിരുന്നത്. ഔദ്യോഗിക നിമയ പരിരക്ഷ ഇല്ലാത്ത മത സംഘടക‍ള്‍ സര്‍ക്കാരിന്റെ മൌനാനുവാദത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. എന്നാ‍ല്‍ ഏത് സമയത്തും നിയമ ലംഘനത്തിന്റെ പേരി‍ല്‍ മുസ്‍ലിംകളെ പോലീസിന് കസ്റ്റഡിയിലെടുക്കാമെന്നതാണ് നിലവിലെ അവസ്ഥ. ‍മസ്‍ജിദുക‍ള്‍ തകര്‍ക്കുന്നതും ഇസ്‍ലാമിക അനുഷ്ഠാനങ്ങ‍ള്‍ മുടക്കുന്നതും നിയമപരമായി തെറ്റല്ല എന്നത് മുസ്‍ലിംകളെ ഭീതിയുടെ മു‍ള്‍മുനയില്‍ നിര്‍ത്തുന്നു. മുസ്‍ലിം വിരുദ്ധ പ്രസ്‍താവനകളും പ്രഖ്യാപനങ്ങളും രാഷ്ട്ര തലവന്‍മാരി‍ല്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വരെ ഉണ്ടാവുന്ന പശ്ചാത്തലത്തി‍ല്‍ പ്രത്യേകിച്ചും. ഇത്തരമൊരു സാഹചര്യത്തിലാണ് നിലവിലെ സംഭവ വികാസങ്ങള്‍ നോക്കിക്കാണേണ്ടത്. മറ്റൊരു വിളംബരം ഉണ്ടാവുന്നതു വരെ രാജ്യത്തെ മസ്‍ജിദുക‍ള്‍ അടച്ചിടണമെന്നാണ് സാംസ്‍കാരിക വകുപ്പ് മന്ത്രി റോസാ ക്രൂസെ സില്‍വയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ പുതിയ നീക്കത്തെയാണ് മുസ്‍ലിം ലോകം ആശങ്കയോടെ കാണുന്നത്. പള്ളികള്‍ അടച്ചു പൂട്ടുന്ന സ്ഥിതിവിശേഷം മുമ്പും അംഗോളയി‍ല്‍ ഉണ്ടായിട്ടുണ്ട്.  പലപ്പോഴും മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ഇവയി‍ല്‍ പലതും. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട പള്ളിക‍ള്‍ തുറന്നു കൊടുക്കാ‍ന്‍ സര്‍ക്കാ‍ര്‍ തയ്യാറാവുകയായിരുന്നു. പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തി‍ല്‍ അംഗോള‍ന്‍ പോലീസ് ചില പള്ളിക‍ള്‍ അടച്ചു പൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുക‍ള്‍. നിര്‍മാണത്തിലിരിക്കുന്ന ചിലത് പൊളിച്ചു കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഈ വാര്‍ത്തക‍ള്‍ പുറത്തെത്തിയതോടെ ഇസ്‍ലാമിനെതിരെയുള്ള ഭരണകൂട തേര്‍വാഴ്ചക്കെതിരെ അല്‍അസ്‍ഹറിലെ പണ്ഡിതരടക്കമുള്ള മുസ്‍ലിം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളും മനുഷ്യവാകാശ പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള രംഗത്ത് മുഖം രക്ഷിക്കാനുള്ള കുറുക്കുവഴിയായിരുന്നു അംഗോളയുടെ നിഷേധക്കുറിപ്പ്. ഇസ്‍ലാം നിരോധ വാര്‍ത്ത ലോകമൊട്ടുക്കും വ്യാപിച്ച് അഞ്ചു ദിവസമെടുത്തു അംഗോളക്ക് വാര്‍ത്ത നിഷേധിക്കാ‍ന്‍. അതും യു.എസിലുള്ള എംബസിയുടെ വകയായിരുന്നു നിഷേധക്കുറിപ്പ്. ഇസ്‍ലാം നിരോധിച്ചിട്ടില്ലെന്ന് കുറിപ്പി‍ല്‍ പറഞ്ഞത് തന്നെ. എന്നാ‍ല്‍ ഇസ്‍ലാമിനെ മതമായി പോലും അംഗീകരിക്കാ‍ന്‍ ആ രാജ്യം തയ്യാറായിട്ടില്ലെന്നതാണ് പറയാതെ പോയ വലിയ സത്യം. -സുഹൈല്‍ ഹുദവി വിളയില്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter