ബലിപെരുന്നാള്‍ നിസ്‌കാരം
ഒത്തുകൂടുക, നിസ്‌കാരവും പ്രാര്‍ത്ഥനയും ഖുതുബയും നടത്തുക, പരസ്പരം ഈദ്‌സന്ദേശം കൈമാറി സ്‌നേഹബന്ധം പുതുക്കുക, സദ്യയുണ്ടാക്കി കുടുംബ-ബന്ധു-മിത്രാദികളെ ക്ഷണിച്ചു ബന്ധങ്ങള്‍ സുദൃഢമാക്കുക, ഉള്ഹിയ്യത്ത് അറത്ത് മാംസം വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ബലിപെരുന്നാളില്‍ പ്രധാനമായും ചെയ്യേണ്ടത്.
തക്ബീര്‍ രണ്ടുവിധമുണ്ട്. ഒന്ന്, തക്ബീര്‍ മുര്‍സല്‍.(മുത്വ്‌ലഖ്) പെരുന്നാളിന്റെ തലേദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെയാണിതിന്റെ സമയം.
റോഡ്, വീട്, പള്ളി, അങ്ങാടി, കൃഷിയിടം, ജോലി സ്ഥലം, പാര്‍ക്ക്, വാഹനം തുടങ്ങി എല്ലാ സ്ഥലങ്ങളില്‍ വെച്ചും ഇരുന്നും കിടന്നും നിന്നും നടന്നും രാത്രിയും പകലും ഈ തക്ബീര്‍ സുന്നത്തുണ്ട്. മ്ലേഛമായ സ്ഥലത്ത് വെച്ച് തക്ബീര്‍ ചൊല്ലല്‍ കറാഹത്താണ്.
രണ്ട്, തക്ബീര്‍ മുഖയ്യദ്. അറഫാ ദിവസം സുബ്ഹ് നിസ്‌കരിച്ചതു മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസത്തിലെ അസ്വ്‌റ് നിസ്‌കാരം വരെയുള്ള എല്ലാ നിസ്‌കാരങ്ങളുടെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. ഈ കാലയളവില്‍ 23 ഫര്‍ള് നിസ്‌കാരങ്ങളാണ് ഉണ്ടാവുക. കൂടാതെ ഈ കാലയളവില്‍ നേര്‍ച്ചയാക്കി നിര്‍വഹിക്കപ്പെടുന്ന നിസ്‌കാരം, ജനാസ നിസ്‌കാരം, ഖളാആയ നിസ്‌കാരം, സുന്നത്ത് നിസ്‌കാരം എന്നിവയുടെ ഉടനെയും തക്ബീര്‍ സുന്നത്തുണ്ട്. നിസ്‌കാരങ്ങളുടെ ശേഷമുള്ള ദിക്ര്‍ ദുആകള്‍ക്ക് മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്.
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ് എന്നാണ് തക്ബീറിന്റെ രൂപം. ചില പദങ്ങള്‍ കൂടി കൂടുതലാക്കല്‍ സുന്നത്തുണ്ടെന്ന് ഇമാം ശാഫിഈ(റ) തന്റെ 'ഉമ്മില്‍' പറഞ്ഞിട്ടുണ്ട്. അല്ലാഹു അക്ബര്‍ കബീറാ വല്‍ ഹംദു ലില്ലാഹി കസീറാ വ സുബ്ഹാനല്ലാഹി ബുക്‌റത്തന്‍ വ അസ്വീലാ ലാഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു മുഖ്‌ലിസീന ലഹുദ്ദീന വലൗ കരിഹല്‍ കാഫിറൂന്‍, ലാഈലാഹ ഇല്ലല്ലാഹു വഹ്ദഹു സ്വദഖ വഅ്ദഹു വഅസ്സ ജുന്‍ദഹു വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്നാണ് ആ പദങ്ങള്‍.
തക്ബീറുകള്‍ക്ക് ശേഷം നബി(സ)യുടെയും കുടുംബത്തിന്റെയും സ്വഹാബത്തിന്റെയും മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ട്. മൂന്നാമതായി ഒരു തക്ബീര്‍ കൂടിയുണ്ട്. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ പത്തുവരെ ആട്, മാട്, ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ അല്ലാഹു അക്ബര്‍ എന്ന് മാത്രം ചൊല്ലല്‍ സുന്നത്താണ്. പെരുന്നാള്‍ ദിവസം സുബ്ഹ് നിസ്‌കാരത്തിന്റെ ഉടനെതന്നെ പെരുന്നാള്‍ നിസ്‌കാരത്തിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങണം. താടി, തല മുടികള്‍ ഭംഗിയാക്കണം. നഖം, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കം ചെയ്യണം. കുളിച്ച് വൃത്തിയായി വസ്ത്രം ധരിക്കണം. ശരീരത്തിലും വസ്തത്തിലും സുഗന്ധം പുരട്ടണം. ഇത്തരം കാര്യങ്ങള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്. പെരുന്നാള്‍ ദിവസത്തിന്റെ മഹത്വം കണക്കിലെടുത്താണ് പ്രസ്തുത കാര്യങ്ങള്‍ സുന്നത്താക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ വെള്ളിയാഴ്ച ദിവസങ്ങളിലും മേല്‍കാര്യങ്ങള്‍ സുന്നത്തുണ്ടെങ്കിലും അത് ജുമുഅക്ക് പോകുന്നവര്‍ക്ക് മാത്രമേ സുന്നത്തുള്ളൂ. കൂടുതല്‍ ആളുകള്‍ സമ്മേളിക്കുമ്പോള്‍ വിയര്‍പ്പിന്റെയും മറ്റും ദുര്‍ഗന്ധം കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് നേരിടരുത് എന്നതാണ് അതിന്റെ താല്‍പര്യം. അതിനാല്‍ അവിടെ സുന്നത്ത് ജുമുഅക്ക് പോകുന്നവരില്‍ മാത്രമായി ചുരുങ്ങി.
ഉള്ഹിയ്യത്ത് അറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അത് നടത്തുന്നതു വരെ നഖം, മുടി നീക്കം ചെയ്യരുത്.
പെരുന്നാള്‍ നിസ്‌കാരത്തിന് ഈദ് ഗാഹിനേക്കാള്‍ ഉത്തമം പള്ളി തന്നെയാണ്. പള്ളിയുടെ പവിത്രതയും പരിശുദ്ധിയും മഹത്വവുമാണതിനു കാരണം. എല്ലാവര്‍ക്കും കൂടി ഒത്തുകൂടാന്‍ പളളി അപര്യാപ്തമാവുകയോ പള്ളിയില്‍ പോകാന്‍ മറ്റു തടസങ്ങള്‍ നേരിടുകയോ ചെയ്താല്‍ ഈദ്ഗാഹില്‍ വെച്ച് നിസ്‌കാരം സുന്നത്തുണ്ട്. എന്നാല്‍ വൃദ്ധര്‍, രോഗികള്‍ മുതലായ ബലഹീനര്‍ക്കു വേണ്ടി ഒരു ഇമാമിനെ പള്ളിയില്‍ പകരം നിര്‍ത്തിയ ശേഷമേ ഖാളി ഈദ്ഗാഹിലേക്ക് പോകാവൂ. അലി(റ) അബൂ മന്‍സ്വൂരില്‍ അന്‍സ്വാരി(റ)യെ അപ്രകാരം പകരം നിര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിനിധി ഖുതുബ ഓതേണ്ടതില്ല. നിസ്‌കാരം നിര്‍വഹിച്ചാല്‍ മതി എന്നതാണ് പണ്ഡിതമതം.
പെരുന്നാള്‍ നിസ്‌കാരത്തിന് ഒരു വഴിയില്‍ കൂടി പോവുകയും മറ്റൊരു വഴിയില്‍ കൂടി മടങ്ങുകയും ചെയ്യല്‍ സുന്നത്താകുന്നു. നബി(സ) അങ്ങനെ ചെയ്തിരുന്നുവെന്ന് അബൂദാവൂദ്, ബുഖാരി തുടങ്ങിയ പണ്ഡിതന്മാര്‍ നിവേദനം ചെയ്തിട്ടുണ്ട്.
ജനങ്ങള്‍ രാവിലെ തന്നെ പോകുന്നതും ഇമാം നിസ്‌കാര സമയത്ത് ഹജരാകുന്നതുമാണ് സുന്നത്ത്. ബലി പെരുന്നാളിലെ പ്രത്യേക ചടങ്ങ് ഉള്ഹിയ്യത്ത് അറവാണ്. അതിന്റെ സമയം നിസ്‌കാരത്തിനു ശേഷമായതിനാല്‍ നേരത്തെ വന്ന് നിസ്‌കാരം, ഖുതുബ എല്ലാം കഴിച്ച് അറവിനുള്ള സമയം വിശാലമാക്കുകയാണ് ചെയ്യേണ്ടത്.
ചെറിയ പെരുന്നാളിലെ പ്രത്യേക കര്‍മ്മം ഫിത്ര്‍ സകാത്ത് വിതരണമാണ്. അതിന്റെ സമയം നിസ്‌കാരത്തിന് മുമ്പായതിനാല്‍ സമയം വിശാലമാക്കേണ്ടത് നിസ്‌കാരത്തിന് മുമ്പാണ്. അതിനാല്‍ നിസ്‌കാരത്തിന് അല്‍പം പിന്തിയാണ് പുറപ്പെടേണ്ടത്.
ബലിപെരുന്നാള്‍ നിസ്‌കാരത്തിന് ഭക്ഷണം കഴിക്കാതെ പോകുന്നതാണ് സുന്നത്ത്. ചെറിയ പെരുന്നാളിന് മറിച്ചും. പെരുന്നാള്‍ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്ത് സാധാരണ സുന്നത്ത് നിസ്‌കാരം പോലെ രണ്ട് റക്അത്ത് നിസ്‌കരിച്ചാല്‍ നിസ്‌കാരത്തിന്റെ കുറഞ്ഞ രൂപമായി. മറ്റു ഫര്‍ള് നിസ്‌കാരങ്ങളുടെ സുന്നത്തുകള്‍, ശര്‍ത്തുകള്‍, കറാഹത്തുകള്‍ എന്നിവ പോലെതന്നെയാണ് പെരുന്നാള്‍ നിസ്‌കാരത്തിന്റേതും. അസ്ഗറലി ഫൈസി പട്ടിക്കാട്
Leave A Comment