ജമാഅത്തിന്റെ നിസ്‌കാരത്തിന്റെ നിബന്ധനകള്‍

  തനിച്ചു നിസ്‌കരിക്കുന്നതിനെക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലം ലഭിക്കുന്ന നിസ്‌കാരമാണല്ലോ ജമാഅത്ത് നിസ്‌കാരം. പക്ഷേ, അശ്രദ്ധകാരണം ചിലപ്പോള്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും നിസ്‌കാരം ബാത്വിലാവുകയും ചെയ്യുന്നു. പലരും അശ്രദ്ധയിലകപ്പെടുന്ന ഏതാനും നിബന്ധനകളാണിവിടെ വിവരിക്കുന്നത്. ഇമാമുമായുള്ള തുടര്‍ച്ച സാധുവാകാന്‍ അവന്റെ നീക്കങ്ങള്‍ അറിയണം. ഇമാമിനെയോ സ്വഫ്ഫില്‍ ചിലതിനെയോ കാണുക, ഇമാമിന്റെയോ അവന്റെ നീക്കങ്ങള്‍ എത്തിച്ചുകൊടുക്കുന്നവന്റെ(മുബല്ലിഗ്)യോ ശബ്ദം കേള്‍ക്കുക എന്നിവകൊണ്ട് ഇതു സാധിക്കും. ഇമാമും മഅ്മൂമും പള്ളിയിലാണെങ്കില്‍ അവരുടെ ഇടയില്‍ എത്രദൂരമുണ്ടെങ്കിലും കെട്ടിടം മറയിട്ടാലും തുടര്‍ച്ച സാധുവാകും. എങ്കിലും ഇമാമിലേക്ക് സാധാരണനിലയില്‍ എത്തിച്ചേരാന്‍ കഴിയണം. പള്ളിയുടെ മുകളിലുള്ളവര്‍ താഴെയുള്ള ഇമാമിനെ തുടര്‍ന്നു നിസ്‌കരിക്കുന്നത് സാധുവാകണമെങ്കില്‍ പള്ളിയില്‍നിന്നു മുകളിലേക്ക് കോണി വേണം. പള്ളിയായി വഖ്ഫ് ചെയ്യപ്പെടാത്ത സ്ഥലത്ത് നിന്നു കോണിയുണ്ടായതുകൊണ്ട് പ്രയോജനമില്ല. കോണിയുടെ അടിഭാഗവും തല ഭാഗവും പള്ളിയിലായാല്‍ മതി. മറ്റു ഭാഗങ്ങള്‍ പള്ളിയില്‍ തന്നെയാവണമെന്നില്ല. (ശര്‍വാനി 2/314)

പള്ളിയുടെ മുകളിലുണ്ടാക്കപ്പെടുന്ന ദ്വാരം അടച്ചിട്ടിലും തുടര്‍ച്ചയുടെ നിബന്ധനകള്‍ ഒത്താല്‍ തുടര്‍ച്ച സാധുവാകും. ദ്വാരം ഉണ്ടാവല്‍ തുടര്‍ച്ചയുടെ നിബന്ധനകളില്‍ പെട്ടതല്ല. ഇമാമിലേക്ക് സാധാരണ നിലയില്‍ എത്തിച്ചേരാന്‍ കഴിയണം എന്നു പറഞ്ഞുവല്ലോ. പ്രസ്തുത വഴി മഅ്മൂമിന്റെ പിന്നിലാണെങ്കിലും വിരോധമില്ല. ഖിബ്‌ലയില്‍ നിന്നും തെറ്റുന്ന അവസ്ഥയിലാണെങ്കിലും വിരോധമില്ലെന്നു ചുരുക്കം. കോണിയുടെ വാതില്‍ അടച്ചിട്ടാലും ചാവി കൊണ്ടു പൂട്ടിയാലും മുകളിലുള്ളവരുടെ തുടര്‍ച്ച സാധുവാകും. ജുമുഅക്കും മറ്റു നിസ്‌കാരങ്ങള്‍ക്കും ഇവ ബാധകമാണ്. ഇമാമും മഅ്മൂമും പള്ളിയിലല്ലെങ്കില്‍ അവര്‍ക്കിടയില്‍ സുമാര്‍ മുന്നൂറ് മുഴത്തിലധികം അകലമില്ലാതിരിക്കണം. ഇമാമോ മഅ്മൂമോ രണ്ടിലൊരാള്‍ പള്ളിയിലും മറ്റവന്‍ പുറത്തുമായാല്‍ അവര്‍ക്കിടയില്‍ മുന്നൂറ് മുഴത്തിലധികം ദൂരമില്ലാതിരിക്കലും അനിവാര്യമാണ്. അതുപോലെ സഞ്ചാരത്തെയോ കാണലിനെയോ തടയുന്ന മറ ഇല്ലാതിരിക്കണം. എന്നാല്‍, ദര്‍ശനം വിലങ്ങുന്ന മറയുള്ളിടത്ത് ഇമാമിനെയോ അവന്റെ കെട്ടിടത്തിലുള്ളവനെയോ കാണുന്ന നിലയില്‍ മറയിലെ പ്രവേശനകവാടത്തിന് നേരെ ഒരാള്‍ നിന്നാല്‍ അവന്റെ കെട്ടിടത്തിലുള്ളവന്റെ തുടര്‍ച്ച സാധുവാകും. ഖിബ്‌ലയെ പിന്നിലാക്കാത്തവിധം ഇമാമിലേക്ക് ചെന്നുചേരാന്‍ മഅ്മൂമീങ്ങളില്‍പ്പെട്ട ആര്‍ക്കെങ്കിലും കഴിയണം. പിന്നില്‍ വഴിയുണ്ടായിട്ടു കാര്യമില്ലെന്നു ചുരുക്കം. ഇമാമിലേക്ക് ചെന്നുചേരാന്‍ കഴിയുന്ന വഴിയിലൂടെ തന്നെ ഇമാമിനെ കാണാന്‍ സാധിക്കണം. ജനലിലൂടെ കണ്ടതുകൊണ്ട് പ്രയോജനമില്ല. പള്ളിയിലുള്ള ഇമാമിനെ പള്ളിയുടെ വലത്തോ ഇടത്തോയുള്ള വരാന്തയില്‍ (പള്ളിയല്ലാത്ത സ്ഥലത്ത് വെച്ച്) തുടര്‍ന്നവന് തന്റെ മുമ്പിലുള്ള വഴിയിലൂടെ ഇമാമിലേക്ക് ചെന്നുചേരാന്‍ കഴിയണം.

പിന്നില്‍ വഴിയുണ്ടായതുകൊണ്ട് പ്രയോജനമില്ല. വീട്ടില്‍ വെച്ച് ജമാഅത്ത് നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. വീടി ന്റെ ഒരു റൂമില്‍ ഇമാമും നേരെ പിന്നി ലെ റൂമില്‍ മഅ്മൂമീങ്ങളും നിസ്‌കരിച്ചാല്‍ വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും വിരി തൂക്കിയതിനാല്‍ ഇമാമിനെ കാണാത്തതിനാല്‍ തുടര്‍ച്ച സാധുവല്ല. (ഫത്ഹുല്‍ മുഈന്‍, പേജ് 123) ഇമാമിനു തന്റെ നിയ്യത്തിലോ തക്ബീറത്തുല്‍ ഇഹ്‌റാമിലോ സംശയം വന്നാല്‍ തന്നെ തുടര്‍ന്ന മഅ്മൂമീങ്ങള്‍ അറിയാതെ നിയ്യത്ത് ചെയ്ത് തക്ബീര്‍ ചൊല്ലുന്നതുകൊണ്ട് മഅ്മൂമീങ്ങളുടെ നിസ്‌കാരത്തിനോ തുടര്‍ച്ചക്കോ കോട്ടം വരില്ല. (ഫത്ഹുല്‍മുഈന്‍, ഇആനത്ത് 2/39) ജനങ്ങള്‍ ഇടതടവില്ലാതെ വന്നുപോയ്‌ക്കൊണ്ടിരിക്കുന്ന പള്ളിയില്‍ (മത്‌റൂഖ്) ഇമാം 'വള്ളുഹ'യുടെ മുകളിലുള്ള സൂറത്ത് (പ്രത്യേകം സുന്നത്തുള്ള നിശ്ചിത സൂറത്തുകള്‍ ഒഴികെ) ഓതല്‍ കറാഹത്താണ്. ഈ കറാഹത്തു ചെയ്യുന്ന ഇമാമിനെ വിട്ടുപിരിയാം. ബുദ്ധിമുട്ടുമൂലം അങ്ങനെ വിട്ടുപിരിഞ്ഞാല്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടില്ല. വിട്ടുപിരിയാനുള്ള കാരണം ഇവിടെയുണ്ടല്ലോ. (ഇആനത്ത് 2/10)

<img alt=" width=" 1"="" height="1">

Leave A Comment

5 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter