നിസ്‌കാരത്തിലെ അനക്കം

നിസ്‌കാരത്തിനെ മുറിക്കുക, മുറിക്കണോ വേണ്ടെയോ എന്ന് സന്ദേഹിക്കുക, ഒരു കാര്യത്തിന്റെ സംഭവ്യതയോട് നിസ്‌കാരം മുറിക്കലിനെ ബന്ധിപ്പിക്കുക എന്നിവ കൊണ്ട് ഫര്‍ളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങളും ബാത്വിലാകും. സാധാരണഗതിയില്‍ അസംഭവ്യമായ കാര്യത്തിനോട് ബന്ധിപ്പിച്ചാലും നിസ്‌കാരം ബാത്വിലാവും.

ഒരാള്‍ നിസ്‌കരിച്ചുകൊണ്ടിരിക്കെ ഒരു ബസ് എന്റെ മുമ്പിലേക്ക് വന്നാല്‍ ഞാന്‍ നിസ്‌കാരത്തെ മുറിക്കും എന്നു കരുതിയാല്‍ പ്രസ്തുത കരുത്തോടുകൂടി തന്നെ നിസ്‌കാരം ബാത്വിലായി, ബസ് വരേണ്ടതില്ല. നിസ്‌കാരത്തിന്റെ പ്രവൃത്തികളുടെ ഗണത്തില്‍ പെടാത്ത വര്‍ധിച്ച പ്രവൃത്തി തുടര്‍ച്ചയായി,  അതു നിഷിദ്ധമാണെന്നു വിവരമുള്ളവനില്‍നിന്നും പ്രതിബന്ധമന്യേ വിവരമില്ലാത്തവനില്‍ നിന്നും സംഭവിച്ചാല്‍ നിസ്‌കാരം ബാത്വിലാവും. ചാട്ടം പോലുള്ള പ്രവൃത്തി കൊണ്ടും ബാത്വിലാവും. ഇതുവരെ വിവരിച്ചത് മറന്നോ മനഃപൂര്‍വ്വമോ ചെയ്താലും ബാത്വിലാവും.
തുടര്‍ച്ചയായ അധികമുള്ള പ്രവൃത്തിമൂലം നിസ്‌കാരം ബാത്വിലാവുമെന്നു പറഞ്ഞല്ലോ. അതുതന്നെ ഭാരമുള്ള അവയവം കൊണ്ടാവണം. ഭാരം കുറഞ്ഞ കൈവിരല്‍, കണ്‍പോള, ചുണ്ടുപോലുള്ളവ എത്ര അനക്കിയാലും നിസ്‌കാരം ബാത്വിലാവില്ല. എങ്കിലും അതു കറാഹത്താണ്.
തുടര്‍ച്ചയായി മൂന്നു തവണ ചവക്കുക, മൂന്നു ചവിട്ടടി വെക്കുക, തലയും ഇരുകരങ്ങളും അനക്കുക എന്നിവ കൊണ്ടെല്ലാം നിസ്‌കാരം ബാത്വിലാവും. ഒരു പ്രവൃത്തിയുടെ കാര്യത്തില്‍ അതു കുറഞ്ഞതോ അധികമായതോ എന്നു സംശയിച്ചാല്‍ കുറഞ്ഞതിന്റെ വിധിയാണുള്ളത്. ചാട്ടം ഒരു തവണയാണെങ്കിലും നിസ്‌കാരം ബാത്വിലാവും.
ഇമാമിനോട് അനുഗമിക്കാന്‍ വേണ്ടിയല്ലാതെ കര്‍മപരമായ ഒരു ഫര്‍ളിനെ മനഃപൂര്‍വ്വം വര്‍ധിപ്പിച്ചാല്‍ നിസ്‌കാരം ബാത്വിലാവും.  തക്ബീറത്തുല്‍ ഇഹ്‌റാം, സലാം എന്നീ ഫര്‍ളുകളല്ലാത്ത മറ്റു വാക്ക്പരമായ ഫര്‍ളിനെ  വര്‍ധിപ്പിച്ചാല്‍ നിസ്‌കാരം ബാത്വിലാവില്ല.
തലയില്‍നിന്നു വായയുടെ ബാഹ്യാതിര്‍ത്തിയിലേക്ക് ഇറങ്ങിയ കഫം ഊന്‍ പൊട്ടിയ രക്തം കൊണ്ടോ മറ്റോ മലിനമായ തുപ്പുനീര്‍, വെറ്റിലമുറുക്കിയതിനാലോ മറ്റോ പകര്‍ച്ചയായ തുപ്പുനീര്‍ മുതലായവ ഉള്ളിലേക്ക് ഇറക്കിയാല്‍ നിസ്‌കാരം ബാത്വിലാവും. അതുപോലെ നോമ്പും ബാത്വിലാവും.
ഇമാമിനു ഓത്തു കിട്ടാതെ വന്നാല്‍ അവനെ ഉണര്‍ത്തിക്കൊടുക്കുന്നവന്‍ ഉണര്‍ത്തുന്നുവെന്നു കരുതിയാലും  ഒന്നും കരുതാതെ ഓതിയാലും നിസ്‌കാരം ബാത്വിലാവും. ഓതുന്നുവെന്നു മാത്രം കരുതിയാലും ഓത്തിന്റെ കരുത്തോടൊപ്പം ഇമാമിനെ ഉണര്‍ത്തുന്നുവെന്നു കരുതിയാലും നിസ്‌കാരം ബാത്വിലാവില്ല.
കളി എന്ന ഉദ്ദേശത്തോടു കൂടി എന്തു പ്രവര്‍ത്തിച്ചാലും നിസ്‌കാരം ബാത്വിലാവും. നിസ്‌കരിക്കുന്നവന്റെ     ഔറത്ത് കാറ്റുമൂലം വെളിവായി പക്ഷേ, പെടുന്നനെ അവന്‍ മറച്ചു. എങ്കില്‍ കുഴപ്പമില്ല. അതുപോലെ, നിസ്‌കരിച്ചുകൊണ്ടിരിക്കെ അവന്റെ ശരീരത്തിലേക്കോ വസ്ത്രത്തിലേക്കോ വിടുതി ലഭിക്കാത്ത നജസ് വീണു. ഉടനെ അവന്‍ അതു തട്ടികളഞ്ഞു. എങ്കിലും നിസ്‌കാരത്തിനു കുഴപ്പമില്ല. (തുഹ്ഫ 2/137, നിഹായ 2/50, ഫത്ഹുല്‍ മുഈന്‍- പേജ് 95)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter