സെപ്തംബർ 28, മഹാനായ സി എച്ചിൻറെ വിയോഗത്തിന് 36

എന്‍റെ മഹല്ലിൽ ആദ്യമായി എസ്.എസ്.എല്‍.സി  പാസായത് വാപ്പ  (ആനമങ്ങാട് അബ്ദുറഹ്മാൻ മുസ്ലിയാർ)ആയിരുന്നു. അന്ന് അഭിനന്ദിക്കുന്നതിനു പകരം നാട്ടുകാരുടെ പ്രതികരണം ഇതായിരുന്നു  'നല്ലൊരു വാപ്പാൻറെ മോൻ. പറഞ്ഞിട്ടെന്താ? ചെയ്ത പണി കണ്ടോ' 

വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞു നടന്ന സമുദായത്തെ വിദ്യാഭ്യാസത്തിലേക്ക് മുഖം തിരിച്ചു നടക്കാൻ പ്രാപ്തരാക്കിയത് മഹാനായ സി എച്ച് മുഹമ്മദ് കോയ ആയിരുന്നു. അംബരചുംബികളായ കൊട്ടാരങ്ങളും ഭക്ഷ്യ വിഭവങ്ങളുടെ  എവറസ്റ്റും ആൽപ്സുമല്ല  വിജ്ഞാനത്തിൻറെ ഗിരിശൃംഖങ്ങളാണ് നിർമ്മിക്കേണ്ടതെന്ന് അദ്ദേഹം സമുദായത്തെ പഠിപ്പിച്ചു. 'നിങ്ങൾ പലഹാരമുണ്ടാക്കുന്ന പണം തരൂ. ഞാൻ നിങ്ങൾക്ക് യൂണിവേഴ്സിറ്റി തരാം' ഇതായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗം. പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക. നാം വീണ്ടും വീണ്ടും കേട്ട സി എച്ച് കസർത്തുകളിലൊന്നാണിത്.

ഇസ്‍ലാമിക സമൂഹത്തിൻറെ  നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ അപൂര്‍വ ജൻമങ്ങളിലൊന്നായിരുന്നു  സി എച്ച്. 1927ൽ ജനിച്ച്  30വയസായപ്പോൾ എം എൽ എയും 34ൽ സ്പീക്കറും 35ൽ എം പിയും 40ൽ മന്ത്രിയും 52ൽ മുഖ്യ മന്ത്രിയുമായി 1983ൽ തൻറെ 56-ാം വയസ്സിൽ വിട പറയുമ്പോൾ ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നതിനപ്പുറം അദ്ദേഹം ചെയ്തു തീർത്തിരുന്നു. കാലിക്കറ്റ് കുസാറ്റ് യൂണിവേഴ്സിറ്റികൾ, മലപ്പുറം ജില്ല, നിരവധി കോളേജുകൾ, സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ,  വൻകരകൾ കീഴടക്കിയ  വിദേശ യാത്രകൾ, പത്തിലേറെ പൂസ്തകങ്ങൾ,  ജനലക്ഷങ്ങളുടെ ദിശ നിശ്ചയിച്ച  ആയിരക്കണക്കിനു കരുത്തുറ്റ പ്രസംഗങ്ങൾ എല്ലാം നിർവഹിക്കാൻ  അദ്ദേഹത്തിന് ഏതാനും വർഷങ്ങളേ വേണ്ടി വന്നുള്ളൂ. 
രാഷ്ട്രീയ പ്രവർത്തനം ആത്മിക ജീവിതതതിന്  തടസ്സമാകാതെ കൈകാര്യം ചെയ്യുന്നതിൽ  അദ്ദേഹം വിജയിച്ചു.  ഏകദേശം എല്ലാ വകുപ്പുകളും ഏറ്റെടുത്തിട്ടും അഴിമതിയുടെയും അനീതിയുടെയും കറ പുരളാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിൻറെ വടക്കും തെക്കും കൂട്ടിമുട്ടിക്കാൻ കുതിച്ചോടുന്നതിനിടയിൽ നിസ്കാരം നഷ്ടപ്പെടുത്താനോ വളർച്ചയുടെ പടവുകൾ തീർക്കാൻ കൂടെ നിന്ന സമുദായത്തെ വിസ്മരിക്കാനോ അദ്ദേഹം ഒരുക്കമായിരുന്നില്ല.
നവോത്ഥാന മുന്നേറ്റത്തിൻറെ ഉന്നത ചിന്തകളും മുസ്‍ലിം മുഖ്യ ധാരയുടെ ആദർശവും സംയോജിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്നതിൻറെ നല്ലൊരു ഉദാഹരണമാണ് സി എച്ച്.  മൗലിദ് സംഘടിപ്പിക്കാനും മൗലിദ് യോഗങ്ങളിൽ പ്രസംഗിക്കാനും ആവേശത്തോടെ രംഗത്ത് വന്നു.  തന്റെ മസ്ജിദിൽ റബീഉൽ അവ്വൽ 12 ന് ചീര്ണി നൽകിയിരുന്നത് അദ്ദേഹമായിരുന്നുവെന്നത്, സി.എച്ചിന്റെ പലര്‍ക്കും അറിയാത്ത മുഖങ്ങളിലൊന്നാണ്.
മുസ്‍ലിമിൻറെ പൊതുപ്രവർത്തനം എങ്ങനെയാവണമെന്ന് ജീവിച്ചു കാണിച്ച പൊതുപ്രവർത്തകനായിരുന്നു സി എച്ച്. അദ്ദേഹത്തിൽ രണ്ടാം ഉമറിന്‍റെ മൂല്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ്  അധികാരകേന്ദ്രങ്ങളുടെ അധിപതിയായിരുന്ന സി എച്ചിന്‍റെ കടം വീട്ടാൻ സമുദായം പിരിവെടുക്കേണ്ടി വന്നത്. പലപ്പോഴും സഹപ്രവർത്തകരുടെ സഹായം കൊണ്ടാണ് അദ്ദേഹത്തിൻറെ ജീവിതാവശ്യങ്ങൾ നിർവഹിക്കപ്പെട്ടത്. 
സി എച്ചിന്‍റെ  വാക്കുകൾക്ക് മാത്രമല്ല പെരുമാറ്റത്തിനുമുണ്ടായിരുന്നു ഒരു മാസ്മരിക ശക്തി. കേരളരാഷ്ടീയത്തിലെ കുലപതികളെയും ഉദ്യോഗസ്ഥ മേധാവികളെയും സഹപ്രവർത്തകരെയും ബഹുമുഖ വ്യക്തികളെയും താൻ ഇഛിക്കുന്നിടത്തേക്കെത്തിക്കാൻ അദ്ദേഹത്തിനു  കഴിഞ്ഞു. ഇ എം എസിന്റെ തന്ത്രങ്ങളെയും സീതിഹാജിയുടെ വികാരപ്രകടനങ്ങളെയും വിവിധ വേഷം കെട്ടിയ ഭീഷണികളെയും തന്നെ വധിക്കാൻ വന്ന തീവ്രവാദിയെയും ഈ സ്വഭാവം കൊണ്ട് തിരുത്തി.
സി എച്ചിനോടൊപ്പം ലീഗും ലീഗിനൊപ്പം സി എച്ചും വളരുകയായിരുന്നു എന്ന് വേണം പറയാന്‍. എന്നെ ഞാനാക്കിയ പ്രസ്ഥാനമെന്ന് നെഞ്ചത്ത് കൈവെച്ച് പറയാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല. തന്നേക്കാൾ വലുത് പാർട്ടിയാണെന്ന തിരിച്ചറിവ് എപ്പോഴുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ, പാർട്ടി പറഞ്ഞപ്പോൾ  സ്ഥാനമാനങ്ങൾ പിച്ചളപ്പിന്നുപോലെ വലിച്ചെറിയാനും അദ്ദേഹത്തിന് മടിയേ ഉണ്ടായില്ല. 
ഇന്ന് നാം ആസ്വദിക്കുന്ന സാമൂഹ്യപുരോഗതിക്കും വിശിഷ്യാ വിദ്യാഭ്യാസ പുരോഗതിക്കും ശില പാകിയ മഹാനായ സി എച്ചിനുവേണ്ടി മരിച്ച് 36 വര്‍ഷം പിന്നിടുമ്പോഴും നമുക്ക് പ്രാർത്ഥനകളിലൂടെ പകരം നല്‍കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter