ഒപ്പന: മാപ്പിള ദൃശ്യകലയുടെ പൂര്‍ണിമ

മാപ്പിള ദൃശ്യാവിഷ്‌കാര കലാരൂപങ്ങളില്‍ ഏറെ പ്രശംസനീയമായ ഒന്നാണ് ഒപ്പന. ഗാര്‍ഹികാഘോഷങ്ങളുടെ മുഖമുദ്രയായി പെയ്തിറങ്ങിയ ഒപ്പന മുസ്ലിം വീടുകളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിവാഹം, മാര്‍ഗ കല്ല്യാണം, കാത് കുത്ത്, മുടികളച്ചില്‍, നാല്‍പ്പത് കുളി, വയസ്സറിയിക്കല്‍ തുടങ്ങിയ ഗാര്‍ഹികാഘോഷങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന കലയാണ് ഒപ്പന.

അങ്ങനെയാണ് ഒപ്പന ജനങ്ങളിലേക്ക് കടന്നുവന്നത്. മാപ്പിള സമൂഹത്തിലെ സകലമാന തലങ്ങളെയും തൊട്ടുണര്‍ത്തുന്ന സംഗീത കലാ പാരമ്പര്യങ്ങളുടെ സത്തയുള്‍ക്കൊണ്ട ഹൃദയവര്‍ണ്ണകമായ കലാരൂപമാണ് ഒപ്പന.

ഒപ്പന എന്നത് മാപ്പിളപ്പാട്ട് ശാഖയിലെ സഫീനപ്പാട്ടുകളിലെ ഏറെ പ്രാധാന്യമുള്ള ഇശലിന്റെ(വൃത്തം)  പേരാണ്. ഹൃദയവര്‍ജകമായ ഈ ഇശലിന് തന്നെ ചായല്‍, മുറുക്കം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ചായല്‍ ഇശലില്‍ ഓരോ വരിയും രണ്ട് തുണ്ടമാക്കി മുന്‍പാട്ടുകാര്‍ ആലപിക്കുമ്പോള്‍ ഒപ്പമുള്ളവര്‍ ഏറ്റുപാടുന്നു.

ചായല്‍ ഇശലില്‍ കൈകൊട്ടി താളം പിടിക്കുകയില്ല. എന്നാല്‍ മുറു ക്കത്തില്‍ ഈ രീതിയല്ല ഉള്ളത്. മുന്‍പാട്ടുകാര്‍ മാത്രമേ മുറുക്കം പാടുകയുള്ളൂ. പാടുമ്പോള്‍ പിന്‍പാട്ടുകാര്‍ കൈകൊട്ടി താളം പിടിച്ച് നൃത്തം വെക്കുകയും ചെയ്യുന്നു. മുറുക്കം കഴിയുന്നതോട് കൂടെതന്നെ പിന്‍പാട്ടുകാര്‍ ചായല്‍ പാടുന്നു. ഈ രീതിയിലാണ് ഒപ്പന ഇശല്‍ ഉള്ളത്.

ചായല്‍, മുറുക്കം, മുറക്കത്തില്‍ ചാട്ട എന്നീ ഭേതകങ്ങളും ഈ ഇശലില്‍പെട്ടവയാണ്. ഈ ഇശലില്‍ നിന്നാണ് ഈ ദൃശ്യകലാരൂപത്തിന് 'ഒപ്പന' എന്ന പേര് ലഭിച്ചത് എന്നും അഭിപ്രായമുണ്ട്. മാപ്പിള പഠനത്തില്‍ വിശാദരനായ വി.എം. കുട്ടി രേഖപ്പെടുത്തുന്നത് 'ഒപ്പനപ്പന്‍' എന്നത് പിന്നീട് 'ഒപ്പന' യായി മാറി എന്നാണ്.

'ഒപ്പന' എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് 'ഒരുമിച്ച്' എന്നും 'പ്പന്‍' എന്നാല്‍ പാടുക എന്നുമുള്ള വിവക്ഷ നല്‍കിയിരിക്കുന്നു. എന്നാല്‍ മാപ്പിള പഠന രംഗത്ത് അവഗാഹം നേടിയ ഒ. അബു രേഖപ്പെടുത്തുന്നത് 'ഒപ്പനൈ' എന്ന തമിഴ് പദത്തില്‍ നിന്നാണ് ഒപ്പന രൂപപ്പെട്ടത് എന്നാണ്. അഭിപ്രായ ഭിന്നതകള്‍ ഈ കലാരൂപത്തിന്റെ നാമധേയം രുപപ്പെട്ടുവന്നതിലുണ്ടെങ്കിലും ഒപ്പന എന്നത് ഹൃദയാവര്‍ജകമായ കലാവിഷ്‌കാരമാണ്.

എട്ടോപത്തോ പേരടങ്ങുന്നവരാണ് ഒപ്പന സംഘത്തിലുണ്ടാവുക. എല്ലാവരും ഏകദേശം ഒരേ വേഷവിധാനമായിരിക്കും ധരിക്കുക. ഇവര്‍ 'പാട്ടുകാരത്തികള്‍' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഒപ്പന കളിക്കുമ്പോള്‍ മുന്‍ പാട്ടുകാരിയുടെ ഗാനാലാപനത്തിനൊത്ത് താളനിബന്ധമായി കൈകൊട്ടി ചിട്ടയാര്‍ന്ന ചുവട്‌വെയ്‌പ്പോടെ ബാക്കുയുള്ളവരും ഏറ്റ് പാടി വട്ടത്തില്‍ കളിക്കുന്നു.

ജന ഹൃദയാന്തരങ്ങളില്‍ ആവേശം ജ്വലിപ്പിക്കുന്ന കളി അരങ്ങത്ത് തിമിര്‍ത്താടുമ്പോള്‍ താളത്തിനൊത്തുയരുന്ന മുറുക്കത്തോടൊപ്പം വര്‍ണ ശബളിമയാര്‍ന്ന കളിയില്‍ ചെറുവട്ടവും വട്ടവും ചലിക്കുന്നു. ഹൃദയ വസന്തങ്ങളില്‍ തഴുകുന്ന തെന്നലായി ചമത്കാര സാന്ദ്രമാം താളക്രമീകരണത്തില്‍ ചടുലമായ നര്‍മ്മരസങ്ങള്‍ പൊഴിക്കുന്നു. ഇങ്ങനെയുള്ള ദൃശ്യകലാരൂപമാണ് ഒപ്പനയില്‍ പ്രകടമാവുന്നത്.

ഉത്ഭവവും വിവിധ ഒപ്പനകളും

യഥാര്‍ത്ഥത്തില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നത് ആണുങ്ങളുടെ ചുവടുവയ്പ്പായിരുന്ന 'കൈമുട്ടിപ്പാട്ടായിരുന്നു. ഈ കലയാണ് അക്കാലത്ത് ഒപ്പന എന്ന് പേരിട്ട് വിളിച്ചിരുന്നത്. എന്നാല്‍ ഇതേ സമയം തന്നെ പെണ്ണുങ്ങള്‍ക്ക് നര്‍മ്മരസമനുഭവിക്കാന്‍ കളിക്കാരത്തികളുടെ 'കൈമുട്ടിക്കളി'യുണ്ടായിരുന്നുവെങ്കിലും അതിനെ ആരും ഒപ്പന എന്ന് വിളിച്ചിരുന്നില്ല.

എട്ടോപത്തോ സ്ത്രീകള്‍ നടുക്ക് ഒരു കോളാമ്പി വെച്ച് വ്യത്യസ്തമായ തട്ടലും മുട്ടലും ചാഞ്ഞും ചരിഞ്ഞും താളാത്മകമായ ഗാനാലപതത്തിലൂടെ കൈമുട്ടിപ്പാട്ട് അവതരിപ്പിക്കുന്നു. ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ 'കളിക്കാരത്തികളുടെ കളികളെ'ന്ന് വിളിച്ച് പോന്നിരുന്നത്.

ഒപ്പന എന്ന കലാരൂപത്തിന്റെ ഉത്ഭവം അന്വേഷിക്കുമ്പോള്‍ കിട്ടിയ ചരിത്രശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം ഒന്നര നൂറ്റാണ്ട് മുമ്പ് ശാദുലി പള്ളിയങ്കണത്തിലെ ഒരു വലിയ ആല്‍മരത്തണലില്‍ കാമക്കന്റകത്ത് മമ്മിഞ്ഞി എന്ന നാമദേയത്തിലുള്ള ഒരു വ്യക്തിത്വം കുറേ യൗവ്വനയുക്തരായ ചെറുപ്പക്കാരെ സംഘമായിവട്ടത്തിലിരുത്തി പാട്ടുപാടി ഗാനാലാപനത്തിന്റെ നര്‍മ്മരസങ്ങളിലൂന്നി പഠിപ്പിച്ചിരുന്നു.

ഇങ്ങനെ സംഘം ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനാലാപനത്തിന് അനുസൃതമായി താളത്മകമായ ചുവടുവെയ്പ്പും ഇരു കൈകളും കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കാനും തുടങ്ങി. ഇങ്ങനെ അവതരിപ്പിക്കുന്ന കലയെ വിവാഹം പോലോത്ത ഗാര്‍ഹികാഘോഷങ്ങളിലേക്ക് ക്ഷണിക്കാനും തുടങ്ങി. ഈ രീതിയിലൂടെയാണ് ഒപ്പന ജനങ്ങളിലേക്കെത്തുന്നത്.

അധികം വൈകാതെ തന്നെ ഈ ഒപ്പന വിഭാഗീയതയുടെ പേരില്‍ രണ്ടായി പിളര്‍ന്നു. 1899-ല്‍ കൈമുട്ടിയും മുട്ടാതെയും പാടുന്ന ആണുങ്ങളുടെ ഒപ്പനയാണ് വേര്‍പിരിഞ്ഞത്. കോഴിക്കോട് സ്വദേശിയായ മാട്ടുമ്മല്‍ കുഞ്ഞിക്കോയ സാഹിബിന്റെ 'തശ്‌രീഫ് ഉമ്മുബാറക്കാദരവായെ നബി ഉമ്മത്തിമാര്‍ക്ക്' എന്ന കാവ്യമായിരുന്നു ഒപ്പനക്ക് പാട്ടായി സ്വീകരിച്ചുവന്നിരുന്നത്. ഈ ഗാനമാലപിച്ച് മുട്ടുള്ളവര്‍ കൈമുട്ടിയും മുട്ടില്ലാത്തവര്‍ കൈമുട്ടാതെയും ഗാനാലാപനരീതി അവതരിപ്പിച്ച് പോന്നു. ആണുങ്ങളുടെ ഒപ്പന രംഗത്ത് എണ്ണത്തില്‍ കൃത്യ പരിധിയൊന്നുമുണ്ടായിരുന്നില്ല.

പുതുമണവാളന്റെ വീട്ടില്‍ ആനന്ദതുന്ദിലമായ സാഹചര്യം അനുഭവേദ്യമാക്കാന്‍ ഈ ആണുങ്ങളുടെ ഒപ്പന കലാരൂപത്തിലൂടെ ജനങ്ങള്‍ക്ക് സാധിച്ചിരുന്നു. ആണുങ്ങള്‍ അവതരിപ്പിക്കുന്ന ഈ കലകള്‍ മണവാളന്റെ സാന്നിധ്യമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകള്‍ അക്കാലത്ത് തന്നെ അവതരിപ്പിച്ചിരുന്ന കൈമുട്ടിപ്പാട്ടില്‍ മണവാട്ടി രംഗത്ത് വന്നിരുന്നില്ല. മൈലാഞ്ചിയിടല്‍ ചടങ്ങില്‍ മാത്രമേ വധു പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.

തഷ്‌രീഫെ ഒപ്പന

വൈവിഹികാഘോഷങ്ങളോട് ബന്ധപ്പെട്ട വരനെ ആനയിക്കല്‍, മണിയറ പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ ഈയടുത്തകാലത്ത് വരെ ആണുങ്ങളുടെ ഒപ്പന നിലനിന്നിരുന്നു. കണ്ണൂര്‍-തലശ്ശേരി ഭാഗങ്ങളിലായി ഈയടുത്തകാലം വരെ നിലനിന്ന ആണുങ്ങളുടെ ഒപ്പന എന്ന ഈ ദൃശ്യകലാരൂപത്തിനാണ് 'തഷ്‌രീഫെ ഒപ്പന' എന്ന് പേരിട്ട് വിളിച്ചിരുന്നത്.

മൈലാഞ്ചിപ്പാട്ട്

മാപ്പിള കലയിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ദൃശ്യകലാരൂപമായ പ്രത്യേകരീതിയിലുള്ള അവതരണത്തെ മൈലാഞ്ചിപ്പാട്ട് എന്ന് പറയുന്നു.

മൈലാഞ്ചി പ്പാട്ടില്‍ നിന്നുള്ള ഒരു രംഗം :

''മണമറയില്‍ സുവര്‍ക്കം തന്നിലായെ പീഢം

അപ്പീഢം ഏറിപ്പോയ് ഒപ്പന വെക്കണം

ഒപ്പനകാണാന്‍ പെരിയോന്‍ തുണ വേമം

പെരിമയിലുള്ള മലാഇക്കത്തെല്ലാരും

വിശയെന്നി യെല്ലാരും ഒരുമിച്ചിരുന്നാരെ''

ഖേദകരമായ ഒരു വസ്തുത ഇക്കാലത്ത് തനതായ കൈമുട്ടിപ്പാട്ടും കളിക്കാരത്തികളുടെ കളിയും തികച്ചും അസ്തമിച്ചിരിക്കുന്നു.

ഒപ്പന ചരിത്രം 

പണ്ട് കാലത്ത് വേദിയില്‍ അരങ്ങ് തകര്‍ത്തിരുന്ന കൈമുട്ടിപ്പാട്ടിന്റെയും കളിക്കാരത്തികളുടെ കളിയുടെയും സ്ഥാനത്ത് ഇന്ന് കാണുന്ന പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന ഒപ്പനകലയിലേക്ക് ചേഏേകദേശം മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് കുറ്റിച്ചിറയിലെ പുതിയ നാലകത്ത് തറവാട്ടില്‍ ഒരു വിവാഹാഘോഷത്തിന് പ്രായം ചെന്ന കളിക്കാരത്തികളുടെ കൈമുട്ടിപ്പാട്ടിനും കോളാമ്പിപ്പാട്ടിനുമൊക്കെ പകരമെന്നോണം പെണ്‍കുട്ടികളുടെ കൈമുട്ടിപ്പാട്ട് അരങ്ങേറി. നിരവധി പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ ഈ ട്രൂപ്പ് അതൊന്നും കാര്യമാക്കാതെ മുന്നോട്ട് നീങ്ങി. അതിന് ശേഷം വിവാഹാഘോഷങ്ങളോട് ബന്ധപ്പെട്ട പല പരിപാടികള്‍ക്കും ഈ സംഘത്തെ ക്ഷണിച്ചുതുടങ്ങി. രീതിയിലും രൂപത്തിലും ശൈലിയിലും കലയിലും  കളിയിലും മാറ്റമുണ്ടായി, ഭാവവും മട്ടും മാറി. അങ്ങനെ ഇന്ന് കാണുന്ന ഒപ്പനയിലേക്കെത്തി.

യഥാര്‍ത്ഥത്തില്‍ ഇന്ന് കാണുന്ന ഒപ്പനയുടെ ഏകദേശം മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ ഒപ്പന ആദ്യമായി പൊതുവേദിയിലേക്ക് കൊണ്ടുവന്നത് കോഴിക്കോട് ജില്ലയിലെ പരപ്പില്‍ പ്രദേശത്ത് നിലനിന്നിരുന്ന ബാല ജനസംഖ്യം സംഘടനയിലെ ചെറുപ്പക്കാരികളിലൂടെയായിരുന്നു.

1964 ജൂണ്‍ 24 അന്ന് എറണാകുളം വി.ജെ.വി.ഹാളില്‍ അഖിലകേരള ബാല ജനസംഖ്യത്തിന്റെ സംസ്ഥാന കലോത്സവത്തില്‍ തീരപ്രദേശത്ത് നിന്ന് വൈദഗ്ധ്യം തെളിയിച്ച് തെരെഞ്ഞെടുക്കപ്പെട്ട എട്ടോളം പെണ്‍കുട്ടികള്‍ ആദ്യമായി ഒപ്പന ദൃശ്യകലാരൂപം അരങ്ങത്തേക്കെത്തിച്ച് ജനഹൃദയാന്തരങ്ങളെ ആവേശം കൊള്ളിച്ച് പ്രശംസ പിടിച്ച്പറ്റി. അതിലണിനിരന്ന കലാകാരിളും പരിശീലകന്മാരും അണിയറ പ്രവര്‍ത്തകരും പിന്നീട് ഒപ്പനരംഗത്ത് വളരെ വിശശാദരായി അറിയപ്പെട്ടു.

ആദ്യമായി വളരെ വിത്യസ്തതയോടെ പൊതു വേദിയില്‍ അവതരിപ്പിച്ച ഈ കലാരൂപത്തിന് പിന്നീട് പ്രൊഫഷനല്‍ സംഘങ്ങള്‍ രംഗത്ത്‌വരാന്‍ തുടങ്ങി. നിരവധി പൊതു വേദികളിലൂടെ ഒപ്പന ദൃശ്യകലാരൂപം ജനം ആവേശത്തോടെ നെഞ്ചിലേറ്റി. ഗാനമാലപിക്കുമ്പോഴും ആലപിക്കാത്തപ്പോഴും കൈമുട്ടിയും ചെരിഞ്ഞും ചാഞ്ഞും ഇരുന്നും നിന്നും വട്ടങ്ങളായും അല്ലാതെയും താളാത്മകതയിലൂടെ ഒപ്പന അരങ്ങേറുമ്പോള്‍ ജനം ഏറെ നിറഞ്ഞ മനസ്സോടെ അവ ആസ്വദിച്ചു കൊണ്ടിരുന്നു. ഇന്നുള്ള ആധുനിക ഒപ്പന രീതിയില്‍ എട്ടോ പത്തോ അംഗങ്ങളാണഉണ്ടാവുക.

ഈ രീതിയിലേക്ക് ഒപ്പനയെ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് പുതിയ നാലകത്ത് മാളിയക്കല്‍ ആയിശാബി, പി.എന്‍.എം. ആലിക്കോയ, പോക്കര്‍ മാസ്റ്റര്‍, യു.വി. മുഹമ്മദലി, കെ.എം.കെ. വെള്ളയില്‍ തുടങ്ങിയവരെ പോലോത്തവര്‍.ഹൃദയാവിഷ്‌കാരത്തോടെ അവതരിപ്പിക്കുന്ന ഒപ്പന ദൈശീയ, അന്താരഷ്ട്ര മത്സരങ്ങളിലും പൊതു വേദികളിലും അരങ്ങ് തകര്‍ത്ത് അനേകം പാരിതോഷികങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 1988- ല്‍ ആദ്യമായി വിദേശ പര്യടനത്തിന് വേണ്ടി ഒപ്പനയെ ക്ഷണിച്ചു. റഷ്യയിലേക്കായിരുന്നു ആ അപൂര്‍വ്വക്ഷണം. 1988 മെയ് 21-ാം തിയ്യതി പുറപ്പെട്ട ഒപ്പന സംഘം ജൂണ്‍ 6-ാം തിയ്യതി മുതല്‍ ജൂലൈ 4-ാം തിയ്യതി വരെ  റഷ്യന്‍ രാജ്യത്തിന്റെ വിവിധ വേദികളില്‍ ഒപ്പന അരങ്ങേറി. റഷ്യക്കാര്‍ക്ക് ഒപ്പനയും മാപ്പിളപ്പാട്ടും ഏറെ ഇഷ്ടപ്പെട്ടു. അതിന് ശേഷം പല പൊതുവേദികലിലും അന്താരാഷ്ട്ര തലങ്ങളിലും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

മലബാര്‍ മേഖലകളില്‍ വിവാഹാഘോഷങ്ങള്‍ക്ക് ഏറെ അനിവാര്യമായ കലയായ ഒപ്പന മേഖലയില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച വ്യക്തികള്‍ നിരവധിയുണ്ട്. മാളുത്താത്ത കൊണ്ടോട്ടി, എടവണ്ണപ്പാറ ഖദീജക്കുട്ടി, രാരോത്ത് ഉമ്മര്‍, മുഹമ്മദ് അലി കോഴക്കോട്, സലാം നന്മണ്ട, ആദം നെടിയാട്, സുഹ്‌റ കോഴിക്കോട്, നസ്വീര്‍, മുഹമ്മദ്കുഞ്ഞി, ഹനീഫ് തലശ്ശേരി, ഉമര്‍ മാവൂര്‍ തുടങ്ങിയവരാണവര്‍.

ഒപ്പന സംഘത്തലവനെ ഗുരുക്കള്‍ എന്നോ മൂപ്പന്‍ എന്നോ ആണ് വിളിക്കാറ്. അവതരിപ്പിക്കുന്നത് സ്ത്രീകളാണെങ്കില്‍ അവരുടെ നേതാവ് മൂപ്പത്തി, കാരണോത്തി എന്നീ നാമങ്ങളിലും അറിയപ്പെട്ടിരുന്നു. കേരളീയരുടെ നാടോടി ഗാനങ്ങളുമായി മാപ്പിളപ്പാട്ടിന് ബന്ധമുണ്ട്. കൊയ്ത്ത് പാട്ട്, കൈകൊട്ടിപ്പാട്ട് തുടങ്ങിയവ ഒപ്പനയിലവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുമായി സാമ്യമുള്ളവയാണ്. യഥാര്‍ത്ഥത്തില്‍ ഒപ്പന കലാവിഷ്‌കാരം അരങ്ങേറുമ്പോള്‍ രണ്ട് സംസ്‌കാരങ്ങളുടെ സമജ്ഞസ സമ്മേളനമാണ് അവയിലൂടെ ഇരിത്തിരിഞ്ഞുവരുന്നത്.

മധുരമായ ഗാനരീതികളും താളാത്മകമായ ചുവട് വെയ്പ്പുകളും ഒപ്പനയില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ തന്നെ മാപ്പിളത്തനിമ അവയില്‍ വേറിട്ട് നില്‍ക്കുന്നു. കേകകാകളി, പഠന തുടങ്ങിയ ഭാഷാ വൃത്തങ്ങളോടൊപ്പമുള്ള ഇശലുകളും മപ്പിളപ്പാട്ടില്‍ ഇഴകിച്ചേര്‍ന്നിട്ടുണ്ട്.

മാപ്പിള കലകളില്‍ അസ്തമിക്കാതെ ഏറെ പ്രചാരവും പ്രശസ്തിയും പ്രശംസയുമുള്ള മേഖലയാണ് ഒപ്പനകലാരൂപം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter