കളരിപ്പയറ്റ്, പരിചമുട്ട്, മുട്ടും വിളിയും

മാപ്പിള കലാരൂപങ്ങളെപ്പോലെ മുസ്‌ലിംകളുമായി ബന്ധം കാണാവുന്ന മറ്റു ചില അഭ്യാസ മുറകളും  കലാ രൂപങ്ങളുമാണ് കളരിപ്പയറ്റ് , ചീനമുട്ട്, മുട്ടും വിളിയും തുടങ്ങിയവ. ഇവിടത്തെ ആദ്യകാല ജനങ്ങളുമായാണ് ഇവ പലതുകൊണ്ടും അടുത്തുനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ ചില വിദേശബന്ധങ്ങളും കണ്ടെത്താവുന്നതാണ്. പ്രാചീന കേരളത്തിലുണ്ടായിരുന്ന ആയുധ പ്രയോഗ മുറകളിലൊന്നായിട്ടാണ് കളരിപ്പയറ്റ് അറിയപ്പെടുന്നത്. മലബാറുമായി വ്യാപാര ബന്ധം പുലര്‍ത്തിയിരുന്ന ഖുറാസാനില്‍നിന്നും വന്നതാണെന്നും ഇത് അവിടത്തെ യോദ്ധാക്കളുടെ അഭ്യാസ മുറകളില്‍ പെട്ടതായിരുന്നുവെന്നും അനുമാനിക്കപ്പെടുന്നു. കോഴിക്കോട്ടെ മാപ്പിളമാര്‍ ഇത് സ്വീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതായി കാണാവുന്നതാണ്. എങ്കിലും ദഫ് മുട്ടിലും മറ്റും ഉള്ളപോലെയുള്ള ഒരു വലിയ ആത്മീയ വായനയൊന്നും ഇതില്‍ വന്നിട്ടില്ലെന്നാണ് അറിയുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ ഈ കലാരൂപം ആഴത്തില്‍ വേര് പിടിക്കുകയും പ്രചാരം നേടുകയും ചെയ്തിരുന്നു. വലിയ സംഭാവനകളും അവര്‍ കളരീ അഭ്യാസത്തിന് നല്‍കിയിട്ടുണ്ട്. പന്തീരടിക്കളരി, പതിനെട്ടീരടിക്കളരി, മുപ്പത്തീരടിക്കളരി, നാല്‍പതീരടിക്കളരി തുടങ്ങിയവ കളരിയിലെത്തന്നെ വ്യത്യസ്ത  രൂപങ്ങളോ ഇനങ്ങളോ ആണ്. വ്യത്സസ്ത വിഷയങ്ങളാണ് ഇവയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. ഒരുപാട് ആളുകളോട് ഒറ്റക്ക് പൊരുതി ജയിക്കുന്ന അഭ്യാസം നെടും കളരി എന്നും, ഒളിപ്പോരുകളില്‍ ഉപയോഗിക്കുന്ന അഭ്യാസം കുറു കളരി എന്നും ദന്ദ്വയുദ്ധത്തിലുള്ള പരിശീലനത്തിന് അംഗക്കളരി എന്നും, ചികിത്സക്കുള്ളതിന് ചെറു കളരി എന്നും മര്‍മ്മം പഠിപ്പിക്കുന്നതിന് തോടു കളരി എന്നുമാണ് അറിയപ്പെടുന്നത്. മുസ്‌ലിംകളരി സംഘങ്ങള്‍ ഇന്ന് വേരറ്റു കഴിഞ്ഞിട്ടുണ്ട്. ചെലവൂരിലെ ചൂരക്കൊടി കളരിസംഘം ഈ മേഖലയിലെ വലിയൊരു അദ്ധ്യായമാണ്. അബ്ദുറഹ്മാന്‍ ഗുരുക്കളായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. കളരിയുമായി അടുത്തു നില്‍ക്കുന്ന മറ്റൊരു കലാരൂപമാണ് പരിചമുട്ട്. പരിചകളില്‍നിന്നും വേര്‍തരിഞ്ഞുകൊണ്ടാണ് മുസ്‌ലിംകളടെ പരിചമുട്ട് രൂപം കൊള്ളുന്നത്. മറ്റു കലാരൂപങ്ങളെപ്പോലെത്തന്നെ അറബി മലയാള പാട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇവയും അരങ്ങേറുന്നത്. മുമ്പ് കാലങ്ങളിലൊക്കെ പരിച മുട്ട് പാട്ടുകള്‍ ഏറെ പ്രസിദ്ധമായിരുന്നു. വളരെ മുമ്പ് കാലങ്ങളില്‍, മുസ്‌ലിം കല്യാണ വീടുകളിലാണ് ഇത് സാധാരണയായി നടത്തപ്പെട്ടിരുന്നത്. മാപ്പിള പ്രാമാണിത്വം വിളിച്ചറിയിക്കുന്ന പാട്ടുകളും ഗീതങ്ങളുമാണ് ഇതിന് വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നത്. ചെറിയൊരു ഉദാഹരണം: പച്ചത്തൊപ്പി കുപ്പായങ്ങള്‍... വെള്ളിപ്പിടി പിച്ചാക്കത്തി... പൊന്നു വള ഉറുമിയും... വാള്‍ വരിച്ചു തകതമിര്‍ത്തെ.... പന്ത്രണ്ടു പേരെങ്കിലും ചേര്‍ന്നാണ് പരിചമുട്ട് കളി നടക്കുന്നത്. ചവിടി കെട്ട്, മുക്കണ്ണി തുടങ്ങിയ ചുവടുകളോടെയാണ് കളിയുടെ ആരംഭം. കളിക്കാര്‍ അകവും പുറവും കളിക്കുന്നു. നായകന്‍ ആവേശം പറയുകയും കളിയുടെ മുറുക്കം കൂട്ടുകയും ചെയ്യുന്നു. വളരെ രസാവഹമായ ഈരടികളാണ് അവര്‍ കളിക്കായി തെരഞ്ഞെടുക്കുന്നത്. മുമ്പ് ഇവിടെ നിലനിന്നിരുന്ന മറ്റൊരു കലാ രൂപമാണ് മുട്ടും വിളിയും എന്ന പേരില്‍ അറിയപ്പെടുന്നത്. മാപ്പിള ശഹ്നായി എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെ ഉണ്ടാകുന്ന താളമേളങ്ങളാണ് പ്രധാനമായും ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കോഴിക്കോടിനെ കേന്ദ്രീകരിച്ച് ഇതിന്റെ വളര്‍ച്ചയും വികാസവും കാണാവുന്നതാണ്. ഇടിയങ്ങരാ ശൈഖിന്റെ പള്ളിയില്‍ നേര്‍ച്ചാവേളയിലൊക്കെ ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter