കച്ചവടത്തിന്റെ സകാത്ത്
മനുഷ്യജീവിതത്തിന്റെ നിലനില്പ് തന്നെ ആശ്രയിച്ചുനില്ക്കുന്ന ഘടകമാണ് കച്ചവടം. ഓരോരുത്തര്‍ക്കും ആവശ്യമായ ഉല്പന്നങ്ങള് ലഭിക്കുന്നത് തന്നെ കച്ചവടത്തിലൂടെയാണ്. അവനവന് ആവശ്യമുള്ളത് ഓരോരുത്തരും ഉല്പാദിപ്പിക്കുക എന്നത് തീര്‍ത്തും അപ്രായോഗികവും ദുഷ്കരവുമാണ്. ഓരോരുത്തരും ചില പ്രത്യേക മേഖലകളില്‍ ശ്രദ്ധപതിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന ഉല്പന്നങ്ങള് മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യജീവിതം സുഗമമായി മുന്നോട്ട് പോകുന്നത്. ഇത് സാധ്യമാവുന്നത് കച്ചവടത്തിലൂടെയാണ്. അതിലുപരി സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സുപ്രധാന മാര്‍ഗ്ഗം കൂടിയാണ് കച്ചവടം. ഇക്കാരണങ്ങളാല്‍തന്നെ കച്ചവടത്തിലും നിശ്ചിത വിഹിതം സകാത് നിര്‍ബന്ധമാണെന്ന് ഇസ്ലാം നിഷ്കര്‍ശിക്കുന്നു.
സകാത് നിര്‍ബന്ധമാവുന്നത് എപ്പോള്‍
സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയുടേതിലേത് പോലെ കച്ചവടത്തില്‍ സകാത് നിര്‍ബന്ധമാവുന്നതിനും രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം. ഒന്ന്, വര്‍ഷം പൂര്‍ത്തിയാവുക. രണ്ട്, കണക്ക് എത്തുക. കച്ചവടം തുടങ്ങുന്ന ഹിജ്റ തിയ്യതി ഓര്‍ത്തുവെക്കേണ്ടതും ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം കച്ചവടത്തിലെ വില്പനവസ്തുക്കളുടെ ആകെ മൂല്യവും കടം ഇനത്തില്‍ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതും കണക്കാക്കി സകാത് നിര്‍ബന്ധമായിട്ടുണ്ടോ എന്ന് നോക്കേണ്ടതുമാണ്. ആകെ ലഭിച്ച മൂല്യം 85ഗ്രാം ശുദ്ധസ്വര്‍ണ്ണത്തിന്റെയോ 595 ഗ്രാം ശുദ്ധ വെള്ളിയുടെയോ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കിലാണ് സകാത് നിര്‍ബന്ധമാവുക. ആകെയുള്ള മൂല്യത്തിന്റെ രണ്ടര ശതമാനമാണ് സകാത് ആയി നല്‍കേണ്ടത്. അഥവാ, ശവ്വാല്‍ ഒന്നിന് തുടങ്ങിയ ഒരു ചെരുപ്പ് കടയാണെങ്കില്‍, അടുത്ത ശവ്വാല്‍ ഒന്നിന് അയാള്‍ കടയിലെ വില്പനക്കായുള്ള മുഴുവന്‍ സാധനങ്ങളുടെയും മൂല്യം, അന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് കണക്കാക്കേണ്ടതാണ്. കടയിലെ ഫര്‍ണിച്ചറുകളോ ഫിക്സഡ് ആയ മറ്റു അസറ്റുകളോ കൂട്ടേണ്ടതില്ല. ആകെ 50,000 രൂപയുടെ മൂല്യത്തിനുള്ള സാധനങ്ങള്‍ വില്പനക്കായി അവിടെയുണ്ടെന്നും വിറ്റ വകയില്‍ 5000 രൂപ കടമായി കിട്ടാനുണ്ടെന്നും സങ്കല്പിച്ചാല്, ആകെ മൂല്യം 55,000 എന്ന് കണക്കാക്കാം. അന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് 595 ഗ്രാം വെള്ളിക്ക് 35,000 രൂപ ആണെങ്കില്‍, ആ കച്ചവടക്കാരന് 55,000ന്റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. ഇതേ നിയമം തന്നെയാണ് എല്ലാ കച്ചവടത്തിലും. ജ്വല്ലറികള്‍ക്കും മുത്ത്, പവിഴം തുടങ്ങിയ വില പിടിപ്പുള്ള കല്ലുകളുടെ കച്ചവടങ്ങള്‍ക്കുമൊക്കെ ഇത് ബാധകമാണ്. ഇന്ന് ഏറെ പ്രചാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും ഇത് തന്നെയാണ് വിധി. ഉപയോഗത്തിനായുള്ള പറമ്പുകള്‍ക്ക് സകാതില്ലെന്നത് ശരി തന്നെ. എന്നാല്‍ വില കിട്ടുമ്പോള്‍ വില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലം ഉടമപ്പെടുത്തുന്നതോടെ അത് കച്ചവട വസ്തുവായി മാറുമെന്നാണ് പണ്ഡിതാഭിപ്രായം. ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കാം. ഒരാള്‍ ശവ്വാല്‍ ഒന്നിന്, വില കിട്ടുമ്പോള്‍ വില്‍ക്കണമെന്ന കച്ചവട ലക്ഷ്യത്തോടെ പത്ത് ലക്ഷത്തിന് ഒരു സ്ഥലം വാങ്ങിയെന്ന് സങ്കല്പിക്കുക. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അയാള്‍ അത് 12 ലക്ഷത്തിന് വിറ്റു. ശേഷം മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആ തുകക്ക് വേറെ സ്ഥലം വാങ്ങി. അടുത്ത ആറ് മാസത്തേക്ക് കച്ചവടമൊന്നും നടന്നില്ല. അപ്പോഴാണ് അടുത്ത ശവ്വാല്‍ ഒന്ന് വന്നെത്തിയത്, അഥവാ അയാളുടെ കച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയായത് എന്നര്‍ത്ഥം. ഉടനെ അദ്ദേഹം ചെയ്യേണ്ടത്, ആറ് മാസം മുമ്പ് 12 ലക്ഷത്തിന് വാങ്ങിയ ആ സ്ഥലത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വില എന്താണെന്ന് നോക്കുക. 15ലക്ഷമാണ് ആകെ അതിന്റെ മൂല്യമെങ്കില്‍ അതിന്റെ രണ്ടര ശത്മാനം 37,500 രൂപ സകാത് ആയി നല്‍കേണ്ടതാണ്. കോഴി, നാല്കാലികള് തുടങ്ങി കച്ചവടാവശ്യാര്‍ത്ഥം വാങ്ങുന്ന എല്ലാ സാധനങ്ങളിലും ഇത് തന്നെയാണ് വിധി.
ലാഭത്തിന്റെ സകാത് എങ്ങനെ കണക്കാക്കാം
ലാഭം സാധാരണഗതിയില്‍ രണ്ട് തരത്തിലാണ് ഉപയോഗിക്കപ്പെടാറ്. ചിലര്‍ അതില്‍നിന്ന് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള ചെലവുകളെടുത്ത് ബാക്കിയുള്ളത് കൊണ്ട് വീണ്ടും ചരക്കുകള്‍ വാങ്ങി കച്ചവടം മെച്ചപ്പെടുത്തുന്നു. ഈ രൂപത്തില്‍, ലാഭവും വര്‍ഷാവസാനം നടക്കുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടുന്നതായിരിക്കും. ചെലവായിപ്പോയതിന് സകാത് വരുന്നുമില്ല. എന്നാല്‍ ചില കച്ചവടക്കാര്‍ ലാഭവിഹിതം വേറെ തന്നെ മാറ്റി വെക്കുകയും അത് പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ലാഭത്തിന്റെ വര്‍ഷവും കണക്കും സാധാരണ കാശിന്റേത് പോലെ വേറെ തന്നെ സൂക്ഷിക്കേണ്ടതാണ്.
കച്ചവടം നഷ്ടത്തിലാണെങ്കില്‍
കച്ചവടം നഷ്ടത്തിലാണെങ്കില്‍പോലും മേല്പറഞ്ഞ രണ്ട് നിബന്ധനകളൊത്താല്‍ സകാത് നിര്‍ബന്ധം തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരാള്‍ കച്ചവടം തുടങ്ങിയത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാണ്. വര്‍ഷം പൂര്‍ത്തിയായി കണക്കെടുത്തപ്പോള്‍ ആകെ 50,000 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്ന് സങ്കല്പിക്കുക. അഥവാ, ഒന്നരലക്ഷം രൂപ അയാള്‍ക്ക് നഷ്ടമാണെന്നര്‍ത്ഥം. എന്നാലും ആ സംഖ്യ അന്നത്തെ 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ അയാള്‍ അതിന്റെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. നഷ്ടം സകാതിനെ തടയില്ല എന്നര്‍ത്ഥം. നേരത്തെ കൈയ്യിലുള്ള കണക്കെത്തിയ മൂലധനം കൊണ്ടാണ് കച്ചവടം തുടങ്ങിയതെങ്കില്‍ വര്‍ഷം തുടങ്ങേണ്ടത് ആ മൂലധനം ഉടമപ്പെടുത്തിയ തിയ്യതി മുതലാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഥവാ, ഒരാളുടെ കൈയ്യില്‍ ശവ്വാല്‍ ഒന്നിന് 2 ലക്ഷം രൂപ വരികയും അയാള്‍ മൂന്ന് മാസം അത് സൂക്ഷിച്ച ശേഷം മുഹറം ഒന്നിന് അത് ഉപയോഗിച്ച് കച്ചവടം തുടങ്ങുകയും ചെയ്താല്‍, അയാള്‍ സകാതിനായി കണക്കെടുപ്പ് നടത്തേണ്ടത് അടുത്ത ശവ്വാല്‍ 1നാണ്, മുഹറം ഒന്നിനല്ല.
കണക്കെത്തിയില്ലെങ്കില്‍ കച്ചവടം തുടങ്ങി വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കണക്കെടുത്തപ്പോള്‍ ആകെ മൂല്യം സകാത് നിര്‍ബന്ധമാകുന്ന നിശ്ചിത തുക എത്തുന്നില്ലെങ്കില്‍, അവിടെ വര്‍ഷം മുറിയുകയും അവിടന്നങ്ങോട്ട് വേറെ വര്‍ഷം തുടങ്ങേണ്ടതുമാണ്.
വര്‍ഷങ്ങളായി സകാത് നല്കിയിട്ടില്ലെങ്കില് കച്ചവടം തുടങ്ങി കുറെ വര്‍ഷങ്ങളാവുകയും ഇതുവരെ സകാതിനെ കുറിച്ച് ബോധവാനാകാതിരിക്കുകയും ചെയ്തവനാണെങ്കില്‍ എന്തുചെയ്യുമെന്ന് പരിശോധിക്കാം. ഉദാഹരണമായി, ഒരാള്‍ പത്ത് വര്‍ഷമായി ഒരു കട നടത്തിപ്പോരുന്നു. ഇതുവരെ അയാള്‍ സകാത് നല്‍കിയിട്ടില്ല. ഇപ്പോഴാണ് അയാള്‍ക്ക് ബോധമുണ്ടായത്. അത്തരം സാഹചര്യത്തില്‍, ഓരോ വര്‍ഷത്തെയും ഒരു ഏകദേശമൂല്യം കണക്കാക്കി ഏകദേശ ഉറപ്പ് ലഭിക്കുന്നതുവരെ സകാത് കൊടുത്തുവീട്ടേണ്ടതാണ്. നിര്‍ബന്ധമായ സകാത് നല്‍കാതെ ഒരാള്‍ മരണപ്പെടുന്ന പക്ഷം, അയാളുടെ അത്രയും വര്‍ഷങ്ങളിലെ സകാത് മേല്പറഞ്ഞ വിധം കണക്കാക്കി നീക്കിവെച്ച ശേഷം മാത്രമേ അയാളുടെ സ്വത്ത് വീതം വെക്കാന്പോലും കര്‍മ്മശാസ്ത്രം അനുവദിക്കുന്നുള്ളൂവെന്നത് ഏറെ ഗൌരവത്തോടെ വേണം നാം മനസ്സിലാക്കാന്‍.
അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്
2 Comments
-
-
നിസാമുദ്ധീൻ ഫൈസി
6 months ago
ഒരു ലക്ഷത്തിന്റെ കൊടുക്കണം. കടം സകാതിനെ ബാധിക്കില്ല. അത് ഏത് നിലക് നിങ്ങൾക് ഉണ്ടായ കടമാണെങ്കിലും ശരി.
-
-
Leave A Comment