ഇസ്ലാമിക മൈക്രോ ഫൈനാന്‍സിംഗ്: ഒരു പ്രായോഗിക ധനതന്ത്രം

നുഷ്യ ജീവിതത്തിന് അലങ്കാരമായി അല്ലാഹു പ്രദാനം ചെയ്ത അനുഗ്രഹമാണ് സമ്പത്ത്. ദൈവിക മാര്‍ഗ്ഗരേഖയിലധിഷ്ടിതമായി വ്യവഹരിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യന്ന് അവകാശമായി ലഭിച്ചിട്ടുണ്ട്. വിഭവ സമ്പാദനത്തിന് വേണ്ടി സ്വത്വത്തെ മറക്കുകയും ആയുസ്സ് മുഴുവന്‍ ഹോമിക്കുകയും ചെയ്യുന്ന വിവേകശൂന്യത മാനുഷികതയുടെ ഏക്കാലത്തെയും ബലഹീനതയായിരുന്നു. അതിരറ്റ സമ്പദ്‌സമൃദ്ധിയുടെയും ആഡംബരങ്ങളുടെയും അനുഗ്രഹവര്‍ഷത്തിനായി അല്ലാഹു അനുഗ്രഹിച്ചപ്പോള്‍ സ്വന്തം അസ്ഥിത്വത്തെ മറന്ന് അഹങ്കാരത്തിന്റെ മൂര്‍ത്തീ ഭാവമായി മാറുകയും അതുവഴി സ്വയം നാശത്തിന് വിധേയനാവുകയും ചെയ്ത ഖാറൂന്‍, ഭൗതികതയോടുള്ള അന്തമായ പരിരംഭനത്തിലൂടെ ചെന്നെത്തുന്ന സര്‍വ്വനാശത്തിന്റെ ഗുണപാഠം നല്‍കുന്ന ജീവത് പ്രതീകമാണ്. ഖുര്‍ആന്‍ ഈ പാഠം വിശദമായിത്തന്നെ മനുഷ്യനെ ഉത്‌ബോധിപ്പിക്കുന്നു.

”തീര്‍ച്ചയായും ഖാറൂന്‍ മൂസ(അ)ന്റെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവ് ശക്തന്മാരായ ഒരു സംഘത്തിനുപോലും ഭാരമാവുന്നവിധം നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നീ ആഹ്ലാദം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നില്‍കിയിട്ടുള്ളതിലൂടെ നീ പരലോകജീവിതം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ ഭൂമിയില്‍ നാശത്തിന് മുതിരരുത്. നാശം വിതക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. ഖാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യ കൊണ്ട് മാത്രമാണ് എനിക്കിത് ലഭിച്ചത്. എന്നാല്‍ അവന് മുമ്പ് അവനേക്കാള്‍ ശക്തരായവരും സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്നത് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെക്കുറിച്ച് കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല. അങ്ങനെ അവന്‍ ജനമധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂനിന് ലഭിചചത് പോലുള്ളത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യശാലിതന്നെ. ജ്ഞാനം നല്‍കപ്പെട്ടിട്ടള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം. വിശ്വസിക്കുകയും സല്‍കര്‍മം ചെയ്യുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല. അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു സംഘവും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷനേടുന്നവരുടെ കൂട്ടത്തിലുമായില്ല.” (ഖുര്‍ആന്‍, 28: 76-81)

സമകാലിക ലോകക്രമത്തില്‍ നാം കാണുന്ന വിരോധാഭാസങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കുള്ള ഒരു സൂചകമെന്നോണമാണ് ആമുഖമായി ഇത്രയും നല്‍കിയത്. കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങള്‍ പതിച്ച ആഡംബര കാറുകള്‍, കപ്പലുകള്‍, ആകാശ വാഹിനികള്‍, മുന്നൂറിലേറെ അറകളുള്ള അലങ്കാരങ്ങളുടെ കൊട്ടരവുമുള്ള അറേബ്യന്‍ രാജകുമാരന്റെ കേളിയും, തലചായ്കാന്‍ കൂരയില്ലാതെ ഒരു നേരം പോലും ശുദ്ധജലം കുടിച്ച് ദാഹം തീര്‍ക്കാന്‍ വിധിയില്ലാത്ത കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ അതിദയനീയ രോധനവും ഉത്തരാധുനികതയുടെ നേര്‍ക്കാഴ്ചകളാണ്. ലോകത്തെ പ്രമുഖരായ ഏഴ് സമ്പന്നര്‍ ഒത്തൊരുമിച്ചാല്‍ മാത്രം നൂറ് മില്യണിലേറെ പട്ടിണിപ്പാവങ്ങളെ ദാരിദ്രത്തില്‍ നിന്ന് വിമുക്തമാക്കാന്‍ സാധിക്കുമെന്നത് പച്ചയായ വസ്തുതയാണ്.

ബാങ്കിംഗ്

വ്യക്തികളുടെ മടിശ്ശീലകളില്‍ കുമിഞ്ഞുകൂടിയ സമ്പത്തിന്റെ സമഗ്രമായപ്രസരണത്തിന് വഴി തുറന്ന ഒരു സംവിധാനമായിരുന്നു ബാംങ്കിംഗ്. വ്യാവസായിക വിപ്ലവം ബാങ്കിംഗിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി. സമ്പന്നരായ കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് പണം കടമായി നല്‍കിയിരുന്ന പുരാതന സമ്പ്രദായമാണ് ബാങ്കിംഗിന്റെ ആദിമരൂപമായി ഗണിക്കപ്പെടുന്നത്. അധ്വാനമില്ലാതെ പണം സമ്പാദിക്കാന്‍ പലിശക്ക് കടം കൊടുത്ത് പാവങ്ങളെ മുഴുപട്ടിണിയിലേക്ക് തള്ളിവീഴ്ത്തുന്ന പ്രാകൃത രൂപം സാമ്പ്രദായിക ബാങ്കിംഗ് സംവിധാനത്തിന്റെ മുഖമുദ്രയാണ്. പാവങ്ങള്‍ക്ക് ആശ്രിതത്വം നല്‍കുന്നതിന് പകരം അവര്‍ അവരെ പ്രലോഭനങ്ങള്‍ നല്‍കി ചതിക്കുഴിയില്‍ വീഴ്ത്തുകയും പരമാവധി ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നു. മതങ്ങളുടെയൊന്നും പിന്തുണയില്ലെങ്കിലും പണത്തോടുള്ള ആസക്തി പലിശയെ പരിരംഭണം ചെയ്യാന്‍ മനുഷ്യനെമൃഗീയമായി പ്രേരിപ്പിക്കുന്നു.

മൈക്രോ ഫൈനാന്‍സിംഗ്

ബാങ്കുകള്‍ ദരിദ്രര്‍ക്ക് അപ്രാപ്യമാവുന്നതിലൂടെ ദാരിദ്ര നിര്‍മാര്‍ജ്ജനത്തിന്റെ സാധ്യതകള്‍ ഇല്ലാതെയാണ് ഇന്നും ലോകത്തിന്റെ മുഴുവന്‍ ദിക്കുകളിലും പട്ടിണി കോലങ്ങള്‍ വിമോചനത്തിന് വഴികാണാതെ വലയുന്നത്. ഇവിടെയാണ് മൈക്രോ ഫൈനാന്‍സിംഗിന്റെ സാധ്യതകള്‍ വഴിതെളിയുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിഭാഗത്തിന്റെ നിക്ഷേപസമാഹരണ കൂട്ടായ്മയെന്ന് മൈക്രോ ഫൈനാന്‍സിംഗ് വിവക്ഷിക്കപ്പെടാവുന്നതാവുന്നതാണ്. മഹല്ല് തലത്തിലുള്ള പ്രാദേശികകൂട്ടായ്മകള്‍ സംഘടനാ സംവിധാനങ്ങള്‍ തുടങ്ങി ബഹുമുഖമായ മാനദണ്ഡങ്ങള്‍ ഇത്തരമൊരു സംരംഭത്തിന്റെ സ്ഥാപനമാനദണ്ഡമായി സ്വീകരിക്കാവുന്നതാണ്. കേരളത്തില്‍ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ക്ക് സൃഷ്ടിപരമായ ഒരു പാട് ഫലങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിക്കുമെന്ന് അനുഭവങ്ങള്‍ നമുക്ക് പാഠം നല്‍കുന്നു. ശാസ്ത്രീയമായ സുഭദ്രതയിലൂടെ കെട്ടിപ്പടുക്കുന്ന മൈക്രോഫൈനാന്‍സിംഗ് സൊസൈറ്റികള്‍ക്ക് ദാരിദ്രനിര്‍മാര്‍ജ്ജനരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിന് ലോകതലത്തില്‍ ഒരുപാട് മാതൃകകള്‍ സാക്ഷിയാണ്. കൈത്തൊഴിലുകളിലും മറ്റു ചെറുകിട സംരംഭകര്‍ക്കും ലോണ്‍ നല്‍കുന്നത് മുഖേന സാമ്പത്തിക പിന്നോക്കം നില്‍കുന്ന ദുര്‍ബല വിഭാഗങ്ങള്‍ അഭിവൃദ്ധിയും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സഹായകമായി ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ദന്‍ ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ച് വിപ്ലവം സൃഷ്ടിച്ചത് ലോകശ്രദ്ധ പിടിച്ചു പറ്റിയ സംഭവമാണ്.

ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സിംഗ്

പലിശയില്‍ നിന്ന് വിമുക്തമായ, ഇസ്‌ലാമിക ശരീഅത്തിന് വിധേയമായ വ്യവസ്ഥിതിയാണ് ഇസ്‌ലാമിക് മൈക്രോ ഫൈനാന്‍സിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാമിന്റ സമഗ്രമയ കാഴ്ചപ്പാട് ഇതോടൊപ്പം ചേര്‍ത്തുവായിക്കപ്പെടണം. സമ്പത്തിന്റെ വികേന്ദ്രീകരണത്തിന് നിര്‍ബന്ധവും ഐച്ഛികവുമായ ദൈവികനിര്‍ദേശങ്ങള്‍ സുവിതിതമാണെല്ലോ. ദാരിദ്രനിര്‍മാര്‍ജ്ജനത്തിന് സകാത്തിനോളം ഫലപ്രദമായ മറ്റൊരു സാമഗ്രിയും (ടൂള്‍) ഇല്ലെന്നത് കാലം തെളിയിച്ച സത്യമാണ്.

ഇസ്‌ലാമികമായി സാമ്പത്തിക വ്യാവഹാരത്തെ രണ്ടായി തരം തിരിക്കാവുന്നതാണ്. ധനാധിഷ്ടിത ലാഭരഹിത രീതി(ചാരിറ്റി ബേസ്ഡ് ആന്റ് നോണ്‍ പ്രൊഫിറ്റ് മോഡ്)യും വാണിജ്യാധിഷ്ഠിത ലാഭ ലക്ഷീകൃത രീതിയും (മാര്‍ക്കറ്റ് ബേസ്ഡ് ആന്റ് ഫോര്‍ പ്രൊഫിറ്റ് മോഡ്) സക്കാത്ത്, സ്വദഖ, വഖ്ഫ്, കടം (ഫര്‍ള് ഐന്‍) തുടങ്ങിയവ ഒന്നാമത്തെ രീതിയാല്‍ വരുന്നതാണ്. സമ്പത്തിന്റെ വിധാതാവായ അല്ലാഹുവിന്റെ വ്യവസ്ഥിതിക്ക് വഴിപ്പെടുന്നതോടൊപ്പം ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സുസ്ഥിരതയുടെ ഭദ്രമായ അടിത്തറകളാണ് ഉപര്യുക്ത വ്യവഹാരങ്ങള്‍ അവയുടെ നടത്തിപ്പ്, മേല്‍നോട്ടം, അത്ഭുകരമായ അനന്തരഫലങ്ങള്‍ തുടങ്ങിയവ വിശദമായ വിശകലനത്തിന് വിധേയമാകേണ്ടതാണ്.

എന്നാല്‍ സാധാരണക്കാര്‍ക്ക് ദരിദ്ര ജനവിഭാഗങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിതിയും സഹായവും നല്‍കുന്നതോടൊപ്പം കമ്പോള ചെറുകിട വ്യാവസായിക രംഗങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും മൈക്രോ ഫൈനാന്‍സിംഗ് വഴി സാധ്യമാണ്. മഹല്ല് അധിഷ്ടിതമായി ഇത്തരത്തില്‍ സൊസൈറ്റികള്‍ രൂപീകരിച്ച് ഇസ്ലാമിന്റെ നിയമാവലിക്കധിഷ്ടിതമായി കൃത്യമായി പ്ലാന്‍ചെയ്ത് ഫണ്ട് സ്വരൂപിക്കുകയും ഹലാലായ ബിസിനസ്സുകളില്‍ ഇറക്കി ലാഭവിഹിതങ്ങള്‍ അംഗങ്ങള്‍ക്ക് നിക്ഷേപത്തിന്റെ ആനുപാതികമായി വിതരണം ചെയ്യുകയും ചെയ്ത് ചെറുതില്‍ തുടങ്ങി വലുതായി വികസിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. ഭൗതികമായ സുസ്ഥിതിക്ക് മനുഷ്യന്ന് ആവശ്യമായ ഇടപാടുകള്‍ക്ക് ഇസ്ലാമിക ഫിഖ്ഹില്‍ വ്യക്തമായ മാര്‍ഗ്ഗരേഖകളുണ്ട്. അധുനാതന സാഹചര്യത്തില്‍ ഇവയെ പ്രായോഗികമായി ഉപയോഗിക്കുക വഴി ബാങ്ക് ഇടപാടുകള്‍ വഴി ഹറാമില്‍ അകപ്പെടുന്ന സാഹചര്യവും ഒഴിവാക്കാവുന്നവയാണ്.

ഉദാഹരണത്തിന് ഇസ്ലാമിക ബാങ്കുകളും മൈക്രോ സൊസൈറ്റികളും ഉപയോഗിക്കുന്ന ഒരു വ്യവഹാര രീതി മുശാറക്ക മുതനാഖിസ് (ഡിമിനിഷിംഗ് പാര്‍ട്ണര്‍ഷിപ്പ്) അഞ്ച് ലക്ഷം രൂപ വിലയുള്ള ഒരു വീട് വാങ്ങാന്‍ മുഹമ്മദിന്റെ കൈവശമുള്ളത് ഒരു ലക്ഷം മാത്രം. മുഹമ്മദ് സൊസൈറ്റിയെ സമീപിക്കുകയും ബാക്കിയുള്ള നാല് ലക്ഷം സൊസൈറ്റി ഏറ്റെടുക്കുകയും ചെയ്യുന്നു. അഥവാ വീടിന്റെ 80% ഉടമസ്ഥാവകാശം സൊസൈറ്റിക്കും 20%മുഹമ്മദിനും സ്വന്തമാണ്. സൊസൈറ്റിക്ക് മുഹമ്മദിന് ഈ വീട് ഉപയോഗിക്കാന്‍ വിട്ടുകൊടുക്കുകയും 80%വിഹിതത്തിന് പ്രതിമാസ വാടക ഈടാക്കുകയും ചെയ്യുന്നു.

വാടക നല്‍കുന്നതോടൊപ്പം വീടിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള വിഹിത(ഷേര്‍)മായി പ്രതിമാസം മറ്റൊരു തുകയും മുഹമ്മദ് അടക്കുന്നു. 10വര്‍ഷമോ 5വര്‍ഷമോ എത്രയായാലും കൃത്യമായി കണക്കാക്കി 4വലക്ഷം കൊടുത്തുവിട്ടി വീട് മുഹമ്മദ് സ്വന്തമാക്കുന്നു. സൊസൈറ്റിക്ക് വാടക ഇനത്തില്‍ പ്രതിമാസം കിട്ടിയത് ലാഭകരമായ ഒരു ബിസിനസ്സ് ആവുകയും ചെയ്യുന്നു. കൃത്യമായ മാനദണ്ഡവും ആനുപാതികവും പാലിച്ചുകൊണ്ട് ഒരേ സമയം സഹായവും ലഭാകരമായ സംരംഭവവുമായി ഇതിനെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതു പോലെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ മുന്‍ഗണന നല്‍കി സാഹചര്യങ്ങളുടെ സാധ്യകള്‍ പ്രയോജനപ്പെടുത്തിയാല്‍ നാടിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന കൂട്ടായ്മകളായി ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter