ഹജ്ജ്: ചില പ്രത്യേക കാര്യങ്ങള്‍

ഇഹ്‌റാം ചെയ്യുമ്പോള്‍ ഹജ്ജിന്ന് എന്നോ ഉംറക്ക് എന്നോ രണ്ടിന്നും കൂടിയെന്നോ നിജമാക്കി കരുതലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഒന്നും നിജപ്പെടുത്താതെ ഞാന്‍ ഇഹ്‌റാം ചെയ്യുന്നു എന്നു മാത്രം കരുതിയാല്‍, അത് ഹജ്ജിന്റെ മാസത്തിലാണെങ്കില്‍ പിന്നീട് ഹജ്ജ് എന്നോ ഉംറ എന്നോ ഹജ്ജും ഉംറയും കൂടി എന്നോ നിജപ്പെടുത്തിയാല്‍ മതിയാകും.  ഹജ്ജിന്റെ മാസമല്ലെങ്കില്‍ ഉംറയെന്ന് മാത്രമേ നിജപ്പെടുത്താന്‍ പറ്റുകയുള്ളൂ. നിയ്യത്ത് വായകൊണ്ട് ഉച്ചരിക്കുന്നതും നിയ്യത്തിന്റെ ശേഷം തല്‍ബിയത്ത് ചൊല്ലുന്നതും സുന്നത്താണ്. ഹജ്ജിന്റെ നിയ്യത്ത് ഇപ്രകാരമാണ്:

(അല്ലാഹുവിന്നുവേണ്ടി ഹജ്ജിനെ ഞാന്‍ കരുതുകയും അതിന്ന് ഞാന്‍ ഇഹ്‌റാം കെട്ടുകയും ചെയ്തു.) ഉംറയുടെ നിയ്യത്ത്: (അല്ലാഹുവിന്നുവേണ്ടി ഉംറയെ ഞാന്‍ കരുതുകയും അതിന്നു ഞാന്‍ ഇഹ്‌റാം കെട്ടുകയും ചെയ്തു.) ഹജ്ജിന്നും ഉംറക്കും കൂടിയുള്ള നിയ്യത്ത്: (അല്ലാഹുവിന്നുവേണ്ടി ഹജ്ജിനെയും ഉംറയെയും ഞാന്‍ കരുതുകയും അവരണ്ടിന്നും ഇഹ്‌റാം കെട്ടുകയും ചെയ്തു.) തല്‍ബിയത്ത് ഇപ്രകാരമാണ്: (അല്ലാഹുവേ, ഞാനിതാ നിന്റെ ക്ഷണം വീണ്ടും വീണ്ടും സ്വീകരിച്ചു നിന്റെ തിരുസന്നിധിയിലേക്ക് വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല, നിനക്കാണ് സ്‌ത്രോത്രവും അനുഗ്രഹവും ആധിപത്യവും. നിനക്കു പങ്കുകാരനേയില്ല.) കഅ്ബാ ത്വവാഫ് ചെയ്യുമ്പോഴും സഫാ മര്‍വക്കിടയിലുള്ള സഅ്‌യിലും തല്‍ബിയത്ത് സുന്നത്തില്ല.

ഇഹ്‌റാമിന്നും മക്കയില്‍ കടക്കാനും അറഫയിലെ നിറുത്തത്തിന്നും മുസ്ദലിഫയിലെ രാപാര്‍ക്കലിന്നും പെരുന്നാളിന്നു രാവിലെയും അയ്യാമുത്തശ്‌രീഖിലെ കല്ലേറിന്നും കുളിക്കലും അത്തര്‍ മുതലായ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കലും സ്ത്രീകള്‍ക്ക് ഇഹ്‌റാമിന്ന് മുമ്പ് രണ്ട് മുന്‍കൈ മണിബന്ധം വരെ മൈലാഞ്ചികൊണ്ട് ചായം പിടിപ്പിക്കലും സുന്നത്താണ്. കറാഹത്തായ സമയമല്ലാത്തപ്പോള്‍ ഇഹ്‌റാമിന്റെ മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ സ്ത്രീക്കും പുരുഷന്നും സുന്നത്തുണ്ട്. ഇഹ്‌റാം ചെയ്തശേഷം തല്‍ബിയത്ത് അധികമാക്കുന്നതും പരുഷന്മാര്‍ ശബ്ദം ഉയര്‍ത്തി ചൊല്ലുന്നതും, വാഹനത്തിലും ഉയരമുള്ള സ്ഥലങ്ങളിലും കയറുകയും അവിടന്ന് ഇറങ്ങുകയും സ്‌നേഹിതന്മാരെ കണ്ട് മുട്ടുകയും രാപകല്‍ മാറിവരികയും ചെയ്യുമ്പോഴെല്ലാം തല്‍ബിയത്ത് ചൊല്ലുന്നതും പ്രത്യേകം ബലമായ സുന്നത്താണ്.

തല്‍ബിയത്തിന്ന് ശേഷം നബി യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലലും തല്‍ബിയത്ത് മൂന്നു വട്ടം ചൊല്ലിയ ശേഷം

(അല്ലാഹുവേ, തീര്‍ച്ചയായും നിന്റെ തൃപ്തിയേയും സ്വര്‍ഗ്ഗത്തേയും നിന്നോട് ഞാന്‍ ചോദിക്കുകയും നരകത്തില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു) എന്ന് ഒരു പ്രാവശ്യം ചൊല്ലുന്നതും അറഫയിലേക്ക് പോകല്‍ മക്കയില്‍ പ്രവേശിച്ചതിന്ന് ശേഷമാകുന്നതും മക്കയില്‍ പ്രവേശിക്കുമ്പോള്‍ സനിയ്യത്തുകുദാ എന്ന സ്ഥലത്തു കൂടിയാകുന്നതും സുന്നത്താകുന്നു.

മക്കയില്‍ കടന്ന് കഅ്ബ ആദ്യമായി ദൃഷ്ടിയില്‍ പെട്ടാല്‍ കൈരണ്ടും ഉയര്‍ത്തി ഇങ്ങനെ ദുആ ചെയ്യണം:

(അല്ലാഹുവേ, നിന്റെ ഈ ഭവനത്തിന്ന് ശ്രേഷ്ഠതയും മഹത്വവും ബഹുമാനവും നന്മയും നീ വര്‍ദ്ധിപ്പിക്കേണമേ! അല്ലാഹുവേ, നീ രക്ഷയുട ഉടമയാണ്. നിന്റെ പക്കല്‍ നിന്നാണ് രക്ഷ. ഞങ്ങളെ നീ രക്ഷയോടുകൂടി  ജീവിപ്പിക്കേണമേ!) കഅ്ബയുടെ അടുത്തുള്ള പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ബാബുബനീശൈബ എന്ന ഗേറ്റിലൂടെ കടക്കല്‍ സുന്നത്താണ്. (ഈ ഗേറ്റ് ഇന്ന് ദൃശ്യമല്ല. ഇതിന്റെ സ്മരണക്കായി കറുത്ത പതിനാല് മാര്‍ബിള്‍കല്ലുകള്‍ ഇതിന്റെ സഥാനത്ത് പതിച്ചിട്ടുണ്ട്. ഇബ്രാഹീം മഖാമിന്റെ പിന്നിലാണിത്.)

പള്ളിയില്‍ കടന്ന ഉടന്‍ ഖുദൂമി (ആഗമനത്തി)ന്റെ ത്വവാഫ് സുന്നത്താണ്. നമസ്‌കാരം ഖളാആകുമെന്ന് ഭയപ്പെട്ടാലും ജമാഅത്ത് ആരംഭിക്കാന്‍ അടുത്താലും അതിന്നു ശേഷമേ ത്വവാഫ് ആരംഭിക്കാവൂ. കച്ചവടം മുതലായ ആവശ്യങ്ങള്‍ക്കായാലും മക്കയില്‍ ഇഹ്‌റാമോടുകൂടി പ്രവേശിക്കലാണ് സുന്നത്ത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter