ഇസ്‌ലാമിക് ബാങ്കിംഗ് ഇടപാടുകള്‍ :ചരിത്ര വായന

മനുഷ്യന്റെ സാമൂഹിക ജീവിത ക്രമത്തില്‍ സാമ്പത്തിക വ്യവഹാരങ്ങള്‍ക്കും വാണിജ്യ ഇടപാടുകള്‍ക്കുമുള്ള പ്രാധാന്യം എടുത്തുപറയേണ്ടതില്ല. അറിയപ്പെട്ട എല്ലാ പൗരാണിക സംസ്കാരങ്ങളിലും നിയതമായ സാമ്പത്തിക ക്രമങ്ങളും വാണിജ്യ ചട്ടങ്ങളും നിലനിന്നിരുന്നതായി കാണാം. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും കൃത്യമായി ഇടപെടുന്ന ഒരു ആദര്‍ശമെന്ന നിലയില്‍ ഇസ്‌ലാം അതിന്റേതായ സാമ്പത്തികനയങ്ങളും നിലപാടുകളും മുന്നോട്ടു വച്ചിട്ടുണ്ട്. സമ്പത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലുമെന്ന പോലെ മനുഷ്യര്‍ തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ഇടപാടുകളിലും കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അത് പഠിപ്പിച്ചിട്ടുണ്ട്.

ആധുനിക മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ബാങ്കിംഗ് സംവിധാനം. ഉപഭോക്താവില്‍ നിന്ന് പണം സ്വീകരിക്കുക്ക, ആവശ്യക്കാര്‍ക്ക്‌ പണം കടം നല്‍കുക, നാണയ കൈമാറ്റം നടത്തുക, പണത്തിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പണത്തിനു പകരം അതിന്റെ സ്ഥാനത്ത്‌ ഉപയോഗിക്കാവുന്ന ചെക്ക്പോലോത്ത രേഖകള്‍ നല്‍കുകയും അത് മാറി പണമാക്കാന്‍ സൌകര്യം ഒരുക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അടിസ്ഥാനപരമായി ബാങ്കിംഗ് സേവനങ്ങളായി ഗണിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ബാങ്കിംഗ് സംവിധാനത്തിന്റെ ചരിത്രം അന്വേഷിക്കുന്നവര്‍ മിക്കാവാറും എത്തിപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലേക്കാണ്. മറ്റു പല മേഖലകളിലുമെന്ന പോലെ ചരിത്രത്തിന്റെ കൃത്യമല്ലാത്ത വായനയുടെ ഫലമാണിത്. ശാസ്ത്ര ചരിത്രം പഠിപ്പിക്കപ്പെടുമ്പോള്‍ മുസ്‌ലിം സംഭാവനകള്‍ തമസ്കരിക്കപ്പെടുന്നത് പോലെ സാമ്പത്തിക ചരിത്രത്തിലെ അരികുവത്കരണമൂലം ഇസ്‌ലാമിക സാമ്പത്തിക ചരിത്രം മുഖ്യാധാര ചരിത്രത്തില്‍ നിന്ന് പുറത്താണ്.

പ്രവാചക കാലഘട്ടം മുതല്‍ തന്നെ ആധുനിക ബാങ്കിംഗ് സംവിധാനത്തോട് അടുത്തുനില്‍ക്കുന്ന സംരംഭങ്ങള്‍ നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയും. മദീനയിലെത്തിയ പ്രവാചകന്‍ (സ) മസ്ജിദ്‌ നബവിയുടെ നിര്‍മാണശേഷം ആദ്യമായി ചെയ്തത് മാര്‍ക്കറ്റ്‌ (സൂഖ്) സ്ഥാപിക്കലായിരുന്നു. മദീനയിലെ അന്‍സാറുകളും മക്കയിലെ മുഹാജിറുകള്‍ക്കുമിടയില്‍ സ്ഥാപിച്ച സാഹോദര്യ ബന്ധത്തിലൂടെ മദീനയിലെ സാമ്പത്തിക ക്രയശേഷയില്‍ മേല്‍ക്കോയ്മ നിലനിറുത്തിയിരുന്ന ജൂതന്മാര്‍ക്കൊപ്പമെത്താന്‍ മുസ്‌ലിംകളെ സഹായിച്ചു. പലിശ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന ജൂതരുടെ ബനീ ഖൈനഖാഅ സൂഖിലായിരുന്നു മുസ്‌ലിംകള്‍ ആദ്യം വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്നത്. പലിശ രഹിതവും ഇസ്‌ലാമിക നിയമങ്ങളില്‍ അധിഷ്ഠിതവുമായ ഒരു സൂഖ് സ്ഥാപിക്കേണ്ടത് അത്യാവശ്യമായി കണ്ട നബി(സ) ജൂതരുടെ സൂഖിനടുത്തായി ഒരു സൂഖ് സ്ഥാപിക്കാന്‍ ഒരുങ്ങി. ജൂത നേതാവായിരുന്ന കഅബ് ബിന്‍ അഷ്‌റഫിന്റെ എതിര്‍പ്പ് കാരണം അത് അവിടെ നിന്ന് കുറച്ചു കൂടി വിശാലമായ മറ്റൊരിടത്തേക്ക് മാറ്റി. ശേഷം നബി (സ) പറഞ്ഞു: “ഇത് നിങ്ങളുടെ സൂഖാണ്. ഇവിടെ നിങ്ങള്‍ക്ക്‌ സൗകര്യം കുറയുകയില്ല . ഇതിന്റെ മേല്‍ നികുതി വാങ്ങപ്പെടുകയുമില്ല”. (സുനന് ഇബ്നു മാജ). പ്രത്യേകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാത്ത വിശാലമായ ഏരിയയായിരുന്നു പ്രവാചകന്‍ സ്ഥാപിച്ച സൂഖ്. ആര്‍ക്കും പ്രത്യേകം സ്ഥലം റിസര്‍വ്‌ ചെയ്യപ്പെടാതെ ഓരോ ദിവസവും ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരുന്നു സൗകര്യം നല്‍കപ്പെട്ടിരുന്നത്.

ഡിപോസിറ്റ് ബാങ്കിംഗ്

ഉപഭോക്താക്കളുടെ പണം നിക്ഷേപമായി തങ്ങളുടെ അടുത്ത്‌ സൂക്ഷിക്കുകയും അത് തങ്ങളുടെ ലാഭകരമായ ഇടപാടുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ആവശ്യപ്പെടുമ്പോള്‍ ഉപഭോക്താവിന് തിരിച്ചുനല്‍കുകയും ചെയ്യുന്ന നിക്ഷേപക ബാങ്കിംഗ് സംവിധാനം ആധുനിക ബാങ്കുകളുടെ അടിസ്ഥാന പ്രവര്‍ത്തനമാണല്ലോ. സമാനമായ സാമ്പത്തിക ഇടപാട് പ്രവാചക കാലഘട്ടത്തില്‍ തന്നെ നടന്നാതായി ഇസ്‌ലാമിക ചരിത്രം വിളിച്ചോതുന്നു. പ്രമുഖ സ്വഹാബിവര്യനായിരുന്ന സുബൈര്‍ ബിന്‍ അല്‍-അവ്വാം (റ) ഇത്തരത്തിലുള്ള ഇടപാട്‌ നടത്തിയിരുന്നു. പണം സൂക്ഷിക്കാനും നിക്ഷേപിക്കാനുമായി ആളുകള്‍ സുബൈര്‍ (റ)വിനെ സമീപിക്കുമ്പോള്‍ ആ പണം സൂക്ഷിപ്പ്‌ സ്വത്താ(അമാനത്ത്‌)യി സ്വീകരിക്കുന്നതിനു പകരം കടമായിട്ടാണ് സ്വീകരിച്ചിരുന്നത്. (ബുഖാരി)അങ്ങനെയാവുമ്പോള്‍ ആ പണത്തിനു ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടം സംഭവിച്ചാലും അത് തിരിച്ചുകൊടുക്കേണ്ട ബാധ്യത അദ്ദേഹത്തിനു വന്നുചേരുകയും അതേസമയം അതു ഉപയോഗപ്പെടുത്തി ബിസിനസും മറ്റു ഇടപാടുകളും നടത്താന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ സുബൈര്‍ (റ)വിന്റെ അടുക്കല്‍ ലഭിച്ച നിക്ഷേപ സംഖ്യ അദ്ദേഹത്തിന്റെ മരണ സമയത്ത്ഇരുപത്തിരണ്ടു ലക്ഷം ദിര്‍ഹം (അന്നത്തെ വെള്ളിനാണയം)മായിരുന്നുവെന്നു ‘ഥബഖാത്തില്‍’ ഇബ്നു സഅദ് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മൊത്തം ആസ്തി അമ്പത്‌ ദശലക്ഷ(മില്യന്‍)ത്തിലധികമായിരുന്നു.

അദ്ദേഹത്തിന്റെ ബാങ്കിംഗ് സംവിധാനത്തിന്റെ ബ്രാഞ്ചുകള്‍ എന്ന് വിളിക്കപ്പെടവുന്ന രീതിയില്‍ ബസറയിലും കൂഫയിലും ഈജിപ്തിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടുകള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി ചില എഴുത്തുകാര്‍ അഭിപ്രായപ്പെടുന്നു. നിക്ഷേപം നല്‍കിയവര്‍ക്ക്‌ പണം തിരിച്ചു നല്‍കുന്നതിന് വേണ്ടി നാലു വര്‍ഷം വരെ അദ്ദേഹത്തിന്റെ അനാന്തരവകാശ സ്വത്ത്‌ വിഹിതം വെക്കാതെ അദ്ദേഹത്തിനും മകനും സ്വഹാബിയുമായ അബ്ദുല്ല കാത്തിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. (ഹിശാം).

പേയ്മന്റ് ബാങ്കിംഗ്

വിവിധതരത്തിലുള്ള പേയ്മന്റ്റ്‌ സംവിധാനങ്ങള്‍ ബാങ്കിംഗിന്റെ പ്രധാന ഭാഗമാണ്. ചെക്കുകളും ഡിഡികളും അതിന്റെ ഏറ്റവും പുതിയ രൂപമായ കാര്‍ഡുകളും ഇലക്ട്രോണിക് ബാങ്കിംഗുമെല്ലാം പണം ഒരു സ്ഥലത്ത്‌ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റുന്നതിനും മറ്റൊരാള്‍ക്ക്‌ വേഗത്തില്‍ കൈമാറുന്നതിനും സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കുന്നതിനും സഹായിക്കുന്നു. കറന്‍സി എക്സ്ചേഞ്ചും ട്രേഡിംഗും മറ്റുമൊക്കെ ഇത്തരം ഇടപാടുകളുടെ ഭാഗമായി വരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന്റെ പ്രാഥമിക രൂപങ്ങള്‍ ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടത്തില്‍ തന്നെ കാണാന്‍ കഴിയും.

മക്കയില്‍ താമസമാക്കിയ അബ്ദുല്ലാഹിബ്നു സുബൈര്‍ (മേല്‍ സൂചിപ്പിച്ച സുബൈര്‍ (റ) വിന്റെ മകന്‍) ഹാജിമാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും ദിര്‍ഹം സ്വീകരിക്കുകയും ഇറാഖിലെ കൂഫയിലുള്ള തന്റെ സഹോദരന്‍ മിസ്‌അബില്‍ നിന് അവക്ക്‌ പകരം ദിര്‍ഹം നല്‍കാന്‍ എഴുത്ത് കൊടുത്തുഅയക്കുകയും ചെയ്തിരുന്നു. യാത്രക്കാരുമം കച്ചവടക്കാരും ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. ഇബ്നു അബ്ബാസ്‌ (റ)വും ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്നു (ഇമാം സര്ഖസി – അല്‍ മബ്സൂത്).

ദീനാറും (സ്വര്‍ണ്ണം) ദിര്‍ഹമും (വെള്ളി) തമ്മിലുള്ള കൈമാറ്റങ്ങളും അക്കാലത്ത്‌ നടന്നിരുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറയുന്നു: ഞാന്‍ ഒട്ടകത്തെ ദീനാറിനു (ദീനാറിന്റെ വിലയനുസരിച്ച്) വില്‍ക്കും. ശേഷം അതിനു പകരം ദിര്‍ഹം സ്വീകരിക്കും. (ചിലപ്പോള്‍) ദിര്‍ഹമിന്റെ വിലക്ക് വില്‍ക്കും ശേഷം ദീനാര്‍ സ്വീകരിക്കും. പിന്നീട് അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് ചില സംശയങ്ങള്‍ തോന്നിയപ്പോള്‍ ഹഫ്സയുടെ വീട്ടിലായിരിക്കെ നബി (സ)യുടെ അടുത്ത്‌ചെന്നു. നബി (സ) അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ വിഷയം ചോദിച്ചു. അപ്പോള്‍ നബി (സ) പ്രതിവചിച്ചു: അവ രണ്ടും (ദീനാറും ദിര്‍ഹമും) അന്നേദിവസത്തെ അവയുടെ മൂല്യമനുസരിച്ച്, ബാധ്യത ഒന്നും ബാക്കിയാക്കാതെ നിങ്ങള്‍ (ഇടപാട്‌ സദസ്സില്‍ നിന്ന്) വിട്ടുപിരിയുന്നതിനുമുമ്പ് സ്വീകരിക്കുകയാണെങ്കില്‍ കുഴപ്പമില്ല. (അല്‍-മുസ്തദ്റക് – ഹാകിം). കറന്‍സിയുടെ ദൈനംദിന മൂല്യത്തെക്കുറിച്ച് പോലും സൂചിപ്പിക്കുന്ന ഈ ഹദീസ് സാമ്പത്തിക ഇടപാടുകളില്‍ ഇസ്‌ലാമിക ലോകം എത്രമാത്രം പുരോഗമിച്ചിരുന്നുവെന്ന് മനസ്സിലാക്കി തരുന്നു.

സഫ്തജ എന്നറിയപ്പെടുന്ന ഹവാല (പണകൈമാറ്റ ഇടപാട്‌) സംവിധാനം പില്‍ക്കാലത്ത്‌ ഇസ്‌ലാമിക ലോകത്ത്‌ ഏറെ പ്രസിദ്ധമായിരുന്നു. ബസറയിലും കൂഫയിലുമൊക്കെ ‘സ്വൈറഫി’ എന്നറിയപ്പെട്ടിരുന്ന സ്വകാര്യ പണമിടപാടുകാരായിരുന്നു പണകൈമാറ്റവും ലഭ്യതയും നിയന്ത്രിച്ചിരുന്നത്. നേരിട്ട് പണം കൈമാറുന്നതിനു പകരം ‘സ്വൈറഫികള്‍’ നല്‍കുന്ന സഫ്തജകളിലൂടെയാണ് വിവിധ സ്ഥലങ്ങളില്‍ പണം കൈമാറിയിരുന്നത്. ‘സ്വൈറഫി’എന്ന പദത്തിന്റെ മൂലധാതു ‘സ്വറഫ’യാണ്. ഇതില്‍ നിന്ന് തന്നെയ്യാണ് ബാങ്കിങ്ങ്മായി ബന്ധപ്പെട്ട ആധുനിക വാക്കുകള്‍ അറബി ഭാഷയില്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. മസ്റഫ്‌ (ബാങ്ക്) സ്വറാഫ (മണി എക്സ്ചേഞ്ച്), സ്വര്‍റാഫ് (ടെല്ലര്‍) തുടങ്ങിയവ അതിനുദാഹരണമാണ്.

ലോകത്തെ ആദ്യത്തെ ചെക്കിന്റെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിലെ ലണ്ടനിലെ ഒരു സ്വര്‍ണ്ണപണിക്കാരനിലാണ് സാമ്പത്തിക ചരിത്രം എഴുതുന്നവര്‍ കൊണ്ടെത്തിക്കുന്നതെങ്കില്‍ അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ് (ഹിജ്റ നാലാം നൂറ്റാണ്ടില്‍) സിറിയയിലെ അലപ്പോ പ്രവിശ്യയിലെ അമീറായിരുന്ന സൈഫുദൗല അല്‍-ഹംദാനി നല്‍കിയ ചെയ്ത ഒരു ചെക്കിന്റെ കഥ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഇസ്‌ലാമിക സംസ്കാരത്തെക്കുറിച്ച് വിജ്ഞാനകോശമെന്നു വിളിക്കപ്പെടാവുന്ന രീതിയില്‍ ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്തഅഹമദ്‌ അമീന്‍ ദുഹ്റുല്‍ ഇസ്‌ലാം എന്ന തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. വേഷംമാറി ഒരു വീട്ടിലെത്തിയ അദ്ദേഹം നല്‍കിയ പേപ്പര്‍ കഷ്ണവുമായി ബഗ്ദാദിലെ ഒരു “സ്വൈറഫി’യുടെ അടുത്തെത്തിയ വീട്ടുടമസ്ഥന് ആയിരം ദീനാര്‍ ലഭിക്കുകയും സൈഫുദൗല അല്‍-ഹംദാനിയുടെതാണ് ഇതെന്നു ആ “സ്വൈറഫി’ വീട്ടുടമസ്ഥനു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നആ സംഭവം യൂറോപ്യന്‍മാര്‍ ഇത്തരമൊരു ബാങ്കിംഗ് ഉപകരണത്തെക്കുറിച്ച് ചിന്തിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്‌ലാമിക ലോകത്ത് അത് നിലനിന്നിരുവെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍‘സ്വക്ക്‌’ എന്ന അറബി പദത്തില്‍ നിന്നാണ് ചെക്കിന്റെ ഉത്ഭവം തന്നെ.

കടമിടപാടുകള്‍

ബിസിനസ് നാടത്തുന്നവര്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും പണലഭ്യത ഉറപ്പുവരുത്തുന്നതിന് അവര്‍ക്ക്‌ ധനം കട(ലോണ്‍)മായി നല്‍കുന്നത് ഇന്നത്തെ ബാങ്കുകളുടെ പ്രധാന പ്രവര്‍ത്തനമാണല്ലോ. ഇസ്‌ലാമിന്റെ ആദ്യകാലത്ത്‌ ഈ ധര്‍മ്മം നിര്‍വഹിച്ചിരുന്നത് മുസ്‌ലിംകളുടെ പൊതു ഖജനാവായ ‘ബൈത്തുല്‍ മാല്‍’ ആയിരുന്നു. ഉമര്‍ (റ) ബൈത്തുല്‍ മാലില്‍ നിന്ന് എണ്‍പതിനായിരത്തോളം ദിര്‍ഹം കടമെടുത്തിരുന്നതായി വിവിധ ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ഉസ്മാന്‍ (റ)വിന്റെ ചരിത്രത്തിലും സമാനാമായ കടമെടുപ്പ്‌ രേഖപ്പെടുത്തുന്നുണ്ട്. പലപ്പോഴും ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഈ കടമെടുപ്പ്‌. സമയത്ത്‌ തന്നെ അത് വീട്ടാനും അവര്‍ ശ്രദ്ധവെച്ചിരുന്നു. പ്രമുഖരായ പല സ്വഹാബിമാരും ഇത്തരത്തില്‍ കടമെടുത്തതായി കാണാം.

കച്ചവടക്കാരുടെയും മറ്റും ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഗവണ്മെന്റിനു വേണ്ടിയും സ്വൈറഫികള്‍ കടം നല്‍കിയിരുന്നു. അബ്ബാസി ഖലീഫയായിരുന്ന അല്‍-മുഖ്തദിറിന്റെ ധനമന്ത്രിയായിരുന്ന അലി ബിന്‍ ഈസ ഹിജ്റ നാലാം നൂറ്റാണ്ടില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളം സമയത്ത്‌ നല്‍കാനായി ജൂതന്മാരായ രണ്ടു ‘സ്വൈറഫി’കളില്‍നിന്ന് മുന്‍കൂറായി പണമെടുക്കുകയും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം ലഭ്യമാവുമ്പോള്‍ അത് തിരിച്ചടക്കുക്കയും ചെയ്തിരുന്നു.

ചുരക്കത്തില്‍ നിലവിലുള്ള ബാങ്കിംഗ് ഇടപാടുകളുടെ വിവിധ രൂപങ്ങള്‍ ഇസ്‌ലാമിക ഭരണത്തിന്റെ ആദ്യകാലം മുതല്‍ തന്നെ നമുക്ക്‌ കാണാനാവും. ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ അതിനെ വികസിപ്പിക്കാനും ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ പരുവപ്പെടുത്താനും അതാത് സമയത്തെ ഭരണാധികാരികളും പണ്ഡിതന്മാരും ശ്രമിച്ചിരുന്നു. അതുകൊണ്ട് ഇത്തരം ഇടപാടുകളുടെ കര്‍മ്മശാസ്ത്ര സാധുത വിശദമായി ആദ്യകാലം മുതലേ ഫിഖ്‌ ഹീ ഗ്രന്ഥങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter