ബിസ്കറ്റ്..മിഠായി തന്നോരിലാകെയും...നന്ദികള്‍..

കുട്ടികള്‍ പിരിഞ്ഞുപോയ ഓത്തുപള്ളി പോലെയാണ് അതേപള്ളിയുടെ ഓര്‍മ്മകളും. പഴമയുടെ ചാരനിറവും കൃത്യമായ അച്ചടക്കവും മറികടന്നുവേണം ആ ഓര്‍മ്മകളിലെത്താന്‍. എത്തിക്കഴിഞ്ഞാലാകട്ടെ പുതിയ ലോകവും ഭാഷയും മാത്രമല്ല, എല്ലാം മാറുകയായി. ആ മാറ്റത്തെ ഒന്നാകെ സംഗ്രഹിക്കാന്‍ ഭാഗികമായെങ്കിലും സാധിക്കുക ചടുലത എന്ന പദത്തിനായിരിക്കും. നീട്ടി നിവര്‍ത്തി എഴുതിയാലാകട്ടെ, ഒരു വേള ജീവിതത്തോളം തന്നെ വലിപ്പം വരുമതിന്.

ഖൂലൂ തക്ബീര്‍… അല്ലാഹു അക്ബര്‍

ബോലോ തക്ബീര്‍… അല്ലാഹു അക്ബര്‍

ഹമാരാ തക്ബീര്‍… അല്ലാഹു അക്ബര്‍

 

ബിസ്‌കറ്റ്, മിഠായി, സര്‍ബത്ത് തന്നോര്‍ക്ക്

നാഥാ നീ കാരുണ്യമേകിടണേ…. നാഥാ നീ…..

 

മനസ്സിലായല്ലോ. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ ജാഥയാണ് ആ കടന്നുപോകുന്നത്. അമ്മിനിക്കാട് കുന്നിന്മുകളിലെ സ്വീകരണമേറ്റുവാങ്ങി അത് മുന്നേറുകയാണ്. സ്വീകരണം നല്‍കിയ ഉല്‍സാഹക്കമ്മിറ്റിക്കുവേണ്ടി, കാഡ്ബോഡു മടക്കിയുണ്ടാക്കിയ മിനി ഹോളോഗ്രാമില്‍കൂടി അബ്ബാസ് ഉസ്താദ് തന്റെ സര്‍വ്വ പ്രൊഫഷണലിസവും പുറത്തെടുത്തിരിക്കുന്നു. ഒരധ്യാപകന്‍ മാത്രമായ അദ്ദേഹം ഇപ്പോള്‍ ഒരു ഗായകനാണ്. ഇമ്മാതിരി സമയത്തേക്ക് കരുതിവെച്ച തന്റെ കാവ്യതല്ലജത്തിലെ ഒരു മുത്തുമാത്രമാണ്, ഈ ബിസ്‌കറ്റ് മിഠായിപ്പാട്ട്. ഇനി വൈകുന്നേരത്തെ കുട്ടികളുടെ കലാപരിപാടികളുടെ പ്രധാന സൂത്രധാരനും സംഘാടകനും അനൗണ്‍സറും അദ്ദേഹം തന്നെയായിരിക്കും.

നിങ്ങള്‍ ജാഥയുടെ അവസാനത്തോടടുത്ത് ഈര്‍ക്കള്‍ പോലെയുള്ള ഒരു ശരീരം നടന്നുനീങ്ങുന്നതുകണ്ടോ. നടന്നുനടന്ന് കാലുകള്‍ തളര്‍ന്നിരിക്കുന്നുവെങ്കിലും അത്രയും കൂടി നടക്കാന്‍ അവന്റെ മനസ്സ് തുടിക്കുകയാണ്. ആ രൂപം ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ. അവന്റെ ഒരു കൈയ്യില്‍ വര്‍ണ്ണക്കടലാസ്. നെച്ചിക്കമ്പില്‍ ഒട്ടിച്ച (തുരിശിട്ട മൈദച്ചുടുവെള്ളത്തില്‍ കഴമ്പിയെടുത്ത് ഇന്നലെ നാലുമണിക്ക് ഞങ്ങള്‍ ഇരുന്നൂറിലധികം കൊടികളുണ്ടാക്കിയിരുന്നു) കളര്‍ക്കൊടിയാണ്. മറുകൈയ്യില്‍ തൂങ്ങിയാടുന്നത് ജാഥയില്‍ വിതരണം ചെയ്യപ്പെടുന്ന ബിസ്‌കറ്റും മിഠായിയും നിക്ഷേപിക്കാനുള്ള സഞ്ചിയുമാണ്.

കാലുകള്‍ തളര്‍ന്നുപോയിട്ടുണ്ടെങ്കിലും അവന്‍ കുറച്ചു ഗമയോടുകൂടെത്തന്നെയാണ് നടക്കുന്നത്. അതിന്റെ കാരണം അവന്റെ കുപ്പായമാണ്. റോസുകളറില്‍ കറുത്ത നേര്‍ത്ത വരകളിട്ട ആ കുപ്പായം പട്ടാണി മൈമദാജി ദുബായിയില്‍ നിന്നും കൊണ്ടുവന്നതാണ്. ആ കാലത്ത്, മൈമദാജി മക്കള്‍ക്ക് വേണ്ടി കൊണ്ടുവരുന്ന കുപ്പായത്തുണികളില്‍ ഒരു മീറ്റര്‍  എപ്പോഴും അധികമുണ്ടാകും. അത് മിഠായിസഞ്ചി പിടിച്ചുപോകുന്ന അനാഥനായ ആ കഥാപാത്രത്തിനുള്ളതാണ്. അത്രയും തിളക്കമുള്ള കുപ്പായങ്ങള്‍ ജാഥയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാണാനാവില്ല. അഴിഞ്ഞുപോകുന്ന അവന്റെ മുണ്ട് പിടിക്കാന് ഭാണാസുരനുമാത്രമേ കൈകള്‍ ബാക്കിയുണ്ടാകൂ. പക്ഷേ, ബെല്‍റ്റില്ലാത്ത ആ ചെറുതുണി അഴിഞ്ഞുപോകാതിരിക്കാന്‍ ഉമ്മ രണ്ടുതലയും കൂട്ടിപ്പിരിച്ച് മുമ്പിലേക്ക് കെട്ടിവെച്ചിരിക്കുന്നു. ഒരിക്കലും അഴിഞ്ഞുപോരാറില്ലെങ്കിലും അതിനൊരു കുഴപ്പമുണ്ട്. പിന്നില്‍ അത് താഴോട്ട് ഇറങ്ങിപ്പോന്നിരിക്കും. സാരമില്ല അല്ലേ, കുട്ടികളുടെ പുതിയ മോഡല്‍ പാന്റും ഇങ്ങനത്തന്നെയാണല്ലോ. എന്നാലും ആ കാലങ്ങളില്‍ മലയാളി മുസ്‌ലിം കുട്ടികളെ പാന്റില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്ന ഏതോ ഒരു ഘടകം ഉണ്ടായിരുന്നു, മതവിശ്വാസത്തേക്കാളേറെ, ഒന്നുകില്‍ സാമ്രാജ്യത്വവിരോധമോ അതുമല്ലെങ്കില്‍ ദാരിദ്ര്യമോ ആയിരിക്കാം ആ ഘടകം.

കാലവും വേഷവും വിദ്യയും എല്ലാം മാറി മാറി വരുന്നു, ഇന്നും മാറാത്തതും മായാത്തതും കുറച്ചുമാത്രമേയുള്ളൂ. അതിലൊന്നാണ് പള്ളിക്കൂടങ്ങളും ഗുരുക്കളും അതിനെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകളും. അതിലെ മറ്റൊന്നാണ് ഉമ്മയും ബാപ്പയും.

 

മുഹമ്മദലി ഖാസിമി അമ്മിനിക്കാട്

പ്രസിഡണ്ട്, അസോസിയേഷന്‍ ഓഫ് ലോയല്‍ ഇസ്ലാമിക് ഫ്രന്‍റ്സ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter