നബിദിനം ഓര്‍മ്മിപ്പിക്കുന്ന ഉസ്താദുമാര്‍

മദ്റസയെ കുറിച്ച് ഓര്‍ക്കുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്നത് നിറപ്പകിട്ടാര്‍ന്ന നബിദിനത്തിന്റെ ഓര്‍മ്മകളാണ് 1960ലെ ശവ്വാല്‍ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ചയായിരുന്നു എന്നെ മദ്റസയില്‍ ചേര്‍ത്തിയത്. തലയില്‍ ഒരു കൊച്ചു തൊപ്പിയും വെച്ച്, വാപ്പയുടെ കൈയ്യും പിടിച്ച് ഞാന്‍ ആദ്യമായി മദ്‌റസയിലേക്ക് നടന്നു. ക്ലാസില്‍ ചെന്നിരുന്നപ്പോള്‍ പലരും കരയുന്നുണ്ടായിരുന്നു. വീട്ടില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ദുഖത്തോടെ ഞാനും കൂട്ടത്തിലിരുന്നു. അതോടെ അകലാട് തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യകളരിയാവുകയായിരുന്നു.

നബിദിനം മദ്റസാവിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു ആഘോഷകാലമായിരുന്നു. പലദിവസങ്ങളിലും പഠിപ്പ് പോലും വേണ്ടെന്ന് വെച്ച് നബിദിനപരിപാടികള്‍ക്കുള്ള ഒരുക്കങ്ങളായിരിക്കും. അതിന് പുറമെ, സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പകല്‍ മുഴുവനും പരിശീലനം തുടരുകയും ചെയ്യും. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പാട്ടും പ്രസംഗവും മറ്റു പരിപാടികളും മനപ്പാഠമാക്കി തുടങ്ങും. ദിവസങ്ങള്‍ക്ക് മുമ്പെ ക്ലാസുകളും മദ്‌റസാപരിസരവും അലങ്കരിക്കുന്ന തിരക്കിലായിരിക്കും കുട്ടികളും ഉസ്താദുമാരും. തൊട്ടുതലേന്ന് രാത്രി ഉറക്കമൊഴിച്ചിരുന്നാവും പിറ്റേന്ന് നടക്കുന്ന ഘോഷയാത്രക്കുള്ള പ്ലക്കാര്‍ഡുകളും പതാകകളും തയ്യാറാക്കുന്നത്. ഘോഷയാത്രയായി ഓരോ മൂലകളിലുമെത്തുമ്പോള്‍ ലഭ്യമാവുന്ന സ്വീകരണത്തിന്റെ മധുരം ഇന്നും നാവില്‍നിന്ന് പോയിട്ടില്ല. അതെല്ലാം ഓര്‍ക്കുമ്പോള്‍, ആ ദിനങ്ങള്‍ തിരിച്ചുവന്നിരുന്നെങ്കിലെന്ന് അറിയാതെ മോഹിച്ചുപോവുകയാണ്.

മദ്‌റസയെക്കുറിച്ച് ഓര്‍ക്കുമ്പോഴേക്കും പ്രഗല്‍ഭരായ ഏതാനും ഉസ്താദുമാരാണ് എന്റെ ഓര്‍മ്മയിലേക്ക് വരുന്നത്. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ പഠിച്ചത് വെന്മേനാട് മദ്‌റസയിലായിരുന്നു. അവിടെ ഏഴാം ക്ലാസില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന ചേകനൂര്‍ ബാവ മുസ്‌ലിയാരെ ഇന്നും ഏറെ ആദരവോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്. അദ്ദേഹം അധ്യാപനത്തിലും മറ്റെല്ലാ കാര്യങ്ങളിലും വളരെ സജീവമായി എപ്പോഴും കുട്ടികളോടൊപ്പമുണ്ടായിരുന്നു അദ്ദേഹം. നബിദിനാഘോഷവേളയിലേക്കാവശ്യമായ പരിശീലനങ്ങളെല്ലാം കുട്ടികള്‍ക്ക് നല്‍കുന്നതിലും അദ്ദഹം വളരെ തല്‍പരനും സജീവസാന്നിധ്യവുമായിരുന്നു.

ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു ദര്‍സിലാണ് ഞാന്‍ പഠിക്കാന്‍ പോയത്. അതിനടുത്തായുണ്ടായിരുന്ന മീറാസുല്‍അമ്പിയാ മദ്‌റസയിലും പ്രഗല്‍ഭനായ ഒരുസ്താദിനെ എനിക്ക് കാണാനായി. മദ്‌റസാഉസ്താദുമാരെക്കുറിച്ച് പറയുമ്പോഴെല്ലാം എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ രണ്ട് ചിത്രങ്ങളാണ്. ഏതൊരു മദ്റസയെയും നാട്ടുകാര്‍ക്കിടയില്‍ സജീവമാക്കി നിര്‍ത്തുന്നതും ഇത്തരം കര്‍മ്മകുശലരായ അധ്യാപകര്‍ തന്നെ. നബിദിനങ്ങളിലും മറ്റുമായി ഇത്തരം ഉസ്താദുമാര്‍ നല്‍കുന്ന പരിശീലനമാണ് പലരെയും ഭാവിയില്‍ പ്രസംഗകരാക്കുന്നത്. സമൂഹം എന്നും അവരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

 

എ.വി അബൂബക്ര്‍ ഖാസിമി

പ്രസിഡണ്ട്, കേരള ഇസ്‌ലാമിക് സെന്റര്, ദോഹ‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter