പാണ്ഡിത്യത്തിന്റെ ആ വിനയപൂമരത്തിന് മുന്നില്‍...
ഞങ്ങള്‍ ആദ്യ ബാച്ചുകാര്‍ ദാറുല്‍ ഹുദായില്‍ പഠിക്കുന്ന കാലം.. മഹാനായ അസ്ഹരി തങ്ങളാണ് അന്ന് സമസ്തയുടെ അധ്യക്ഷപദവിയിലിരിക്കുന്നത്, സമ്മേളനങ്ങളിലും പൊതുവേദികളിലും വെച്ച് മാത്രമായിരുന്നു തങ്ങളെ അറിയുകയും കേള്‍ക്കുകയും ചെയ്തിരുന്നത്. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കാര്യങ്ങള്‍ വളച്ചു കെട്ടുകളില്ലാതെ അവതരിപ്പിക്കുന്നത് തങ്ങളവര്‍കളുടെ ഒരു പ്രത്യേകതയായിരുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ അടുക്കാനും നേരിട്ടിടപഴകാനുമുള്ള ഒരു ഭയം മനസ്സില്‍ എപ്പോഴും തിങ്ങിനിന്നു. ആയിടക്കാണ് കുവൈത് ഔഖാഫ് മന്ത്രാലയം (സാമൂഹിക പുരോഗതിയില്‍ വഖ്ഫിന്‍റെ സ്വാധീനം) എന്ന വിഷയത്തില്‍ ഒരു അന്താരാഷ്ട്ര പ്രബന്ധമത്സരം സംഘടിപ്പിക്കുന്നതായി ചില അറബി പത്രങ്ങള്‍ മുഖേന അറിയാന്‍ കഴിഞ്ഞത്.
ഞാനും സുഹൃത്ത് മുഹമ്മദ് ഉഗ്രപുരവും ചേര്‍ന്ന് ഈ പ്രബന്ധമത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഡോ. ബഹാഉദ്ദീന്‍ ഉസ്താദിന്‍റയെും മറ്റു ഉസ്താദുമാരുടെയും നിര്‍ദേശ ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരുന്നു. ഇസ്ലാമിക് സമ്പദ് ശാസ്ത്രം, വഖ്ഫിന്‍റെ ചരിത്രം, നബി (സ) തങ്ങള്‍ മുതല്‍ നാളിതുവരെ വഖ്ഫ് സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം, ആധുനിക കാലഘട്ടത്തില്‍ വിവിധ നാടുകളില്‍ വഖ്ഫ് കൈകാര്യം ചെയ്യപ്പെടുന്ന രീതികള്‍, കേരളത്തിലും ഇന്ത്യയില്‍ പൊതുവിലും വഖ്ഫ് സ്വത്തുക്കളുടെ അവസ്ഥ തുടങ്ങിയ പലവിഷയങ്ങളും പഠനത്തിന്‍റെ ഭാഗമായി വന്നു. ലഭ്യമായ റഫറന്‍സുകളും സാധ്യമായ ലൈബ്രറികളുമെല്ലാം ഉപയോഗപ്പെടുത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നത്തെപോലെ നെറ്റ് സൌകര്യവും സെര്‍ച് എഞ്ചിനുകളും അത്ര സാര്‍വത്രികമല്ലാത്തത് കൊണ്ട് തന്നെ കിട്ടാവുന്ന സ്രോതസ്സുകളെല്ലാം തേടിപ്പിടിച്ച് പോകേണ്ടി വന്നു. മാത്രവുമല്ല ഇന്നുള്ളത് പോലെ ഇസ്ലാമിക വിഷയങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അന്ന് ഇടം പിടിച്ചിട്ടുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് അസ്ഹരിതങ്ങളുടെ ഗ്രന്ഥശേഖരവും ഉപയോഗപ്പെടുത്താം എന്ന അഭിപ്രായം സുഹൃത്ത് ഉഗ്രപുരം പ്രകടിപ്പിച്ചത് .
ചെറുപ്പം മുതല്‍ വിജ്ഞാന വീഥിയിലിറങ്ങി പള്ളി ദര്‍സിലൂടെ, ബാഖിയാതിലൂടെ, ദയൂബന്തിലൂടെ, ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയിലൂടെ, ലിബിയയിലൂടെ സഞ്ചരിച്ച് പ്രവാചകരുടെ നാട്ടില്‍വരെ വൈജ്ഞാനിക സേവനം നടത്തി, മത വിഷയങ്ങളിലും ആധുനിക ഇസ്ലാമിക കാഴ്ചപ്പാടുകളിലും നിറഞ്ഞ പാണ്ഢിത്യം നേടിയ തങ്ങളുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് തീര്‍ത്തും നിര്‍ണ്ണായകം തന്നെയായിരുന്നു. പക്ഷെ അപ്പോഴും നടേ പറഞ്ഞ ആശങ്ക ഞങ്ങളെ മഥിച്ച് കൊണ്ടിരുന്നു. ആധികാരിക പണ്ഢിത സഭയായ സമസ്തയുടെ അധ്യക്ഷന്‍, അറിവുകളുടെ വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന മഹല്‍ വ്യക്തി... അവിടത്തെ ചെരുപ്പെടുക്കാന്‍ പോലും അര്‍ഹതയില്ലാത്ത, ആ മഹാന്‍റെ പേരമക്കളുടെ പ്രായം പോലും ഇല്ലാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ എങ്ങനെ ആ വാതില്‍കല്‍ കയറിച്ചെല്ലും, അവരെ എങ്ങനെ സമീപിക്കും, എന്തായിരിക്കും പ്രതികരണം. നേരിട്ട് കയറിച്ചെല്ലാനുള്ള ഭീതി ഞങ്ങളെ അലട്ടികൊണ്ടിരുന്നു. ഏതായാലും നേരിട്ട് കാണാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ദുആ ഇരപ്പിച്ച് അനുഗ്രഹം വാങ്ങുകയെങ്കിലും ആവാമല്ലോ. അങ്ങനെ ഞാനും ഉഗ്രപുരം മുഹമ്മദും വളാഞ്ചേരിയിലേക്ക് ബസ് കയറി. വൈകുന്നേരമാണ് അവിടെ എത്തിയത്. നിശബ്ദമായ വീടും പരിസരവും.. അകത്ത് നിന്ന് ഒരനക്കവും പുറത്തേക്ക് കേള്‍കാനേ കഴിയുന്നില്ല. ബെല്ലില്‍ അമര്‍ത്തണമോ ആരെങ്കിലും പുറത്ത് വരുന്നത് വരെ കാത്ത് നില്‍കണമോ എന്ന് ചിന്തിച്ച് രണ്ട് മൂന്ന് മിനുട്ട് അവിടെ നിന്നു.
അവസാനം ഞങ്ങള്‍ കോളിംഗ് ബെല്ലടിച്ചു. ഒരു കുട്ടിയാണ് പുറത്തേക്ക് വന്നത്, വല്യൂപ്പ അകത്തുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചെങ്കിലും അത് കേള്‍കാന്‍ നില്‍ക്കാതെ കുട്ടി ഉള്ളിലേക്ക് തന്നെ പോയി. താമസിയാതെ ഞങ്ങള്‍ ഏതൊരു വ്യക്തിയെയാണോ കാണാന്‍ വന്നിരിക്കുന്നത്, ആ മഹാന്‍ പുറത്തേക്കിറങ്ങി വന്ന് ഗ്രില്‍സിന്റെ വാതില്‍ തുറന്ന് ഞങ്ങളോട് ഉള്ളിലേക്ക് കടന്നിരിക്കാന്‍ പറയുന്നു. അകത്ത് കയറിയെങ്കിലും ഞങ്ങള്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല. പക്ഷെ നിര്‍ബന്ധിച്ച് ഞങ്ങളെ അവിടെ ഇരുത്തി. ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തി. ദാറുല്‍ ഹുദയില്‍ നിന്നാണ് വുരന്നതെന്ന് എന്നറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് വലിയ സന്തോഷമായി. സ്ഥാപനത്തെ കുറിച്ചുള്ള മതിപ്പും സന്തോഷവും ഞങ്ങളോട് പങ്ക്‍വെച്ചു. ചെറുശ്ശേരി ഉസ്താദിനെ കുറിച്ചും, ഡോ. ബാപ്പുട്ടി ഹാജിയെ കുറിച്ചും, ഡോ. ബഹാഉദ്ദീന്‍ ഉസ്താദിനെ കുറിച്ചുമെല്ലാം തങ്ങളവര്‍കള്‍ വലിയ ബഹുമാനപ്പൂര്‍വ്വം സംസാരിച്ച് തുടങ്ങിയപ്പോള്‍ മനസ്സില്‍ ഞങ്ങള്‍ വെറുതെ കൂട്ടിവെച്ചിരുന്ന ആകുലതകള്‍ അലിഞ്ഞലിഞ്ഞില്ലാതായി. ഔപചാരികതയുടെ ഒരു മറയുമില്ലാതെ വളരെ വാത്സല്യപൂര്‍വ്വം സംസാരിക്കുന്ന തങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഞങ്ങളിലേക്ക് ഇറങ്ങിവരികയായിരുന്നു. സംസാരത്തിനിടെ അകത്തേക്ക് ചെന്ന് രണ്ട് ഗ്ലാസ് ചായയും പലഹാരവുമായി ആ മഹാന്‍ തന്നെ വന്നു. ഞങ്ങള്‍ വന്ന കാര്യം വിവരിച്ചപ്പോള്‍ തങ്ങള്‍ എന്തെന്നില്ലാത്ത സന്തോഷവും ആവേശവും പ്രകടിപ്പിച്ചു. വിദേശ, അറബ് രാജ്യങ്ങളിലെ മത കലാലയങ്ങളുമായി ഇടപെടണമെന്നും അവിടത്തെ ഇസ്ലാമിക ചലനങ്ങളും മുന്നേറ്റങ്ങളും മനസ്സിലാക്കി നമ്മുടെ പഠന വിഷയമാക്കണമെന്നുമെല്ലാം ഞങ്ങളെ ഉപദേശിക്കുകയും അസ്ഹറിലും മറ്റു ആനുകാലിക അറബ് സംരംഭങ്ങളിലുമെല്ലാം തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അനുഭവങ്ങളും കഥകളും പങ്ക്‍വെക്കുകയും ചെയ്തു. ശേഷം അവിടത്തെ പുസ്തക ശേഖരണത്തിലേക്ക് ഞങ്ങളെ കൊണ്ട് പോയി. ഇത്രയും ബഹുലമായ ഒരു ലൈബ്രറി ഈ വീടിനകത്തുണ്ടെന്ന് കണ്ടപ്പോള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഒരു റൂം മുഴുവനായും ലൈബ്രറി. സാധാരണ ലൈബ്രറികള്‍ പോലെ തന്നെ അലമാരകളിലും തട്ടുകളിലും ഷെല്‍ഫുകളിലുമായി വിഷയങ്ങള്‍ തരം തിരിച്ച് അടുക്കും ചിട്ടയുമള്ള വലിയ ഒരു ഗ്രന്ഥ ശേഖരം. ഞങ്ങളുടെ വിഷയുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പുസ്തകങ്ങളും കിതാബുകളും എടുത്ത് വെച്ചതിന് ശേഷം തങ്ങള്‍ ഉടനെ അകത്തേക്ക് പോയി.
മരത്തിന്‍റെ ഒരു സ്റ്റൂളുമായാണ് തിരിച്ച് വന്നത്. യാതൊരു കൂസലുമില്ലാതെ നല്ല ആരോഗ്യ ദൃഢഗാത്രനെ പോലെ ആ വന്ദ്യ വോയോധികന്‍ സ്റ്റൂളില്‍ കയറി ഷെല്‍ഫിന്‍റെ മുകളിലത്തെ തട്ടിലുള്ള പുസ്തകങ്ങള്‍ തപ്പിയെടുക്കുന്നു. തറയില്‍ ഉറച്ച് നില്‍കാത്ത ആ സ്റ്റൂള്‍ ആടുന്നത് കണ്ട് ഞങ്ങള്‍ പിടിച്ചു വെച്ചു. മനസ്സില്‍ വലിയ പേടി തോന്നിയ നിമിഷമായിരുന്നു അത്. ഞങ്ങള്‍ കയറാം എന്ന് പറഞ്ഞപ്പോള്‍ ആ മഹാന്‍ പറഞ്ഞ മറുപടിയാണ് ആ മനീഷിയുടെ വലുപ്പവും എളിമയും ഞങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കി തന്നത്, നിങ്ങള്‍ എന്‍റെ അതിഥികളാണ്, അതിഥികളെ ബഹുമാനിക്കണമെന്നാണ് റസൂലുല്ലാഹി പഠിപ്പിച്ചിരിക്കുന്നത്, മാത്രമല്ല, നിങ്ങള്‍ മുതഅല്ലിമീങ്ങളാണ്, മുതഅല്ലിമീങ്ങള്‍ക്ക് ഖിദ്‍മത് ചെയ്യുന്നത് വളരെ പുണ്യമുള്ള കാര്യമാണ്. അഹ്‍ലു ബൈതിലെ പ്രമുഖ അംഗം, ജീവിതത്തിന്‍റെ സിംഹ ഭാഗവും അതിര്‍വരമ്പുകളെ ഭേദിച്ച് വിജ്ഞാന സപര്യയില്‍ കഴിച്ച് കൂട്ടിയ മഹാമനീഷി, എല്ലാറ്റിനുമുപരി കേരളത്തിന്‍റെ ആധികാരിക പരമോന്നത പണ്ഢിത സഭയുടെ അദ്ധ്യക്ഷന്‍, അതെ സയ്യിദ് അബ്ദുല്‍ റഹ്‍മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി എന്ന ആ വലിയ മനുഷ്യന്‍, ഞങ്ങള്‍ക്ക് വേണ്ടി ദീര്‍ഘ നേരം ചെലവഴിക്കുന്നു.. ഞങ്ങളുടെ ഒരു എളിയ ശ്രമത്തിന് വേണ്ട എല്ലാ വിധ സഹായങ്ങളും സ്വയം ചെയ്ത് തരുന്നു.. പ്രാര്‍ത്ഥനകള്‍ തന്ന് അനുഗ്രഹിക്കുന്നു... അന്ന് മുതല്‍ അസ്ഹരി തങ്ങളെന്ന് കേള്‍ക്കുമ്പോഴേക്ക് ഞങ്ങളുടെ മനസ്സില്‍ തെളിഞ്ഞുവരുന്നത് ഏറെ വിനയാന്വിതനായ മഹാപണ്ഡിതന്റെ ചിത്രമാണ്. അകലങ്ങളില്‍നിന്ന് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന തങ്ങളല്ല അടുത്ത് പരിചയപ്പെടുമ്പോള്‍ നാം അനുഭവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.. അത് തന്നെയാണല്ലോ ഏതൊരാളുടെയും വിശിഷ്യാ പണ്ഡിതരുടെ യഥാര്‍ത്ഥ മഹത്വവും. നിര്‍ഭര പാണ്ഡിത്യവും നിറഞ്ഞവിനയും ഒത്തുചേര്‍ന്ന ആ പൂമരം നാഥനിലേക്ക് മടങ്ങിയിരിക്കുന്നു, ആ പുണ്യാത്മാവിനോടൊപ്പം നമ്മെയും നാഥന്‍ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് ചേര്‍ക്കട്ടെ. maliklari@gmail.com
 


            
            
                    
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment