കൊണ്ടോട്ടി-പൊന്നാനി കൈതർക്കം എന്തായിരുന്നു
പ്രവാചകരുടെ കാലത്ത് തന്നെ ഇസ്‍ലാം സമാഗതമായ കേരളത്തില്‍, മതരംഗം എന്നും സജീവമായി നിലനിന്നിട്ടുണ്ട്. വൈജ്ഞാനിക പ്രസാരണം ഏറെ ശക്തമായിരുന്ന കേരള മുസ്‍ലിംകള്‍ക്കിടയില്‍നിന്ന് അനേകം പണ്ഡിതര്‍ ജന്മം കൊണ്ടിട്ടുണ്ട്. അതോടൊപ്പം വിദേശങ്ങളില്‍നിന്ന് കേരളത്തിലെത്തിയ അനേകം പണ്ഡിതരും സയ്യിദുമാരും വേറെയുമുണ്ട്. സമുദായത്തിന് ആത്മീയവും മതപരവുമായ നേതൃത്വം നല്കുകയായിരുന്നു ഇവരൊക്കെ ചെയ്തുപോന്നത്. അതേ സമയം, അവര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങള്‍ ചിലപ്പോഴൊക്കെ വിവാദങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും ചെറിയ രീതിയിലെങ്കിലും സംഘട്ടനങ്ങളിലേക്കുമെല്ലാം സമുദായത്തെ നയിച്ചിട്ടുമുണ്ട്. ഈ ശ്രേണിയില്‍ നിർണായക പ്രധാന്യമർഹിക്കുന്നതാണ് കൊണ്ടോട്ടി-പൊന്നാനി കൈതർക്കം. രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ നിരവധി അന്തർധാരകളുള്ള ആ കൈതർക്കത്തിന്റെ യാഥാർഥ്യം അന്വേഷിക്കുകയാണ് ഇവിടെ.
പതിനെട്ടാം നൂറ്റാണ്ടിൽ ഹളർ മൗത്തിൽ നിന്നും ശൈഖ് അബ്ദുറഹ്‌മാൻ ഐദറൂസ് പൊന്നാനിയിലെത്തുകയും ഉതുങ്ങാനകം കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച് അവിടെ സ്ഥിര താമസമാക്കുകയും ചെയ്തെതോടെയാണ് പൊന്നാനിയുടെ ആത്മീയ പ്രഭാവം പൂർവോപരി ശോഭിച്ചത്. അതേ നൂറ്റാണ്ടിൽ തന്നെ മലബാറിലെത്തിയ മറ്റു പ്രമുഖരായിരുന്നു മുഹമ്മദ് ശാഹ്, ശൈഖ് ജിഫ്രി എന്നീ സൂഫികള്‍. അവര്‍ യഥാക്രമം കൊണ്ടോട്ടിയും കോഴിക്കോടും കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. മതാധ്യാപനം മഖ്ദൂമുമാരും ആത്മീയപരിശീലനം സയ്യിദുമാരും നിർവഹിച്ചുപോരുന്ന രീതിയായിരുന്നു അക്കാലത്ത് കേരളത്തില്‍.
ശൈഖ് മുഹമ്മദ് ശാഹ്
എ.ഡി 1687ൽ ബോംബെയിലെ കർദാനിലാണ് മുഹമ്മദ് ശാഹ് ജനിച്ചത്. അദ്ദേഹം സൂഫിസം പഠിച്ചത് കറം അലിയിൽ നിന്നാണെന്ന് പറയപ്പെടുന്നു. കുറച്ച് കാലം വനവാസം നടത്തുകയും ശേഷം ഹജ്ജ് ചെയ്യാൻ പോവുകയും ഹജ്ജിനിടയിൽ തിരുനബി സ്വപ്നത്തിൽ വന്ന് മലബാർ എന്ന ദേശത്തിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. മലബാറിലെത്തി അലഞ്ഞ്തിരിഞ്ഞ് അവസാനം അരീക്കോട് മലയിൽ വനവാസം നടത്തുകയും വേട്ടക്കാർ മുഖേന ഇത് നാട്ടുകാർ അറിയുകയും ചെയ്തു. അരീക്കോട് മലയിലെ വനവാസത്തിനിടെ അദ്ദേഹം നരികൾക്കിടയിൽ നിന്ന് ആരാധന ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സമയത്താണ് വേട്ടക്കാർ അദ്ദേഹത്തെ കണ്ടത്. അന്നത്തെ കൊണ്ടോട്ടി ഖാളിയായിരുന്ന അബ്ദുൽ അസീസ്, വിവരമറിഞ്ഞ് അദ്ദേഹത്തെ നാട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ,1717ല്‍ ശൈഖ് മുഹമ്മദ് ശാഹ് കൊണ്ടോട്ടിയിൽ എത്തി. കറാമത്തുകളിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ അദ്ദേഹം വളരെയധികം പ്രശസ്തനാവുകയും ധാരാളം ശിഷ്യന്മാര്‍ ഉണ്ടാവുകയും ചെയ്തു. 1766ൽ ശൈഖ് മുഹമ്മദ് ശാഹ് വഫാത്തായി.
ശൈഖ് ജിഫ്രി
1726ൽ ജനിച്ച ശൈഖ് ജിഫ്രി ഹളർ മൗത്തിൽ നിന്നും മലബാറിലെത്തിയ സൂഫിവര്യനാണ്. 1746ൽ മലബാറിലെത്തിയ അദ്ദേഹം നേരെ കോഴിക്കോട്ടേക്ക് പോകുകയും അവിടെ വെച്ച് സാമൂതിരി രാജാവിന്റെ ഊഷ്മളമായ വിരുന്ന് സ്വീകരിക്കുകയും ചെയ്തു. അക്കാലത്ത് തന്നെ ടിപ്പു സുൽത്താൻ തങ്ങളെ സന്ദർശിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ ഖ്യാതി നാടാകെ പരത്തി. വളരെ പെട്ടെന്ന് തന്നെ ധാരാളം ശിഷ്യന്മാരെ കരസ്ഥമാക്കാനും അദ്ദേഹത്തിനായി. മഖ്ദൂമും സയ്യിദ് ജിഫ്രിയും പലനിലക്കും ബന്ധപ്പെടുകയും ഇരു കുടുംബങ്ങൾ തമ്മിൽ വിവാഹങ്ങൾ നടക്കുകയുമുണ്ടായി. അങ്ങനെ സയ്യിദ് ജിഫ്രിയുടെ സ്വാധീനം മലബാർ മുഴുക്കെ വ്യാപിക്കുകയും അത് വലിയൊരു അലയൊലി തന്നെ ഉണ്ടാക്കുകയും ചെയ്തു.
കൈതർക്കം
ശൈഖ് മുഹമ്മദ് ശായുടെ കാലശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇഷ്തിയാഖ് ശായുടെയും അനുയായികളുടെയും വാദഗതികളിൽ പണ്ഡിതന്മാർ എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇതറിഞ്ഞ ടിപ്പുസുല്‍താന്‍ ഫറോക്കിൽ തന്റെ ഒരു ആസ്ഥാനം പണിത ശേഷം എല്ലാ ഉമറാക്കളെയും ഉലമക്കളെയും സൂഫികളെയും അവിടേക്ക് ക്ഷണിച്ചു. ഈ പരിപാടിയിലേക്ക് കൊണ്ടോട്ടി തങ്ങളെയും ക്ഷണിക്കുകയും അവിടെ വെച്ച് അദ്ദേഹത്തിന് ഇനാം ധാർ പദവി നൽകി ആദരിക്കുകയും ചെയ്തു. ഈ പദവി കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകൂടം നിലനിർത്തുകയും അവരോടുള്ള ഭക്തി തുടരുകയും ചെയ്തു. ബ്രിട്ടീഷ് ഭക്തിയും തന്റെ ഷിയാ അനുബന്ധ ആചാരങ്ങളുമാണ് ശായെയും പിൻഗാമികളെയും അംഗീകരിക്കാതിരിക്കാന്‍ പണ്ഡിതര്‍ക്ക് കാരണമായത്.
വൈകാതെ, സയ്യിദ് ജിഫ്രി മുഹമ്മദ് ശായുടെ ത്വരീഖത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളും അതെ കുറിച്ച് പുറപ്പെടുവിച്ച മതവിധിയുമാണ് കൊണ്ടോട്ടി-പൊന്നാനി കൈതർക്കം മലബാറിലാകെ കത്തിപ്പടരാൻ കാരണമായത്. ഇതിന്റെ തുടക്കമെന്നോണം സയ്യിദ് ജിഫ്രി തന്റെ ഗ്രന്ഥമായ കൻസുൽ ബറാഹീനിൽ കൊണ്ടോട്ടി തങ്ങൾ ഒരു കപട സൂഫി ആണെന്നും അദ്ദേഹം ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും വിമർശങ്ങളുന്നയിച്ചു. മുഹമ്മദ് ശായുടെ ശിഷ്യന്മാരെയും ഇതിലൂടെ ആക്ഷേപിച്ചു.
എന്നാൽ മുഹമ്മദ് ശായുടെ ശിഷ്യന്മാരും വിട്ടുകൊടുത്തില്ല. കൊണ്ടോട്ടി വിഭാഗക്കാരനായ അബ്ദുൽ അസീസ് മുസ്ലിയാർ സയ്യിദ് ജിഫ്രിക്കെതിരെ കൊണ്ടോട്ടി ശൈഖിന് അനുകൂലമായി ന്യായീകരണങ്ങൾ കണ്ടെത്തി ലഘു കൃതി തന്നെ എഴുതി. സൂഫികളുടെ പ്രവർത്തനങ്ങൾ ശരീഅത്തിന് അപ്പുറത്താണെന്നും അതിൽ കർമ്മശാസ്ത്രത്തിന് ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഇത് തെറ്റാണെന്നും ആർക്കും കർമ്മശാസ്ത്രത്തിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സയ്യിദ് ജിഫ്രി ഇതിനെതിരെ തുറന്നടിച്ചു.
ഷിയാ ആചാരങ്ങളാണ് ശാഹ് നടപ്പാക്കുന്നതെന്നും ജിഫ്രി-മഖ്ദൂം പണ്ഡിതന്മാർ ആരോപിച്ചു. എന്നാൽ ഇത് മുഹമ്മദ് ശായും ശിഷ്യന്മാരും പാടേ നിഷേധിച്ചു. അതെ സമയം കൊണ്ടോട്ടി കൈക്കാർ മുഹറം മാസത്തിൽ കർബല സ്മരണാർത്ഥം പ്രത്യേക ആചാരങ്ങൾ നടത്തിയിരുന്നു. ഇതെല്ലം കാണിച്ചുകൊണ്ടായിരുന്നു പൊന്നാനി കൈക്കാർ കൊണ്ടോട്ടി ത്വരീഖതിനെ എതിർത്തിരുന്നത്. ഇതിനിടെ മമ്പുറം തങ്ങൾ കൊണ്ടോട്ടി ശായെ റവാഫിള് എന്ന് വിളിച്ചതായും പറയപ്പെട്ടു. എന്നാല്‍, ഖാദിരി-ചിശ്തി ത്വരീക്കത്തുകളുടെ പ്രതിനിധി താനാണെന്ന വാദത്തില്‍ കൊണ്ടോട്ടി ശൈഖ് ഉറച്ച് നിന്നു. എന്നാല്‍ എതിരാളികള്‍, അദ്ദേഹം ചെകുത്തന്റെ പ്രതിനിധി ആണെന്നും ഇസ്‍ലാമിന് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും പറഞ്ഞു. ഇതിൽ ഏറ്റവും കടുത്ത എതിർപ്പിനിടയായത് കൊണ്ടോട്ടി ശൈഖിന്റെ മുന്നിൽ സുജൂദ് ചെയ്യുന്ന കൊണ്ടോട്ടിക്കാരുടെ ഏർപ്പാടായിരുന്നു.
സുജൂദ് വിവാദം
ഇസ്‍ലാമിക നിയമപ്രകാരം ഒരു സൃഷ്ടി തന്റെ സ്രഷ്ടാവിന് മുന്നില്‍ മാത്രമേ സുജൂദ് ചെയ്യാൻ പാടുള്ളു. എന്നാൽ കൊണ്ടോട്ടിക്കാർ അവരുടെ ശൈഖിന് മുന്നില്‍ സുജൂദ് ചെയ്യുകയും അതിന് ധാരാളം ന്യായങ്ങൾ നിരത്തുകയും ചെയ്തിരുന്നു. അതും ഏറെ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി.
തിരൂരങ്ങാടി മഹല്ലിലെ രായിൻ എന്നയാൾ കൊണ്ടോട്ടി ശൈഖിന് സുജൂദ് ചെയ്‌തതോടെ ജിഫ്രി-മഖ്ദൂം പണ്ഡിതന്മാർ അയാളെ മുർത്തദ്ദായി പ്രഖ്യാപിച്ചു. എന്നാൽ രായിൻ ചെയ്തത് ശരീഅത് വിരുദ്ധമല്ലെന്ന് കൊണ്ടോട്ടി ശാഹ് പറഞ്ഞു. കുറച്ച് കാലങ്ങൾക്ക് ശേഷം പുളിയത്തോടിക ആലി മുസ്‌ലിയാർ കൊണ്ടോട്ടി തങ്ങളെ അനുകൂലിച്ചു ഫത്‍വ നൽകി. എന്നാൽ ആലി മുസ്‍ലിയാർ പറയുന്ന പോലെത്തെ സുജൂദായിരുന്നില്ല കൊണ്ടോട്ടി വിഭാഗക്കാർ ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ പൊന്നാനി കൈക്കാർ ഇതിനെ ശക്തമായി എതിർത്തു. സൂഫി വര്യൻ വെളിയങ്കോട് ഉമർ ഖാളി സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് മഹാ പാപമാണെന്നും ശിർക്കാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് കവിതകൾ എഴുതി. മഖ്ദൂം വലിയ ബാവ തങ്ങൾ ഇതിനെതിരെ ഒരു പുസ്തകം തന്നെ രചിച്ചു. സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നു എന്ന ഗുരുതര പ്രശ്നത്തിന് പുറമേ, മറ്റു ചില ആരോപണങ്ങളും കൊണ്ടോട്ടി കൈക്കാർക്കെതിരെ ഉയർന്നിരുന്നു. ലഹരി ഉപയോഗം, സ്ത്രീ-പുരുഷ സങ്കലനം, ജമാഅത് നിസ്കാരങ്ങളില്‍ നിന്ന് വിട്ട് നിൽക്കുക എന്നിവയായിരുന്നു അവ. സകാത്തും ഹജ്ജും നിർബന്ധമല്ലെന്ന വാദമുള്ളതായും പറയപ്പെട്ടിരുന്നു.
ഇവയെല്ലാം ചൂണ്ടിക്കാട്ടി കൊണ്ടോട്ടി കൈക്കാർക്കെതിരെ പൊന്നാനിക്കാർ ശക്തമായ ബഹിഷ്കരണം ഏർപ്പെടുത്തി. അവരെ മുർതദ്ദുകളായി കണക്കാക്കി ബഹിഷ്കരണ നടപടികൾ പൊന്നാനി വിഭാഗം പണ്ഡിതന്മാർ സ്വീകരിച്ചു. അവർ പള്ളികളിൽ പ്രവേശിക്കുന്നതും അവരുടെ മയ്യിത്തുകൾ ഖബർസ്ഥാനിൽ അടക്കം ചെയ്യുന്നതും തടഞ്ഞു. ഇത് കൊണ്ടോട്ടിക്കാർക്കേറ്റ വലിയൊരടിയായിരുന്നു. കൊണ്ടോട്ടി കൈക്കാരെ പള്ളികളിൽ ഇമാമാക്കുന്നതും അവർ മത ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതും വിലക്കിയിരുന്നു. എന്നാലും കൊണ്ടോട്ടി കൈക്കാർ അവരുടെ വാദത്തെ ന്യായീകരിച്ചുകൊണ്ടേയിരുന്നു. അവരുടെ വിഭാഗക്കാർക്ക് ശരീഅത്തിന്റെ ബാഹ്യമായ ചുമതലകൾ നിർവഹിക്കേണ്ടതില്ലെന്ന് അവർ വാദിച്ചു. എന്നാൽ ഇതിനെയും പൊന്നാനി കൈക്കാർ ശക്തമായി തന്നെ എതിർത്തുകൊണ്ടേയിരുന്നു.
സയ്യിദ് ജിഫ്രിയുടെ മരണാനന്തരം കുറച്ചു കാലത്തേക്ക് കൈതർക്കം ചെറിയ തോതിൽ അടങ്ങിയിരുന്നു. 1835ന് ശേഷം അത് വീണ്ടും ആളിക്കത്തുകയും വീണ്ടും സുജൂദ് വിവാദം ഉയർന്ന് വരാനും തുടങ്ങി. ഇതിനെ കുറിച്ച് ഫത്‌വകൾ ചോദിച്ചുകൊണ്ട് പൊന്നാനി പണ്ഡിതന്മാർ വിദേശ പണ്ഡിതന്മാർക്ക് കത്തയക്കുകയും അങ്ങനെ അതിന്റെ മറുപടികത്തുകൾ വിദേശത്ത് നിന്ന് വരാനും തുടങ്ങി. അതിൽ എല്ലാ പണ്ഡിതന്മാരും ഏകോപിച്ചു പറഞ്ഞത് കൊണ്ടോട്ടി തങ്ങൾ മുർത്തദ്ദാണെന്നും മതത്തിന് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും തന്നെയായിരുന്നു.
പിന്നീട് 1843ന് പൊന്നാനി വിഭാഗം പണ്ഡിതനായ അഹമ്മദ് മുസ്‌ലിയാർ കൊണ്ടോട്ടി കൈക്കാർക്കെതിരെ എടവണ്ണ പള്ളിയിൽ വെച്ച് ശക്തമായ ഭാഷയിൽ സംസാരിച്ചു. ഇത് കൊണ്ടോട്ടി കൈക്കാരെ ചൊടിപ്പിച്ചു. അവർ കൊണ്ടോട്ടി തങ്ങളെ നേരിട്ട് കൊണ്ട് വരാൻ തീരുമാനിച്ചു. തങ്ങൾ മറുവാദത്തിനായി എത്തി. വാദം പൊടിപൊടിക്കാൻ തുടങ്ങി, എന്നാൽ കൊണ്ടോട്ടി തങ്ങളുടെ പ്രസംഗം കേട്ടപ്പോൾ കൊണ്ടോട്ടി കൈക്കാർ ഞെട്ടി. കൊണ്ടോട്ടി തങ്ങൾ അഹമ്മദ് മുസ്ലിയാരെ അംഗീകരിച്ചു സംസാരിക്കാൻ തുടങ്ങി. എന്നിട്ട് അദ്ദേഹം പോയികഴിഞ്ഞപ്പോൾ പൊന്നാനി കൈക്കാർ കൊണ്ടോട്ടി തങ്ങളുടെ അടുത്തുചെന്നു നിങ്ങളുടെ വാദങ്ങളെല്ലാം സത്യമാണെന്ന് എഴുതി ഒപ്പിട്ടു തരാൻ പറഞ്ഞപ്പോൾ തങ്ങൾ അതിന് വിസമ്മതിച്ചു. ഇത് കൊണ്ട് തന്നെ തങ്ങളുടെ എടവണ്ണയിലെ വാദങ്ങളെല്ലാം ആളുകളുടെ മുന്നിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രമായിരുന്നു എന്ന് ജനങ്ങള്‍ വിലയിരുത്തി. പൊന്നാനി വിഭാഗക്കാരനായ മൊയ്തുട്ടി എന്നയാൾ ഒരു കത്ത് കൊണ്ടോട്ടി വിഭാഗക്കാരനായ അലി മുസ്ലിയാർക്ക് കൊടുത്തു. കൊണ്ടോട്ടി തങ്ങൾ കപടവിശ്വാസിയാണെന്നായിരുന്നു അതിലെ ഉള്ളടക്കം. ഇത് മഖ്ദൂം തങ്ങളുടെ കൈപടയാണെന്ന് അവർ വാദിച്ചു. ഇതിനെ ചൊല്ലി ധാരാളം തർക്കങ്ങളുണ്ടാവുകയും അത് വലിയ സംഘർഷങ്ങൾക്ക് വരെ വഴിയൊരുക്കുകയും ചെയ്തു. അവസാനം രണ്ടു കൈക്കാരും ഒരു ഒത്തുതീർപ്പിൽ എത്തിയിട്ടാണ് അതവസാനിച്ചത്.
മുഹമ്മദ് എന്നാ ബാവ മുസ്‌ലിയാർ പൊന്നാനി മഖ്ദൂം പദവിയിൽ അവരോധിക്കപ്പെടുന്നത് വരെ കൈതർക്കം ഏറെക്കുറെ ശക്തമായി തന്നെ നിലനിന്നു. സമുദായത്തിൽ ഐക്യം നിലനിർത്താനായുള്ള ആഗ്രഹത്തോടെ കൊണ്ടോട്ടി-പൊന്നാനി കൈതർക്കം അവസാനിപ്പിക്കാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തി. ദർഗയിലെ ഷിയാ ആചാരങ്ങൾ തുടച്ചു മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശ്രമം. അങ്ങനെ മഖ്ദൂം തങ്ങളുടെ സംസ്കരണ പ്രവർത്തങ്ങൾ കാരണം ധാരാളം കൊണ്ടോട്ടി കൈക്കാർ പശ്ചാത്തപിച്ച് നേരിന്റെ വഴിയിലേക്ക് തിരിഞ്ഞു. മഖ്ദൂം കൊണ്ടോട്ടി തങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും സംസാരിക്കുകയും ഐക്യത്തിൽ സഹകരണം ഉറപ്പു വരുത്തുകയും ചെയ്തു.
എന്നാൽ ഇരുകൈക്കാരെയും ഒന്നിപ്പിക്കാനുള്ള ശ്രമം പൊന്നാനി വിഭാഗത്തിന്റെ വിഭജനത്തിൽ കലാശിച്ചു. സയ്യിദ് അലി ഇമ്പിച്ചി കോയ തങ്ങളും കൂട്ടരും മഖ്ദൂം തങ്ങൾക്കെതിരെ രംഗത്ത് വന്നു. പൊന്നാനി വിഭാഗത്തിലെ അഭിപ്രായ ഭിന്നത രൂക്ഷമായി. മഖ്ദൂമിന്റെ വാദങ്ങൾ ഇസ്ലാമിനെതിരാണെന്നും മഹാപാപമാണെന്നും അവർ പറയുകയും ഇത് പൊന്നാനിയിൽ തന്നെ വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. ഇത് കാരണം ഏതാനും ദിവസം പൊന്നാനി പള്ളി തന്നെ അടച്ചിടേണ്ട അവസ്ഥയായി. കൊണ്ടോട്ടി വിഭാഗക്കാരുടെ പശ്ചാത്തപം സ്വീകാര്യമല്ലെന്ന് മഖ്ദൂം തങ്ങളുടെ എതിർപക്ഷം വാദിച്ചു. എല്ലാ ഉലമാക്കളെടെയും പിന്തുണയില്ലാതെ മഖ്ദൂം തങ്ങൾ ഒറ്റക്ക് ഒത്തുതീർപ്പിന് പോയതും അവരിൽ പ്രശ്നമുണ്ടാക്കി. പൊന്നാനി വിഭാഗക്കാർ പരസ്പര ബഹിഷ്കരണം കാരണം കൊണ്ടോട്ടി കൈകാർക്കെതിരെയുള്ള വിമർശനങ്ങൾ കുറഞ്ഞു. 1908ൽ ചെറിയ മുസ്ലിയാരുടെ വിയോഗം വരെ പൊന്നാനിക്കാരുടെ പരസ്പര കലഹം തുടർന്നു. പിന്നീട്, സ്വാതന്ത്ര്യ സമരവും 1921ലെ മലബാർ കലാപവും അതില്‍ സമുദായത്തിന് ഏല്‍ക്കേണ്ടിവന്ന ദുരന്തങ്ങളും കാരണം, എല്ലാം മറന്ന് അവർ ഒന്നായി മാറി. രണ്ട് നൂറ്റാണ്ട് കാലം മലബാറിൽ നിലനിന്നിരുന്ന ആ വിഭാഗീയതക്ക് അതോടെ വിരാമമായി എന്ന് പറയാം.
1 Comments
-
-
Nihal
2 months ago
thanks
-
Leave A Comment